ADVERTISEMENT

“ഫോൺ കൊടുത്താൽ ശാന്തം… ഫോൺ എടുത്താൽ പൊട്ടിത്തെറി!”

“പഠിക്കാൻ ഇരിക്കില്ല…

ADVERTISEMENT

ഒരു കാര്യത്തിൽ ശ്രദ്ധിക്കില്ല…

പറഞ്ഞാൽ കേൾക്കില്ല…

ADVERTISEMENT

പക്ഷേ ഫോൺ കൊടുത്താൽ മണിക്കൂറുകളോളം ഇരിക്കും!”

ഇന്ന് എത്രയോ വീടുകളിൽ കേൾക്കുന്ന വാക്കുകളാണിത്. 

ADVERTISEMENT

അമിതമായ 'സ്ക്രീൻ ടൈം' ADHD-യ്ക്ക് കാരണമാകുമോ?

ഒരുകാലത്ത് കുട്ടികളുടെ ലോകം മൈതാനവും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കൂട്ടുകാരുമായിരുന്നു.  ഇന്ന് ആ ലോകത്തേക്ക് മൊബൈൽ ഫോണും ടാബ്‌ലെറ്റും വീഡിയോകളും ഗെയിമുകളും റീലുകളും കടന്നുവന്നു.

കുട്ടികളുടെ ശ്രദ്ധ നേടാൻ ഇന്ന് മാതാപിതാക്കളും അധ്യാപകരും മത്സരിക്കുന്നത്… മറ്റൊരു മനുഷ്യനോടല്ല, ഒരു സ്ക്രീനോടാണ്!

കുട്ടി മാറിയോ… അതോ കുട്ടിയുടെ ചുറ്റുമുള്ള ലോകം മാറിയോ?

കുട്ടിയുടെ തലച്ചോറിൽ എന്താണ് സംഭവിക്കുന്നത്?

ഓരോ സെക്കൻഡിലും പുതിയ ഉത്തേജനം!

ശ്രദ്ധ, സ്വയംനിയന്ത്രണം, തീരുമാനമെടുക്കൽ, പെട്ടെന്നുള്ള പ്രതികരണങ്ങളെ നിയന്ത്രിക്കൽ തുടങ്ങിയ കഴിവുകളിൽ പ്രധാന പങ്കുവഹിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് പ്രീഫ്രോണ്ടൽ കോർട്ടക്സ് (Prefrontal Cortex).

വേഗത്തിൽ മാറുന്ന ചിത്രങ്ങൾ, തുടർച്ചയായ അറിയിപ്പുകൾ, ഗെയിമുകളിലെ സമ്മാനങ്ങൾ, പെട്ടെന്നുള്ള പ്രതികരണങ്ങൾ എന്നിവ തലച്ചോറിലെ പ്രതിഫല സംവിധാനത്തെ (Reward System) നിരന്തരം ഉത്തേജിപ്പിക്കാം.

പ്രത്യേകിച്ച് ശ്രദ്ധക്കുറവും അമിതസജീവതയും ഉൾപ്പെടുന്ന എ.ഡി.എച്ച്.ഡി. (ADHD) ഉള്ള കുട്ടികളിൽ ശ്രദ്ധയും പ്രതിഫലപ്രതികരണവും വ്യത്യസ്തമായിരിക്കാം.

അതുകൊണ്ട് നിരന്തരം മാറുന്ന അതിവേഗ ദൃശ്യങ്ങളോട് പരിചയപ്പെട്ട ഒരു കുട്ടിക്ക്, പതുക്കെ വായിക്കേണ്ട ഒരു പുസ്തകമോ അധ്യാപകന്റെ വിശദീകരണമോ കൂടുതൽ ബുദ്ധിമുട്ടായി തോന്നാം.

സ്ക്രീൻ സമയം എ.ഡി.എച്ച്.ഡി (ADHD – Attention Deficit Hyperactivity Disorder) ഉണ്ടാക്കുമോ?

“ഫോൺ കൂടുതലായി ഉപയോഗിച്ചതുകൊണ്ടാണോ കുട്ടിക്ക് ശ്രദ്ധക്കുറവ് വന്നത്?”

അങ്ങനെ ഉറപ്പിച്ച് പറയാൻ കഴിയില്ല.

എന്നാൽ അമിതവും ക്രമരഹിതവുമായ സ്ക്രീൻ ഉപയോഗം എ.ഡി.എച്ച്.ഡി.  ലക്ഷണങ്ങൾ കൂടുതൽ പ്രകടമാകുന്നതുമായി ബന്ധപ്പെട്ടിരിക്കാം.  അതേസമയം, എ.ഡി.എച്ച്.ഡി. ഉള്ള കുട്ടികൾക്ക് തന്നെ വേഗത്തിലുള്ള ദൃശ്യങ്ങളും പ്രതിഫലങ്ങളും നൽകുന്ന സ്ക്രീൻ ഉള്ളടക്കങ്ങളിലേക്ക് കൂടുതൽ ആകർഷണം തോന്നാം.

അപ്പോൾ…

സ്ക്രീനാണോ കാരണം?

അതോ എ.ഡി.എച്ച്.ഡി. ഉള്ള കുട്ടിയാണോ സ്ക്രീനിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നത്?

ചിലപ്പോൾ ഈ ബന്ധം രണ്ടുവശത്തേക്കും ആയിരിക്കാം.

