‘താലി എന്നത് ഒരു ഭാഗ്യമാണ്... ജീവിതം നൽകുന്ന ഏറ്റവും വലിയ ഭാഗ്യം. അത് കിട്ടണമെങ്കിൽ പുണ്യം ചെയ്യണം.’
ജീവിതത്തിന്റെ പ്രതിച്ഛായ എന്ന മട്ടിലുള്ള കറുത്ത ഗോളത്തിന്റെ വാട്സാപ്പ് പ്രൊഫൈൽ പിക്ചറിനു ചുവടെ സുവർണ കുറിച്ച വരികളിലുണ്ടായിരുന്നു ആ ജീവിതം പേറുന്ന നോവ്. എപ്പോഴും വിഷാദയായി കാണപ്പെടുന്ന പെൺകുട്ടി. ആശയും ആഗ്രഹങ്ങളുമില്ലാതെ ജീവിതം തള്ളിനീക്കുന്നവൾ. കറുപ്പും വിഷാദച്ഛവിയും കലർന്ന ആ സ്റ്റാറ്റസുകൾക്ക് കാരണം മുഖവും മേനിയും പടർന്നു കയറിയ വെളുപ്പാണെന്ന് പക്ഷേ പലരും തിരിച്ചറിഞ്ഞില്ല, തിരിഞ്ഞു പോലും നോക്കിയിരിക്കുന്നില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി. ആ മനസു കാണാന്‍ ശ്രമിക്കാത്തവർ ആശ്വാസവാക്കുകൾ ജൽപ്പനങ്ങൾ പോലെ ഉരുവിട്ടു. ‘വെള്ളാപ്പാണ്ടിയെന്നും വെള്ളപ്പാറ്റയെന്നും’ വിളിച്ചവർ എത്രവട്ടം ആ മനസ് നോവിച്ചെന്നോ? മുഖത്ത് പാണ്ടുള്ള പെണ്ണിന് താലിഭാഗ്യം ഇല്ലെന്ന് പറഞ്ഞവരും ഉണ്ട്.
പക്ഷേ ഇതിനിടയിലും ഒരാൾ മാത്രം ആ മനസു കണ്ടു. ‘വെള്ളപ്പാണ്ട് നിന്റെ മുഖത്തല്ലേ... മനസിനല്ലല്ലോ പെണ്ണേ...’ എന്ന് ആശ്വസിപ്പിച്ചു. ജീവിതത്തിൽ സുവർണ അന്നാദ്യമായി കേട്ടു സഹാനുഭൂതിയുടെ വാക്കുകൾ. ഒരു റൊമാന്റിക് സിനിമയ്ക്കും അവകാശപ്പെടാനാകാത്ത പ്രണയഗാഥയുടെ തുടക്കം കൂടിയായിരുന്നു ആ ആശ്വാസ വാക്കുകൾ. അന്ന് വാട്സാപ്പ് വരികളായി കോറിയിട്ട ‘താലിഭാഗ്യം’ ഉമേഷ് കുറിയേടത്ത് എന്ന ചെറുപ്പക്കാരനിലൂടെ പുണ്യമായി പുലർന്ന നാളുകൾ. വാലന്റൈൻ ദിനത്തിൽ ചോക്ലേറ്റും ടെഡിയും റോസാപുഷ്പങ്ങളും നൽകിയ പ്രണയകഥകള്‍ സോഷ്യൽ മീഡിയ സ്റ്റാറ്റസുകളിൽ നൽകുമ്പോൾ മനസുമാത്രം നൽകി പ്രണയിച്ച രണ്ട് ജോഡികള്‍ നമ്മോട് ആ വേറിട്ട പ്രണയകഥ പറയുകയാണ്. വീട്ടുകാരുടെ അനുവാദം വാങ്ങി പ്രണയിച്ചുവെന്ന അപൂർവത പേറുന്ന പ്രണയകഥയുടെ ജാലകം ഇതാ തുറക്കുകയായി. സുവർണയുടേയും അവളെ പ്രണയിച്ച ഉമേഷിന്റേയും കഥ...
