ADVERTISEMENT

കളിയിൽ തോൽക്കുന്നത്, ഇഷ്ടപ്പെട്ട മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടാതിരുന്നത്, പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറവു മാർക്ക് ലഭിച്ചത് തുടങ്ങി മുതിർന്നവർക്കു ചെറുതായി തോന്നുന്ന കാര്യങ്ങൾ കുട്ടികളുടെ ചെറിയ ലോകത്തിൽ വലിയ ഭൂകമ്പങ്ങളാണ്. എന്നാൽ, സത്യം പറയട്ടെ, ഒരു വ്യക്തിയെ കൂടുതൽ വളർത്തുന്നതു വിജയങ്ങളല്ല, അവൻ നേരിടുന്ന നിരാശകളാണ്.

ഇന്നത്തെ കുട്ടികൾ വളരുന്നത് ‘ഉടൻ എല്ലാം ലഭിക്കുന്ന’ കാലഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ ‘ഇല്ല’ എന്ന വാക്കും ‘ഇപ്പോൾ കഴിയില്ല’ എന്ന മറുപടിയും അവർക്കു സഹിക്കാൻ ബുദ്ധിമുട്ടാകും. പക്ഷേ, നിരാശയെ നേരിടാൻ പഠിക്കുന്ന കുട്ടി മാനസികമായി കൂടുതൽ ശക്തനാകും. വീണ്ടും ശ്രമിക്കാൻ ധൈര്യം കണ്ടെത്തും. മറ്റുള്ളവരുടെ വിജയത്തെ അംഗീകരിക്കാൻ പഠിക്കും. ജീവിതത്തിലെ ഉയർച്ച-താഴ്ചകളെ സമചിത്തതയോടെ സ്വീകരിക്കും. നിരാശ ജീവിതത്തെ തകർക്കുന്നതിനേക്കാളേറെ പാകപ്പെടുത്തുകയാണു ചെയ്യുന്നത്.

ADVERTISEMENT

ആദ്യത്തെ നിരാശയെ അതിജീവിക്കാൻ പഠിപ്പിക്കാം

മൂന്നു വയസ്സാകുന്നതോടെയാണു കുട്ടികളിൽ ദൃശ്യ സ്മൃതി വികസിക്കുന്നത്. അതിനു മുൻപു കണ്ടിട്ടുള്ള കാര്യങ്ങൾ കുട്ടികൾ ഓർക്കാനിടയില്ല. മൂന്നു വയസ്സായിട്ടില്ലാത്ത കുഞ്ഞുങ്ങൾ സ്പർശനത്തിലൂടെയാണ് ഓർമകൾ തലച്ചോറിൽ  ശേഖരിക്കുന്നത്. മാതാപിതാക്കളുടെ സാമീപ്യം അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് ഏറ്റവും പ്രധാനമാണ്.

kiddepression2
ADVERTISEMENT

അമ്മയുടെ ശരീരവുമായി കൂടുതൽ സ്പർശനത്തിൽ കഴിയാൻ അവസരം കിട്ടുന്ന കുട്ടിക്കു വൈകാരിക സ്ഥിരതയും ഓർമശക്തിയും കൂടുതലുണ്ടാകും. മാതാപിതാക്കളുമായുള്ള ശാരീരിക സ്പർശം നിരസിക്കപ്പെടുന്നതാണ് ഒരു കുട്ടി ജീവിതത്തിൽ നേരിടാനിടയുള്ള ആദ്യ നിരാശ.
ജോലിയുമായി ബന്ധപ്പെട്ടു മാറിത്താമസിക്കേണ്ടി വരുന്നതോ, ദമ്പതികൾ തമ്മിലുള്ള പൊരുത്തക്കേടോ മാതാപിതാക്കൾ ഉപേക്ഷിക്കുന്നതോ ഇതിനു കാരണമാകാറുണ്ട്. പ്രസവം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിലോ സിസേറിയനാണെങ്കിൽ നാലു മണിക്കൂറിനുള്ളിലോ മുലയൂട്ടണമെന്നത് പോഷണത്തിനപ്പുറം അമ്മയുമായുള്ള സ്പർശനത്തിനുള്ള അവസരമൊരുക്കൽ കൂടിയാണ്.

