Wednesday 05 February 2020 10:46 AM IST : By സ്വന്തം ലേഖകൻ

‘ആയുഷ് മിനിസ്ട്രി അംഗീകരിച്ച ഹലാൽ സർട്ടിഫൈഡ് പച്ചില മരുന്ന്’; കാൻസർ രോഗിയെ കുടിപ്പിച്ചു പറ്റിച്ച പുതിയ തട്ടിപ്പ്

cancer-fake

കാൻസറിനെ ഒാടിക്കുന്ന പച്ചമരുന്ന്

ഹെർബൽ ആണെന്നു പറഞ്ഞാൽ ആളുകൾക്ക് താൽപര്യം കൂടും. സംഗതി പ്രകൃതിദത്തമാണല്ലൊ. പാർശ്വഫലം കുറവാണ് എന്നു കരുതും. ആയുർവേദിക് ഫോർമുലേഷൻ എന്ന പേരിൽ ഇറക്കുന്ന ഒരു മരുന്നു കമ്പനിയുടെ വെബ്സൈറ്റ് ഞങ്ങൾ പരിശോധിച്ചു. ഒറ്റനോട്ടത്തിൽ എല്ലാം ഭദ്രമാണ്, ശാസ്ത്രീയവും. ഇത് ഡിഎൻഎ റിപ്പയർ മെച്ചപ്പെടുത്തുന്നതിനാൽ ഏതു കാൻസറിനും ഫലപ്രദമാകും,. ജീൻ പരിവർത്തനങ്ങളെ തടയുന്നു, ട്യൂമർ ആൻജിയോജനസിസ് തടയുന്നു എന്നിങ്ങനെ പോകുന്നു വെറും പച്ചിലകളിൽ നിന്നുണ്ടാക്കുന്ന ഈ ഔഷധത്തിന്റെ ഗുണഗണങ്ങൾ. ആയുഷ് മിനിസ്ട്രി അംഗീകരിച്ചതാണെന്നും ശരിയായ ക്ലിനിക്കൽ ട്രയൽ വഴി ഫലപ്രദമാണെന്നു തെളിഞ്ഞതാണെന്നും ഹലാൽ സർട്ടിഫൈഡ് (?) ആണെന്നും അടിക്കുറിപ്പ്. ഇതൊക്കെ വായിച്ചാൽ ആരാണ് വീണുപോകാത്തത്?

‘‘ചില ഉൽപന്നങ്ങൾക്ക് കേന്ദ്രഗവൺമെന്റ് ആയുഷ് സർട്ടിഫിക്കേഷൻ നൽകാറുണ്ടെന്നത് യാഥാർഥ്യമാണ്. ആയുർവേദിക് ഡ്രഗ് കൺട്രോളർ സ്മാർട്ട് പി ജോൺ പറയുന്നു. ‘‘ പക്ഷേ, സാധാരണഗതിയിൽ കാൻസർ പോലൊരു രോഗത്തിന്റെ മരുന്നിന് ഇത്തരമൊരു സർട്ടിഫിക്കേഷൻ നൽകാറില്ല. കേരളത്തിൽ ഒട്ടും കൊടുക്കാറില്ല. ഇനി ക്ലിനിക്കൽ ട്രയൽ കഴിഞ്ഞ് ഫലപ്രാപ്തി തെളിയിച്ചതാണെങ്കിൽ ഏതു തരം കാൻസറിന്, ഏതു ഘട്ടത്തിലുള്ള കാൻസറിന്–ഈ ഉൽപന്നം ഫലപ്രദമാണെന്ന് വ്യക്തമായി പറയണം. അത് ഇല്ലാത്തിടത്തോളം ഇത്തരം വാദങ്ങൾ തട്ടിപ്പാകാനാണ് സാധ്യത. ഹലാൽ സർട്ടിഫിക്കേഷൻ കയറ്റുമതി ഉൽപന്നങ്ങൾക്ക് ഉള്ളതാണ്. ഇതിന് ഗുണമേന്മയുമായി ബന്ധമൊന്നുമില്ല’’

മലയാളികളെ വളരെ സ്വാധീനിച്ച ഒരു സന്ദേശമായിരുന്നു മുള്ളാത്തയും ലക്ഷ്മിതരുവും കാൻസർ തടയും എന്നത്. മുള്ളാത്തയും ലക്ഷ്മി തരുവും വച്ചുപിടിപ്പിക്കാത്ത വീടുകളില്ലായിരുന്നു ആയിടയ്ക്ക്. പക്ഷേ, പൊതുവായ സസ്യങ്ങൾക്കുള്ള ആന്റി കാൻസർ ഗുണമേ ഇവയ്ക്കും ഉള്ളൂ എന്നും കാൻസർ ചികിത്സയ്ക്ക് പകരമല്ല ഇവയെന്നും ഒാങ്കോളജി വിദഗ്ധർ തന്നെ വ്യക്തമാക്കിയതോടെ ആ പ്രചാരണം കുറഞ്ഞമട്ടാണ്.

Tags:
  • Health Tips