കാത്തിരിപ്പിൽ തുടങ്ങിയ പ്രണയം
പാലക്കാട് പട്ടാമ്പിയാണ് സ്വദേശം. കുറിയേടത്ത് എന്ന ഞങ്ങളുടെ കൊച്ചു വീട്ടിൽ അച്ഛൻ ഉണ്ണികൃഷ്ണൻ, അമ്മ സരസ്വതി, ചേട്ടൻ സതീശ് എന്നിങ്ങനെ നാലു പേർ. ചേട്ടൻ ഹോട്ടലിൽ സർവീസ് സെക്ഷനിലാണ്. ഞാൻ പാലക്കാട് അഷ്ടാംഗ ആയൂർവേദ മെഡിക്കൽ കോളജിലെ പഞ്ചകർമ്മ തെറപ്പിസ്റ്റ്. ജീവിതം അങ്ങനെ തട്ടിയും മുട്ടിയും പോകുകയാണ്. സ്വന്തമായി വീടില്ല, 20 വർഷമായി ഞാനും കുടുംബവും വാടകവീട്ടിൽ. – ഉമേഷാണ് കഥയ്ക്ക് തുടക്കമിട്ടത്.
ബാക്കി കഥ ഞാൻ പറയാം, ഞാൻ അതേ ആയൂർവേദ കോളജിൽ നിന്നാണ് പഠിച്ചിറങ്ങിയത്. പഠന ശേഷം അവിടെ തന്നെ തെറപ്പി കോഴ്സ് ട്രെയിനിങ്ങിന് എത്തി. അപ്പോഴൊന്നും ഏട്ടനെ ഞാൻ കണ്ടിട്ടേയില്ല. ഞങ്ങൾ ലേഡീസിന്റെ സെക്ഷൻ വേറെയായിരുന്നു. ഒരിക്കൽ സഹപ്രവർത്തകയുടെ വീട് പാലുകാച്ചലിന് പോകാൻ ഓഫീസ് മുഴുവനും പ്ലാനിടുകയാണ്. ഏട്ടനാണ് വണ്ടിയൊക്കെ അറേഞ്ച് ചെയ്തത്. എല്ലാവരും എത്തിയിട്ടും ഞാന്‍ എത്തിയില്ല. എന്നെ കാത്തിരുന്നു മുഷിഞ്ഞപ്പോൾ ആരുടെയോ കയ്യിൽ നിന്ന് നമ്പർ വാങ്ങി വിളിച്ചു. ഞാൻ പോകാൻ റെഡിയായി എത്തുകയും ചെയ്തു. പുള്ളിക്കാരന്റെ വിളിയും ശബ്ദവും ഒന്നും ആ തിരക്കിനിടയിൽ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ പുള്ളി എന്റെ നമ്പർ സേവ് ചെയ്തു വച്ചു. ആ ഒരൊറ്റ സംഭവമാണ് ഇങ്ങേരെ എനിക്കു കിട്ടാന്‍ കാരണം. –സുവർണയുടെ വാക്കുകൾ.
സേവ് ചെയ്ത നമ്പറിന്റെ വാട്സാപ്പ് ഡിപി കറുപ്പു കണ്ടപ്പോഴേ എനിക്കു സംശയമായിരുന്നു. എന്തേ ഈ കുട്ടി ഇങ്ങനെ നെഗറ്റീവ് അടിക്കുന്നു എന്നാണ് ചിന്തിച്ചത്. സ്റ്റാറ്റസിലും അതേമാതിരി നെഗറ്റീവ് ഡയലോഗ്. ഒന്ന് കാര്യമായിട്ട് ഉപദേശിക്കാമെന്നാണ് ആദ്യം കരുതിയത്. കാര്യം അന്വേഷിച്ചപ്പോൾ സുവർണ ഒഴിഞ്ഞുമാറി. സൗഹൃദം ഏറിയപ്പോൾ സുവർണ അന്നാദ്യമായി തന്റെ സങ്കടങ്ങളുടെ കെട്ടഴിച്ചു. യുപി സ്കൂള്‍ പഠനത്തിനിടയിൽ എപ്പോഴോ ആണ് ആ മുഖത്ത് വെളുപ്പ് പടർന്നത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു, ദിവസങ്ങളുടെ വ്യത്യാസത്തിൽ അവളുടെ സൗന്ദര്യത്തിനു മേൽ വെളുപ്പു പടർന്നു. ‘വെള്ളപ്പാണ്ടിയിൽ’ തുടങ്ങി എന്തൊക്കെ കളിയാക്കലുകൾ ആ പാവം കേട്ടെന്നോ? സുഹൃത്തുക്കളും ബന്ധുക്കളും വരെ അവജ്ഞയോടെ നോക്കാൻ തുടങ്ങി. ആ വിഷാദം അവളുടെ കൗമാരകാലം വരെയും അവൾക്കൊപ്പം ഉണ്ടായിരുന്നു. എല്ലാം കേട്ടിരിക്കുമ്പോഴും എന്റെ ഉള്ളിൽ പ്രണയം തോന്നിയിരുന്നില്ല. ഇടയ്ക്ക് ചേട്ടന്റേയും എന്റെയും വിവാഹം ഒരുമിച്ച് നടത്താമെന്ന ആലോചന വീട്ടിൽ വന്നപ്പൾ ഞാൻ സുവർണയെ ഓർത്തു. വിവാഹ സ്വപ്നങ്ങൾ കണ്ണീരോടെ മറന്നു കളഞ്ഞ പെണ്ണിന്റെ ജീവിതത്തില്‍ തണലാകാന്‍ തീരുമാനിച്ചു.– ഉമേഷ് പ്രണയം മൊട്ടിട്ട നാളോർക്കുന്നു.
