Wednesday 16 September 2020 04:36 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

വെറും മാസ്ക് അല്ല; വാക്സീൻ: മാസ്കിനെക്കുറിച്ച് പുതിയ പഠനങ്ങൾ പറയുന്നത്

maskvacc3443

എന്തിനാണ് മാസ്ക് ധരിക്കുന്നത് എന്നു നാം ഇപ്പോൾ ചിന്തിക്കാറില്ല. ഫോൺ പോലെയോ വാച്ച് പോലെയോ ഒക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു മാസ്കും. ഇപ്പോഴിതാ മാസ്ക് ധരിക്കേണ്ടുന്നതിന്റെ ആവശ്യകത ഒന്നുകൂടി ഊന്നിപ്പറയുകയാണ് ന്യൂ ഇംഗ്ലണ്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനം.

അതിൽ ഗവേഷകർ പറയുന്നത് മാസ്ക് രോഗവ്യാപനം കുറയ്ക്കുന്നു എന്നുമാത്രമല്ല, വൈറസ് മാസ്ക് ധരിച്ച ഒരാളിലേക്ക് എത്തിയാൽ തന്നെ അവർക്ക് ലക്ഷണങ്ങൾ ഇല്ലാതിരിക്കുകയോ, ലക്ഷണങ്ങളുടെ തീവ്രത കുറവായിരിക്കുകയോ ചെയ്യുമെന്നാണ്. അതായത് മാസ്ക് ധരിക്കുന്നതു മൂലം തീവ്രരോഗബാധയുടേതായ സങ്കീർണതകളിൽ നിന്നു നമ്മൾ രക്ഷപെടും എന്ന്. ഈ അർഥത്തിൽ, എല്ലാവരും മാസ്ക് ധരിച്ചാൽ (Universal Masking) പതിയെ രോഗത്തോടുള്ള പൊതുവായ ഒരു പ്രതിരോധം വ്യാപിക്കുകയും അത് ഫലത്തിൽ ഒരു വാക്സീന്റെ ഗുണം നൽകുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

പണ്ട്, സ്മോൾപോക്സിനു വാക്സീനൊക്കെ കണ്ടുപിടിക്കും മുൻപ്, ഒട്ടേറെ ആളുകൾ മരണപ്പെട്ടിരുന്ന സമയത്ത്, വാരിയൊലേഷൻ എന്നൊരു സംഗതി നടത്തിയിരുന്നു. അതായത് സ്മോൾ പോക്സ് വന്നവരുടെ ദേഹത്തുള്ള കുമിളകളിൽ നിന്നും മറ്റും സ്രവങ്ങൾ എടുത്ത് ആരോഗ്യമുള്ളവരുടെ ശരീരത്ത് പോറലുകൾ വരുത്തി അതിൽ പുരട്ടുന്ന രീതി. കുറച്ചുദിവസം കഴിയുമ്പോൾ ഇവർക്ക് സ്മോൾപോക്സിന്റേതായ ലക്ഷണങ്ങൾ പ്രകടമാകും. പക്ഷേ, 3–4 ആഴ്ച കൊണ്ട് അതൊക്കെ ഭേദമാകും. അതായത് മറ്റുള്ളവരിൽ സ്മോൾപോക്സ് വന്നവരുടെയത്ര തീവ്രമായി വാരിയൊലേഷൻ ചെയ്തവർക്ക് വരില്ല എന്നർഥം.

maskdosanddonts

മാസ്ക് ധരിക്കുന്നതുകൊണ്ട് വാരിയൊലേഷന്റേതു പോലുള്ള ഗുണം കിട്ടുമെന്നാണ് ഗവേഷകരുടെ നിരീക്ഷണം.

മാസ്കിന്റെ പൂർണഫലം കിട്ടാൻ ധരിക്കുമ്പോൾ 2 കാര്യം ശ്രദ്ധിക്കണം. ഒന്ന്, കൃത്യമായി ഫിറ്റ് ആകുന്ന മാസ്ക് മൂക്കും വായും മൂടിത്തന്നെ ധരിക്കണം, സംസാരിക്കുമ്പോൾ മാറ്റരുത്. രണ്ടാമത്തെ പ്രധാനകാര്യം ഏതുതരം മാസ്ക് ധരിക്കുന്നു എന്നതാണ്. എൻ 95 മാസ്കുകൾ 95% സൂക്‌ഷ്മ സ്രവകണങ്ങളെയും തടയുമ്പോൾ സർജിക്കൽ മാസ്ക് 89.5 ശതമാനവും രണ്ടുപാളി തുണി മാസ്കുകൾ 82% സംരക്ഷണവും നൽകുമെന്നു ഗവേഷകർ പറയുന്നു.

എന്നാൽ മാസ്ക് ധരിക്കുന്നത് വാക്സീൻ എടുക്കുന്നതിനു തുല്യമാണെന്ന് വ്യാഖ്യാനിച്ച് ശാരീരിക അകലം പോലുള്ള മുൻകരുതലുകൾ ഉപേക്ഷിക്കരുതെന്ന് ഗവേഷകർ മുന്നറിയിപ്പു തരുന്നു.

Tags:
  • Manorama Arogyam
  • Health Tips