Saturday 19 December 2020 03:18 PM IST : By എഴുത്ത്: ജിതിൻ ജോഷി

പ്രകൃതിയെ അറിയാനും പഴമയിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്നവർ ഒരിക്കലെങ്കിലും ഇവിടെ വരണം; അഹല്യ ഹെറിട്ടേജ് വില്ലേജിന്റെ വിശേഷങ്ങൾ

ahalya m

‘കാട് ഒരു ഇലയായി നിൽക്കുന്ന കാലമുണ്ട്, കാലം ഒരുതുള്ളി വെള്ളം കടൽ അടക്കിപ്പിടിച്ച് ഒരൊറ്റ മടുവ് പോലെയും... വി.കെ ശ്രീരാമന്റെ കാട് എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. കാട് എന്നത് ഒരിലയായി, സങ്കല്പായി ചുരുങ്ങിയ കാലം നമുക്ക് തൊട്ടരികെ എത്തിക്കഴിഞ്ഞു. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പ്രവചനാതീതമായ മാറ്റങ്ങൾ. ഒരുകാലത്ത് കാടുകളും കാവുകളും കുളങ്ങളും കൊണ്ടു സമൃദ്ധമായിരുന്ന നമ്മുടെ നാട് ഇന്ന് ഓർമകളില്‍ ഒതുങ്ങിപ്പോയിരിക്കുന്നു. കാടുസംരക്ഷണം, ജലസംരക്ഷണം എന്നീ ആശയങ്ങൾ എല്ലാവരും മനസ്സിൽ കൊണ്ടുനടക്കുന്നു. പക്ഷേ അത് പ്രവൃത്തിയിലേക്കു കൊണ്ടുവരുന്നില്ല. എന്നാൽ ഈ ആശയങ്ങൾ വെറുതെ പേപ്പറിൽ ഒതുക്കാതെ പ്രവൃത്തിയിൽ കൊണ്ടുവന്ന ഒരു സ്ഥലമുണ്ട് കേരളത്തിൽ.

അധികം ആരാലും ശ്രദ്ധിക്കപ്പെടാതെപോയ ഈ സ്ഥലം കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന പാലക്കാട്‌ ജില്ലയിൽ ആണെന്നതാണ് അദ്ഭുതം. പാലക്കാട് ജില്ലയിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന വേലന്താവളം പ്രദേശത്തൊരു കാടുണ്ട്. കാടെന്നുപറഞ്ഞാൽ വെറുതെ കുറെ മരങ്ങളല്ല. ഒരുപാട് ഔഷധസസ്യങ്ങളും കാട്ടുവള്ളികളും കാവും കുളവും വയലും ശിൽപങ്ങളും എല്ലാം നിറയുന്നൊരു കൊച്ചുഗ്രാമം, അഹല്യ ഹെറിട്ടേജ് വില്ലേജ്. സമൂഹത്തിന്റെയും പ്രകൃതിയുടെയും നന്മയ്ക്കുപകരിക്കുന്ന ഈ തണൽ അഹല്യ ആശുപത്രി കുടുംബം നേതൃത്വം കൊടുത്ത് നിർമിച്ചെടുത്തതാണ്. പഴയകാലത്തേക്ക്, പ്രകൃതിയിലേക്ക് ഒരിക്കൽ കൂടി മടങ്ങിപോകണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇനി അഹല്യ ആശുപത്രിയുടെ കവാടം കടക്കാം. രോഗം ചികിത്സിക്കാൻ മാത്രമല്ല, സുന്ദരമായൊരു ഗ്രാമം കാണാൻ. വൈകുന്നേരങ്ങളിൽ ഇത്തിരി കാറ്റുകൊണ്ട് ശുദ്ധവായു ശ്വസിക്കാൻ. ഈ തണലിന്റെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുകയാണ് നിങ്ങൾക്ക് മുന്നിൽ...

ahalya m2

പാലക്കാട് പേരിൽ മാത്രം ‘കാട്’

