Thursday 16 April 2020 12:21 PM IST

ലോക്ഡൗൺ കാലത്ത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ രണ്ടിരട്ടിയിലധികം ; നിഴല്‍ മഹാമാരിയായി ഗാര്‍ഹിക പീഡനം

Santhosh Sisupal

Senior Sub Editor

story-health

കോവിഡ് -19 ആഗോള പകർച്ചവ്യാധിയായി തുടരുമ്പോൾ, ഗാര്ഹികപീഡനം ലോകത്തെമ്പാടും വർദ്ധിക്കുന്നതായി യു.ൻ  സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്  (Antonio Guterres) അഭിപ്രായപ്പെടുകയുണ്ടായി. മോഷണം, കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ കുറഞ്ഞുവെങ്കിലും,ലോക്ക്ഡൗൺ കാലത്തെ  ഗാർഹിക പീഡനം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ വർധിച്ചിരിക്കുന്നതായി വിദഗ്ദർ വിലയിരുത്തുന്നു. ദേശീയ വനിതാ കമ്മീഷന്റെ കണക്കുപ്രകാരം, ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തെ കുറിച്ചുള്ള പരാതികളിൽ രണ്ടിരട്ടിയിലധികം വർദ്ധനവാണ് ലോക്ക് ഡൗൺ  കാലത്ത്  രേഖപ്പെടുത്തിയത്.  കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത്, സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനത്തെ നിഴല്‍ മഹാമാരി അഥവാ  “ഷാഡോ പാൻഡെമിക്”(Shadow Pandemic) ആയാണ് ഐക്യരാഷ്ട്രസഭ പരിഗണിച്ചിരിക്കുന്നത്.

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും

മാർച്ച് 23 മുതൽ ഏപ്രിൽ 10 വരെയുള്ള കാലയളവിൽ 370 ഓളം പരാതികളാണ് ദേശീയ വനിതാകമ്മീഷന് ലഭിച്ചത്. ഇതിൽ 123 എണ്ണം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളാണ്. ഗാർഹിക പീഡനങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പങ്കാളിയില്‍ നിന്നുമുള്ള അക്രമം (Inmate Partner Violence) ആണ് . WHO യുടെ നിർവ്വചനം  പ്രകാരം  പങ്കാളി അക്രമം മാനസികമോ, ശാരീരികമോ, ലൈംഗികമോ ആകാം. പങ്കാളിയെ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു ഭീഷണിപ്പെടുത്തുക, മറ്റുള്ളവരുടെ മുന്നിൽ വച്ച് നിരന്തരമായി ചെറുതാക്കി സംസാരിക്കുക, അനാവശ്യമായി സ്വഭാവം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, കുടുമ്പത്തിലും സുഹ്രുത്തുക്കൾക്കിടയിലും ഒറ്റപ്പെടുത്തുക, സാമ്പത്തികം, ആരോഗ്യം, ജോലി , വിദ്യാഭ്യാസം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കുക, ശാരീരികമായോ, മാനസികമായോ, ലൈംഗികമായോ പീഡിപ്പിക്കുക , ആക്രമിക്കുക, എന്നിവയെല്ലാം ഇതിൽ പെടും. ലോകത്താകമാനമുള്ള കണക്കുകളെടുത്ത് പരിശോധിച്ചാൽ, സ്ത്രീകളാണ് പുരുഷന്മാരേക്കാൾ പങ്കാളി അക്രമത്തിന് വിധേയരാകുന്നത്. കോവിഡ്-19 മായി ബന്ധപ്പെട്ട ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ, മറ്റൊന്നും ചെയ്യാനില്ലാതെ വീട്ടിലിരിക്കുന്നതിനാൽ പുരുഷന്മാർക്കുണ്ടാകുന്ന അസഹിഷ്ണുതയാണ് ഗാർഹിക പീഡനത്തിത്തിൻറെ പ്രധാന കാരണങ്ങളിൽ ഒന്നായി ചുണ്ടിക്കാണിക്കപ്പെടുന്നത്.കാരണം, ദുരഭിമാനം.. അസൂയ..

