Thursday 22 April 2021 03:25 PM IST : By സ്വന്തം ലേഖകൻ

പച്ചക്കറികൾ സോപ്പുവെള്ളത്തിൽ കഴുകാമോ? ബ്ലീച്ചിങ് ലായനിയിൽ മുക്കണോ? കൊറോണ കാലത്തെ വൃത്തിയാക്കൽ ഇങ്ങനെ.....

washingvwgr

കമ്പോളത്തില്‍ നിന്നായാലും വീട്ടുവളപ്പില്‍ നിന്നു വിളവെടുത്തതായാലും എല്ലാതരം പഴങ്ങളെയും പച്ചക്കറികളെയും കഴുകുന്നത് നമുക്ക് ഒരു ശീലമായിരിക്കുന്നു. ഈ കൊറോണ കാലത്ത് ഇതിനു പ്രസക്തിയേറുന്നു. ഇന്നു പച്ചക്കറികളെ കഴുകാന്‍ പ്രത്യേകതരം  ലായനികള്‍ വരെ ലഭ്യമാണ്.

ചിലരെങ്കിലും രാസവസ്തുക്കള്‍ കലര്‍ന്ന ലായിനി കഴുകാന്‍ ഉപയോഗിക്കുന്നതില്‍ അപകടം ഉണ്ടെന്നു കരുതുന്നവരാണ്. അമേരിക്കയിലെ എഫ്ഡിഎ (ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) ഇതു തന്നെയാണ് പറഞ്ഞിരിക്കുന്നത്. പച്ചക്കറികളെയും പഴങ്ങളെയും രാസവസ്തുക്കള്‍ ഉപയോഗിക്കാതെ പരമാവധി അണുവിമുക്തമാക്കുന്നതെങ്ങനെ എന്നു നമുക്കു 
നോക്കാം.

ചോപ്പിങ് ബോർഡ് മുതൽ തുടങ്ങാം

ആദ്യമായി, അടുക്കളയില്‍ ഇവയെ െെകകാര്യം ചെയ്യുന്ന പ്രതലം (ടേബിൾ ടോപ്) വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. അവിടെ വൃത്തിയാക്കാന്‍ വീര്യം കുറഞ്ഞ ചെറുചൂടുള്ള സോപ്പുലായനി ഉപയോഗിക്കാം. ഇവയുടെ തൊലിയും മറ്റും നീക്കി കഴിയുമ്പോള്‍, കളയാനുള്ള ഭാഗങ്ങള്‍ നീക്കം ചെയ്തു പ്രതലം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അരിയാന്‍ വച്ചിരിക്കുന്ന കായ്കനികളിലേക്ക് അഴുക്കോ അണുക്കളോ കയറുന്നത് ഇങ്ങനെ  തടയാന്‍ സാധിക്കും. ചോപ്പിങ് ബോര്‍ഡിനെ വിനാഗിരിയോ ബേക്കിങ് സോഡ ലായനിയോ ഉപയോഗിച്ചു വൃത്തിയാക്കുന്നത് അണുക്കളെ നശിപ്പിക്കാന്‍ ഇടയാക്കുന്നു. ഇറച്ചിയും മീനും മറ്റും വെട്ടാന്‍ ഉപയോഗിക്കുന്ന കത്തിയും ചോപ്പിങ് ബോര്‍ഡും ആവശ്യം കഴിഞ്ഞു സോപ്പു ചേര്‍ത്ത ചൂടുവെള്ളത്തില്‍ കഴുകി വയ്ക്കണം.

മൂന്നായി തിരിച്ച് കഴുകാം

കഴുകി വൃത്തിയാക്കുന്ന കാര്യത്തില്‍ കായ്കനികളെ മൂന്നായി തരംതിരിക്കാം. ആദ്യത്തെ കൂട്ടത്തില്‍ കിഴങ്ങുവര്‍ഗങ്ങളും തൊലി നിര്‍ബന്ധമായി നീക്കേണ്ടവയുമാണ്. ഉരുളക്കിഴങ്ങ്, ചേന, ചേമ്പ്, മത്തന്‍, ഒാറഞ്ച്, വാഴപ്പഴം എന്നിവ. കട്ടികുറഞ്ഞ തൊലിയുള്ളവയാണ് രണ്ടാമത്തെ കൂട്ടത്തിലുള്ളത്–മുന്തിരി, തക്കാളി, പ്ലം തുടങ്ങിയവ. ഇവ മിക്കവാറും നമ്മള്‍ പാകം ചെയ്യാതെ കഴിക്കുന്നവയായിരിക്കും. ഇലക്കറികളാണ് മൂന്നാമത്തെ വിഭാഗത്തില്‍പെടുന്നവ. വേരോടെ പിഴുത ഇലക്കറികളെ അടുക്കളയില്‍ മറ്റു വിഭവങ്ങളുടെ ഇടയില്‍ വയ്ക്കാതെ, അവയെ പാത്രത്തില്‍ വെള്ളം പിടിച്ചു മുക്കിവച്ചതിനുശേഷം വേരുകളും വേണ്ടാത്ത ഭാഗങ്ങളും കളഞ്ഞിട്ടു വേണം ടേബിൾ ടോപ്പിൽ വയ്ക്കാന്‍. ധാരാളം മണ്ണും അഴുക്കും ഇവയുടെ കൂടെ കാണാനിടയുള്ളതു കൊണ്ടാണ് ഇങ്ങനെ നിഷ്കര്‍ഷിക്കുന്നത്.

അതുപോലെതന്നെ പച്ചക്കറികളെ െെകകാര്യം ചെയ്യുന്നതിനു മുൻപും പിൻപും െെകകള്‍ നന്നായി കഴുകേണ്ടതുണ്ട്. കിഴങ്ങുകളെ കഴുകാന്‍ ഒരു ചെറിയ ‘സ്ക്രബ്ബര്‍’ ഉപയോഗിക്കുന്നത് നല്ലതാണ്.  അതുകഴിഞ്ഞു വെള്ളത്തില്‍ ഉലച്ചെടുത്താല്‍ മണ്ണും മറ്റും നന്നായി മാറിക്കിട്ടും. ബേക്കിങ് സോഡ കലര്‍ത്തിയ വെള്ളം ഉപയോഗിക്കുന്നതു നല്ലതായിരിക്കും. ആപ്പിളിന്റെ പുറത്തെ വാക്സ് ഇതുപോലെ സ്ക്രബ്ബര്‍ ഉപയോഗിച്ചു ബേക്കിങ് സോഡ ചേര്‍ത്ത ലായനി കൊണ്ടു കഴുകുന്നത് അവയെ രാസഘടകങ്ങളില്‍ നിന്നും മോചിപ്പിക്കും എന്നു റിപ്പോര്‍ട്ടുകളുണ്ട്.

കട്ടിയില്ലാത്ത രണ്ടാമത്തെ കൂട്ടം പച്ചക്കറികളെയും പഴങ്ങളെയും 1:3 എന്ന അനുപാതത്തിൽ വിനാഗിരിയും വെള്ളവും കലർത്തിയ മിശ്രിതത്തിൽ  കഴുകി എടുക്കുന്നതു വഴി അണുക്കളും കീടനാശിനികളുടെ അംശവും 98 ശതമാനം വരെ കുറയുന്നതായി തെളിഞ്ഞിട്ടുണ്ട്.  പത്തു ശതമാനം ഉപ്പു ലായനിയിൽ 20 മിനിട്ട് മുക്കിവയ്ക്കുമ്പോഴും ഇതേ ഫലം ലഭിക്കുകയുണ്ടായി. വിനാഗിരി ലായനിയിൽ 15 മിനിട്ട് മുക്കിവയ്ക്കുന്നതും ഗുണം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.  മുക്കി വയ്ക്കുന്നതിനു മുൻപ് 30 സെക്കൻഡ് വെള്ളത്തിൽ ഉലച്ചെടുത്തിട്ടു വയ്ക്കുന്നതാണ് കൂടുതൽ മെച്ചം.

ഇലകൾ വൃത്തിയാക്കാം

ചീര പോലുള്ള ഇലകൾ കൊണ്ടുവന്നാൽ ഫ്രിജിൽ വയ്ക്കും മുൻപ് തന്നെ അതിന്റെ ചുവടുഭാഗം നീക്കുക. ശേഷം ഉപ്പു വെള്ളത്തിലോ വിനാഗിരി വെള്ളത്തിലോ 10 മിനിറ്റ് മുക്കിവയ്ക്കുക. തുടർന്ന്  നല്ല വെള്ളത്തിൽ രണ്ടു മൂന്നാവർത്തി മെല്ലെ കഴുകി വെള്ളം വാർന്നു പോകാൻ വയ്ക്കുക. നല്ലവണ്ണം വെള്ളം പോയശേഷം ടിഷ്യു കൊണ്ടോ കോട്ടൺ തുണി കൊണ്ടോ നനവ്  ഒപ്പി മാറ്റി ഫ്രിജിൽ വയ്ക്കുക. പുതിനയിലയും കറിവേപ്പിലയും ഇതുപോലെ വൃത്തിയാക്കി  കോട്ടൺ തുണിയിൽ പൊതിഞ്ഞു വയ്ക്കാം.

ക്ലീനിങ് ലായനി വീട്ടിൽ തയാറാക്കാം

അഞ്ചു ലീറ്റർ വെള്ളത്തിൽ  ഒരു ടീസ്പൂൺ മഞ്ഞളും  ഒരു നാരങ്ങ പിഴിഞ്ഞതും  തയാറാക്കി വയ്ക്കുക.  ഇതിൽ 15–20 മിനിറ്റ് നേരം പച്ചക്കറികൾ മുക്കിവയ്ക്കുന്നതു  ഗുണ‌ം ചെയ്യുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഒരു ലീറ്റർ വെള്ളത്തിൽ  അര കപ്പ് ഉപ്പ്, 3 ടേബിൾ സ്പൂൺ ബേക്കിങ് സോഡ എന്നിവ കലർത്തി  അതിൽ 15–20 മിനിറ്റു നേരം പച്ചക്കറികൾ  മുക്കിവയ്ക്കുന്നതും അഴുക്കുകളും അണുക്കളും കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.  അതുകഴിഞ്ഞ് 3–4 തവണ വെറും വെള്ളത്തിൽ കഴുകി എടുക്കേണ്ടതാണ്.

