Tuesday 12 January 2021 04:24 PM IST : By Arun Kalappila

കരിമലകളുടെയും മണൽക്കൂനകളുടെയും ഇടയിൽ പച്ചപ്പിന്റെ തുരുത്ത്

nubra1

നുബ്ര താഴ്‌വര എന്ന പേരു കേട്ടിട്ട് മറ്റേതോ രാജ്യത്തെ സ്ഥലമാണെന്നു കരുതേണ്ട. ഇന്ത്യയിലെ ഏറ്റവും പുതിയ കേന്ദ്രഭരണ പ്രദേശം ലഡാക്കിലെ ഒട്ടേറെ സവിശേഷതകളുള്ള ഒരു ഭാഗമാണ് ഈ താഴ്‌വര. ദിസ്കിത് മൊണാസ്ട്രിയും ഹുണ്ടാർ മണൽകൂനകളും ടുർടുക് ഗ്രാമവും പനാമിക് ഗ്രാമത്തിലെ ചൂടു നീരുറവകളും ഒക്കെയുള്ള ലഡാക്കിലെ ഏറ്റവും മനോഹരമായ പ്രദേശം ... ഒന്നു പറയാതിരിക്കാനാവില്ല, രാജ്യത്തിന്റെ മറ്റേതൊരു ഭാഗത്തെക്കാളും വ്യത്യസ്തമായ ഭൂപ്രകൃതിയും സസ്യജന്തുജാലങ്ങളും ഉള്ള നുബ്ര താഴ്‌വര ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടനുഭവിക്കേണ്ട സ്ഥലം തന്നെ.

nubra6

ലഡാക്ക് പ്രദേശത്തിന്റെ തലസ്ഥാനമായ ലേയിൽ നിന്ന് 160 കി മീ അകലെയാണ് നുബ്ര താഴ്‌വര. ലോക പ്രശസ്തമായ ഖർദുങ് ലാ എന്ന ചുരം താണ്ടി വേണം നുബ്രയിലെത്താൻ. കുറച്ചു കാലം മുൻപ് വാഹന ഗതാഗതം സാധ്യമായ ലോകത്തെ ഏറ്റവും ഉയരം കൂടിയ പാതയായിരുന്നു അത്. കൂടുതൽ സാഹസികരായവർക്ക് വാരി ലാ എന്ന ചുരം കടന്നും നുബ്ര താഴ്‌വരയിൽ എത്താം. എന്നാൽ ജനവാസം തീരെ കുറഞ്ഞ പ്രദേശങ്ങളിൽ കൂടി പോകുന്നതും കാര്യമായ റോഡ് സൗകര്യം ഇല്ലാത്ത പാത ആയതിനാലും അതുവഴിയുള്ള യാത്ര എളുപ്പമല്ല. ഒട്ടേറെ അരുവികൾ കടക്കുന്നതും ചെങ്കുത്തായ കയറ്റങ്ങൾ കയറുന്നതും ആ യാത്രയെ കൂടുതൽ ദുഷ്കരമാക്കുന്നു. സമുദ്ര നിരപ്പിൽനിന്ന് 10000 അടിയോ അതിനു മുകളിലോ ഉയരത്തിലാണ് നുബ്ര താഴ്‌വരയിലെ സ്ഥലങ്ങൾ. ഈ താഴ്‍വരയുടെ വടക്കു ഭാഗത്താണ് ധ്രുവപ്രദേശങ്ങൾ മാറ്റി നിർത്തിയാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്ലേഷിയറും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും ആയ സിയാച്ചിൻ പ്രദേശം.

nubra2

ഹിമാലയൻ മലനിരകളിലൂടെ ഷ്യോക് നദിയും നുബ്ര നദിയും ഒഴുകി രൂപപ്പെട്ട മലയിടുക്കാണ് നുബ്ര താഴ്‌വര. ലഡാക്ക് മലനിരകളെ കാരക്കോറം നിരകളിൽനിന്നു വിഭജിക്കുന്നത് ഈ താഴ്‌വരയാണ്. സമുദ്രനിരപ്പിൽനിന്ന് വളരെ അധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, തണുത്തുറഞ്ഞ മരുഭൂമിയാണ് ഇവിടം. ചൈനയിൽ തുടങ്ങി ലഡാക്ക് വരെ നീണ്ടുകിടക്കുന്ന ടിബറ്റൻ പീഠഭൂമിയുടെ വാലറ്റം. ഭൂമിയിൽ നാം സാധാരണ കണ്ടു പരിചയിച്ചതിൽ നിന്നു വേറിട്ടതും ചൊവ്വയിലോ ചന്ദ്രനിലോ മറ്റേതെങ്കിലും ഗ്രഹത്തിലോ ചെന്നിറങ്ങിയതുപോലെ തോന്നിപ്പിക്കുന്നതുമാണ് ലഡാക്ക് പ്രദേശത്തെ മണ്ണും മലകളും. അത് നുബ്രയിലും നമുക്കു കാണാം.

