Monday 06 May 2019 04:13 PM IST

ഗ്ലൂവിലും വൈറ്റ്നറിലും ലഹരി തേടുന്ന കൗമാരം; ശ്രദ്ധിക്കണം, നിങ്ങളുടെ കുട്ടികൾക്കു പിന്നാലെയുണ്ട് മയക്കുവലകൾ

Asha Thomas

Senior Sub Editor, Manorama Arogyam

drug-

ചേർത്തലയ്ക്കടുത്തുള്ള ഒരു സ്കൂളിൽ നടന്ന സംഭവമാണ്. കുറെദിവസമായി ചില ആൺകുട്ടികൾ ക്ലാസിനിടയ്ക്ക് പോയി തലയിൽ വെള്ളമൊഴിച്ചിട്ട് തിരികെ വന്നിരിക്കും. ഒന്നു രണ്ടു തവണ കണ്ടപ്പോൾ ടീച്ചർ കയ്യോടെ പിടികൂടി. എന്തിനാണ് ഈ തലകുളി എന്നു കണ്ണുരുട്ടിയപ്പോൾ കൂട്ടത്തിലൊരുത്തൻ സത്യം തുറന്നുപറഞ്ഞു. അവർ ഈയിടെയായി ഒരു തരം പശ വലിക്കുന്നുണ്ട്. അതിന്റെ കെട്ടുവിടാനാണ് തലയിൽ വെള്ളമൊഴിക്കുന്നത്. പശയ്ക്കെന്താണിത്ര ഹാങ് ഒാവർ എന്ന് അന്തിച്ചുനിന്ന ടീച്ചറോട് അവൻ പറഞ്ഞു. ‘ടീച്ചറേ അതിത്തിരി വലിച്ചു കഴിയുമ്പോൾ ദേ ..എന്റെ തലയുടെ രണ്ടുവശത്തും ഒാരോ മോട്ടർ ഇരുന്ന് ഇരമ്പുന്നതു പോലെയാണ്. ക്ലാസ്സിൽ ടീച്ചറ് പഠിപ്പിക്കുമ്പോൾ ഞാൻ കേൾക്കുന്നത് ഈ ഇരമ്പൽ മാത്രമാണ്. ഈ കെട്ടോന്നു വിടാനാണ് പൈപ്പിന്റടുത്തേക്ക് ഒാടുന്നത്. ’’

കൂട്ടുകാരി ‘തേച്ചിട്ടുപോയതി’ന്റെ വിഷമത്തിൽ ഇരുന്ന അവനോട് കൂട്ടുകാരനാണ് പറഞ്ഞത് ഇതിത്തിരി വലിച്ചാൽ എല്ലാ വിഷമവും പോകുമെന്ന്. ഇത്തിരി പശയല്ലേ എന്തു ദോഷം എന്നുകരുതി വലിച്ചുതുടങ്ങി. ഇപ്പോൾ പശ അവനെ ‘തേച്ചൊട്ടിച്ചിരിക്കുക’യാണ്. എത്ര ശ്രമിച്ചിട്ടും അഡിക്ഷനിൽ നിന്നും പുറത്തുകടക്കാൻ പറ്റുന്നില്ല.

ലഹരി ഉപയോഗം : പ്രായം കുറയുന്നു

കേരളത്തിലെ സ്കൂൾ കുട്ടികളിലുൾപ്പെടെയുള്ള യുവതലമുറയിൽ മയക്കുമരുന്ന് ഉപയോഗം പെരുകിവരുന്നതായാണ് റിപ്പോർട്ട്. ലഹരിവലയിൽ കാലിടറി വീഴുന്നവരിൽ ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും ഉണ്ടെന്ന് വിവിധ ജില്ലകളിലെ ഡീ അഡിക്‌ഷൻ സെന്ററുകളിൽ നിന്നുള്ള വിവരങ്ങളിൽ വ്യക്തമാണ്. പൊടിമീശ മുളയ്ക്കുന്ന കൗമാരം പണ്ട് ബീഡിത്തുണ്ടുകളിലാണ് ആദ്യലഹരി രുചിച്ചതെങ്കിൽ ഇന്നത്തെ സ്കൂൾ കുട്ടികളുടെ ആദ്യ ലഹരി കഞ്ചാവിനേക്കാൾ മാരകമായ ഗ്ലൂ, വൈറ്റ്നർ പോലുള്ളവയും ജീവൻരക്ഷാ മരുന്നുകളുമാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ദേശീയതലത്തിൽ നടത്തിയ സർവേയിൽ കേരളത്തിലെ കുട്ടികളാണ് ഇൻഹലന്റ് അബ്യൂസിൽ മുൻപിലെന്ന് കണ്ടെത്തി.

