Monday 26 October 2020 05:08 PM IST : By ഡോ. ഭവ്യ എസ്

ഓൺലൈൻ ക്ലാസ്സുകൾ മനസ്സമാധാനം കളയുന്നുവോ? ഈ ടിപ്സ് പരീക്ഷിക്കാം

tretonline45

ഒാൺലൈൻ ക്ലാസ്സിന്റെ നോട്ട് എഴുതാൻ ആവശ്യപ്പെട്ട അമ്മയോട് പൊട്ടിത്തെറിച്ച് പ്രതികരിക്കുന്ന കുട്ടിയുടെ വിഡിയോ നമ്മളിൽ പലരും കണ്ടുകഴിഞ്ഞു.  പഠനരീതികളും, കഴിവുകളും മറക്കാതിരിക്കാനും അധ്യയന വര്‍ഷം നഷ്ടപ്പെടാതിരിക്കാനും മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒഴിച്ചുകൂടാനാവില്ല. പക്ഷേ, പല മാതാപിതാക്കളും ഓണ്‍ലൈന്‍ ക്ലാസുകളെപ്പറ്റി ആശങ്കകള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇത് മറികടക്കാന്‍ ആധികാരികമായ അറിവ് ആവശ്യമാണ്.

കുട്ടി കൂടുതല്‍ നേരം സ്‌ക്രീനില്‍ നോക്കി ഇരിക്കേണ്ടി വരുന്നത് അവരുടെ കണ്ണുകള്‍, കഴുത്ത്, നട്ടെല്ല് എന്നിവയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അധികം ആയാസമില്ലാതെ ഫലപ്രദമായി ക്ലാസുകളില്‍ പങ്കെടുക്കാം. പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനമാണ്. കുട്ടിയുടെ ശ്രദ്ധ തിരിക്കുന്ന മറ്റ് ഘടകങ്ങള്‍ ഇല്ലാത്ത സ്ഥലം തിരഞ്ഞെടുക്കുക. ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ പ്രത്യേകം സ്ഥലം പഠിക്കാന്‍ ഒരുക്കുക. മിതമായ രീതിയില്‍ പ്രകാശം കിട്ടുന്ന സ്ഥലമാണ് അഭികാമ്യം. ഇരുണ്ട മുറിയും അധിക പ്രകാശമുള്ള സ്ഥലവും ഒഴിവാക്കുക. നിവര്‍ന്നിരിക്കാന്‍ കഴിയുന്ന രീതിയില്‍ കസേരയും മേശയും ക്രമീകരിക്കുക.

ഇരിപ്പ് എങ്ങനെ വേണം?

നട്ടെല്ലിന് സപ്പോര്‍ട്ട് കിട്ടുന്ന തരം കസേര ഉപയോഗിക്കുക. ഐ ലെവലിന് (കണ്ണിന്റെ നിരപ്പ്) തൊട്ടു താഴെ വരുന്ന രീതിയില്‍ സ്‌ക്രീന്‍ വരുന്നതാണ് നല്ലത്. കഴിയുമെങ്കില്‍ വലിപ്പം കൂടിയ സ്‌ക്രീന്‍ ഉപയോഗിക്കുക. സ്‌ക്രീന്‍ കുറഞ്ഞത് 30-40 സെന്റീമീറ്റര്‍ അകലത്തില്‍ വയ്ക്കണം. തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കുന്നത് കൊണ്ടുള്ള ആയാസം കുറയ്ക്കാനായി ഇടയ്ക്ക് ദൂരെ ഉള്ള ഒരു ബിന്ദുവിലേക്ക് കൂടി നോക്കാന്‍ കുട്ടിയോട് ആവശ്യപ്പെടാം. ക്ലാസുകള്‍ക്ക് ഇടയിലുള്ള ഇടവേളകളില്‍ കുറച്ചു നേരം കണ്ണടച്ചിരിക്കുന്നതും നല്ലതാണ്. ഇടവിട്ട് കണ്ണ് ചിമ്മുന്നത് കണ്ണിന്റെ വരള്‍ച്ച തടയാന്‍ സഹായിക്കും. വൈറ്റമിന്‍ എ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം പരിരക്ഷിക്കാന്‍ സഹായിക്കും. ക്ലാസുകളുടെ ഇടവേളകളില്‍ എഴുന്നേറ്റ് നില്‍ക്കുന്നതും ചെറിയ രീതിയിലുള്ള വ്യായാമം ചെയ്യുന്നതും കഴുത്തിനും നട്ടെല്ലിനും ആയാസം കുറയ്ക്കാന്‍ സഹായിക്കും.

