ശരീരത്തിന് ഉന്മേഷവും സുഖവും കിട്ടാനുള്ള പരിചരണമാണു ബോഡി മസാജ്. പേശികളെയും ഞരമ്പുകളെയും തഴുകിയുണർത്തുന്ന ചികിത്സ. ലോകത്ത് എല്ലായിടത്തും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നൂറു കണക്കിനു മസാജ് സെന്ററുണ്ട്. വിരൽ സ്പർശത്തിലൂടെ ആളുകളെ ‘സുഖിപ്പിക്കുന്ന’ മസാജ് ചൈനക്കാരുടെ കണ്ടുപിടിത്തമാണ്. മസാജ് ചെയ്ത് മഹാമാരി ഭേദമാക്കിയ നാട്ടുവൈദ്യന്മാരാണ് തങ്ങളുടെ പൂർവികരെന്നു ചൈനക്കാർ അഭിമാനിക്കുന്നു. ശരീരത്തെ മാത്രമല്ല മനസ്സിനെ മസാജ് ചെയ്യുന്ന മാന്ത്രികരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നത്രേ. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മനുഷ്യ മനസ്സിനെ അവർ മസാജ് ചെയ്തിരുന്നത്. കഠിന പരിശീലനത്തിലൂടെ ചൈനയിലെ സന്യാസിമാർ സ്വായത്തമാക്കിയ ഈ ചികിത്സയുടെ രഹസ്യം ജപ്പാനിൽ നിന്നുള്ള സന്യാസിമാർ ഒളിച്ചിരുന്നു പഠിച്ചെടുത്തു. ആയുധം ഉപയോഗിച്ചുള്ള മസാജ് ജപ്പാനിലെ പ്രചാരമുള്ള ചികിത്സയായി മാറി. ‘നൈഫ് മസാജ്’ എന്നാണ് ഈ ചികിത്സ ജപ്പാനിൽ അറിയപ്പെട്ടത്. ശിരസ്സു മുതൽ പാദം വരെ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് അമർത്തിയാണ് മസാജ് ചെയ്യുക. ശരീരത്തിന് ഉന്മേഷം, സുഖകരമായ ഉറക്കം, മനസ്സിലെ നെഗറ്റിവ് എനർജി നീക്കം ചെയ്യൽ – ഇത്രയുമാണ് നൈഫ് തെറാപ്പിയുടെ ഫലം.
ആയുധം ഉപയോഗിച്ചുള്ള തലോടൽ
1940ൽ ചൈനയിൽ ആഭ്യന്തര കലാപം ഉണ്ടായപ്പോൾ നൈഫ് തെറപ്പി അറിയുന്ന കുറച്ചാളുകൾ തായ്‌വനിലേക്ക് കുടിയേറി. അവർ നൈഫ് തെറപ്പിയിൽ ജീവിതമാർഗം കണ്ടെത്തി. ടാങ് രാജവംശത്തിന്റെ ഭരണകാലം ജപ്പാനിൽ നൈഫ് തെറാപ്പി അപ്രത്യക്ഷമായി. പിൽക്കാലത്ത് ചൈനക്കാരും ‘ആയുധം ഉപയോഗിച്ചുള്ള തലോടൽ’ ഉപേക്ഷിച്ചു. എന്നാൽ, തായ്‌വനിലെ നൈഫ് തെറപ്പി ക്ലിനിക്കുകൾ തിരക്കൊഴിയാതെ പ്രവർത്തനം തുടർന്നു.
തായ്‌പേയ് നഗരത്തിൽ ദാവോയ് ജിങ് എഡ്യുക്കേഷൻ സെന്ററിൽ ഇപ്പോഴും നൈഫ് തെറപ്പി ചികിത്സ നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിൽ പരിശീലനം നേടിയ തെറപ്പിസ്റ്റുകളുടെ നേതൃത്വത്തിൽ തായ്‌വാനിലെ വിവിധ പ്രദേശങ്ങളിൽ മുപ്പത്തഞ്ചു ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. ബിബിസി പ്രതിനിധി ലൂയിസ് വാറ്റ് ആണ് നൈഫ് തെറപ്പി പുറം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. കൊവിഡ് 19 പടരുന്നതിനു മുൻപാണ് ലൂയിസ് തയ്‌വനിലെത്തിയത്.
നൈഫ് തെറപ്പിക്ക് തായ് ഭാഷയിൽ ‘ദാവോലിയാവോ’ എന്നാണു പേര്. ഈ വാക്കിന്റെ അർഥം – കത്തി ഉപയോഗിച്ചുള്ള തിരുമ്മു ചികിത്സ. സ്റ്റീൽ ഉപയോഗിച്ചു നിർമിച്ച കത്തിയാണ് മസാജ് ചെയ്യാൻ ഉപയോഗിക്കുന്നത്. ഓരോരുത്തരുടെയും ശരീരത്തിലെ ‘പ്രെഷർ പോയിന്റ്’ മനസ്സിലാക്കാൻ പരിശീലനം നേടിയവരാണ് തെറപ്പിസ്റ്റുകൾ. പ്രഷർ പോയിന്റുകളിൽ കത്തി ഉപയോഗിച്ച് വെട്ടുന്നതാണ് മസാജ്. ‘ക്വി ഡോർ’ എന്നാണ് പ്രഷർ പോയിന്റിന് തായ് ഭാഷയിലെ പേര്.
