ADVERTISEMENT

Q പ്ലേ സ്കൂളിൽ പോയി തുടങ്ങിയതു മുതൽ കുട്ടിയ്ക്ക് ഇടയ്ക്കിടെ പനിയും ജലദോഷവും വരുന്നു. എന്തു ചെയ്യണം?

കോവിഡ് കാലത്തു കുട്ടികൾക്ക് ഒരു അസുഖവും വരാതിരുന്നതു ശ്രദ്ധിച്ചിട്ടില്ലേ ? മാസ്ക് ഉപയോഗവും, ലോക്ക്ഡൗണുകളും സ്കൂളുകൾ അടച്ചിട്ടതും, കുട്ടികൾ തമ്മിലുള്ള ഇടപഴകൽ കുറഞ്ഞതും ജലദോഷവും പനിയുമുണ്ടാക്കുന്ന ഇൻഫ്ലുവൻസ, അഡിനോ, സാധാരണ കൊറോണ തുടങ്ങിയ വൈറസ് രോഗങ്ങളുടെ പകർച്ചയെ തടഞ്ഞു. പക്ഷേ ഇപ്പോൾ സ്ഥിതിഗതികൾ മാറിയപ്പോൾ എല്ലാം പഴയതു പോലെയായി. ഒരു കുട്ടിക്കു വൈറൽ ജലദോഷമോ പനിയോ വന്നാൽ അതു മറ്റു കുട്ടികളിലേക്കു വളരെ എളുപ്പത്തിൽ പടരും. അസുഖം വന്ന കുട്ടികളെ സ്കൂളിൽ പറഞ്ഞയയ്ക്കാതിരിക്കുക, കഴിയുന്നത്ര മാസ്ക് ഉപയോഗം, ക്ലാസുകളിൽ ഫലപ്രദമായ

ADVERTISEMENT

റിവേഴ്സ് ക്വാറന്റീൻ ഉപയോഗം, കൃത്യമായ രോഗനിർണയം, ചികിത്സ എന്നിവ ഫലം െചയ്യും.

Q 4–5 വയസ്സു പ്രായമുള്ള കുട്ടിയ്ക്ക് എത്ര ഇടവേളയിൽ വിരമരുന്നു നൽകണം?

വൃത്തിഹീനതയുടെ സാക്ഷ്യപത്രമാണു വിരബാധ. ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക, കൈനഖങ്ങൾ കൃത്യമായ ഇടവേളകളിൽ മുറിച്ചു കളയുക, നന്നായി കൈ കഴുകി മാത്രം ഭക്ഷണം കഴിക്കുക, ടോയ്‌ലറ്റുകളിൽ പോയി വന്നാൽ സോപ്പുപയോഗിച്ചു കൈ കഴുകുക, അടിവസ്ത്രങ്ങൾ പുഴുങ്ങി അലക്കുക, വെള്ളവും ഭക്ഷണവും പരമാവധി വൃത്തിയിൽ ഉപയോഗിക്കുക എന്നിവയാണു പ്രാഥമിക പാഠങ്ങൾ. സാധാരണഗതിയിൽ രണ്ടു വയസ്സിനു ശേഷം വർഷത്തിൽ ആറു മാസം ഇടവിട്ടു വിരമരുന്നു നൽകാം. മലദ്വാരത്തിനടുത്തു രാത്രികാലങ്ങളിൽ ചൊറിച്ചിൽ, മലത്തിൽ വിരയുടെ സാന്നിധ്യം എന്നിവയാണു സാധാരണ ലക്ഷണങ്ങൾ.

Q കുട്ടി പച്ചക്കറികൾ കഴിക്കാൻ വിമുഖത കാണിക്കുന്നു. ഇത് എങ്ങനെ മാറ്റാം?

സാധാരണയായി ഫൂഡ് ഫാഡ് (food fad) എന്ന് വിളിക്കുന്ന 'സഞ്ചാരി ഭാവ'ത്തിലുള്ള സ്വഭാവ രീതിയാണിത്. കുട്ടികൾ ചെറുപ്പത്തിൽ തന്നെ ചില ഭക്ഷണങ്ങളോടു താൽപര്യവും ചിലതിനോടു വൈമുഖ്യവും കാണിക്കാ

റുണ്ട്. പച്ചക്കറികളിലെ വൈറ്റമിൻ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, നാരുകൾ എന്നിവയുടെ സാന്നിധ്യം അവയെ നമ്മുടെ ഭക്ഷണത്തിൽ നിശ്ചയമായും ഉൾച്ചേരേണ്ടവയാക്കി മാറ്റുന്നു. കറിയായോ, ഉപ്പേരി

ADVERTISEMENT

യായോ, മറ്റു വസ്തുക്കളിൽ ഉൾപ്പെടുത്തിയിട്ടോ, സാലഡായിട്ടോ കുട്ടിക്കു കഴിക്കാൻ താൽപര്യമുള്ള രീതിയിൽ നൽകാൻ ശ്രമിക്കുക.

Q അഞ്ചു വയസ്സുള്ള കുട്ടി സംസാരിക്കുമ്പോൾ പലപ്പോഴും വാക്കുകൾ സ്പഷ്ടമാകുന്നില്ല. ഏതു പ്രായമാകുമ്പോഴാണു കുട്ടി നന്നായി സംസാരിക്കുക?