കൗമാരം നേരത്തേ തുടങ്ങുന്നതുപോലെ ആദ്യ ലഹരി ഉപയോഗവും നന്നേ ചെറുപ്രായത്തിൽ തുടങ്ങുന്നു.സൈക്കിൾ ടയറൊട്ടിക്കുന്ന പശ, ഫെവി ഗം പോലുള്ള സിന്തറ്റിക് പശകൾ, പെയിന്റ് തിന്നർ, പെട്രോൾ, ക്ലീനിങ് ഫ്ളൂയിഡ്, വൈറ്റ്നർ, കറക്‌ഷൻ ഫ്ളൂയിഡ്, നെയിൽ പോളിഷ് എന്നിവയാണ് ഇൻഹലന്റ് അഡിക്‌ഷന് ഉപയോഗിക്കുന്നത്. കേരളത്തിലെ എട്ടു വയസ്സിനും പതിനെട്ടു വയസ്സിനും ഇടയിലുള്ള കുട്ടികളിൽ 70 ശതമാനവും ഒരിക്കലെങ്കിലും ലഹരി രുചിച്ചിട്ടുണ്ടാകും എന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പറഞ്ഞപ്പോൾ യാഥാർഥ്യം ഇത്ര ഭീകരമാണെന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല.

‘‘ കഴിഞ്ഞ നാലു വർഷമായി ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. ഒരു മാസം മാത്രം 15 മുതൽ 25 കേസുകളാണ് ഡീ അഡിക്‌ഷനായി വരുന്നത്. പണ്ടൊക്കെ ആൺകുട്ടികൾ മാത്രമാണ് വന്നിരുന്നത്. ഇന്ന് 10 കേസ് വന്നാൽ അതിൽ നാലെണ്ണം പെൺകുട്ടികളായിരിക്കും. ലഹരിക്ക് അടിപ്പെടുന്നവരിൽ രണ്ടു ശതമാനം മാത്രമാണ് ചികിത്സയ്ക്കെത്തുന്നതെന്ന് ഒാർക്കണം. ’’ കൊച്ചി റെനെ മെഡിസിറ്റിയിലെ സൈക്യാട്രിസ്റ്റ് ഡോ. യു. വിവേക് പറയുന്നു.

drug-2

കഞ്ചാവിനേക്കാൾ മാരകം

‘‘സ്കൂൾ കുട്ടികളിൽ കൂടുതൽ കാണുന്നത് പശ, വൈറ്റ്നർ അഡിക്‌ഷനാണ്. കുട്ടികളോടു സംസാരിച്ചപ്പോൾ അവർ പറയുന്നത് പശയല്ലേ, കുഴപ്പമൊന്നുമില്ല എന്നുകരുതി തുടങ്ങിയതെന്നാണ്. പക്ഷേ, കഞ്ചാവിനേക്കാളും മറ്റേതു ലഹരിയേക്കാളും മാരകമാണ് ഇത്തരം ഇൻഹേലന്റ് അഡിക്‌ഷൻ എന്ന് അവരറിയുന്നില്ല. ശ്വാസകോശമുൾപ്പെടെയുള്ള ആന്തരാവയവങ്ങൾ പലതും നശിക്കുമെന്നു മാത്രമല്ല തിരിച്ചറിവില്ലാത്ത പ്രായത്തിലെ പരീക്ഷണത്വരയ്ക്ക് വർഷങ്ങളോളം വലിയ വില കൊടുക്കേണ്ടി വരും.

പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്. ആ കുട്ടിയെ ഞാൻ ആദ്യം കാണുന്നത്. ഗ്ലൂ അഡിക്‌ഷന് ചികിത്സ തേടി വന്നതാണ്. പ്ലസ്ടുവരെ ക്ലാസ്സിൽ ഒന്നാമനായിരുന്ന അവൻ പശ വലിച്ചുതുടങ്ങിയതോടെ പിന്നാക്കമായി. മരുന്നും ചികിത്സയും തെറപ്പിയും വഴി ഏറെ പ്രയാസപ്പെട്ടാണ് അന്ന് അഡിക്‌ഷൻ മാറ്റിയെടുത്തത്. രണ്ടു വർഷത്തിനുശേഷം ബിരുദപഠന സമയത്ത് വീണ്ടും കാണാൻ വന്നു. പണ്ടത്തെ ഗ്ലൂ ഉപയോഗത്തിന്റെ പാർശ്വഫലങ്ങളാണ് ഇപ്പോൾ പ്രശ്നം. ഇടയ്ക്കിടെ പാനിക് അറ്റാക്കു പോലെ വരുന്നു. നെഞ്ചിടിപ്പു കൂടുന്നു, ശ്വാസംമുട്ടൽ, തലകറങ്ങി വീഴാൻ പോകുന്നു. ഇപ്പോഴും ചികിത്സ തുടരുകയാണ് അയാൾ. ’’ഡോക്ടർ വിവേക് പറയുന്നു.

.‘‘ബോറടി മാറാനും ഗേൾഫ്രണ്ട് പറ്റിച്ചതിന്റെ വിഷമം തീർക്കാനും കൂട്ടുകാരുടെ നിർബന്ധത്തിനുമൊക്കെയാണ് കുട്ടികളിൽ പലരും ഇത് ഉപയോഗിക്കുന്നത്. ചേർത്തലയ്ക്കടുത്തുള്ള ഒരു സ്കൂളിലെ കൗൺസലർ പറയുന്നു. ‘‘20–25 കുട്ടികളുടെ ഗ്യാങ് ആയിട്ടാകും ഉപയോഗം. അതുകൊണ്ട് അതിലൊരുത്തൻ മാത്രമായി നിർത്തിയാൽ വീണ്ടും തുടങ്ങാൻ സാധ്യതയേറെയാണ്. ’’

drug-1

മരുന്നുകളുടെ വലയിൽ

കുറിപ്പടിയില്ലാതെ ഗൗരവകരമായ മരുന്നുകൾ നൽകരുതെന്ന നിയമം മറികടന്ന് വേദനാസംഹാരികളും ജീവൻരക്ഷാമരുന്നുകളും കൗമാരക്കാർ ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്ന് കൊച്ചിയിലെ എക്സൈസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു. വിഷാദശമനികൾ, ഉത്തേജകമരുന്നുകൾ, കാൻസർ പോലുള്ള മാരകരോഗങ്ങൾക്കു നൽകുന്ന ശക്തിയേറിയ വേദനാസംഹാരികൾ, കെറ്റമിൻ പോലെ മൃഗങ്ങളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ഒക്കെയാണ് ദുരുപയോഗിക്കപ്പെടുന്നത്. ബെഗളൂരു,ചെന്നൈ പോലുള്ള സ്ഥലങ്ങളിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികൾ വഴിയുമൊക്കെയാണ് മരുന്നുകൾ സംഘടിപ്പിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ അത് പൂർണമായും ശരിയല്ല എന്നുവേണം കരുതാൻ.

