Wednesday 31 January 2018 12:51 PM IST

മഞ്ഞാണ് ചൂടും.... രോഗം വരാതിരിക്കാന്‍ കുടിക്കുന്ന വെള്ളത്തിൽ അൽപം റോക്ക് സാൾട്ട് (കല്ലുപ്പ്) ചേർക്കാം

Asha Thomas

Senior Sub Editor, Manorama Arogyam

health_water

മഞ്ഞുമൂടിയ ഈ കാലാവസ്ഥയിൽ ശ്വാസകോശപ്രശ്നങ്ങൾക്കു സാധ്യത കൂടുതലാണ്.  മഞ്ഞിൽ ധാരാളം ചെറിയ ജലകണികകളുണ്ട്. ഇവയിൽ രോഗാണുക്കൾ ധാരാളമുണ്ടാകും. ആസ്മയും സിഒപിഡിയും ഉള്ളവർ നവംബറിൽ തന്നെ ന്യൂമോകോക്കൽ വാക്സിൻ, ഇൻഫ്ളുവൻസ വാക്സിൻ എന്നിവയെടുക്കണം. മലിനീകരണം വർധിച്ചുവരുന്നതിനാൽ അത്ര ശക്തമായ തണുപ്പുകാലമല്ലെങ്കിലും  വായു അപകടകരമായിരിക്കും. അതുകൊണ്ട് പുറമേയുള്ള സഞ്ചാരങ്ങളിൽ ചെവിയും മൂക്കും പൊതിഞ്ഞുകെട്ടാൻ ശ്രദ്ധിക്കണം.

∙ ഫെബ്രുവരി–മാർച്ച് –ഏപ്രിൽ മാസങ്ങളിൽ ചൂടാണ് വില്ലൻ. വൈറൽരോഗങ്ങളും മൈഗ്രെയ്നും മൂത്രാശയ അണുബാധകളും വരാം.  ശരീരത്തിലെ ലവണങ്ങളുടെ സന്തുലനാവസ്ഥ താളംതെറ്റാം. ഇതു മൂലം പേശികൾക്ക് വേദനയും കോച്ചലും വരാം. അതുകൊണ്ട് കുടിക്കുന്ന വെള്ളത്തിൽ അൽപം റോക്ക് സാൾട്ട് (കല്ലുപ്പ്) ചേർക്കാം. ഇതുവഴി സോഡിയവും പൊട്ടാസ്യവും ലഭിക്കും.  അല്ലെങ്കിൽ ദിവസവും ഒആർഎസ് ലായനി കുടിക്കാം. പ്രത്യേകിച്ച് യാത്ര ചെയ്യുന്നവർ. വെയിലേറ്റു ജോലി ചെയ്യുന്നവർ ദിവസവും 5–7 ലീറ്ററെങ്കിലും വെള്ളം കുടിക്കണം. അല്ലാത്തവർ നാലു ലീറ്ററെങ്കിലും കുടിക്കണം.

∙ മേയ് മാസത്തിൽ അന്തരീക്ഷത്തിലെ പൊടിപടലങ്ങളെല്ലാം കഴുകിനീക്കി പുതുമഴ പെയ്യും.  ഈ മഴ നനയരുത്. ചർമപ്രശ്നങ്ങൾ വരാം. കൂടാതെ വയറിളക്കം, ഛർദി തുടങ്ങിയ ജലജന്യരോഗങ്ങളും  ടൈഫോയ്ഡ് ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളും വരാം. മേയ് മാസത്തിലെ മഴ വീഴുംമുമ്പേ പരിസരം വൃത്തിയാക്കണം. കുടിവെള്ള സംഭരണികളും ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. ജലജന്യരോഗങ്ങൾ പടരുന്ന പ്രദേശങ്ങളിലുള്ളവർ കഴിവതും ഭക്ഷണമെടുക്കുന്ന പാത്രങ്ങൾ തിളച്ചവെള്ളത്തിൽ മുക്കി കഴുകണം.

∙ ജൂലൈ, ആഗസ്റ്റ് മാസങ്ങൾ മഴയുടെയും വിളവെടുപ്പിന്റെയും കാലങ്ങളാണ്. ഭക്ഷണ അലർജി കൂടുതലായി കാണപ്പെടുന്ന സമയമാണിത്. ആഘോഷങ്ങളുടെ കാലമായതിനാൽ ദഹനപ്രശ്നങ്ങളും ഭക്ഷണ അണുബാധകളും വരാം. നന്നായി പാകപ്പെടുത്തിയ ആഹാരം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.

∙ സെപ്റ്റംബർ– ഒക്ടോബർ മാസങ്ങളിൽ രാവിലെ ചൂടും ഉച്ചകഴിഞ്ഞ് തുലാവർഷപ്പകർച്ചയുമാണ്.  ശരീരത്തിന് സുഖകരമായ കാലാവസ്ഥയല്ല ഇത്. ധാരാളം അസുഖങ്ങളുടെ അണുക്കൾ വായുവിലൂടെ എത്താം. അതുകൊണ്ടാണ് മഴ നനഞ്ഞ് പനിപിടിച്ചു എന്നു പറയുന്നത്. ശ്വാസകോശപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. പൊടിയടിക്കാതെ ശ്രദ്ധിക്കണം.

∙ നവംബർ–ഡിസംബറിലെ തണുപ്പിൽ വാതവേദനകളും ചർമപ്രശ്നങ്ങളും അധികരിക്കാം. തണുപ്പ് അധികമേൽക്കാതെ സോക്സും ചെരുപ്പുകളും ധരിക്കാം. ചർമം വിണ്ടുകീറുന്നത് തടയാൻ രാത്രി മോയിസ്ചറൈസർ പുരട്ടണം.