Friday 18 September 2020 04:35 PM IST : By ഡോ. ബി. സുമാദേവി

വരണ്ട ചർമമുള്ളവർക്ക് ലിക്വിഡ് വാഷ്, സെൻസിറ്റീവ് ചർമമുള്ളവർക്ക് ഷവർ ജെൽ: സോപ്പ് തിരഞ്ഞെടുക്കുംമുൻപ് അറിയേണ്ടതെല്ലാം

soap534

സോപ്പു തേച്ചുള്ള കുളി നമ്മുടെ ദിനചര്യയുടെ ഭാഗമാണ്. ഓരോരുത്തരുടേയും ചർമത്തിന്റെ സ്വഭാവമനുസരിച്ചു വൃത്തിയാക്കുന്ന വ്യക്തിയുടെ ആവശ്യങ്ങൾക്കനുസരിച്ചും ഏതു ബാർ സോപ്പ് അല്ലെങ്കിൽ ലിക്വിഡ് സോപ്പ് (ബോഡീ വാഷ്) തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാം. സോഡിയം പാൽമേറ്റ് ( PALMATE) , വെള്ളം, ഹൈഡ്രേറ്റഡ് മഗ്‌നീസ്യം സിലിക്കേറ്റ്, ഗ്ലിസറിൻ / സോർബിറ്റോൾ, പെർഫ്യൂം, സോഡിയം ക്ലോറൈഡ്, ഒലിയോ റെസിൻ എന്നിവയാണ് സോപ്പിൽ സാധാരണ കാണുന്ന ചേരുവകൾ. കൂടാതെ സൗന്ദര്യ വർദ്ധക വസ്തുക്കളായ മഞ്ഞൾ, സുഗന്ധത്തിന് സാൻഡൽ വുഡ് എണ്ണ പോലുള്ള സുഗന്ധ എണ്ണകളിൽ ഏതെങ്കിലും ഉൾപ്പെടും.

ലിക്വഡ് ബോഡിവാഷിൽ വെള്ളം കൂടാതെ ലോറിക് ആസിഡ് (LAURIC ACID) , പൊട്ടാസ്യം ക്ലോറൈഡ് , പാൽമിറ്റിക് ആസിഡ്, സ്റ്റിയറിക് ആസിഡ് ( STEARC ACID), പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് , ഗ്ലിസറിൻ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ബദാം എണ്ണ, ലാവെണ്ടർ എണ്ണ എന്നിങ്ങനെയുള്ള സസ്യ എണ്ണകളും ഉണ്ട്.

ഇവയിൽ രണ്ടിലും ഫാറ്റി ആസിഡുകൾ എന്ന കൊഴുപ്പിന്റെ ഘടകവും ക്ഷാരസ്വഭാവമുള്ള ലവണങ്ങളുമാണ് പ്രധാനമായും ഉള്ളത്. വാസനയ്ക്കും നിറത്തിനും മറ്റുമായി ഓരോന്നിലും വ്യത്യസ്ത സുഗന്ധവസ്തുക്കളും സസ്യ എണ്ണകളുമായിരിക്കും.

സോപ്പിന്റെ പിഎച്ച് 9 നും 10 നും ഇടയ്ക്കാണ് ഉണ്ടാവുക. നമ്മുടെ ചർമ്മത്തിന്റേത് 5നും 6നും ഇടയ്ക്കും. നമ്മുടെ ചർമം അമ്ലരസവും സോപ്പ് കാരരസവും. സോപ്പിലെ ചേരുവകളിൽ ഗ്ലിസറിൽ മുദുത്വം തരുന്ന വസ്തുവാണ്. ഇതില്ലാത്ത ബാർസോപ്പ് തൊലിപ്പുറമേ ഉള്ള നൈസർഗീക ഈർപ്പത്തിനു ആവശ്യമായ കൊഴുപ്പകളും പ്രോട്ടീനുകളും നീക്കം ചെയ്യും. അങ്ങനെ തൊലിയെ വരണ്ടതും ഈർപ്പരഹിതവുമാക്കും. ചില ബാർസോപ്പുകളിൽ ചർമത്തിന് വരൾച്ച വരുത്തുന്ന ഘടകങ്ങൾ കുറഞ്ഞ അളവിലേ കാണൂ. ഗ്ലിസറിൻ അടങ്ങിയ സോപ്പുകൾ അർദ്ധസുതാര്യ അവസ്ഥയിലാണ് ലഭ്യമാവുക . സാധാരണ സോപ്പിൽ 40 മുതൽ 60 ശതമാനം വരെ ഫാറ്റി ആസിഡ് എന്ന കൊഴുപ്പു ഉണ്ടാകും. കൂടുതൽ അളവിൽ ലനോലിൽ , സ്റ്റിയറിക് ആസിഡ് എന്നീ ഫാറ്റി ആസിഡുകൾ ഉള്ള സോപ്പുകൾ ചർമത്തിനു മേൽ ഒരു സുരക്ഷിത ആവരണം സൃഷ്ടിക്കും . ചില സോപ്പുകളിൽ ട്രൈക്ലോസാൻ പോലുള്ള അണുനാശിനി അടങ്ങിയിട്ടുണ്ടാവും. അവ വിയർപ്പു നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കും.