കൊച്ചിയിലെ പ്രശസ്തനായ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണിനുണ്ടായ അനുഭവം നോക്കൂ. രണ്ടു തവണയാണ് അദ്ദേഹത്തിന്റെ പേരിലുള്ള വ്യാജ കുറിപ്പടി വഴി ആശുപത്രി ഫാർമസിയിൽ നിന്നു തന്നെ മരുന്നു സംഘടിപ്പിക്കാൻ ശ്രമം നടന്നത്. എന്നാൽ ഡോക്ടർ ഒരു പ്രത്യേക മഷി ഉപയോഗിച്ചാണ് കുറിപ്പടി എഴുതിയിരുന്നത്. സംശയം തോന്നി ഫാർമസിസ്റ്റ് ഡോക്ടറെ വിളിച്ചു തിരക്കിയപ്പോൾ സംഗതി വ്യാജമാണെന്നുറപ്പായി. പൊലീസിനെ വിളിച്ചപ്പോഴേക്കും ഹെൽമറ്റ് ധരിച്ചുവന്ന ആൾ ഒാടിരക്ഷപെട്ടു. രണ്ടാമത്തെ സംഭവം നടന്നത് ഒരു മാസം മുൻപാണ്. ഇത്തവണ ആളെ പിടികൂടാനായി.

‘‘രണ്ടു തവണ ഒരേ ആശുപത്രിയിൽ ഈ സംഭവം ആവർത്തിച്ചെങ്കിൽ മറ്റ് പലയിടത്തും സമാനമായ കള്ളത്തരം നടക്കുന്നുണ്ടാകാം. മെഡിക്കൽ ഷോപ്പുകളിലെ ഫാർമസിസ്്റ്റുകളും സംശയകരമായ കുറിപ്പടികൾ കാണുമ്പോൾ മരുന്നു നൽകാതിരിക്കുകയോ, ഡോക്ടറെ വിളിച്ചന്വേഷിക്കുകയോ ചെയ്താൽ മരുന്ന് ദുരുപയോഗം ഒരു പരിധിവരെ കുറയ്ക്കാം’’. ഡോ. സി.ജെ. ജോൺ പറയുന്നു.

drug

എൽഎസ്ഡിയും മഷ്റൂമും

10–ാം ക്ലാസ്സ് എത്തുമ്പോഴേക്കും പശയുടെ ലഹരിയൊന്നും മതിയാകാതെ കുട്ടികൾ കഞ്ചാവിലേക്കും എൽഎസ്ഡിയിലേക്കും സ്വയം പ്രമോഷൻ നേടുന്നു. 14 വയസ്സിനും 25 വയസ്സിനും ഇടയിലുള്ളവരിൽ കഞ്ചാവ്, മരിജുവാന, എൽഎസ്ഡി ഉപയോഗം വ്യാപകമാണ്. മാജിക് മഷ്റൂം എന്ന കൂൺ, എക്സ്റ്റസി എന്ന് ഒാമനപ്പേരുള്ള എംഡിഎംഎ എന്നീ കടുത്തലഹരികളും വ്യാപകമാണ്.

ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ പ്രലോഭിപ്പിച്ച് സ്കൂളിൽ മരുന്നുവിൽപനക്കാരാക്കുന്ന രീതിയുമുണ്ട്. കുട്ടികളെ ലഹരിക്കടിമകളാക്കുന്നതിനു പിന്നിൽ ലൈംഗികചൂഷണം പോലുള്ള താൽപര്യങ്ങളുമുണ്ടെന്ന് ഒരു സ്കൂൾ കൗൺസലർ പറയുന്നു.

‘‘കേരളത്തിനു പുറത്തു പ്രഫഷനൽ കോഴ്സുകൾക്ക് പഠിക്കാൻപോകുന്ന കുട്ടികളിൽ പലരും ലഹരിമരുന്നുകൾക്ക് അടിമയായി എത്താറുണ്ട്. മാതാപിതാക്കളുടെ കണ്ണെത്താ ദൂരത്തായതുകൊണ്ട് തുടക്കത്തിലേയൊന്നും അറിയില്ല. മരുന്നടിച്ച് കിറുങ്ങി അക്രമാസക്തനായി

കോളജിൽ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കുമ്പോഴാകും മാതാപിതാക്കൾ അറിയുക–’’ സൈക്യാട്രിസ്റ്റ് ഡോ. പി.എൻ. സുരേഷ്കുമാർ പറയുന്നു.

