Saturday 07 November 2020 04:41 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

കടല കൊറിച്ച യുവതി തളർന്നുപോയെന്ന വാർത്ത: പീനട്ട് അലർജി ഇത്ര ഭീകരമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

xasda

പീനട്ട് അലർജി മൂലം യുവതി തളർന്നുപോയതായുള്ള വാർത്ത കണ്ടിരുന്നു. ട്രെയിൻ, വിമാനം പോലുള്ള പൊതുയാത്രാസംവിധാനങ്ങളിൽ കടല കൊറിച്ചാൽ തരികൾ പറന്ന് അലർജിയുള്ളവർക്ക് ദോഷകരമാകുമോ? എന്താണ് ഈ അലർജിയുടെ ലക്ഷണങ്ങൾ?

കപ്പലണ്ടി അഥവാ കപ്പലണ്ടിയുടെ ചെറിയ തരികൾ ശ്വസിച്ചാൽ അലർജിയുണ്ടാകാനുള്ള സാധ്യത വിരളമാണ്. അണ്ടിപരിപ്പിലെ പ്രോട്ടീൻ ശരീരത്തിൽ ചെന്നാൽ മാത്രമേ അലർജി ഉണ്ടാകുന്നുള്ളു. ഇതേകാരണം കൊണ്ടു തന്നെ നട്സിന്റെ മണം ശ്വസിച്ചാലും പ്രശ്നമുണ്ടാകാറില്ല.

പീനട്ട് അലർജിയുടെ ലക്ഷണങ്ങൾ താഴെ പറയുന്നു. മൂക്ക് ഒലിപ്പ്, തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന തടിപ്പ്, വായുടെയും തൊണ്ടയുടെയും ചുറ്റുമുള്ള ചൊറിച്ചിൽ, ശ്വാസംമുട്ടൽ, തൊണ്ടവേദന, ദഹനപ്രശ്നങ്ങളായ വയറിളക്കം, വയറുവേദന, ഒാക്കാനം, ഛർദി മുതലയാവയാണ്. ഇത്തരം അലർജിയുള്ളവർ കടലയോ കടല ചേർന്ന ഭക്ഷണങ്ങളോ ഒഴിവാക്കുക. മറ്റുള്ള അണ്ടിപ്പരിപ്പ്കളായ ബദാം, കശുവണ്ടി, വാൽ‌നട്ട് മുതലായവയും പീനട്ട് അലർജി ഉള്ളവർക്ക് അലർജി വരുത്തുവാനുള്ള സാധ്യതയുണ്ട്. കടലയോട് അലർജി ഉള്ളവർ കടല ചേർത്ത ബിസ്ക്കറ്റുകൾ, കടലചേർത്ത് ബേക്ക് ചെയ്ത ഭക്ഷണങ്ങൾ, വീട്ടിലുണ്ടാക്കുന്ന കടലമിഠായി, കടല ചേർന്ന ഐസ്ക്രീം, കടല ചേർന്ന ചൈനീസ് വിഭവങ്ങൾ, മെക്സിക്കൻ, മെഡിറ്ററേനിയൻ ഭക്ഷണങ്ങൾ എന്നിവ കഴിക്കരുത്.

കടകളിൽ നിന്നു വാങ്ങുന്ന ടിൻ ഫൂഡിന്റെ ചേരുവകളിൽ കടലയുണ്ടോ എന്ന് നോക്കേണ്ടതാണ്. പീനട്ട് ബട്ടർ, മിക്സഡ് നട്സ്, ചില പ്രോട്ടീൻ പൗഡറിലുള്ള പീനട്ട് പ്രോട്ടീൻ ഹൈഡ്രോലിസേറ്റ് എന്നിവയും ഒഴിവാക്കണം. സാധാരണ കഴിക്കുന്ന പേസ്ട്രീസ്, കുക്കീസ്, നൂഡിൽസ്, സോസുകൾ സാലഡ് ജ്രസിങ്, പുഡിങ്, ഹോട്ട് ചോക്ലേറ്റ്, പാൻകേക്ക്, ചിലതരം പിസകൾ എന്നിവയിൽ പീനട്ട്ചേർക്കാം. പീനട്ട് അലർജിയുള്ളവർ ഇവയിൽ പീനട്ട് ചേർത്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയേ കഴിക്കാവൂ.

ഡോ. ബിനു കൃഷ്ണൻ

അലർജി സ്പെഷലിസ്റ്റ്, ശ്വാസകോശരോഗവിദഗ്ധൻ

ഡോ. മിനി മേരി പ്രകാശ്, ഡയറ്റീഷൻ

പിആർഎസ് ഹോസ്പിറ്റൽ, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips