നിങ്ങൾ ചെയ്താൽ ശരിയാകുമോ? എന്നു തുറന്നു ചോദിക്കുന്നവരും ചോദ്യം മുഖത്ത് എഴുതിയൊട്ടിച്ചവർക്കും മുന്നിൽ ഇന്നു ധാരാളം സ്ത്രീ സംരംഭകർ ഉണ്ടായി വരുന്നു. അതൊരു മാറ്റം തന്നെയാണ്. സ്വന്തം അധ്വാനത്താൽ സംശയം പ്രകടിപ്പിച്ചവരെ കൊണ്ടു പോലും ‘മിടുമിടുക്കി’ എന്നു പറയിച്ചു കൊണ്ടു സ്ത്രീ സംരംഭകർ മുന്നേറുന്നു.
അത്തരം മൂന്നു യുവസംരംഭകരെ അടുത്തറിയാം. അവർ ജീവിതത്തിലെടുത്ത യൂ ടേണും അതിനുള്ള കാരണങ്ങളും അവർ നടന്ന വഴികളും ആഗ്രഹങ്ങൾ വരുമാനമായി മാറ്റിയ കഥകളും കേൾക്കാം.
ടർട്ടിൽ വിഷ് ആശയവുമായി–ആതിര എസ്. കുമാർ
നിഫ്റ്റിൽ നിന്നു ടെക്സ്റ്റൈൽ ഡിസൈനിങ് കഴിഞ്ഞു മുംബൈയിൽ ചില ഇന്റീരിയർ ഡെക്കറേറ്റർ കമ്പനികളുമായും കയറ്റുമതി കമ്പനികളുമായും ചേർന്നു പ്രവർത്തിക്കുകയായിരുന്നു. അവിടെ വച്ചാണ് ഉപയോക്താവിന് ആവശ്യമുള്ള എന്തും അവർ പറയുന്നതു പ്രകാരം നിർമിച്ചെടുക്കുന്ന വ്യവസായം കാണുന്നത്. നാട്ടിലേക്കും ഇത്തരത്തിലൊന്നു കൊണ്ടുവരണമെന്നുണ്ടായിരുന്നു.’’ ആതിര ടർട്ടിൽ വിഷ് തുടങ്ങിയ കഥ പറയുന്നു.
‘‘ജോലിക്കിടെ മനോഹരമായി എംബ്രോയ്ഡറി ചെയ്യുന്ന ഒരാളെ കണ്ടു. അദ്ദേഹത്തെ കൊണ്ട് ആനിമൽ പ്രിന്റുള്ള ചില കൗതുക വസ്തുക്കൾ സുഹൃത്തുക്കൾക്കും എനിക്കും വേണ്ടി ഉണ്ടാക്കിയിരുന്നു. അവയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഇട്ടപ്പോൾ ഒരുപാട് അന്വേഷണങ്ങൾ വന്നു. അതോടെ എംബ്രോയ്ഡറി ചെയ്യുന്ന ധാരാവിയിലുള്ള നിഹാലിനെ കണ്ടുപിടിച്ചു. അദ്ദേഹം ജോലി ഇല്ലാതിരുന്ന ശനി, ഞായർ ദിവസങ്ങളിൽ എനിക്ക് വേണ്ടി എംബ്രോയിഡറി ചെയ്യും.
അതിനായി ചെറിയൊരു കടമുറി വാടകയ്ക്ക് എടുത്തു. മൂവായിരം രൂപയ്ക്കു പഴയൊരു എംബ്രോയ്ഡറി മെഷീനും വാങ്ങി. ആദ്യം കുഷൻ കവർ, ബ്രൂച്ച് പിന്നുകൾ തുടങ്ങിയ ചെറിയ സാധനങ്ങൾ ആനിമൽ പ്രിന്റ് ചെയ്തു. നിഫ്റ്റിലെ ആളുകൾക്കിടയിൽ നിന്നു തന്നെ നല്ല പ്രോത്സാഹനം കിട്ടി. പല ഫ്ലീ മാർക്കറ്റുകളിലും പങ്കെടുത്തു. അങ്ങനെയാണ് ടർട്ടിൽ വിഷിന്റെ തുടക്കം.
