Saturday 13 February 2021 11:45 AM IST : By സ്വന്തം ലേഖകൻ

നീ ധൈര്യായിട്ട് പ്രേമിക്കെടീ എന്ന് പറയുന്ന കട്ട ദോസ്ത്, പില്‍ക്കാലത്ത് എന്റെ പേരിന്റെ തുഞ്ചത്ത് കയറിപ്പറ്റിയ മഹാന്‍: ഒരു മില്ലേനിയം പ്രണയകഥ

jeena-rajesh

ആദ്യമായും അവസാനമായും കിട്ടിയ വാലന്റൈന്‍ സമ്മാനവും അതിനു പിന്നാലെ മൊട്ടിട്ട പ്രണയത്തെ കുറിച്ചും ഹൃദ്യമായി കുറിക്കുകയാണ് ജീന രാജേഷ്. പ്രണയദിനം പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴാണ് ജീനയുടെ ഹൃദ്യമായ കുറിപ്പ്. മില്ലേനിയും വാലന്റൈന്‍ കഥയെന്ന ആമുഖത്തോടെ ജീന പങ്കിട്ട കുറിപ്പ് ചുവടെ വായിക്കാം...

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഒരു മില്ലേനിയം വാലെന്റൈൻസ് കഥ സൊല്ലട്ടുമാ!!??

(ആദ്യമായും അവസാനമായും എനിക്ക് കിട്ടിയ വാലന്റൈന്സ് കാർഡിന്റെ കഥയാണ് കേട്ടോ...)

കോയമ്പത്തൂരിലെ ഹോപ്‌സ്‌കോളേജിൽ കുമുദം എന്ന പേരിൽ ഒരു ഫാർമസിയുണ്ടായിരുന്നു അന്ന്. ഫാർമസിയിൽ മരുന്നുകൾ മാത്രമല്ല അത്യാവശ്യം അല്ലറ ചില്ലറ മറ്റു സാധനങ്ങളും കിട്ടും...

എന്റെ ഒരു കട്ട ദോസ്ത്...എന്നെയും കൂട്ടി അവിടെ കയറുന്നു. അവന് ഒരു വാലന്റൈൻസ് ഡേ കാർഡ് തിരഞ്ഞെടുത്തു കൊടുക്കണമത്രേ... സഹായിക്കാതിരിക്കാൻ പറ്റൂല്ല... കൗമാരകാലത്തെ എന്റെ ക്രഷിനെ ചൂണ്ടിക്കാണിച്ചു "ലെവനെ ശരിക്കും പ്രേമിച്ചാലോടാ" എന്ന് ചോദിച്ചാൽ "നീ ധൈര്യായിട്ട് പ്രേമിക്കെടീ " ന്നും പറഞ്ഞു കട്ടക്ക് കൂടെ നിൽക്കുന്നോനാ... അവന്റെ ഒരു കാര്യം വരുമ്പോൾ നമ്മള് കൂടെ നിന്നില്ലേൽ എങ്ങനാ!!

(അടിയും വഴക്കും ഇല്ലാത്ത നേരങ്ങളിൽ മാത്രമാണ് കേട്ടോ ഞങ്ങളിങ്ങനെ ദോസ്തുക്കളായിരിക്കുന്നത് )

അങ്ങനെ ഞാനും അവനും കടയിൽ പോയി, 'Will you be my valentine' എന്നെഴുതിയ ഒരു കാർഡൊക്കെ ഞാൻ അവനു സെലക്ട് ചെയ്തു കൊടുത്തു...ആർക്കാണ് കൊടുക്കാൻ പോകുന്നത് എന്നു മാത്രം അവനെന്നോട് പറഞ്ഞില്ലാ....എത്ര ചോദിച്ചിട്ടും..

ദുഷ്ടൻ!! എന്റെ കൂടെ നടന്ന് തലയിലുള്ളത് മുഴുവൻ ചോർത്തിയെടുക്കും പക്ഷെ അവന്റെ കാര്യം മാത്രം പറയില്ല.. 'ഹാ! എന്നെങ്കിലും നിന്നെയൊക്കെ എന്റെ കയ്യിൽ കിട്ടുമെടാ' എന്ന് മനസ്സിൽ പറഞ്ഞു ഞാൻ പോയി... കാർഡുമായി അവൻ അവന്റെ പാട്ടിനും..!!