ലഹരികഴിക്കുന്നവരിൽ ശാരീരികമായും മാനസികമായും അടിമത്തം ഉണ്ടാകും. പതിവായ ലഹരിഉപയോഗം തലച്ചോറിലെ പ്രീ ഫ്രോണ്ടൽ ലോബ് എന്ന ഭാഗത്തിന്റെ പ്രവർത്തനം മുഴുവൻ തകരാറിലാക്കും. ലഹരിയോട് അടിമത്തം ഉണ്ടാക്കുന്ന സന്തോഷകേന്ദ്രം അവിടെയാണ്. മരുന്നടി നീളുന്തോറും കൂടുതൽ മുന്തിയ ലഹരിക്കായുള്ള ഒാട്ടപ്പാച്ചിൽ തുടങ്ങും. ചിലർ സ്വന്തം ശരീരത്തെ പീഡിപ്പിച്ച് രസിക്കും. തലച്ചോർ ലഹരിക്കു പണയപ്പെടുത്തുന്നതോടെ എന്തും ചെയ്യാനും സ്വയം മരിക്കാനും പോലും കൂസലുണ്ടാകില്ല. കുറ്റബോധം എന്ന വികാരം അന്യമാകും. അൽപം മരുന്നുവാങ്ങാനുള്ള പണത്തിനായി സ്വന്തം അമ്മയുടെയും സഹോദരിയുടെയും കുളിസീൻ പകർത്തി കൊ ടുത്ത സംഭവം നടന്നത് നമ്മുടെ കേരളത്തിൽ തന്നെയാണ്.

മരുന്നു കിട്ടാതെ വന്നാലോ താൽക്കാലികമായി നിർത്താൻ ശ്രമിച്ചാലോ ശരീരം ആഞ്ഞടിക്കും. ഇതിന് വിത്ഡ്രോവൽ സിൻഡ്രം എന്നാണു പറയുക. തലവേദന, അമിതവിയർപ്പ്, പേശി കോച്ചൽ തുടങ്ങി മായക്കാഴ്ചകൾ കാണുന്നതു വരെയെത്താം.

ടെറസ്സിലെ കഞ്ചാവു ചെടി

കഞ്ചാവ് വലി മുടങ്ങാതിരിക്കാൻ ടെറസ്സിൽ കഞ്ചാവ് ചെടി നട്ടവന്റെ കഥ പറഞ്ഞത് ആലപ്പുഴയിലെ ഒരു സ്കൂൾ കൗൺസലറാണ്. കക്ഷി എവിടെനിന്നോ കിട്ടിയ തൈ മുളപ്പിച്ച് നട്ടുവളർത്തി. പക്ഷേ, കുറച്ചൊന്നു പൊങ്ങിയപ്പോഴേക്കും അച്ഛൻ കണ്ടുപിടിച്ച് വെട്ടിക്കളഞ്ഞു. എവിടെ നിന്നാണ് ഈ തൈ കിട്ടിയതെന്നു ചോദിച്ച ടീച്ചറോട് അവൻ പറഞ്ഞ മറുപടിയിൽ നമ്മുടെ കേരളത്തിലെ മയക്കുമരുന്നു ലഭ്യതയുടെ നേർചിത്രമുണ്ട്. ‘‘എന്റെ ടീച്ചറെ, ഈ നാട്ടിൽ പട്ടിയുടെ വാലിൽ വരെയുണ്ട് കഞ്ചാവ്’’.

‘മയക്കുമരുന്ന് എന്നു പറഞ്ഞാൽ മട്ടാഞ്ചേരി’ എന്നു പറഞ്ഞിരുന്നത് മാറ്റാൻ സമയമായെന്ന് കൊച്ചിയിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പറയുന്നു. കൊച്ചിയിലെ ഏതു ജംക്‌ഷനിൽ ചെന്നാലും ‘മരുന്ന്്’ കിട്ടുമെന്ന സ്ഥിതിയാണ്. കാസർകോട് മുതൽ കന്യാകുമാരി വരെ നാടും നഗരവും വ്യത്യാസമില്ലാതെ ലഹരി ഒഴുകുകയാണ്.