എപ്പോഴും വീശിയടിക്കുന്ന കരിമ്പനക്കാറ്റ്. ദൂരെയായി കാണുന്ന വാളയാർ മലനിരകൾ. തണൽ വിരിച്ചു നിൽക്കുന്ന മാമരങ്ങൾ അങ്ങനെ കാഴ്ചകൾ ഏറെയുണ്ട് ഈ ഗേറ്റ് കടന്നാൽ.പാലക്കാട് ടൗണിൽ നിന്നും 24 കിലോമീറ്റർ കഞ്ചിക്കോട് ഭാഗത്തേക്ക് മാറി സ്ഥിതിചെയ്യുന്ന ഈ കാട് സഞ്ചാരികൾക്കായി നിരവധി കൗതുകങ്ങൾ കാത്തുവച്ചിട്ടുണ്ട്. ഒരു ഇരുപത് വർഷങ്ങൾ കൂടി കഴിയുമ്പോഴേക്കും എന്താവും നമ്മുടെ കേരളത്തിന്റെ അവസ്ഥ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോഴത്തെ തലമുറ തന്നെ നമ്മുടെ തനതായ പാരമ്പര്യത്തെയും കലാരൂപങ്ങളെയും ഒരുതരം അവഞ്ജയോടെയാണ് നോക്കിക്കാണുന്നത്. 'കേരളത്തനിമ' എന്ന് നാം അഹങ്കരിച്ചുനടന്നിരുന്ന പല കാര്യങ്ങളും ഇന്ന് കാലത്തിന്റെ യവനികയ്ക്കുള്ളിൽ പോയി മറഞ്ഞിരിക്കുന്നു.

ഈ അവസരത്തിലാണ് കേരളത്തിന്റെ പാരമ്പര്യത്തെയും നാട്ടുകലകളെയും സഞ്ചാരികൾക്കുമുന്നിൽ തുറന്നു കാണിക്കുന്ന ഹെറിറ്റേജ് വില്ലേജിന്റെ പ്രസക്തി. തീർത്തും പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഈ ഗ്രാമത്തിന്റെ പ്രവേശനകവാടം കടന്നാൽ കാഴ്ചകളുടെ ഉത്സവത്തിന് കൊടിയേറുകയായി. റോഡിന്റെ ഇരുവശത്തുമുള്ള മതിലുകളിൽ കൊത്തിയെടുത്തിരിക്കുന്ന ശിൽപങ്ങൾ കേരളത്തിന്റെ ശിൽപകലയുടെ മഹത്വം വിളിച്ചോതുന്നു.

ഇവിടെയുള്ള മിക്ക ശിൽപങ്ങളും പല പരിപാടികളുടെ ഭാഗമായി ഇവിടെയെത്തിയ വിവിധ കലാകാരന്മാരുടെ സംഭാവനയാണ്. മഴ പെയ്തു തോരുമ്പോൾ പ്രത്യേക ഭംഗിയാണ് ഇവിടം. സ്വതവേ പച്ചയണിഞ്ഞ പ്രകൃതി മഴയുടെ സ്പർശനമേൽക്കുമ്പോൾ കൂടുതൽ സുന്ദരിയാവുന്നു.

മഴയ്ക്ക് ശേഷം മരം പെയ്യുമ്പോൾ കല്ലുകൾ പാകിയ നനഞ്ഞു കിടക്കുന്ന നടപ്പാതകളിലൂടെ തണുത്ത കാറ്റേറ്റ്, കിളികളുടെ സംഗീതം ആസ്വദിച്ചുകൊണ്ട് നടക്കണം. നാം പ്രകൃതിയോടലിഞ്ഞ് ചേരുന്ന സുന്ദര നിമിഷമാകും അത്.

ahalya m1

കാടിന്റെയുള്ളിൽ കടമ്പിന്റെ ചോട്ടിൽ...