ഈ ദോസ്ത് ന്നു പറഞ്ഞാൽ എന്റെ മാത്രം ദോസ്ത് അല്ലാട്ടോ... ഞങ്ങളൊരു ആറേഴു പേര് കട്ട ദോസ്തുക്കളാ... അതിലൊന്നാണിത്. പരസ്പര സ്നേഹത്തിന്റെ നീളവും പരപ്പുമൊക്കെ സമയവും കാലവുമനുസരിച്ചു ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും ഏഴു പേരും ഒരൊറ്റ ഗ്രൂപ്പ് തന്നെ...എല്ലാത്തിനേം ഞാൻ പരിചയപ്പെടുത്താം... അനീഷ, ഞാൻ, പ്രീസീനി, ജാസ്മിൻ, ടോം, സുബി പിന്നെ രാജേഷ്...!! ഞാനൊഴികെ ബാക്കിയെല്ലാം ഫിസിയോതെറാപ്പിസ്റ്റുകൾ...ക്‌ളാസ് മേറ്റ്സ്.. ഞാൻ മാത്രം ഐ ടി ക്കാരി...

അനിഷയുടെ പ്രീഡിഗ്രീക്കൂട്ടായ ഞാൻ ആ വഴിയിൽ ചെന്നു പെട്ടതാണ് ഇവരുടെ കൂട്ടത്തിൽ. എന്തായാലും ലവന്മാരും ലവളുമാരും എന്നെയും കൂടെ ചേർത്തു.. അതുകൊണ്ടെന്തായി!! ഇന്നും എന്റെ കൂടെ പഠിച്ചവരെക്കാൾ എനിക്ക് പരിചയം ഇവരുടെ ആൾക്കാരെയാണ്.. ഇന്നും ഞാൻ ഓർത്തിരിക്കുന്ന ടീച്ചർമാരുടെ പേരുകൾ പോലും അവരുടേത് തന്നെ...

(ഇപ്പഴും കേൾക്കുന്നല്ലോ കഥകൾ... പിന്നെങ്ങനെ മറക്കാൻ!!)

ആദ്യമേ പറഞ്ഞില്ലേ ഒറ്റ ഗ്രൂപ്പാണെങ്കിലും അടിയും വഴക്കുമൊക്കെ സാധാരണം.. ഗ്രൂപ്പിനുള്ളിലെ പടലപ്പിണക്കത്തിന്റെ ഒന്നാം നമ്പർ ആൾക്കാർ ഞാനും രാജേഷുമായിരുന്നു.. ചില നേരത്തൊക്കെ നേരിട്ട് കണ്ടാൽ പരസ്പരം അടി വീണില്ലെങ്കിൽ അത്ഭുതം എന്നതായിരുന്നു അവസ്ഥ.

ഞങ്ങൾ പെണ്ണുങ്ങൾക്കൊക്കെ പ്രിയപ്പെട്ടവൻ സുബി ആയിരുന്നു. എന്തിനും ഏതിനും വരുന്ന സഹായി.. ചെറിയ വല്യേട്ടൻ ഭരണമൊക്കെയുണ്ടെങ്കിലും ഞങ്ങളങ്ങ് സഹിക്കും.. കാരണം ഇവൻ മറ്റവന്മാരെപ്പോലെയല്ലാ; പരോപകാരിയാണ്. ഒപ്പം അല്പം പക്വതയും മര്യാദയുമുളളവൻ... ശരിക്കുമൊരു വല്യേട്ടൻ തന്നെ!!

മറ്റേ രണ്ടെണ്ണങ്ങളും ഒരു ഞെട്ടിൽ വിരിഞ്ഞ പൂക്കൾ പോലെയാണ്. തല പോകുന്നിടത്തൊക്കെ വാലും പോകും എന്ന പോലെ...ടോം പോകുന്നിടത്തൊക്കെ രാജേഷും രാജേഷ് പോകുന്നിടത്തൊക്കെ ടോമും ഉണ്ടാകും.. മറ്റൊരു ഗുണം രണ്ടിനുമുള്ളത് ഒന്നു പറഞ്ഞു രണ്ടാമത്തേതിന് പിണങ്ങും എന്നതാണ്. ഞങ്ങളോട്!! അവരു തമ്മിലല്ല!

ഈ പിണക്കത്തിന്റെയിടയിലും ഞങ്ങൾ ഏഴു പേരുമൊരുമിച്ച് ഗാന്ധിപുരത്തു പള്ളിയിൽ പോക്കും, അവിടുന്നിറങ്ങി ഊണ് കഴിക്കാൻ പോക്കും, ഭക്ഷണം വരാൻ വൈകിയതിന് ഹോട്ടലുകാരനോട് അടിയുണ്ടാക്കാൻ പോകുന്ന ടോമിനെ പറഞ്ഞു സമാധാനിപ്പിക്കലും ഓശാനക്ക് കിട്ടിയ കുരുത്തോലയും നീട്ടിപ്പിടിച്ച് സിനിമക്ക് കയറലുമൊക്കെ തകൃതിയായി നടക്കും കേട്ടോ...