ജനിച്ചു വീഴുമ്പോൾ തന്നെ ഓർമയുടെ അംശങ്ങൾ ജീനുകളിലൂടെ കൈമാറിക്കിട്ടുന്നുണ്ട്. കരയാനും മുലപ്പാല്‍ കുടിക്കാനുമെല്ലാം കുഞ്ഞുങ്ങൾ സ്വയം പ്രാപ്തരാകുന്നത് ആരും പഠിപ്പിച്ചിട്ടല്ലല്ലോ. ജനിതകസ്മൃതിയിലൂടെയാണ് ഇതെല്ലാം കിട്ടുന്നത്. മാതാപിതാക്കളുടെ സാമീപ്യത്തിനുള്ള അവസരം നഷ്ടപ്പെടുമ്പോൾ കരച്ചിലും നിർബന്ധബുദ്ധിയുമെല്ലാം കുട്ടികൾ പ്രകടിപ്പിക്കും. ചിലരിൽ പെരുമാറ്റ വൈകല്യങ്ങളിലേക്കും ഇതു നയിച്ചേക്കാം.

ADVERTISEMENT

നിരാശപ്പെട്ടിരിക്കുന്ന കുട്ടിയോടു സംസാരിക്കേണ്ടതെങ്ങനെ?

കരച്ചിലും വാശിയും സഹിച്ചു മടുക്കുമ്പോൾ  രക്ഷിതാക്കൾ പലപ്പോഴും കുട്ടികളോടു പറയാറുണ്ട്: ‘ചെറിയ കാര്യത്തിന്... അയ്യേ’, ‘ഇതൊക്കെ സഹിക്കാൻ പഠിക്കണം’.
പക്ഷേ, കുട്ടിയുടെ മനസ്സിൽ അതു വലിയ കാര്യമാണ്. ‘വിഷമം തോന്നിയോ. എനിക്കും തോന്നാറുണ്ട്. ഞാനുണ്ടല്ലോ കുഞ്ഞിന്റെ കൂടെ.’ എന്നൊന്നു പറഞ്ഞു നോക്കൂ.
കുട്ടികളുടെ വികാരങ്ങളെ നിഷേധിക്കാതെ, ആദ്യം അവയെ അംഗീകരിക്കുമ്പോഴാണ് അവർ മനസ്സു തുറന്നു സംസാരിക്കാൻ തുടങ്ങുന്നത്. പരാജയം ഒന്നിനും അവസാനമല്ല, ഒരു പാഠം മാത്രമാണല്ലോ. പക്ഷേ, അതു കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടതു മാതാപിതാക്കളാണ്.
‘ഈ തവണ ജയിക്കാനായില്ല. പക്ഷേ, നീ ശ്രമിച്ചില്ലേ? അടുത്ത തവണ ശ്രമിക്കുമ്പോൾ എന്തു മാറ്റമാണ് വരുത്തേണ്ടത്?’ എന്ന ചോദ്യം കുട്ടിയെ സ്വയം മെച്ചപ്പെടാൻ പ്രേരിപ്പിക്കും. വിജയത്തേക്കാൾ വിലപ്പെട്ടതാണു പരിശ്രമം എന്നു കുട്ടി പഠിക്കണം.

മാതാപിതാക്കൾ നിരാശയ്ക്കു വളം വയ്ക്കാറുണ്ടോ?


സ്പർശം നിഷേധിക്കുന്നതു കൊണ്ടുണ്ടാകുന്ന നിരാശ പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാതാപിതാക്കൾ നടത്തുന്ന താരതമ്യം. ‘അവനെ നോക്കൂ, എപ്പോഴും ഫസ്റ്റ് ആണ്. എപ്പോഴും സമ്മാനം കിട്ടും.’ ഇത്തരം വാക്കുകൾ കുട്ടിയുടെ മനസ്സിൽ കാണാനാകാത്ത മുറിവുകളായി മാറും.
ഒരു കുട്ടിയെ മറ്റാരുമായും താരതമ്യം ചെയ്യേണ്ടതില്ല. അവൻ/ൾ ഇന്നലെ ആയിരുന്ന അവസ്ഥയോടു മാത്രമേ താരതമ്യം പാടുള്ളൂ.