അതുകൊണ്ട് ചോദിക്കേണ്ടത് “സ്ക്രീൻ എത്ര സമയം?” എന്നത് മാത്രമല്ല…

“സ്ക്രീൻ നമ്മുടെ കുട്ടിയുടെ ജീവിതത്തിൽ നിന്ന് എന്താണ് കവർന്നെടുക്കുന്നത്?”

“ഫോൺ പൂർണ്ണമായി എടുത്തുകളയാം!”

പക്ഷേ… എത്രകാലം?

ഇന്നത്തെ ലോകത്ത് അത് എല്ലായ്പ്പോഴും പ്രായോഗികമല്ല.

പഠനത്തിനും ആശയവിനിമയത്തിനും അറിവിനും സാങ്കേതികവിദ്യ ആവശ്യമാണ്.

അതിനാൽ ലക്ഷ്യം…

സ്ക്രീൻ നിരോധനമല്ല… സ്ക്രീൻ നിയന്ത്രണമാണ്!

( 'SCREEN BAN' is not the Solution..'SCREEN BALANCE'  is) 

- ഭക്ഷണസമയം — സ്ക്രീൻ വേണ്ട (Screen-free)

- പഠനസമയം — അറിയിപ്പുകൾ ഓഫ് (Notifications Off)

-  ഉറങ്ങുന്നതിന് മുമ്പ് — സ്ക്രീൻ ഒഴിവാക്കുക (Screen-free time)

-  ദിവസവും — കളിയും ശാരീരിക പ്രവർത്തനവും (Physical Activity)

-  കുടുംബത്തിൽ — സ്ക്രീനില്ലാത്ത സംഭാഷണം (Screen-free Conversation)

സ്ക്രീൻ എടുത്തുമാറ്റിയാൽ മാത്രം പോരാ…

കുട്ടിയുടെ കൈയിൽ നിന്ന് ഫോൺ എടുത്തുമാറ്റുമ്പോൾ, അവന്റെ ലോകം ശൂന്യമാകരുത്!

പകരം നൽകണം…

- ഓടാൻ ഒരു മൈതാനം.

- സ്വപ്നം കാണാൻ ഒരു പുസ്തകം.

-  മനസ്സ് തുറന്ന് സംസാരിക്കാൻ സമയം.

- മതിവരുവോളം ചിരിക്കാൻ കൂട്ടുകാർ.

-  കേൾക്കാനും മനസ്സിലാക്കാനും മാതാപിതാക്കൾ.

കുട്ടിയുടെ കൈയിൽ നിന്ന് ഫോൺ മാറ്റുമ്പോൾ, അവന്റെ കണ്ണുകൾ നമ്മുടെ കണ്ണുകളിലേക്കാകട്ടെ. 

കുട്ടിയോട് പറയുന്നതിന് മുമ്പ്… നമ്മളോട് ചോദിക്കാം!

“ഫോൺ മാറ്റിവെക്കൂ…”

എന്ന് പറയുമ്പോൾ, കുട്ടിയുടെ കണ്ണുകൾ ആദ്യം പോകുന്നത് നമ്മുടെ കൈകളിലേക്കാണ്. നമ്മൾ ചെയ്യുന്ന ശീലം തന്നെയാണ് അവരുടെ ഏറ്റവും വലിയ പാഠം.

നമ്മൾ സ്ക്രീൻ സമയം ക്രിയാത്മകമായ കാര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മാതൃക കാട്ടിയാൽ, കുട്ടികളും അതേ വഴി പിന്തുടരാൻ പ്രചോദിതരാകും.

കുട്ടിയെ മാറ്റാൻ ശ്രമിക്കുന്നതിന് മുമ്പ്…

നമുക്ക് മാതൃകയാകാം.

സ്ക്രീൻ കുട്ടിയുടെ ജീവിതത്തിന്റെ ഭാഗമാകാം....പക്ഷേ കുട്ടിയുടെ ജീവിതം മുഴുവൻ സ്ക്രീനാകരുത്.

ഒരു കുട്ടിയുടെ സ്ക്രീൻ സമയം കുറയ്ക്കുന്നതിലും പ്രധാനമാണ്…

അവന്റെ ജീവിതത്തിലെ യഥാർത്ഥ സമയം കൂട്ടുന്നത്.

ഈ വിഷയത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ധാരാളം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കാനുണ്ടാകും. എല്ലാവർക്കും പ്രയോജനകരമാകുന്ന വിധത്തിൽ  വിലപ്പെട്ട അനുഭവങ്ങൾ പങ്കുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

"നമ്മുടെ കുട്ടികളാണ് നമ്മുടെ ഭാവി" എന്ന് ഓർക്കുക.

എഴുത്ത്- Dr Arun Oommen, Neurosurgeon

Screen Time and ADHD:

Screen time, ADHD, and child behavior are increasingly concerning issues for parents and educators. The article explores the potential link between excessive digital engagement and Attention Deficit Hyperactivity Disorder (ADHD) in children, highlighting how the constant stimulation from screens can affect the developing prefrontal cortex and reward system. It questions whether screens cause ADHD or if children with ADHD are more drawn to them, suggesting a bidirectional relationship. The piece advocates for screen balance rather than outright bans, emphasizing the need for physical activities, real-world interactions, and parental role modeling. Ultimately, it stresses that increasing a child's real-life experiences is more crucial than merely reducing screen time.

ADVERTISEMENT