കുഞ്ഞുങ്ങൾക്ക് അമൃതാണ് അമ്മയുെട മുലപ്പാൽ. ഭൂമിയിലേക്കു വന്നുകഴിഞ്ഞാൽ അവരുെട ജീവൻ നിലനിർത്തുന്ന അമൃത്. പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്നും സ്രവിക്കുന്ന ഒാക്സിറ്റോസിൻ എന്ന ഹോർമോൺ ആണ് മുലയൂട്ടലിനു സഹായകമാകുന്നത്.
കുഞ്ഞിനു പ്രതിരോധശക്തി
പ്രസവശേഷം ആദ്യമായിട്ടു സ്തനങ്ങളിൽ നിന്നും ഊറിവരുന്ന ദ്രവത്തെ കൊളസ്ട്രം എന്നു പറയുന്നു. ഇതു കുഞ്ഞിനു വളരെ പ്രയോജനമുള്ളതാണ്. കുഞ്ഞിന്റെ ദഹനത്തിനും മലശോധനയ്ക്കും ഇതു സഹായകമാകും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡീസ് കുഞ്ഞിന്റെ തൊണ്ട, ശ്വാസകോശം, കുടൽ തുടങ്ങിയ ഭാഗങ്ങളിലെ മ്യൂക്കസ് മെംബ്രേയ്നെ അണുക്കളിൽ നിന്നും പ്രതിരോധിക്കുന്നു. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ പാൽ ഊറിവരാൻ തുടങ്ങുമെങ്കിലും പാലിനു കട്ടിയും അളവും കുറവായിരിക്കുമെങ്കിലും കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും അതിൽ ഉണ്ട്.
രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ സ്വാഭാവികമായി പാൽ ഊറിത്തുടങ്ങും. നോർമൽ പ്രസവത്തിനുശേഷം അരമണിക്കൂറിനുള്ളിൽ കുഞ്ഞിനെ പാലൂട്ടി തുടങ്ങാം. സിസേറിയനുശേഷം നാലു മണിക്കൂറിനുള്ളിലും. മൂന്നുനാലു മണിക്കൂർ ഇടവിട്ടു മുലയൂട്ടണം. കുഞ്ഞിന് ആവശ്യമെന്നു തോന്നിയാൽ രണ്ടുമണിക്കൂർ ഇടവിട്ടു മുലയൂട്ടുന്നതിൽ തെറ്റില്ല. മാസം തികയാത്ത തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾക്ക് ഒരു മണിക്കൂർ ഇടവിട്ടും മുലയൂട്ടാം.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുഞ്ഞിനു പാൽ തികയുന്നുണ്ടോ എന്ന് മനസ്സിലാകും.
∙മുലയൂട്ടലിനുശേഷം കുഞ്ഞു ശാന്തനായും സന്തോഷവാനായും കാണപ്പെട്ടാൽ
∙കുഞ്ഞ് ആരോഗ്യവാനായി ശരീരത്തിന്റെ ഭാരം രണ്ടാഴ്ചയ്ക്കുള്ളിൽ കൂടുന്നുണ്ടെങ്കിൽ
∙കുഞ്ഞിന്റെ നാപ്കിൻ ആദ്യദിവസങ്ങളിൽ ആറു തവണയെങ്കിലും നനയുന്നുണ്ടെങ്കിൽ
∙മഞ്ഞനിറത്തിലുള്ള മലം നിത്യവും പോകുന്നുണ്ടെങ്കിൽ.
അമ്മയുടെ ഡയറ്റ്
പ്രസവശേഷമുള്ള അമ്മയുടെ ഭക്ഷണരീതി വളരെ പ്രാധാന്യം അർഹിക്കുന്നു. കൃത്യമായ അളവിലുള്ള അന്നജം, മാംസ്യം, കൊഴുപ്പ്, പച്ചക്കറികൾ, പഴവർഗങ്ങൾ, നാരുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണം നിത്യവും ഉൾപ്പെടുത്തണം. മാംസാഹാരം കഴിക്കുന്നവർക്ക് മത്സ്യം കഴിക്കുന്നതിൽ നിന്നും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും. ഡോക്ടറുടെ നിർദേശപ്രകാരം കാത്സ്യം, അയൺ തുടങ്ങിയവ കഴിക്കേണ്ടതാണ്. പ്രസവിച്ച അമ്മമാർക്ക് ഒരു ദിവസം 2500 കാലറി അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം (10–12 ഗ്ലാസ്). പാൽ, പഞ്ചസാര ചേർക്കാത്ത പഴച്ചാർ തുടങ്ങിയവയും നിത്യവും ആഹാരത്തിൽ ഉൾപ്പെടുത്തണം.