നൈഫ് തെറപ്പി ചെയ്യുന്നവർ ഒരു മാസത്തിനകം എടുത്ത ഫോട്ടോ സഹിതം ബുക്ക് ചെയ്യണം. ഫോട്ടോയിലെ കാണുന്നയാളുടെ മുഖലക്ഷണം നോക്കി അനുയോജ്യനായ തെറപ്പിസ്റ്റിനെ ഏർപ്പാടാക്കും.
കയ്യിൽ തുടങ്ങി മുതുകിലൂടെ തലയിലേക്ക്
നെഞ്ചിടിപ്പോടെ മാത്രമേ നൈഫ് തെറാപ്പി കണ്ടു നിൽക്കാൻ സാധിക്കൂ. തെറപ്പിക്ക് വിധേയരാകുന്നവരെ കമിഴ്ത്തി കിടത്തും. ശരീരം മുഴുവൻ മൂടുംവിധം ടവൽ ഉപയോഗിച്ച് പുതയ്ക്കും. ഇരു കൈകളിലും മൂർച്ചയുള്ള കത്തി ഏന്തിയ തെറപിസ്റ്റ് തനിക്കു മുന്നിൽ കിടക്കുന്നയാളെ തലങ്ങും വിലങ്ങും വെട്ടും. കയ്യിൽ തുടങ്ങി മുതുകിലൂടെ തലയിലേക്കാണ് വെട്ടിക്കയറുക. ഇറച്ചി നുറുങ്ങുന്ന പോലെ ശബ്ദം സമീപത്തു നിൽക്കുന്നവർക്കു കേൾക്കാം. ഉടൽ മുഴുവൻ മസാജ് ചെയ്യാൻ എഴുപതു മിനിറ്റ് വേണം.
‘ഇമോഷണൽ ഹീലിങ് പവർ’ ഉപയോഗിച്ചാണ് തെറപ്പിസ്റ്റ് വെട്ടുന്നത്. പ്രെഷർ പോയിന്റുകളിൽ ഏൽക്കുന്ന വെട്ടിൽ മാനസിക സംഘർഷം കുറയുമെന്നു വിശ്വാസം. ദീർഘകാലം പരിശീലനം നേടിയവർക്കു മാത്രമേ ശരീരം മുറിയാൻ വെട്ടാൻ സാധിക്കൂ.
‘‘മാനസിക സംഘർഷത്തിനു കാരണം ബാഡ് എനർജിയാണ്. സ്റ്റീൽ ഉപയോഗിച്ചു നിർമിച്ച കത്തിക്ക് ‘കർമ’യെ നീക്കം ചെയ്യാനുള്ള ശക്തിയുണ്ട്. കത്തി ഉറപ്പിച്ചിട്ടുള്ളത് കോസ്മോസ് സ്റ്റിക്കിലാണ്. ഇതിന് ബാഡ് എനർജി എരിച്ചു കളയാനുള്ള കഴിവുണ്ട്. എനർജി ലെവൽ ബാലൻസ് ചെയ്താൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. മാനസിക സംഘർഷം അനുഭവിക്കുന്ന വിദ്യാർഥികൾ, ബിസിനസുകാർ, വീട്ടമ്മമാർ തുടങ്ങിയവരാണ് നൈഫ് മസാജ് ചെയ്യാൻ എത്തുന്നത്. ’’ ദാവോയ് ജിങ് എഡ്യുക്കേഷൻ സെന്ററിലെ തെറപ്പി ഡയറക്ടർ സിയാവോ മെയ് ഫാങ് പറയുന്നു.
മസാജ് ചെയ്യാനായി എത്തിയ ആദ്യ നിമിഷം നെഞ്ചിൽ ഇടിത്തീ വീണതു പോലെ തോന്നിയെന്ന് അനുഭവം പങ്കുവയ്ക്കുന്നു 73 വയസ്സുള്ള ഷിയു മിലാൻ. മനസിക സംഘർഷത്തിന് അയവു തേടി തെറപ്പിസ്റ്റിന്റെ മുറിയിലെത്തിയപ്പോൾ അവിടെ പല വലുപ്പത്തിലുള്ള കത്തിയും വാളുകളുമാണ് മിലാൻ കണ്ടത്. അവിടെ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സിയാവോ അവരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി. മസാജ് കഴിഞ്ഞപ്പോൾ എഴുപത്തിമൂന്നുകാരി മിലാൻ നൈഫ് തെറാപ്പിയുടെ ആരാധികയായി മാറി.