പ്രണയം പങ്കുവയ്ക്കുമ്പോള്‍ ആദ്യം എതിർത്തത് ഞാനാണ്. പ്രണയം നേരമ്പോക്കോ സഹതാപത്തിന്റെ പേരിലോ ആയാൽ ഞാന്‍ ചിലപ്പോൾ തകർന്നു പോകുമായിരുന്നു. ‘എന്നെ ഇഷ്ടപ്പെട്ടാൽ ഞാനും തിരിച്ച് പ്രണയിച്ചു പോകും ചേട്ടാ... പക്ഷേ ഇടയ്ക്ക് വേണ്ടാന്നു തോന്നിയാൽ പിന്നെ ഞാൻ തളർന്നു പോകും, തകർന്നു പോകും. എന്നെ പറ്റിക്കരുതേ...’ അന്ന് ചേട്ടനോട് ഇതു പറയുമ്പോഴും എനിക്കിത് നടക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നു. പക്ഷേ പുള്ളിക്കാരന് ആ പ്രണയം നേരമ്പോക്കല്ലായിരുന്നു. എനിക്കു വേണ്ടി ജീവൻ നൽകി കൂടെയുണ്ടാകുമെന്ന് വാക്കുതന്നു. ഒരു പെണ്ണിന് അതിനപ്പുറം മറ്റെന്താണ് വേണ്ടത്. എന്റെ മനസറിഞ്ഞവന് തിരികെ മനസു കൊടുക്കാൻ തീരുമാനിച്ചത് ആ നിമിഷത്തിലാണ്– സുവർണയുടെ കണ്ണുകളിൽ ഒരായുസ്സിന്റെ ആനന്ദം.
എതിർപ്പിന്റെ സ്വരങ്ങൾ
ഒരു വർഷം പ്രണയിച്ച് വിവാഹം കഴിക്കുക എന്നതായിരുന്നു എന്റെ പ്ലാൻ. പക്ഷേ ചേട്ടന്റെ വിവാഹാലോചന ഒന്നും ശരിയാകാതെ വന്നപ്പോൾ വീട്ടുകാർ എന്റെ കാര്യം എടുത്തിട്ടു. ഞാൻ അപ്പോഴും സുവർണയുടെ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല. ഒരു ചേട്ടൻ മുഖേന സുവർണയുടെ വീട്ടുകാരുടെ ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും വന്നു എതിർപ്പിന്റെ സ്വരങ്ങൾ. ‘ഉമേഷേ... ഒറ്റ ലൈഫേ ഉള്ളൂ... വെറുതെ റിസ്ക് എടുക്കരുത്’ എന്ന് ഉപദേശിച്ചവർ വരെയുണ്ട്. റിസ്ക് ഞാൻ എടുത്തോളാം ചേട്ടൻ കോണ്ടാക്റ്റ് നമ്പർ തായോ എന്ന് പറഞ്ഞ് നേരെ സുവർണയുടെ വീട്ടിലേക്ക്.– ഉമേശിന്റെ വാക്കുകൾ.