മുലയൂട്ടുന്ന അമ്മമാർ ശുചിത്വം പാലിക്കണം. ദിവസവും രണ്ടുനേരം കുളിക്കണം. കുഞ്ഞിന്റെ നാപ്കിൻ മാറ്റുമ്പോഴും അമ്മമാർ ടൊയ്െലറ്റ് ഉപയോഗിക്കുമ്പോഴും െെകകൾ സോപ്പിട്ടു വൃത്തിയാക്കണം. പ്രസവം കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളിൽ രക്തസ്രാവം ഉള്ളതിനാൽ നാപ്കിനുകൾ ഉപയോഗിക്കുമ്പോഴും ശുചിത്വം പാലിക്കണം. കൃത്യമായ ഇടവേളകളിൽ പാഡ് മാറ്റണം. േയാനീഭാഗത്ത് എന്തെങ്കിലും തരം െചാറിച്ചിലോ മറ്റോ വന്നാൽ ഗൈനക്കോളജിസ്റ്റിനെ സമീപിക്കുക.
സ്തനസംരക്ഷണം
കുഞ്ഞ് ആവശ്യത്തിനു പാൽ കുടിച്ചില്ലെങ്കിൽ പാൽ സ്തനങ്ങളിൽ കെട്ടിനിന്നു തടിപ്പും അസഹ്യമായ വേദനയും ഉണ്ടാകും. ഉടനെ ചികിത്സിച്ചില്ലെങ്കിൽ പഴുപ്പു വരാൻ സാധ്യതയുണ്ട്. അത് ഒരു ചെറിയ ഒാപ്പറേഷനിലൂടെ നീക്കം ചെയ്യാം. മുലഞെട്ടുകൾ വിണ്ടുകീറാൻ സാധ്യതയുണ്ട്. ശരിയായ രീതിയിലുള്ള മുലയൂട്ടൽ ഇല്ലെങ്കിലും ഇങ്ങനെ സംഭവിക്കാം. ഒായിന്റ്മെന്റുകൾ പുരട്ടി സ്തനങ്ങളെ സംരക്ഷിക്കാം. സ്തനങ്ങളിൽ പാൽ കെട്ടിനിൽക്കുന്നത് അണുബാധയുണ്ടാകുന്നതിനും പനിക്കുന്നതിനും ഇടയാക്കും. ഇറുക്കമുള്ള ബ്രാ ഉപയോഗിക്കരുത്. അധികമുള്ള പാൽ പിഴിഞ്ഞുകളയാം. ചില അമ്മമാരിൽ മുലഞെട്ട് ഉൾവലിഞ്ഞിരിക്കും. വിരലുകൾ ഉപയോഗിച്ചു മെല്ലെ പുറത്തേക്കു വലിച്ചു ശരിയാക്കാം. ഇല്ലെങ്കിൽ എണ്ണയോ ക്രീമോ ഉപയോഗിക്കാം. ബ്രെസ്റ്റ് പമ്പും ഉപയോഗിക്കാം. സിറിഞ്ചിന്റെ ഒരു വശം മുറിച്ചു മുലഞെട്ടിന്റെ ഭാഗത്തുവച്ചു പിസ്റ്റൽ കൊണ്ടു മുലഞെട്ട് പുറത്തേക്കു വലിച്ചെടുക്കാം.
മരുന്ന് കഴിക്കുമ്പോൾ
കുഞ്ഞിനെ മുലയൂട്ടുന്ന കാലത്ത് പലതരത്തിലുള്ള ആേരാഗ്യപ്രശ്നങ്ങൾ അമ്മമാർക്ക് ഉണ്ടാകാം. അതിനു മരുന്നുകളും കഴിക്കേണ്ടി വരാം. ജലദോഷം, തലവേദന, ചെറിയ പനി എന്നീ രോഗാവസ്ഥകളിൽ പാരസെറ്റമോൾ കഴിക്കാവുന്നതാണ്. എന്നാൽ ആന്റിബയോട്ടിക്കുകൾ േഡാക്ടറുെട ഉപദേശം കൂടാെത കഴിക്കാൻ പാടില്ല.
വിവരങ്ങൾക്ക് കടപ്പാട്;
ഡോ. സിന്ധു ഗോപാലകൃഷ്ണൻ
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്
റെനൈ മെഡിസിറ്റി,
എറണാകുളം
sindhu@renaimedicity.org