പെൺകുട്ടികളും വലയിൽ

കോളജ്തലത്തിലുള്ള പെൺകുട്ടികളിലും ലഹരി ഉപയോഗം ഇപ്പോൾവ്യാപകമാകുകയാണ്. ഗ്യാങ് കൂടിയുള്ള ഉപയോഗത്തിനു തിരഞ്ഞെടുക്കുന്നത് ഹാഷിഷ് പോലെ കടുപ്പം കൂടിയ ലഹരികളാണത്രെ. ആൺസുഹൃത്തുക്കളിൽ നിന്നോ ഒാൺലൈനായോ മരുന്നു സംഘടിപ്പിക്കും. കൊച്ചിയിലെ പെൺകുട്ടികൾക്ക്

ഹോസ്റ്റലുകളിൽ സാധനം എത്തിച്ചുനൽകുന്ന സംവിധാനവുമുണ്ടെന്നാണ് വാർത്തകൾ.

രണ്ടുവർഷത്തിനുള്ളിൽ കേരളത്തിൽ പിടികൂടിയത് 700 കോടി രൂപയുടെ മയക്കുമരുന്നുകൾ. തിരുവനന്തപുരം– നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്നു കച്ചവടം വെളിപ്പെടുത്തുന്നത് കേരളം മയക്കുമരുന്നു വ്യാപാരത്തിന്റെ അന്താരാഷ്ട്ര ഹബ് ആയി മാറിക്കൊണ്ടിരിക്കുന്നു എന്നാണ്.

ദേശീയ ശരാശരിക്കു മുകളിൽ

കൊച്ചിയിലെ കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ദേശീയ ശരാശരിക്കും മുകളിലാണ്. ദേശീയ ശരാശരി അഞ്ചു ശതമാനമാണെങ്കിൽ കൊച്ചിയിലേത് എട്ടു ശതമാനമാണ്. ‘‘ആവശ്യക്കാരുണ്ടെങ്കിലേ വിൽപന നടക്കൂ. അതുകൊണ്ട് മയക്കുമരുന്നു ലഹരിയുടെ പ്രധാന ഉപഭോക്താക്കളായ കുട്ടികളെ കൊണ്ട് ലഹരിമരുന്നു വേണ്ട എന്നു തീരുമാനമെടുപ്പിക്കുകയാണ് പ്രധാനം. വിവാഹമോചനമോ മദ്യപാനമോ മൂലമുള്ള അസ്വാസ്ഥ്യകരമായ ഗൃഹാന്തരീക്ഷം, അച്ഛനില്ലാതെ വളരുന്നവർ, വിഷാദം, മാനസികപിരിമുറുക്കം, കൂട്ടുകാരുടെ നിർബന്ധം എന്നിവയൊക്കെയാണ് കുട്ടികളെ ലഹരി ഉപയോഗത്തിലേക്കു തള്ളിവിടുന്നത്. അത്തരം സാഹചര്യമാണെങ്കിലും ലഹരിയോടു നോ എന്നു പറയാൻ കുട്ടിയെ പഠിപ്പിക്കണം. ലഹരിക്കുള്ള മറുമരുന്നാണ് കായികപ്രവർത്തനങ്ങൾ. സ്കൂളുകളിൽ സ്പോർട്സ് പരിശീലനം ശക്തമാക്കണം. ബോധവൽകരണ ക്ലാസ്സുകളിൽ കുട്ടികളോടൊപ്പം മാതാപിതാക്കളെ കൂടി പങ്കെടുപ്പിക്കണം–’’ കുട്ടികൾക്കായി ലഹരിമുക്ത അന്തരീക്ഷം ഒരുക്കാനുള്ള ‘വേണ്ട’ പ്രോജക്റ്റിന്റെ അമരക്കാരനും കൊച്ചിയിലെ ഫോർത്ത് വേവ് ഫൗണ്ടേഷൻ ഡയറക്ടറുമായ സി. സി. ജോസഫ് പറയുന്നു.

∙ കുട്ടികൾക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുത്ത് കടമ തീർത്താൽ പോര. അവരോടൊപ്പം ദിവസവും 15 മിനിറ്റെങ്കിലും സംസാരിക്കുക. കുട്ടികളുടെ മുഖം മാറിയാൽ അറിയണം.