ലിക്വിഡ് സോപ്പ് ദ്രാവക രൂപത്തിലും ഷവർ ജെൽ എന്ന രൂപത്തിലും ലഭിക്കും.സോപ്പിനെക്കാൾ പി എച്ച് മൂല്യം കുറവായിരിക്കും ലിക്വിഡ് ബോഡിവാഷിന്. അതുകൊണ്ട് ചരമത്തിന് വരൾച്ച ഉണ്ടാവില്ല. ഷവർ ജെൽ കുറച്ചു കൂടി നേർത്തതും ചൂട് കാലാവസ്ഥയ്ക്ക് ഉതകുന്നതുമാണ്. ലിക്വിഡ് ബോഡിവാഷിൽ ധാരാളം മോയിസ് ചുറൈസറുകളും ചർമത്തിനു മുദുത്വം നൽകുന്ന സ്കിൻ സോഫ്റ്റ്നെറുകളും അടങ്ങിയിട്ടുള്ളതാണ്.

ചർമം അനുസരിച്ച്

മുഖക്കുരു, എക്സീമ , കൂടുതൽ സെൻസിറ്റീവായ ചർമം ഇത്തരം അവസ്ഥകളിൽ ചർമത്തിന് വരൾച്ചയുണ്ടാക്കുന്ന സോപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ ചർമം കൂടുതൽ സെൻസിറ്റീവ് ആകാനും പൊള്ളലുണ്ടാകാനും ഇടയാക്കും. ഇത്തരക്കാർ ചരമത്തിന്റെ ഈർപ്പം നിലനിർത്തുന്ന മോയിസ് ചുറൈസർ അടങ്ങിയ നേർത്ത ലിക്വിഡ് ബോഡി വാഷ് ഉപയോഗിക്കണം. ചർമത്തിലെ അവശ്യപോഷകങ്ങൾ നിലനിൽക്കുകയും ചെയ്യും.

വരണ്ട ചർമവും കോശപാളികൾ ഇളകി പോകുന്ന മൊരിയുള്ളവർക്ക് ദേഹത്തു നിന്ന് നിർജീവ കോശങ്ങൾ നീക്കം ചെയ്ത് മിനുസമാർന്ന ചർമം നൽകാൻ ഗ്ലൈകോളിക് ആസിഡ് അടങ്ങിയ ലിക്വിഡ് ബോഡിവാഷ് വേണം.

വരണ്ട ചർമമുള്ളവർക്ക് ചർമത്തിലെ ഈർപ്പം നിലനിർത്തുകയും എന്നാൽ വൃത്തിയാക്കുകയും ചെയ്യുന്ന ലിക്വിഡ് വാഷ് തന്നെ വേണം.

സെൻസിറ്റീവ് ചർമമുള്ളവർക്ക് ബാർ ബോപ്പ് തേച്ചാലുണ്ടാവുന്ന പൊള്ളലും അസ്വാസ്‌ഥ്യവും ഒഴിവാക്കാൻ ഷവർ ജെൽ ഉപയോഗിക്കുന്നതാണ് നല്ലത്.