പങ്കാളി അക്രമം പോലുള്ള ഗാർഹിക പീഡനങ്ങൾക്കുള്ള കാരണം പലതാണ്. അക്രമകാരികൾ പൊതുവെ ദുരഭിമാനികളും പങ്കാളിയോട് അസൂയ ഉള്ളവരും ആയിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പങ്കാളി തൻറെ അധീനതയിൽ തന്നെ നിൽക്കണമെന്ന് ഇവർ കരുതുന്നു. ഇതിനു വിരുദ്ധഹമായ എന്തെങ്കിലും സൂചനകൾ ഇവരുടെ അപകർഷതാബോധത്തെ ഉണർത്തും. ഇവർക്ക് ദേഷ്യം നിയന്ത്രിക്കാനുള്ള കഴിവ് പൊതുവെ കുറവാണ്.  ചെറുപ്രായം, കുറഞ്ഞ വിദ്യാഭ്യാസ നിലവാരം, കുട്ടിക്കാലത്ത് അക്രമത്തിന് സാക്ഷ്യം വഹിക്കുകയോ അനുഭവിക്കുകയോ ചെയ്യുക, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷകരമായ ഉപയോഗം, വ്യക്തിത്വ വൈകല്യങ്ങൾ (Personality Disorders), അക്രമത്തിന്റെ സ്വീകാര്യത, പങ്കാളികളെ ഉപദ്രവിച്ചിട്ടുള്ള  മുൻകാല ചരിത്രം, ബന്ധത്തിലെ പൊരുത്തക്കേട് അല്ലെങ്കിൽ അസംതൃപ്തി, കുടുംബത്തിൽ പുരുഷ ആധിപത്യം, സാമ്പത്തിക സമ്മർദ്ദം, പരസ്ത്രീ ബന്ധം, വിദ്യാഭ്യാസ മേഖലയിലെ  അസമത്വം ( സ്ത്രീക്ക് പങ്കാളിയെക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യത), ദാരിദ്ര്യം, സ്ത്രീയുടെ  സാമൂഹികവും സാമ്പത്തികവുമായ താഴ്ന്ന നില, സ്ത്രീകളുടെ പൗരാവകാശങ്ങളുടെ അഭാവം, സായുധ സംഘട്ടനവും സമൂഹത്തിൽ ഉയർന്ന തോതിലുള്ള അക്രമങ്ങൾ എന്നിവയെല്ലാം ഇതിലേക്ക് വഴിതുറക്കുന്നു.

നമ്മുടെ നാട്ടിൽ ഇത്തരം ഗാർഹിക പീഡനങ്ങൾ ഇപ്പോഴും തുടരുന്നതിനുള്ള പലവിധ കാരണങ്ങളുണ്ട്. പാരമ്പര്യമായി പുരുഷാധിപത്യപ്രവണതയുള്ള ഒരു സമൂഹമാണ് നമ്മുടേത്. സ്ത്രീപുരുഷ സമത്വത്തെ കുറിച്ചുള്ള കനത്ത പരാമർശങ്ങളിൽ പോലും പലപ്പോഴും ഈ മേൽക്കോയ്മയുടെ അദൃശ്യസാന്നിധ്യം ഇവിടെ സ്വാഭാവികമാണ്. മറുനാട്ടിൽ പോയി സമത്വത്തോടെ ജീവിച്ചിരുന്ന പലരും നാട്ടിൽ തിരിച്ചെത്തുമ്പോൾ പരമ്പരാഗത വിശ്വാസങ്ങളിലേക്ക് കൂപ്പുകുത്തുന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്ന തമാശയാണ്. സ്വാഭാവികമായും പുരുഷന്മാർക്ക് സ്ത്രീകളുടെ മേൽ "കുതിരകേറുവാനുള്ള" എല്ലാ അവകാശങ്ങളും നമ്മുടെ സമൂഹത്തിന്റെ അലിഖിത നിയമസംഹിതയിൽ സജീവമാണ്. നേരത്തെ പറഞ്ഞ പഠനങ്ങളുടെ കണ്ടെത്തലുകൾക്കൂടി എഴുതിച്ചേർത്താൽ ഇവിടെ നടക്കുന്ന പങ്കാളി അക്രമങ്ങളുടേയും മറ്റു ഗാർഹിക പീഢനങ്ങളുടേയും കാരണം വ്യക്തമാവും.എന്തുകൊണ്ട് ലോക്ഡൗണ്‍ സമയം?