എണ്ണപ്പനകൾ, മാവുകൾ, പ്ലാവുകൾ, മറ്റുമരങ്ങൾ എന്നിവയ്ക്കുപുറമെ എണ്ണിയാൽ ഒടുങ്ങാത്തയത്രയും ആയുർവേദ മരുന്നുകളും ഈ കാടിനുള്ളിൽ സംരക്ഷിച്ചുവരുന്നു. ഇത്ര മനോഹരമായി പ്രകൃതിയെ സംരക്ഷിക്കുന്ന സ്ഥലങ്ങൾ കേരളത്തിൽ വളരെ കുറവാണ്. പ്രകൃതിയെ നോവിക്കാതെ, അതിനോട് പരമാവധി താദാത്മ്യം പ്രാപിച്ചുകൊണ്ട് നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണ്. മരങ്ങളെ നോവിക്കരുത് എന്ന് വിളിച്ചോതുന്ന രീതിയിൽ വഴികളിൽ നിൽക്കുന്ന മരങ്ങൾ അങ്ങനെതന്നെ നിലനിർത്തിക്കൊണ്ടാണ് വഴികൾ നിർമിച്ചിരിക്കുന്നത്. കാടിന്റെ ഹൃത്തിലൂടെ നടക്കുമ്പോൾ ഓടക്കുഴൽ നാദം പോലെ കുയിൽ പാടുന്നുണ്ട്, കാറ്റ് പുൽകുന്ന ഇലകൾ അതിനൊപ്പം നൃത്തമാടുന്നുണ്ട്.

കൂത്തമ്പലത്തിലെ ഒരു വൈകുന്നേരം

കലയെയും പുരാതന കലാരൂപങ്ങളെയും സ്നേഹിക്കുന്നവർക്കും പറ്റിയ ഇടമാണിവിടം. അന്യം നിന്നുപോകുന്ന കലകളെ സംരക്ഷിക്കുവാൻ മനോഹരമായ ഒരു കൂത്തമ്പലം അഹല്യ ഹെറിട്ടേജ് വില്ലേജിൽ ഒരുക്കിയിരിക്കുന്നു.

ചില സന്ധ്യകളിൽ മിഴാവിന്റെ താളം ഉയരാറുണ്ട് ഇവിടെ. കൂത്തുകളും കൂടിയാട്ടവും കഥകളിയുമൊക്കെയായി സജീവമാകുന്ന സായന്തനങ്ങൾ.

ഭരതമുനിയുടെ നാട്യശാസ്ത്രം പ്രകാരമാണ് ഓരോ കൂത്തമ്പലവും രൂപകൽപന ചെയ്യുന്നത്. ധാരാളം വിദ്യാർഥികൾ ഇതിനോട് ചേർന്നു നടത്തുന്ന വിദ്യാലയത്തിൽ വിവിധ കലാരൂപങ്ങൾ അഭ്യസിക്കാൻ വരുന്നുണ്ട്.

പുതുതലമുറയുടെ ഇടയിലും പഴയ കലാരൂപങ്ങളുടെ വിത്തുകൾ മുളയ്ക്കാനായി കാത്തുകിടപ്പുണ്ട് എന്നതിന്റെ തെളിവ്. അഭ്യസിക്കുന്ന കലയോടൊപ്പം കൂത്തമ്പലത്തിൽ എല്ലാ മാസവും അരങ്ങേറുന്ന വിവിധ പുരാതന കലാരൂപങ്ങളുടെ സ്വാധീനം കൂടിയാകുമ്പോൾ തികഞ്ഞ കലാബോധമുള്ള ഒരു പുതിയ തലമുറ ഇവിടെ പിറവിയെടുക്കുന്നു.

കൂത്തമ്പലത്തോട് ഏറെക്കുറെ ചേർന്നുതന്നെയാണ് പുരാതന സംഗീതോപകരണങ്ങളുടെയും മറ്റു വസ്തുക്കളുടെയും ഒരു അമൂല്യ ശേഖരമൊരുക്കിയിരിക്കുന്നത്.