ഇങ്ങനെയൊക്കെ നടക്കുന്ന സമയത്തെപ്പോഴോ ആണ് മുകളിൽ പറഞ്ഞ സംഭവം! എന്റെ കട്ട ദോസ്തിനെ ഇനിയും പിടി കിട്ടീല്ലെങ്കീ പറയാം...'രാജേഷ്'. പില്ക്കാലത്ത് എന്റെ പേരിന്റെ തുമ്പത്ത് അയറിപ്പറ്റിയ ആ മഹാൻ തന്നെയാണത്.

എന്തായാലും അന്നത്തെ ഒരു ഇരുപ്പു വശം വച്ച് അവൻ ആ കാർഡ് തിരഞ്ഞെടുക്കാൻ എന്നെ വിളിച്ചതു തന്നെ മഹാത്ഭുതം. പല പല അടിപിടിക്കേസുകൾക്കിടയിലെ ഏതോ ഒരു കൂട്ട് സമയം എന്ന് കരുതിയാൽ മതി... ആ കാർഡ് വാങ്ങിയതിന് ശേഷവും പിണക്കങ്ങളും ഇണക്കങ്ങളും ഒരായിരമെങ്കിലും പിന്നെയും കഴിഞ്ഞിട്ടുണ്ടാകും. ആ കാർഡ് ആർക്കാണ് അവൻ കൊടുത്തത് എന്ന് ഞങ്ങളാരും അറിഞ്ഞതുമില്ല...

എന്തായാലും 'ഫിസിയോ'സിനേക്കാൾ ആറുമാസം മുമ്പേ കോഴ്സ് കഴിഞ്ഞ് എനിക്ക് കോയമ്പത്തൂർ വിടാനുളള സമയമായപ്പോഴാണ് എനിക്കും ലവനും ഒരു ചെറിയ തിരിച്ചറിവുണ്ടാവുന്നത്. സത്യത്തിൽ ഈ പിണക്കങ്ങളുടെയും ഇണക്കങ്ങളുടെയും ഇടയിൽ ചുമ്മാ ഒരു ചിന്ന പ്രണയം കടന്നു കൂടിയോ എന്ന്...!! ശ്ശെ!!! അതൊന്നുമായിരിക്കില്ല എന്ന് പറഞ്ഞു മറ്റുള്ളവരെയും അവനവനെത്തന്നെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു ഞങ്ങൾ പിന്നീട്.

എന്തായാലും പരസ്പരം പ്രണയമാണെന്ന് 'പറയാതെ എന്തിന് സ്വയം സമ്മതിക്കുക' പോലും ചെയ്യാതെ നടന്ന ഈ പ്രണയ കാലത്ത് യാതൊരു സമാധാനവും കിട്ടാത്തൊരു പാർട്ടി ഉണ്ടായിരുന്നു.. ആരാണെന്നോ... ടോം...!!

അണ്ണന്റെ മെസ്സിലിരുന്ന് ദോശ തിന്നുന്ന എന്റെയടുത്തു വന്ന് രാജേഷ് ചുമ്മാ കുശലം ചോദിച്ചാൽ മതി "നീ വരുന്നുണ്ടോ " എന്നൊരു വിളിയിൽ അവനെയും കൊണ്ട് പോകും മറ്റവൻ...

അവൻമാരുടെ കൂട്ടിനിടയിലേക്ക് പ്രണയത്തിന്റെ നിറവുമായി കടന്നു ചെന്ന എന്നെ തീരെ ദഹിക്കുന്നുണ്ടായിരുന്നില്ല ടോമിന്...

പതിയെപ്പതിയെ ഞങ്ങളുടെ ഇടയിലെ ആ മൂന്നാമനെ എനിക്കിഷ്ടമായി... അല്ലല്ലാ അങ്ങനല്ല... അവന്മാരുടെ ഇടയിലെ മൂന്നാമത്തെയാളായ എന്നെ ടോമിനിഷ്ടമായി... അതാണ് സത്യം...!!

പഠനം കഴിഞ്ഞു, ജോലി കിട്ടി, വിവാഹം കഴിഞ്ഞു, ഇത്രയും വർഷങ്ങളായി... ഇന്നും എനിക്കറിയാം അവർ രണ്ടു പേരും ഒരുമിച്ചു ചേർന്നാൽ; അതൊരു ഫോൺ വിളിയാകട്ടെ ഞാൻ മൂന്നാതൊരാളാണ്.

അവരുടെ കട്ടച്ചളിയടികൾ മനസ്സിലാകാതെ കണ്ണുമിഴിച്ചിരിക്കുന്ന...