ഒരേ തരം നിരാശയെ രണ്ടു കുട്ടികൾ അതിജീവിക്കുന്നതു രണ്ടു തരത്തിലാകും. ജീനുകളുടെ സ്വാധീനവും ജീവിതാനുഭവങ്ങളുമാണ് ഇതിനു പിന്നിൽ. കൂടുതൽ വൈകാരിക സന്തുലതയുള്ള മാതാപിതാക്കളുടെ കുഞ്ഞിനു നിരാശയെ അതിജീവിക്കാൻ നൈസർഗികമായി കഴിവു കൂടുതലുണ്ടാകും. മുൻപു നിരാശയെ അതിജീവിച്ച അല്ലെങ്കില്‍ സമാനമായ അനുഭവങ്ങൾ കണ്ടിട്ടുള്ള കുട്ടിയും സ്വാഭാവികമായും നിരാശയിൽ കുടുങ്ങിപ്പോകാതെ വേഗം പുറത്തു വരും.

വിഷമിച്ചിരിക്കുന്ന കുട്ടിയെ ആശ്വസിപ്പിക്കാൻ അരികിലെത്തുകയാണോ വേണ്ടത്?


കുട്ടിക്കു ചെറിയ വിഷമം വന്നാൽ ഉടനെ അതു പരിഹരിക്കാൻ മാതാപിതാക്കൾ ഓടിയെത്തുന്നതു പലപ്പോഴും കാണാം. പക്ഷേ, ജീവിതത്തിൽ ഒറ്റയ്ക്കാകുമ്പോഴും സങ്കടങ്ങളെ നേരിടാൻ അവർ പ്രാപ്തരായിരിക്കണം.
ചെറിയ നിരാശകൾ സുരക്ഷിതമായ അന്തരീക്ഷത്തിൽ അനുഭവിക്കാൻ അനുവദിക്കുന്നത്, ജീവിതത്തിലെ വലിയ കൊടുങ്കാറ്റുകൾ നേരിടാനുള്ള കരുത്ത് നൽകും.
രക്ഷിതാക്കളാണ് അവരുടെ ഏറ്റവും വലിയ പാഠപുസ്തകം. പറയുന്നതല്ല, ജീവിച്ചു കാണിക്കുന്നതാണ് അവർ പഠിക്കുന്നത്. മാതാപിതാക്കൾ പരാജയപ്പെടുമ്പോൾ എന്തു ചെയ്യുന്നു? ദേഷ്യപ്പെടുന്നുണ്ടോ? മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നുണ്ടോ? അതോ ശാന്തമായി വീണ്ടും ശ്രമിക്കുന്നുണ്ടോ? ഇത്തരം പ്രതികരണങ്ങളിലാണ് അവരുടെ ഭാവി പാഠങ്ങളുള്ളത്.

ലാളന മാത്രം കിട്ടി വളരുന്ന കുട്ടിയും അവഗണനയും ചിട്ടയും മാത്രം കിട്ടി വളരുന്ന കുട്ടിയും നിരാശയിൽ പെട്ടു പോകാൻ സാധ്യത കൂടുതലാണ്. ഇതു രണ്ടും സമാസമം ചേർത്ത് സ്നേഹവും സ്വാതന്ത്ര്യവും ലാളനയും അതിനൊപ്പം ചിട്ടയും കാർക്കശ്യവും ശീലിച്ചു വളരുന്ന കുട്ടിക്ക് നിരാശയെ വേഗം അതിജീവിക്കാനാകും.