ശരീര സൗന്ദര്യവും മുഖകാന്തിയും കാത്തുസൂക്ഷിക്കുന്നവർക്ക് തൊലിയെ മയപ്പെടുത്തുന്ന അലോവെര , വൈറ്റമിൻ സി അടങ്ങിയ , ആന്റി ഓക്സിഡന്റുകൾ എന്നിവയുള്ള സോപ്പ് അല്ലെങ്കിൽ ലിക്വിഡ് ബോഡി വാഷ് വേണം.

പുരുഷൻമാർക്ക് വൃത്തിയാക്കുന്നതോടൊപ്പം നിർജീവ കോശങ്ങളെ ഇളക്കി കളയുന്ന സോപ്പോ ഷവർ ജെല്ലോ വേണം. മെൻതോൾ ( Menthol ) ശരീരം തണുപ്പിക്കാനും തൊലിയ്ക്ക് ഉണർവ് നൽകാനും നല്ലതാണ്.

ബാർ േസാപ്പ് വെള്ളം കൊണ്ട് നനച്ചിട്ടു വേണം ശരീരത്തിൽ തേച്ചു പതപ്പിക്കാൻ . ഷവർ ജെൽ ലൂഫാ (Loofah) എന്ന മൃദുവായ സ്ക്രബിങ് പാഡിൽ ഒഴിച്ചു വേണം ശരീരത്തിൽ പതപ്പിക്കാൻ . ലിക്വിഡ് ബോഡി വാഷ് ബാത്ത് ടബ്ബിലെ വെള്ളത്തിൽ ഒഴിച്ചു പതപ്പിക്കാം.

ദോഷങ്ങൾ അറിഞ്ഞിരിക്കാം

ചില സോപ്പിലും ബോഡി വാഷിലും അണുനാശിനിയായ ട്രൈക്ലോസാൻ അടങ്ങിയിട്ടുള്ളത് ചർമത്തിലുള്ള അവശ്യ ബാക്ടീരിയയെ കൂടി നശിപ്പിക്കുന്നതായാണ് കാണുന്നത്. ഇത് താൽകാലികമായി ചർമത്തെ അണുവിമുക്തമാക്കുമെങ്കിലും അന്തരീക്ഷത്തിലെ മറ്റു രോഗഹാരികളായ ബാക്ടീരിയകൾ ചർമത്തെ ആക്രമിക്കാൻ ഇടയാക്കും.

സോപ്പും ലിക്വിഡ് വാഷും കേടു കൂടാതെ വയ്ക്കാൻ അതിലടങ്ങിയ പ്രിസർവേറ്റീവുകൾ രാസപദാർത്ഥങ്ങളാണ്. ഇത് ചർമത്തെ പ്രകോപിതമാക്കുന്നവയാണ്. രാസപദാർത്ഥങ്ങളെക്കാൾ അവശ്യ എണ്ണകളായ ഒലീവെണ്ണ, വെളിച്ചെണ്ണ , എള്ളെണ്ണ എന്നിവയിലുള്ള ഫാറ്റി ആസിഡുകളാണ് കൂടുതലായി വേണ്ടത്.

ബാർ സോപ്പ്, ലൂഫാ എന്നിവ ഓരോ ഉപയോഗ ശേഷവും നനവോടു കൂടി വയ്ക്കുകയാണെങ്കിൽ രോഗാണുക്കൾ അതിൽ പെരുകാനിടയുണ്ട്. സോപ്പ് ഉപയോഗശേഷം വെള്ളത്തിൽ കഴുകി വെള്ളം വാർന്നു പോകുന്ന തരത്തിൽ സോപ്പ് ഡിഷിൽ വയ്ക്കണം. ലൂഫാ ഓരോ ഉപയോഗ ശേഷവും നേർപ്പിച്ച ബ്ലീച്ച് ലായനിയിൽ കഴുകുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്താൽ രോഗാണക്കളായ ബാക്ടീരിയയും പൂപ്പലും പെരുകാതെ നോക്കാം. ഒരാൾ ഉപയോഗിക്കുന്ന ബാർ സോപ്പും ലൂഫായും മറ്റാർക്കും ഉപയോഗിക്കരുത്.

ഡോ. ബി. സുമാദേവി

എറണാകുളം

Tags:
  • Manorama Arogyam
  • Health Tips