സ്‌കൂളില്‍ പോകുന്നില്ലെങ്കിലും കൃത്യമായ ദിനചര്യ പാലിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കാം. കൃത്യമായ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക, പ്രഭാത കര്‍മ്മങ്ങള്‍ ചെയ്യുക, സമയത്ത് ആഹാരം കഴിക്കുക എന്നിവ സ്‌കൂള്‍ ഉള്ളപ്പോള്‍ എന്ന പോലെ തുടരാന്‍ പ്രോത്സാഹിപ്പിക്കുക. ഒരു ദിവസം 30 മിനിട്ട് എങ്കിലും വ്യായാമം ചെയ്യുന്നത് അമിത വണ്ണം കുറയ്ക്കുകയും കുട്ടിയുടെ ഉന്മേഷവും ആരോഗ്യവും നിലനിര്‍ത്തുകയും ചെയ്യുന്നു.

ശ്രദ്ധ മാറാതിരിക്കാൻ

കുട്ടിക്ക് ക്ലാസിലെ ആവശ്യത്തിനായി കൊടുക്കുന്ന മൊബൈല്‍ ഫോണ്‍/ലാപ്‌ടോപ്പ് ദുരുപയോഗം ചെയ്യാതെ സൂക്ഷിക്കുക. ക്ലാസ് സമയത്തിന് ശേഷവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുക. ആവശ്യമില്ലാത്ത സാമൂഹ്യ മാധ്യമ ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതും സെയ്ഫ് സെര്‍ച്ച്, പാരന്റിംഗ് കണ്‍ട്രോള്‍ എന്നിവ ഉപയോഗിക്കുന്നതും വഴി ഈ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം ഒരു പരിധി വരെ കുറയ്ക്കാം.

ആത്മവിശ്വാസം വളർത്താം

ക്ലാസ്സില്‍ ശ്രദ്ധിക്കുന്നതു പോലെ എല്ലാ കുട്ടികളേയും ഒന്നുപോലെ ശ്രദ്ധിക്കാന്‍ ടീച്ചറിന് കഴിഞ്ഞെന്ന് വരില്ല. കുട്ടിയുടെ സ്വയം പ്രേരണ ഉണ്ടെങ്കില്‍ മാത്രമെ ഫലവത്തായി ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. കുട്ടിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചോദിച്ച് മനസ്സിലാക്കുക. ആവശ്യമുണ്ടെങ്കില്‍ കുട്ടിയുടെ ടീച്ചറിനോടും സ്‌കൂള്‍ അധികൃതരോടും  സംസാരിച്ച് ക്ലാസുകളില്‍ വേണ്ട മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക. തന്നെപ്പോലെ തന്നെ മറ്റ് കുട്ടികള്‍ക്കും ഇതൊരു പുതിയ അനുഭവമാണെന്ന തിരിച്ചറിവും മറ്റ് കുടുംബാംഗങ്ങളുടെ സഹായം ഉണ്ടെന്ന തോന്നലും കുട്ടിയില്‍ ആത്മവിശ്വാസം വളര്‍ത്തും.

കുട്ടികള്‍ മുതിര്‍ന്നവരെ അപോക്ഷിച്ച് പെട്ടെന്ന് മാറ്റങ്ങളോട് പൊരുത്തപ്പെടുന്നവരാണ്. തുടക്കത്തിലെ സഹായവും മാതാപിതാക്കളുടെ നിരീക്ഷണവും ഉണ്ടെങ്കില്‍ ഫലവത്തായി ഓണ്‍ലൈന്‍ ക്ലാസുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും.

ഡോ. ഭവ്യ എസ്, 

കൺസൽറ്റന്റ് പീഡിയാട്രീഷൻ

എസ്‌യു‌റ്റി ഹോസ്പിറ്റൽ, തിരുവനന്തപുരം

Tags:
  • Parenting Tips
  • Manorama Arogyam
  • Kids Health Tips