Wednesday 23 September 2020 05:20 PM IST : By മനോരമ ആരോഗ്യം റിസർച് ‍ഡസ്ക്

കൊറോണ വൈറസ് വായുവിലൂടെ പകരും...പകരില്ല: തകിടംമറിഞ്ഞ് അമേരിക്കൻ വിദഗ്ധസമിതി

aircovid3435

കോവിഡിനെക്കുറിച്ച് ഒാരോ ദിവസവും ഒാരോ പുതിയ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള നമ്മുടെ ധാരണകളെ മൊത്തത്തിൽ തകിടംമറിക്കുന്ന വെളിപ്പെടുത്തലുകളാകും ചിലത്.

പക്ഷേ, ഒരു വാർത്ത പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കുള്ളിൽ അതു പ്രസിദ്ധീകരിച്ച വിദഗ്ധസമിതി തന്നെ വാർത്ത പിൻവലിച്ച സംഭവം ഇതാദ്യമായിരിക്കും.

വെള്ളിയാഴ്ച അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ലേഖനത്തിൽ കൊറോണ വൈറസ് വായുവിൽ തങ്ങിനിൽക്കാമെന്നും എയ്റസോളുകൾ എന്ന അതി സൂക്‌ഷ്മ കണങ്ങൾ വഴി ആറടി ദൂരത്തോളം വ്യാപിക്കാമെന്നും പറഞ്ഞിരുന്നു. വായുവിലെ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടഞ്ഞ സ്ഥലങ്ങളിൽ വായു ശുദ്ധീകരണത്തിനായി എയർ പ്യൂരിഫയറുകൾ ഉപയോഗിക്കണമെന്നും ആറടി ശാരീരിക അകലം പാലിക്കണമെന്നുമായിരുന്നു നിർദേശം.

ഈ നിർദേശങ്ങൾ എല്ലാം സിഡിസി ഇപ്പോൾ നീക്കം ചെയ്തിരിക്കുകയാണ്. മേൽപറഞ്ഞ മാർഗനിർദേശം തെറ്റായി പോസ്റ്റ് ചെയ്തതാണെന്നാണ് സിഡിസി പറയുന്നത്.

പുതിയ നിർദേശം പറയുന്നത് വൈറസ് പ്രധാനമായും പകരുന്നത്, ആറടി ശാരീരിക അകലം പാലിക്കാത്തവരിൽ, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവകണങ്ങൾ വഴി ആണെന്നാണ്.

എന്നാൽ, ലോകാരോഗ്യസംഘടന ജൂലൈയിൽ തന്നെ കോവിഡ്19 വായുവിലൂടെ പകരാമെന്ന് പറഞ്ഞിരുന്നു. എയ്റസോളുകൾ വഴി കൊറോണവൈറസ് പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നായിരുന്നു ലോകാരോഗ്യസംഘടന പറഞ്ഞത്. ഈ നിലപാട് ലോകാരോഗ്യസംഘടന മാറ്റാത്ത സാഹചര്യത്തിലാണ് സിഡിസിയുടെ തകിടംമറിച്ചിൽ എന്നതാണ് ശ്രദ്ധേയമായ കാര്യം.

Tags:
  • Manorama Arogyam
  • Health Tips