ഇഷ്ടപ്പെട്ടതു കിട്ടാത്ത നിരാശയിൽ വാശി പിടിച്ചു ബഹളം വ യ്ക്കുന്ന കുട്ടിയെ എങ്ങനെ അനുനയിപ്പിക്കണം?


ശിക്ഷണം മൂന്നു രീതിയിൽ ചെയ്യാം. അവഗണനയാണ് ആ ദ്യത്തേത്. വീട്ടിൽ വച്ചാണു വാശിയെങ്കിൽ, എന്തുകൊണ്ടു വാങ്ങിക്കൊടുക്കാൻ കഴിയില്ലെന്നു പറഞ്ഞതിനു ശേഷം വാശിയെ അവഗണിക്കണം.

വീട്ടിലുള്ളവർ ഒരു തരത്തിലുള്ള പ്രതികരണവും കൊടുക്കാതിരുന്നാലേ വാശി കുറയൂ. പ്രതികരണമായി ഒപ്പമിരുന്നു കരയുകയോ അടി കൊടുക്കുകയോ ചെയ്താൽപ്പോലും വാശി കൂട്ടാനേ അതുപകരിക്കൂ.
പാസീവ് പണിഷ്മെന്റ് മറ്റൊരു രീതിയാണ്. വാശി കാണിച്ചതു കൊണ്ട് ഇഷ്ടപ്പെട്ട മറ്റെന്തെങ്കിലും കൂടി കൊടു ക്കാതിരിക്കുന്ന രീതിയാണിത്. നിരാശ വാശിയായാലോ മറ്റു ബുദ്ധിമുട്ടുകളുണ്ടാക്കിയാലോ കൂടുതൽ നഷ്ടങ്ങളിലേക്കു പോകുമെന്ന് കുട്ടിക്ക് ഇതിലൂടെ ബോധ്യം വരും.

അവസാനത്തേത് ആക്ടീവ് പണിഷ്മെന്റാണ്. മൂന്നു വയസ്സു മുതൽ എട്ടു വയസ്സു വരയുള്ള കുട്ടികൾക്ക് ടൈം ഔട്ട് നല്ല ശിക്ഷാരീതിയാണ്. പരമാവധി 20 മിനിറ്റ് മതി ഈ ശിക്ഷ.
നല്ല മാർഗം പ്ലേ തെറപ്പി
നിരാശ കുട്ടികളെ ബാധിക്കാതിരിക്കാൻ ഏറ്റവും നല്ല മാർഗമാണ് പ്ലേ തെറപ്പി. കളികൾ തന്നെയാണിത്. മാതാപിതാക്കളും കുട്ടികൾക്കൊപ്പമിരുന്നു കളിക്കാൻ സമയം കണ്ടെത്തുന്നതു ഗുണം ചെയ്യും. തോൽവിയും ജയവും സ്ഥായിയല്ലെന്നും തോൽവിക്കു ശേഷം ജയിക്കാനുള്ള സാധ്യതകളുണ്ടെന്നും കളികളിലൂടെ കുട്ടികൾ അറിയാതെ പഠിച്ചെടുക്കും.

കുട്ടിയോടു മാതാപിതാക്കൾ പറയേണ്ട ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യമുണ്ട്: ‘നീ ജയിച്ചാലും തോറ്റാലും, ഞാൻ കൂടെത്തന്നെയുണ്ട്.’
ഈ വാചകം ഉള്ളിൽ ഉറച്ചാൽ, ജീവിതത്തിലെ ഏതു പരാജയവും കുട്ടി അതിജീവിക്കും.

കടപ്പാട്: ഡോ. അരുൺ ബി നായർ
പ്രൊഫസർ ഓഫ് സൈക്യാട്രി
മെഡിക്കൽ കോളജ്, തിരുവനന്തപുരം
ഓണററി കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ്,
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി

English Summary:

Developing resilience in children is crucial for their long-term emotional strength, as facing disappointments rather than constant successes is what truly fosters growth. By acknowledging their feelings and teaching them to learn from setbacks, parents can equip children to navigate life's challenges with a balanced perspective.

ADVERTISEMENT