കുഞ്ഞ് ആറു മാസമാകുമ്പോൾ ശബ്ദങ്ങൾ പുറപ്പെടുവിച്ചു തുടങ്ങുകയും ഒരു വയസ്സ് കഴിയുമ്പോഴേക്കും അമ്മ, അച്ഛൻ തുടങ്ങിയ വാക്കുകൾ പറയാൻ കഴിവു നേടുകയും ചെയ്യുന്നു. രണ്ടു വയസ്സിൽ രണ്ടു വാക്കുകൾ

കുട്ടി പറയാനും (വെള്ളം വേണം...) 150 - 200 വാക്കുകൾ ഉപയോഗിക്കാനും പഠിക്കും. മൂന്നു വയസ്സിൽ മൂന്നു വാക്കുകൾ കൂട്ടി പറയാനും (എനിക്ക് അതു വേണം ....) മിക്കവാറും വാക്കുകൾ പറയാനും ആരംഭിക്കും . ആറു

ADVERTISEMENT

മാസമായിട്ടും കുട്ടി ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലോ ഒന്നര വയസ്സായിട്ടും ഒരു വാക്കുപോലും ഉച്ചരിക്കുന്നില്ലെങ്കിലോ ശിശുരോഗ ചികിത്സാ വിദഗ്ധനെ കാണുക. വാക്കുകൾ പറയുന്നു, പക്ഷേ സ്പഷ്ടമാവുന്നില്ല എന്ന പ്രശ്നം സ്പീച്ച് തെറപ്പി കൊണ്ടു പരിഹരിക്കാം. കുട്ടിക്കു നന്നായി ചെവി കേൾക്കുന്നുണ്ട്, ഒന്നോ രണ്ടോ വാക്കുകൾ പറയുന്നുണ്ട്, പ്രായത്തിനനുസരിച്ചു ബുദ്ധി വളർച്ച കാണിക്കുന്നുണ്ട് എന്നിവയുണ്ടെങ്കിൽ മിക്കവാറും വലിയ പ്രശ്നങ്ങളുണ്ടാവില്ല.

Q നാലു വയസ്സുള്ള കുട്ടിയ്ക്കു ടോയ്‌ലറ്റിൽ പോകുന്നതിനു കൃത്യസമയം ഇല്ല. നഴ്സറിയിൽ പോകുമ്പോൾ പ്രശ്നമാകില്ലേ?

ടോയ്‌ലറ്റ് ട്രെയിനിങ് നഴ്സറി സ്കൂളിൽ പോവുന്നതിനു മുൻപു തുടങ്ങണം. രാവിലെ എഴുന്നേറ്റാൽ ഉടൻ ടോയ്‌ലറ്റിൽ പോവുന്നതു കൃത്യമായ പരിശീലനത്തിലൂടെ കുട്ടികളെ പഠിപ്പിച്ചെടുക്കാം. ഇരിക്കാൻ താൽപര്യമുണ്ടാവുന്ന തരത്തിലുള്ള പോട്ടികളും, സ്വസ്ഥമായി ഇരിക്കാവുന്ന മറ്റു സൗകര്യങ്ങളും കുട്ടികളെ പ്രചോദി പ്പിക്കും. രാവിലെ ടോയ്‌ലറ്റിൽ പോവുന്നതിന്റെ ഗുണങ്ങൾ കളിയായും കാര്യമായും ഇടക്കിടെ പറഞ്ഞു കൊടുക്കുന്നത് അനുകൂലമായ മാനസികാവസ്ഥ സൃഷ്ടിക്കും.

പോട്ടിയിൽ ഇരിക്കുന്ന സമയത്ത് അമ്മയും അച്ഛനും അടുത്തുണ്ടാവുന്നതു കുട്ടികൾക്ക് ആശ്വാസപ്രദമാണ്.

Q കുട്ടികളെ രണ്ടുനേരം പല്ലുതേയ്പ്പിക്കണോ?

രാവിലെയും രാത്രിയും പല്ലു തേയ്ക്കുന്നതു ദന്താരോഗ്യത്തിന് ഉത്തമമാണ്. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ പോവുമ്പോൾ പല്ലിൽ ഭക്ഷണസാധനങ്ങൾ ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ രാവിലെ വരെ അതവിടെ നിൽക്കുകയും വായിലെ രോഗാണുക്കൾക്ക് ഉത്തേജകമായിത്തീരുകയും ചെയ്യും. വശങ്ങളിലേക്കല്ല, പല്ലിന്റെ മുകളിൽ

നിന്നു താഴേക്കു വേണം ബ്രഷ്ചെയ്യാൻ. ഭക്ഷണം കഴിച്ചശേഷം മൂന്നു നാലു തവണ വെള്ളമെടുത്തു കുലുക്കുഴിഞ്ഞു തുപ്പിക്കളഞ്ഞാൽ പല്ലിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ഭക്ഷണം നല്ല ശതമാനവും ഒഴിവാക്കാം.‌

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. എം. മുരളീധരൻ

കൺസൽറ്റന്റ്
പീഡിയാട്രിഷൻ
ആശ ഹോസ്പിറ്റൽ
വടകര

English Summary:

Child Health Tips for parents address common concerns such as managing frequent infections in preschoolers, preventing worm infestations, and encouraging vegetable consumption. This comprehensive guide also offers advice on effective toilet training, speech development monitoring, and maintaining good dental hygiene for young children.

ADVERTISEMENT