∙ ലഹരി ഉപയോഗത്തെപ്രതി പല തവണ ശകാരിക്കുന്നതും മറ്റുള്ളവരുടെ മുൻപിൽ വച്ച് കുറ്റപ്പെടുത്തുന്നതും അടിമത്തം കൂട്ടുകയേ ഉള്ളൂ.

∙ ആദ്യ ലഹരി ഉപയോഗത്തിനു പിടിക്കുമ്പോഴേ ചികിത്സ നൽകുക. പ്രശ്നം ഒതുക്കി തീർത്തിട്ടു കാര്യമില്ല. ഉപദേശം കൊണ്ട് അഡിക്‌ഷൻ മാറില്ല. മരുന്നും തെറപ്പികളും കൗൺസലിങ്ങും ചേർന്ന ഡി അഡിക്‌ഷൻ ചികിത്സ നൽകണം.

പുനരധിവാസം വേണം

drug-1

∙ സംസ്ഥാനത്ത് ഡീ അഡിക്‌ഷൻ സെന്ററുകളുടെ എണ്ണം കുറവാണ്. കുട്ടികൾക്കായി ഇത്തരം സംവിധാനങ്ങളില്ല. നല്ലൊരു ആശുപത്രിയിലെ സൈക്യാട്രി വിദഗ്ധനെ കാണിക്കുക എന്നതാണ് ചെയ്യാവുന്നത്.

∙ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടീവ് ഡിസോഡർ പോലുള്ള പ്രശ്നങ്ങൾക്ക് ചികിത്സ ലഭിക്കാത്തവരിൽ ലഹരി ഉപയോഗത്തിനുള്ള ത്വര കൂടുതലാകുന്നതായി വിദഗ്ധർ പറയുന്നു. ഇത്തരം സ്വഭാവ പ്രത്യേകതകളും വ്യക്തിത്വ പ്രശ്നങ്ങളും കൃത്യമായി ചികിത്സിക്കാൻ മടിക്കരുത്.

∙ ഡീ അഡിക്‌ഷൻ കഴിഞ്ഞ് അതേ വേഗതയിൽ വീണ്ടും ലഹരിയിലേക്ക് കൂപ്പുകുത്തുന്നവരുണ്ട്. പുനരുപ

യോഗം തടയണമെങ്കിൽ കുട്ടികളെ ഒരിക്കലും പഴയ അന്തരീക്ഷത്തിലേക്ക് വിടരുത്. സ്കൂൾ മാറ്റുന്നതു മാത്രമല്ല പ്രധാനം. മദ്യപനായ അച്ഛന്റെ പരാക്രമം കണ്ടുമടുത്ത് ലഹരിക്കടിമയായവനെ വീണ്ടും അതേ സാഹചര്യത്തിൽ കൊണ്ടുവന്നാൽ എന്താകും അവസ്ഥ. അതുകൊണ്ട് പുനരധിവസിപ്പിക്കാനുള്ള സംവിധാനങ്ങൾ കൂടി വേണം.

∙ പശ, വൈറ്റ്നർ പോലുള്ളവ പതിവായി വാങ്ങുന്നതും സ്കൂളിനു സമീപത്തുള്ള ആളൊഴിഞ്ഞിടങ്ങളിൽ

കുട്ടികൾ കൂട്ടമായി ഇരിക്കുന്നതും ശ്രദ്ധിക്കുകയും സംശയം തോ ന്നിയാൽ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യണം. (എക്സൈസ് കമ്മിഷണറുടെ നമ്പർ– 9447178000, ലഹരിമുക്തി നമ്പർ–9061178000, ദേശീയ ടോൾ ഫ്രീ നമ്പർ– 1800 11 0031)

നീരാളിപ്പിടുത്തം പോലെയാണ് ലഹരിയുടെ കെട്ടിവരിയൽ. അത് െപാട്ടിച്ചെറിയുക എളുപ്പമല്ല. ഇത്തരം മയക്കുവലകളിൽ കുടുങ്ങാതെ കുട്ടികളെ കാക്കുകയേ പോംവഴിയുള്ളൂ. അതിന് മാതാപിതാക്കളോടൊപ്പം നാടും നഗരവും ജാഗരൂഗരാകണം.കാവൽ നിൽക്കണം.