തികച്ചും പഴമയോടിണങ്ങിയ രീതിയിൽ നിർമിച്ചിരിക്കുന്ന ഈ കെട്ടിടത്തിൽ രണ്ടുനിലകളിലായി അമൂല്യങ്ങളായ ധാരാളം സംഗീതോപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്നു. അതുപോലെ തന്നെ പഴയകാലങ്ങളിൽ വീടുകളിൽ ഉപയോഗിച്ചിരുന്ന വിളക്കുകൾ, റാന്തലുകൾ തുടങ്ങിയവ കാണാനും പരിചയപ്പെടാനും അവസരം ലഭിക്കും.

ഏത് ചൂടുകാലത്തും ഈ വീടുകളിൽ ലഭിക്കുന്ന സ്വാഭാവികതണുപ്പ് ഒരു അദ്ഭുതം തന്നെയാണ്..

ജലദൗർലഭ്യത നല്ലരീതിയിൽ അനുഭവിക്കുന്ന മേഖല ആയതിനാൽ അതിനും പരിഹാരം ഒരുക്കിയിട്ടുണ്ടിവിടെ.

നല്ല സംഭരണശേഷിയുള്ള എട്ടോളം സ്വാഭാവിക ജലസംഭരണികളാണ് ചെറിയ തടാകങ്ങളായും കുളങ്ങളായും ഒരുക്കിയിരിക്കുന്നത്. ഓരോ ജലാശയവും ഓരോ ആവാസവ്യവസ്ഥയാണ്. മീനുകളും താറാവുകളും മറ്റു ജലജീവികളും ഈ ജലാശയങ്ങളെ ചുറ്റിപറ്റി ജീവിക്കുന്നു. സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി സ്വന്തം സ്ഥലത്തുനിന്നും എന്ന ആശയവും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി കേരളത്തിലെ തന്നെ ഏറ്റവും വലുപ്പമേറിയ കാറ്റാടി യന്ത്രങ്ങൾ ഈ കാറ്റാടി പാടങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.

ahalya m4

സന്ദേശമാണ് അഹല്യ

പ്രകൃതി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം ചെയ്യാം എന്ന് നടപ്പിലാക്കി കാണിക്കാൻ അഹല്യ ഹെറിട്ടേജ് വില്ലേജിന് സാധ്യമായിട്ടുണ്ട്. ഈ 'നാട്ടുവനത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. (ആശുപത്രി ഇതേ കോമ്പൗണ്ടിൽ ആയതിനാൽ ) എന്നാൽ ഹെറിറ്റേജ് വില്ലേജിലെ കാഴ്ചകൾ ആസ്വദിക്കാൻ 30/- രൂപ ടിക്കറ്റ് ഉണ്ട്.

പ്രകൃതിയെ അറിയാനും പഴമയിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്നവർ തീർച്ചയായും ഒരിക്കലെങ്കിലും ഇവിടെ വരണം. പക്ഷേ ഒന്നോർക്കുക, പുതുതലമുറയുടെ മനസ്സിനെ മത്തുപിടിപ്പിക്കുന്ന, കണ്ണഞ്ചിപ്പിക്കുന്ന യാതൊന്നും ഇവിടെയില്ല. നിങ്ങൾക്ക് കാണാൻ സുന്ദരമായൊരു പ്രകൃതിയും പിന്നെ നാൾവഴികളിലെങ്ങോ നമുക്ക് കൈവിട്ടുപോയ കുറച്ചു കാഴ്ചകളുമാണ്.

മഴ പെയ്തുതോർന്ന വൈകുന്നേരങ്ങളിൽ, അല്ലെങ്കിൽ മീനച്ചൂടിൽ വെയിലാറിയ സന്ധ്യാനേരങ്ങളിൽ അങ്ങനെ എപ്പോൾ വേണമെങ്കിലും പ്രകൃതിയെ അറിയാൻ അഹല്യ ഹെറിട്ടേജ് വില്ലേജിന്റെ കവാടം കടക്കാം, പഴമയിലേക്ക് നടക്കാം.

ahalya m3
Tags:
  • Manorama Traveller