പച്ചക്കറികളുടെ ചതഞ്ഞതും ചീഞ്ഞുതുടങ്ങിയതുമായ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയശേഷം കഴുകി എടുക്കാന്‍ ശ്രദ്ധിക്കണം. കാബേജ് പോലത്തെ ഇലക്കറികളെ വെള്ളത്തില്‍ മുക്കിയശേഷം അവയുടെ പുറംതോലുകള്‍ മാറ്റുന്നതാണു നല്ലത്. കാബേജിന്റെ പുറത്തെ മൂന്നു ഇലകളെങ്കിലും മാറ്റിയ ശേഷം ഉപയോഗിക്കുക. കാബേജും കോളിഫ്ളവറും ഉപ്പു ചേർത്ത ചെറു ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുന്നതും നല്ലതാണ്, കഴുകാൻ ബുദ്ധിമുട്ടുള്ള കോളിഫ്ളവർ , ബ്രൊക്കോളി  പോലുള്ള പച്ചക്കറികളും വിനാഗിരി കലർത്തിയ വെള്ളത്തിൽ അഞ്ചു  മിനിട്ടു മുക്കിവച്ച ശേഷം കഴുകുന്നത് അണുക്കളും രാസവളങ്ങളുടെ അവശിഷ്ടവും കുറയ്ക്കുന്നതായി കണ്ടിരിക്കുന്നു

കോളിഫ്ളവർ ഒാരോ ഇതളായി അടർത്തിയെടുത്തുവേണം കഴുകാൻ. അതിനുശേഷം ടിഷ്യു പേപ്പര്‍ കൊണ്ടോ വൃത്തിയുള്ള തുണികൊണ്ടോ തുടച്ചുവയ്ക്കാം. സുഷിരങ്ങളുള്ള പാത്രത്തിൽ  ഒരു രാത്രി വച്ച ശേഷം ഫ്രിജിൽ വയ്ക്കുകയുമാകാം. ഇവയിൽ ഈര്‍പ്പം നിന്നാല്‍ അണുബാധ ഉണ്ടാകാന്‍ ഇടയുണ്ട്. പച്ചമുളകും കാപ്സിക്കവും തക്കാളിയും ഞെട്ടടർത്തി വേണം ഫ്രിജിൽ സൂക്ഷിക്കാൻ.

  കിഴങ്ങുകള്‍ കഴുകാന്‍ പാത്രത്തില്‍ വെള്ളം പിടിച്ചുവയ്ക്കുന്നതാണ് നല്ലത്. വെള്ളം പാഴാക്കുന്നത് ഇങ്ങനെ ഒഴിവാക്കാന്‍ സാധിക്കും. മുറിച്ചുവച്ച പച്ചക്കറികളെ എത്രയും വേഗം ഫ്രിജിലേക്ക് മാറ്റേണ്ടതാണ്.

കഴുകാൻ വെജിവാഷ്

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കാണുന്ന അരിഞ്ഞ പച്ചക്കറിക്കൂട്ടുകള്‍ (അവിയല്‍, തോരന്‍, സാമ്പാര്‍ എന്നിങ്ങനെ) ഫൂഡ് ഗ്രേഡ് സോഡിയം െെഫപ്പോക്ലോെെററ്റില്‍ (100 പി.പി.എം.) മുക്കി വച്ചതായിരിക്കും. രണ്ടു ദിവസം വരെ കേടാകാതിരിക്കാനാണ് ഈ രീതി അവലംബിക്കുന്നത്.

കാര്‍ഷിക സര്‍വകലാശാല ‘െവജി വാഷ്’ എന്നൊരു െെജവമിശ്രിതം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ കീടനാശിനികളുടെ അവശിഷ്ടവും അണുക്കളുടെ തോതും നന്നേ കുറയ്ക്കുന്നതായി പഠനറിപ്പോര്‍ട്ടുകളുണ്ട്. വെജി വാഷ് 10 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിക്കണം. എന്നിട്ട് പച്ചക്കറികൾ അതിൽ 10 മിനിറ്റ് മുക്കിവയ്ക്കുക. തുടർന്നു രണ്ടു മൂന്നു തവണ ശുദ്ധജലത്തിൽ കഴുകിയെടുക്കാം.

ഡോ. സുമ ദിവാകർ

പ്രഫസര്‍ & ഹെഡ്

ഡിപ്പാര്‍ട്ട്മെന്റ് ഒാഫ്
കമ്യൂണിറ്റി സയന്‍സ്

കാര്‍ഷിക കോളജ്, വെള്ളായണി

Tags:
  • Manorama Arogyam
  • Health Tips