കോവിഡ്-19 ൻറെ  പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗൺ അക്രമങ്ങൾക്ക് പ്രചോദനമാവുന്നത് അധികാരവും നിയന്ത്രണവും നഷ്ടപ്പെടുന്നതു കൊണ്ടുള്ള നിരാശമൂലമാണെന്നാണ്  വിലയിരുത്താം. പക്ഷെ, അതിനേക്കാളുപരി നമ്മുടെ പരമ്പരാഗത വിശ്വാസങ്ങൾ, സാമൂഹിക ഘടന, എന്നിവ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ ഇതിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.  തൊഴിലില്ലായ്മ, കുറഞ്ഞ വരുമാനം, വിഭവങ്ങളുടെ പരിമിതി, സാമൂഹിക പിന്തുണയുടെ അഭാവം എന്നിവ, അക്രമകാരികളുടെ അപകർഷതാബോധവും ദുരഭിമാനവും വർദ്ധിപ്പിക്കുന്നുണ്ടായിരിക്കും. വീട്ടിൽ തന്നെ ഇരിക്കുന്നത് കൊണ്ട് പങ്കാളിയുടെ ഓരോ ചലനങ്ങളും ഇവരുടെ ശ്രദ്ധയിൽ പെടുന്നു. പങ്കാളിയുടെ പ്രവർത്തനങ്ങളിലെ കുഞ്ഞുകുഞ്ഞുതെറ്റുകൾ പോലും ഇവരെ പ്രകോപിപ്പിക്കുന്നുണ്ടാവാം. ലിംഗസംവേദനക്ഷമത (gender sensitization) തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇവർ സമൂഹത്തിൽ പരമ്പരാഗതമായി പരിശീലിച്ചു പോരുന്ന മേധാവിത്വം പ്രകടിപ്പിക്കുന്നതാണ് ഇപ്പോൾ പെട്ടെന്ന് വർദ്ധിച്ചു കാണുന്ന ഗാർഹിക പീഡനങ്ങൾക്കുള്ള കാരണം.

image-2-finalനിസ്സഹായതയെ മുതലാക്കുന്നു


ആക്രമിക്കുന്നതാരായാലും, അക്രമത്തിനിരയാകുന്നവർക്കത് ഒറ്റപ്പെടലും വിഷാദവും ആണ്, പ്രത്യേകിച്ച് ഈ ലോക്ക് ഡൗൺ സാഹചര്യത്തിൽ. സാമൂഹിക അകലം പാലിക്കേണ്ടത് കൊണ്ട് അടുത്ത സുഹൃത്തുക്കളോടോ മറ്റോ സഹായം അഭ്യർത്ഥിക്കാനുള്ള അവസരവും ഇല്ല. സോഷ്യൽ മീഡിയ, ഇന്റർനെറ്റ്, സെൽഫോൺ  മുതലായവ ഉപയോഗിക്കുമ്പോൾ അക്രമിയുടെ സൂക്ഷ്‌മനിരീക്ഷണത്തിനും അസുയയ്കും വിധേയരാവുകയും ചെയ്യുന്നു. ഗാർഹികപീഡനം ഇരയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. പരിക്ക്, നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദത്തിൽ നിന്ന് പല  രോഗങ്ങളും ഉടലെടുക്കുന്നു. പീഡനത്തിന്റെ സ്വാധീനം വളരെക്കാലം തുടരുമെന്ന് നിലവിലെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു പീഡനം കൂടുതൽ കഠിനമാകുമ്പോൾ അതിൻറെ സ്വാധീനം വർദ്ധിക്കുകയും ഇരയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, കാലക്രമേണ നശിക്കുകയും ചെയ്യുന്നു

ഇനി ഇത്തരം സാഹചര്യങ്ങൾ അനുകൂലമായാലും ഇര അക്രമിയെ വിട്ടുപോയ്ക്കൊള്ളണമെന്നില്ല. ലോരി ഹെയ്‌സ് (Lori Heise) എന്ന ജോൺ  ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ത ൻറെ മുപ്പത് വർഷത്തെ ഗാർഹികപീഡന ഗെവേഷണങ്ങളിൽ നിന്ന് പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ദേയമാണ്. പ്രതികാരഭയം, സാമ്പത്തിക പിന്തുണയുടെ ബദൽ മാർഗങ്ങളുടെ അഭാവം, അവരുടെ കുട്ടികളോടുള്ള ആശങ്ക, കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള പിന്തുണയുടെ അഭാവം, വിവാഹമോചനവുമായി ബന്ധപ്പെട്ട്  കുട്ടികളെ നഷ്ടപ്പെടുമോ എന്ന ആശങ്ക, സ്നേഹവും പങ്കാളി മാറുമെന്ന പ്രതീക്ഷയും മറ്റുമാണ് അദ്ദേഹം ഇതിനു കാരണമായി സൂചിപ്പിക്കുന്നത്. കോവിഡ്-19  നെതിരായ ഏറ്റുമുട്ടലിൽ "വീടാണ്" ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്ന് പറയുമ്പോഴും. ഗാർഹിക പീഡനത്തിനിരയാവുന്നവർക്ക്, , ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലമാണ് "വീട്".

ഗാർഹികപീഡനം തടയാം

ഇത്തരം പീഡനങ്ങള്‍  തടയാന്‍ പല നിയമങ്ങളും നമ്മുടെ നാട്ടിലുണ്ട്. അവഫലപ്രദമായി നടപ്പിലാക്കുകയും
സിവിൽ, ക്രിമിനൽ നിയമ ചട്ടക്കൂടുകൾ പരിഷ്കരിക്കുന്നതും  നിലവിലുള്ള സ്ത്രീകൾക്കെതിരെയുള്ള നിയമ   അവബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതും പ്രയോജനപ്പെടും. വിവാഹമോചനം-സ്വത്ത്- കുട്ടികളുടെ പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പൗരാവകാശങ്ങൾ ശക്തിപ്പെടുത്തുക, സർക്കാർ-സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെ സഖ്യങ്ങൾ കെട്ടിപ്പടുക്കുക, സാമൂഹിക മാറ്റം നേടുന്നതിന് സ്വഭാവ മാറ്റ ആശയവിനിമയം (Behavioural Change Communication) ഉപയോഗിക്കുക,സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം പ്രോത്സാഹിപ്പിക്കുക, അഹിംസയും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുന്നതിന് പുരുഷന്മാരെയും ആൺകുട്ടികളെയും സജ്ജരാകുക വഴി സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങള്‍ തുടച്ചുനീക്കാൻ സാധിക്കും. 
"മറ്റാരെങ്കിലും വന്ന് നിങ്ങൾക്കായി സംസാരിക്കാൻ കാത്തിരിക്കരുത്. നിങ്ങൾക്കാണ് ലോകത്തെ മാറ്റാൻ കഴിയുന്നത്"
- മലാല യൂസഫ്‌സായ്

സഹായം തേടാന്‍ വാട്സാപ് നമ്പര്‍

ദേശീയ വനിതാകമ്മീഷനില്‍  റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ, ഉത്തർപ്രദേശ്, ബീഹാർ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഗാര്ഹികപീഡനങ്ങളാണ് ഏറെയും. തൽഫലമായി, ഇതിനോടകം തന്നെ പ്രവർത്തിക്കുന്ന ഓൺലൈൻ പരാതി ലിങ്കുകൾക്കും ഇമെയിലു (email) കൾക്കും പുറമേ ഗാർഹിക പീഡന പരാതികൾ നേരിടുന്ന സ്ത്രികൾക്ക്  അടിയന്തര വാട്ട്‌സ്ആപ്പ് നമ്പർ (+917217735372) ദേശീയ വനിതാ കമ്മീഷൻ ഏർപ്പെടുത്തുകയും ചെയ്തു. ഗാര്‍ഹിക പീഢനങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ഈ നന്പരിലേക്ക സന്ദേശമയച്ചാല്‍ സഹായം ലിക്കും.

 തയാറാക്കിയത്

മെബിൻ വിൽ‌സൺ തോമസ്

അസിസ്റ്റന്റ് പ്രൊഫസർ

ഡിപ്പാർട്മെൻറ് ഓഫ് ഫോറൻസിക് സയൻസ്

ജെയിൻ യൂണിവേഴ്‌സിറ്റി

ബാംഗ്ലൂർ

Mail Id : mebinforensic@gmail.com

 
Dr. കെ. ആർ .സന്തോഷ്

അസിസ്റ്റന്റ പ്രൊഫസർ

ഡിപ്പാർട്മെൻറ് ഓഫ് സൈക്കോളജി

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി  

ബാംഗ്ലൂർ

Mail Id : santhosh.kr@christuniversity.in

Tags:
  • Manorama Arogyam