ജോലി ചെയ്തിരുന്ന കാലത്ത് നമ്മൾ എത്ര ഭംഗിയായി കാര്യങ്ങൾ ചെയ്താലും ചില മേലധികാരികൾ ഒച്ച വച്ചു ശകാരിക്കുമായിരുന്നു. അതുവല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അന്നേ അച്ഛനും അമ്മയും ‘നിനക്ക് ഇഷ്ടമുള്ളതു ചെയ്തോളൂ, ഞങ്ങൾ ഒപ്പമുണ്ടെ’ന്നു പറഞ്ഞിരുന്നു. അവരാണ് എന്റെ കരുത്ത്. തൃശൂർ കുന്നംകുളം ആണ് നാട്. അച്ഛൻ ശശികു മാർ, അമ്മ വൽസമ്മ. അച്ഛൻ എൻഐടിയിൽ ഉദ്യോഗസ്ഥനായി വിരമിച്ചു. അമ്മ ആരോഗ്യമേഖലയിൽ നിന്നുവിരമിച്ചു. രണ്ടാളും ഇപ്പോൾ അവരുടെ യാത്രകളും മറ്റുമായി മുന്നോട്ട് പോകുന്നു. ചേച്ചി ആർച്ച, വിവാഹിതയാണ്.
ആഗ്രഹം സഫലമാക്കുന്ന ‘ടർട്ടിൽ വിഷ്’
ഫെങ്ഷുയി സങ്കൽപം അനുസരിച്ച് ആഗ്രഹം എഴുതി ആമയുടെ ശിൽപത്തിനു കീഴിൽ വച്ചാൽ സഫലമാകുന്നതിനാണു ‘ടർട്ടിൽ വിഷ്’ എന്ന് പറയുക. മനോഹരമായ വീട് എല്ലാവരുടെയും സ്വപ്നമാണല്ലോ. അതു സഫലമാക്കാൻ സഹായിക്കുന്നതു കൊണ്ടാണ് ഈ പേര് വച്ചത്.
2018ലാണു ടർട്ടിൽ വിഷ് തുടങ്ങുന്നത്. വളരെ പതിയെയായിരുന്നു പോക്ക്. അങ്ങനെയിരിക്കെ 2019ൽ കുടുംബസുഹൃത്തായ പ്രണവ് കമ്പനി നയിക്കാൻ ഒപ്പം ചേർന്നു. എയറോനോട്ടിൽ എൻജിനീയർ ആയിരുന്നു പ്രണവ്, മറ്റൊരു സ്റ്റാട്ട് അപ്പുമായി ബന്ധപ്പെട്ടുള്ള കുറച്ച് കാര്യങ്ങളും മുൻപ് ചെയ്തിരുന്നു. അതോടെ കൃത്യമായ ലക്ഷ്യത്തോടെ ടർട്ടിൽ വിഷ് മുന്നോട്ട് പായാൻ തുടങ്ങി.
തുണി വ്യവസായത്തിന്റെ കാര്യത്തിൽ ഇന്ത്യയാണു മുന്നിട്ടു നിൽക്കുന്നത്. എന്നിട്ടും പലപ്പോഴും ഇവിടുന്നു കയറ്റുമതി ചെയ്യുന്ന തുണിത്തരങ്ങളും മറ്റും പുറത്തെ വ്യാപാരശാലകളിൽ പോയി മടങ്ങി ഇരട്ടി വിലയുള്ള ബ്രാൻഡ് ആകുന്ന കാഴ്ചയാണ് ഇന്നുള്ളത്. വീട്ടില്‍ ദിവസവും ഇടപഴകേണ്ടി വരുന്ന ഇടങ്ങളും വസ്തുക്കളുമുണ്ട്. അവയൊക്കെ വ്യക്തിഗത ഇഷ്ടമനുസരിച്ചു നിർമിക്കാൻ പൊതുവേ വളരെ ഉയർന്ന തുകയാണു ചെലവഴിക്കേണ്ടി വരിക. അതുകൊണ്ടു പലരും പരീക്ഷണത്തിനു മുതിരില്ല. ഗുണമേന്മയുള്ള വസ്തുക്കൾ സാധാരണക്കാർക്കു കൂടി ഉതകുന്ന തരത്തിൽ ലഭ്യമാക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്.