സിനിമാ ഡയലോഗുകൾ കൊണ്ടു കൗണ്ടറടിക്കുമ്പോൾ ഒന്നും മനസ്സിലാകാതെ ഇളിഭ്യച്ചിരി ചിരിക്കുന്ന...

'കുറച്ച് മാറി നടക്കെടീ ഞങ്ങളുടെയിടയിൽ നിന്നും' എന്നു പറഞ്ഞ് അവന്മാരിന്നും ഓടിച്ചു വിടുന്ന...

ആ മൂന്നാമത്തെയാൾ...!!

എന്തായാലും ഞാൻ കോയമ്പത്തൂർ വിട്ടു യാത്ര പറഞ്ഞ നാളുകളിലൊന്നിൽ നമ്മുടെ കഥാ നായകൻ ആ പഴയ കാർഡ് വെളിയിലെടുത്തു.

"എനിക്കെങ്ങും വേണ്ടെടാ... നിന്നെ ഇനി ഞാൻ കാണാൻ പോലും വഴിയില്ലെന്ന്"

ആണയിട്ടു പറഞ്ഞിട്ടും

"നിനക്ക് വാങ്ങിയത് നീ തന്നെ എടുത്തോ"

എന്നും പറഞ്ഞ് എന്നെയേല്പിച്ചു... എന്നെക്കൊണ്ട് വാങ്ങിപ്പിച്ചത് എനിക്കു തന്നെ തരാനായിരുന്നുവത്രെ.. എന്നിട്ടെന്തു കൊണ്ട് അന്ന് തന്നില്ല..?

ആ ആർക്കറിയാം എന്റെ വെട്ടൊന്ന് തുണ്ടം രണ്ട് എന്ന സ്വഭാവത്തിന് അവനെ കഷണങ്ങളാക്കും എന്നു കരുതിയാണോ എന്തോ...!!

അതു തന്നെയാവും കാരണം...

എന്നാലും ഇന്നും ഞാൻ പറയും

"അവൻ സമ്മതിച്ചു കാണില്ല നിന്റെ ടോം...!!"

"അല്ലെടീ അവനു പോലും അറിയില്ല ഞാനിതു വാങ്ങിയ കാര്യം"

എന്നെന്റെ കെട്ടിയോൻ എത്ര ആണയിട്ടാലും ഞാൻ സമ്മതിച്ചു കൊടുക്കില്ല...

കാരണം ഇന്നും അവരുടെ ലോകത്തിലെ മൂന്നാമത്തെയാളായി മാറുന്ന എനിക്ക് അവന്മാരോടിങ്ങനെ വഴക്കിടാൻ പെരുത്തിഷ്ടമാണ്....!!

'നിങ്ങളിനിയും നന്നായില്ലേടാ' എന്ന് ചോദിച്ചു രണ്ടിനെയും ചീത്ത വിളിക്കാനെനിക്കും...

ഞാനും രാജേഷും ഒരുമിച്ചൊരു ഫോട്ടോ പോലുമെടുക്കാൻ സമ്മതിക്കാതെ ഇടയിൽ കയറി നിൽക്കാൻ ടോമിനും...

മൂന്നോ നാലോ ദിവസത്തേക്ക് അവന്റടുത്ത് താമസിക്കാൻ ഞങ്ങളോ ഞങ്ങളുടെ അടുത്തേക്ക് അവനോ വന്നാൽ;

"നാലു ദിവസത്തേക്കവൻ വന്നതാ... നീ എന്തു പറഞ്ഞാലും ഞാൻ അനുസരിച്ചോളാം പക്ഷെ ഈ നാലു ദിവസത്തെക്ക് നിന്റെ 'ഞഞ്ഞാപിഞ്ഞാ' വർത്താനവുമായി വന്നേക്കരുത് ആ ഏരിയയിൽ"

എന്നും പറഞ്ഞെന്നെ ഓടിക്കാൻ എന്റെ കെട്ടിയോനും പെരുത്തിഷ്ടം...

പറഞ്ഞു പറഞ്ഞ് ഇത് എന്റെ കഥയിൽ നിന്നും ലവന്മാരുടെ കഥയായിപ്പോയി എന്നെനിക്കറിയാം... പക്ഷെ ഇതാണ് ഞങ്ങളുടെ പ്രണയ കഥ... ടോമിൽ നിന്നും രാജേഷിനെ പിരിച്ചാലല്ലേ എനിക്ക് എന്റെയും അവന്റെയും മാത്രമായി ഒരു പ്രേമകഥ പറയാൻ പറ്റൂ...

അങ്ങനെയൊന്നില്ലായിരുന്നു...!!

അതിനാൽ ശുഭം!!

-ജീന-