അന്നെന്റെ വീട്ടിലേക്ക് ഏട്ടൻ വന്ന വരവ് ഇപ്പോഴും ഓർമ്മയുണ്ട്. അവിടെ പോയി ആദ്യം സംസാരിച്ചത് ഏട്ടന്റെ ജീവിത ചുറ്റുപാടുകളെ കുറിച്ചാണ്. ചേട്ടന് കൂലിപ്പണി ആണെന്നും. വാടക വീട്ടിലാണ് താമസിക്കുന്നതെന്നും സർക്കാർ മിച്ചഭൂമിയിലാണ് താമസിക്കുന്നതെന്നുമൊക്കെ വിശദമായി പറഞ്ഞു. എന്നെ പ്രണയിച്ചോട്ടെ എന്ന് അനുവാദം ചോദിക്കുമ്പോൾ ആദ്യം അവർ അമ്പരന്നു. പക്ഷേ എന്റെ മനസും ഞങ്ങളുടെ ഇഷ്ടവും തിരിച്ചറിഞ്ഞ് വീട്ടുകാർ സമ്മതം മൂളി.– സുവർണ പറയുന്നു.
എന്റെ വീട്ടുകാരുടെ സമ്മതം മേടിക്കലായിരുന്നു അടുത്ത കടമ്പ. എനിക്കു വേണ്ടി പെണ്ണന്വേഷിക്കേണ്ട എന്ന് പറഞ്ഞപ്പോൾ അവർ ഓകെ ആയിരുന്നു. പക്ഷേ അച്ഛന് പെൺകുട്ടിയെ പരിചയപ്പെടുത്തുന്ന ഘട്ടത്തിൽ അൽപമൊന്ന് വിഷമിച്ചു. അവളുടെ ചുരിദാറിന്റെ കളറും വരവും നിശ്ചയിച്ച് അച്ഛനെ കാണിക്കാൻ ഞാൻ നിൽക്കുകയാണ്. അവൾ ബസിൽ വന്നിറങ്ങുന്നത് കണ്ടപ്പോൾ അച്ഛന്റെ മുഖംവാടി. പക്ഷേ അമ്മയ്ക്ക് നൂറുവട്ടം സമ്മതമായിരുന്നു. ഒടുവിൽ കെട്ടുന്നെങ്കിൽ അവളെയേ കെട്ടുള്ളൂ എന്ന് കട്ടായം പറഞ്ഞപ്പോൾ അച്ഛൻ എന്നെ കെട്ടിപ്പിടിച്ചു, ഇഷ്ടത്തിനു മുന്നിൽ അടിയറവ് വയ്ക്കാത്ത തീരുമാനത്തിന്റെ പേരിൽ മനംനിറഞ്ഞു. പിന്നെയും ഉണ്ടായി എതിർപ്പിന്റെ സ്വരങ്ങൾ, പക്ഷേ എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ച പ്രണയം ഒരുത്തർക്കു വേണ്ടിയും ഞാന്‍ മറന്നു കളഞ്ഞില്ല.
വിവാഹം നിശ്ചയിച്ച ശേഷം ഒരു മാസത്തോളം ഞാനും അവളും സംസാരിച്ചില്ല. ഞങ്ങളുടെ ബന്ധത്തിന്റെ പേരിൽ ഇരുവീട്ടിലും ഉണ്ടാകുന്ന അല്ലെങ്കിൽ ഉണ്ടായേക്കാവുന്ന അപസ്വരങ്ങളെ കേൾക്കാതിരിക്കാൻ വേണ്ടിയായിരുന്നു അത്. ഒടുവിൽ കാത്തിരുന്ന പോലെ അവളെന്റെ പെണ്ണായി. 2018 ജനുവരി 31ന് സുവർണ എന്റെ കൈപിടിച്ചു. വിപ്ലവ പ്രണയം മൂന്ന് കൊല്ലം പിന്നിടുമ്പോൾ ഞങ്ങൾക്ക് കൂട്ടായി ആദി ദേവ് എന്ന ഞങ്ങളുടെ പൊന്നുമോനുണ്ട്. അന്ന് പ്രവചിച്ചവര്‍ കേൾക്കാന്‍ വീണ്ടും ഞാൻ പറയുന്നു, ഈ ജീവിതം എനിക്ക് റിസ്ക് അല്ല... അതിന്റെ പേരിൽ ഒരു ചാൻസും എടുത്തിട്ടില്ല. ഇതാണ് എന്റെ ലോകം... ഇവളെനിക്ക് പ്രിയപ്പെട്ടവൾ– ഉമേഷിന്റെ വാക്കുകളിൽ ലോകം കീഴടക്കിയവന്റെ ആഹ്ളാദം.