കത്തി ഉപയോഗിച്ചുള്ള പ്രഹസനമല്ല നൈഫ് മസാജ് എന്നു തെളിയിക്കാൻ സിയാവോ ഒരു ചതുരപ്പെട്ടിയാണ് ഉപയോഗിക്കുന്നത്. വടക്കുനോക്കി യന്ത്രം പോലെ അതിനു നടുവിൽ നീളമുള്ള സൂചിയുണ്ട്. ചൈനയിലെ പുരാണകഥകളിൽ പറയുന്ന ‘ഐ ചിങ്’ പ്രകാരം തയാറാക്കിയതാണ് വട്ടത്തിലുള്ള ഉപകരണം. മസാജ് ചെയ്യാൻ വരുന്നയാളുടെ ജീവിതത്തിന്റെ ദിശയളക്കാൻ ഈ ഉകരണത്തിനു കഴിയുമത്രേ. ‘കീ വേഡ് ടൈപ്പ് ചെയ്ത് നിങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്യുന്നു. എന്നെ കാണാൻ വരുന്നവരുടെ വിവരങ്ങൾ ഈ ഉപകരണത്തിലേക്ക് കടത്തി വിട്ട് അവരുടെ വിവരങ്ങൾ ഞൻ കണ്ടെത്തുന്നു.’’ സിയാവോ വിശദീകരിച്ചു.
പരിശീലനം
നൈഫ് തെറപ്പിസ്റ്റ് പുലർച്ചെ അഞ്ചിന് ഉറക്കമുണരും. സസ്യാഹാരം മാത്രമേ കഴിക്കൂ. 100 തവണ വന്ദനം ചെയ്യണം. വ്യായാമം നിർബന്ധം. കത്തി ഉപയോഗിച്ച് തലയിണയിൽ വെട്ടി പരിശീലനം നടത്തണം. തെറപ്പിസ്റ്റ് സ്വന്തം എനർജിയെ നിയന്ത്രിച്ചില്ലെങ്കിൽ ചികിത്സയ്ക്ക് എത്തുന്നയാളിലേക്ക് ബാഡ് എനർജി പ്രവേശിക്കും. – സിയാവോ വിശദീകരിച്ചു. ചൈനീസ് പാരമ്പര്യ ചികിത്സയുടെ വിഭാഗത്തിലുള്ള മെരിഡിയൻ മസാജ് പരിശീലിച്ചിട്ടുള്ളയാളാണ് സിയാവോ. ബാഡ് എനർജി തെറപിസ്റ്റിലേക്ക് പ്രവേശിക്കുന്നതായി തിരിച്ചറിഞ്ഞപ്പോൾ സിയാവോ ആ ജോലി ഉപേക്ഷിച്ചു. ‘‘ക്ലയന്റ്സിന്റെ ശരീരത്തിൽ സ്പർശിക്കുമ്പോൾ അവരുടെ എനർജിയുടെ നീക്കം തിരിച്ചറിയാം. മെരിഡിയൻ മസാജ് ചെയ്തിരുന്ന സമയത്ത് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. സഹിക്കാനാവാത്ത ക്ഷീണവും അനുഭവപ്പെട്ടിരുന്നു.’’ മസാജിന്റെ തത്വങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന സിയാവോ തന്റെ ജോലി സാഹചര്യം വിശദീകരിച്ചു.
കത്തി ഉപയോഗിച്ചുള്ള മസാജ് തട്ടിപ്പാണെന്ന് ചൈനീസ് ചരിത്രകാരൻ മൈക്കിൾ സ്റ്റാൻലി ബേക്കർ പറയുന്നു. മെഡിക്കൽ സയൻസുമായി ഇതിന് ബന്ധവുമില്ല. രോഗികളെ ആണിപ്പലകയിൽ കിടത്തി ചികിത്സിച്ചിരുന്ന ഫക്കീർ ചികിത്സ പോലെ വിവരക്കേടാണ് ഈ പരിപാടി. – സിംഗപ്പുർ നന്യാങ് ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയിലെ ചരിത്ര ഗവേഷകനാണ് സ്റ്റാൻലി.
അതേസമയം, സിയാവോ ഇത്തരം വിമർശനങ്ങൾക്ക് പുല്ലുവിലയാണു കൽപിച്ചിട്ടുള്ളത്. ‘‘ ഞാൻ ഈ ജോലി തുടങ്ങിയിട്ടു നാൽപതു വർഷമായി. പലയിടങ്ങളിൽ ചികിത്സിച്ച് ഭേദമാകാത്ത രോഗവുമായാണ് ആളുകൾ എന്നെ കാണാൻ വരുന്നത്. നൈഫ് മസാജ് ചെയ്ത് രോഗമുക്തി നേടി നന്ദി പറഞ്ഞ് അവർ തിരിച്ചു പോകുന്നു. അതിനപ്പുറം ആരുടെയും അംഗീകാരം എനിക്കു വേണ്ട. മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല.’’ സിയാവോ നയം വ്യക്തമാക്കി.