ഞങ്ങൾക്കു പ്രധാനമായും ബെഡ്ഡിങ്സ്, റഗ്സ്, കാർപെറ്റ്സ്, ഫ്ലോറിങ്സ്, ടേബിൾ ക്ലോത്, കർട്ടൻ തുടങ്ങിയവയാണ് ഉള്ളത്. ഇവയുടെ പ്രധാന കയറ്റുമതി ഇടം കണ്ടെത്തി അവിടെ ഞങ്ങളുടെ ചെറിയ ഉൽപാദക യൂണിറ്റുകൾ സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. എണ്ണത്തിൽ കൂടുതൽ ചെയ്യുന്ന ഇടത്തു നിന്നു കൊണ്ടുവരുന്നതു കൊണ്ടു ഗുണനിലവാര സാക്ഷ്യപത്രമടക്കമുള്ള പ്രീമിയം ക്വാളിറ്റിയുള്ള തുണിത്തരങ്ങൾ കുറഞ്ഞ വിലയിൽ നൽകാൻ കഴിയും.
വീട്,നിങ്ങളെ തിരികെ വിളിക്കട്ടേ
വീടിന്റെ ഛായ മാറ്റണമെന്നുള്ളവർ ലക്ഷങ്ങൾ ചെലവാക്കി വീട് പൊളിച്ചു പണിയുകയാണു മിക്കവാറും ചെയ്യുക. പകരം സോഫ്റ്റ് ഫർണിഷിങ്ങിലൂടെ കുറഞ്ഞ ചെലവിൽ വീടിന് മേക്കോവർ നൽകാം. വിചാരിക്കുന്നതിലേറെ വ്യത്യാസം വരും. അകത്തളങ്ങളിലെ തുണിത്തരങ്ങൾക്കു മാറ്റം വരുത്തിയാണ് ഇതു ചെയ്യുന്നത്. കസേര കവറുകൾ, കർട്ടനുകൾ, ചവിട്ടുമെത്തകൾ തുടങ്ങിയവ...
പുതുതായി വീടു വയ്ക്കുന്നവർക്കും വീട് പുതുക്കി പ ണിയുന്നവർക്കും ഞങ്ങളെ സമീപിക്കാം. ഓൺലൈൻ സേവനമാണു നിലവിലുള്ളത്. അതുകൊണ്ടു വളരെ എളുപ്പത്തിൽ വീടിന്റെ വിഡിയോ എടുത്ത് അയക്കാം. അതിലൂടെ വീടിന്റെ തറ എന്തു തരമാണ്, ഭിത്തിക്ക് എന്ത് നിറമാണ്, ഫർണിച്ചർ എങ്ങനെയാണ് എന്നൊക്കെ മനസ്സിലാകും. ശേഷം ഉപയോക്താവിന്റെ ഇഷ്ടങ്ങൾ കേൾക്കും. നമ്മുടെ നിർദേശങ്ങളും പറയും. വസ്തുക്കളെക്കുറിച്ചും തുണിത്തരങ്ങളെ കുറിച്ചും പറഞ്ഞു കൊടുക്കും. അവർ തിരഞ്ഞെടുക്കുന്നവ ‘ബോക്സ് ഓഫ് ടർട്ടിൽ’ എന്ന പേരിൽ എത്തിക്കും. ദക്ഷിണേന്ത്യയിൽ െബംഗളൂരു, ചെന്നൈ, കേരളം എന്നിവിടങ്ങളിലായി ധാരാളം വീടുകൾ ഇതിനോടകം സ്റ്റൈൽ ചെയ്തു.
ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഷോറൂമുകൾ തുടങ്ങാനുള്ള നീക്കത്തിലാണ്. ഒപ്പം കാനഡ, ദുബായ്, യുകെ എന്നീ രാജ്യങ്ങളിലും താമസിയാതെ ടർട്ടിൽ വിഷ് സ്ഥാപനങ്ങൾ ഉണ്ടാകും. വെബ് അഡ്രസ് – boxofturtle.com, turtlewish.in