എവിടെ തിരിഞ്ഞു നോക്കിയാലും കൂറ്റൻ മലകളാൽ ചുറ്റപ്പെട്ട താഴ്‌വര. ഇടയ്ക്ക് കരിവീരൻമാരെ പോലെ കറുത്ത മലകളും മറ്റു ചിലപ്പോൾ ചെമ്മൺ നിറമാർന്ന പടുകൂറ്റൻ കുന്നുകളുമാണ്. മിക്കവാറും സ്ഥലങ്ങളിൽ ഭൂമി നഗ്നമാണ്, നേരെ പതിക്കുന്ന സൂര്യപ്രകാശത്തിൽ തിളങ്ങുന്ന ഉരുളൻ കല്ലുകളും വെളുത്ത പൊടിമണ്ണും മാത്രം. വലിയ മരങ്ങളൊന്നും കാണാനില്ല, ചില ഭാഗങ്ങളിൽ അവിടവിടെ പുല്ലുകളും ചെറുപൂച്ചെടികളും തീർക്കുന്ന പച്ച തൊങ്ങലുകളും കിന്നരികളും കാണാം. നുബ്ര എന്ന പേര് ലഭിച്ചത് പച്ചനിറത്തിൽ നിന്ന് ആണത്രേ. ശൈത്യകാലത്ത് വീണുറയുന്ന മഞ്ഞ് ഉരുകിയൊലിച്ച ശേഷം വേനലിന്റെ ആരംഭത്തോടെ മലകൾ പച്ച പുതയ്ക്കുന്നു. അങ്ങനെ ഈ താഴ്‌വര പച്ചപ്പിന്റെ താഴ്‌വര എന്ന അർത്ഥത്തിൽ നുബ്ര വാലി ആയി മാറി.

nubra4

വേനൽക്കാലത്ത് നുബ്ര വാലി പലപ്പോഴും പൂക്കളുടെ താഴ്‌വരയായി മാറും. മഞ്ഞയും വയലറ്റും മജന്തയും നിറങ്ങളിൽ കൊച്ചുപൂക്കൾ നിറഞ്ഞ ചെടികൾ താഴ്‌വരയെയും മലകളെയും നിറം പിടിപ്പിക്കും. പൂക്കൾ നിറഞ്ഞ താഴ്‍‌വാരം എന്ന അർത്ഥത്തിലുള്ള എൽഡുമ്ര എന്ന പേരാണ് നുബ്രയായി മാറിയത് എന്നാണ് നാട്ടുകാരുടെ വിശ്വാസം. ഗോതമ്പും കടുകും ചോളവും വിളയുന്ന പാടശേഖരങ്ങളും വേനൽക്കാലത്ത് ഈ കൊച്ചു പ്രദേശത്തെ ആകർഷകമായ കാഴ്ചയായി മാറും. മഞ്ഞുകാലത്തിന്റെ മൂർധന്യത്തോടെ മഞ്ഞിന്റെ വെളുത്ത പുതപ്പണിയുന്നു ഈ പ്രദേശം.

ഒരു കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മധ്യേഷ്യയുമായി ബന്ധിപ്പിച്ചിരുന്ന പ്രശസ്തമായ സിൽക്ക് റൂട്ടിലെ പ്രധാനപ്പെട്ട ഒരു ഇടത്താവളമായിരുന്നു നുബ്ര താഴ്‌വര. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ലോകരാജ്യങ്ങളിൽ വലിയ സ്വീകാര്യത ഉണ്ടായിരുന്ന ആ കാലത്ത് നുബ്രയിൽനിന്ന് ചൈനീസ് നഗരമായ സിങ്ജിയാനിലേക്ക് കടക്കുന്ന കാരക്കോറം ചുരം വാണിജ്യ സംഘങ്ങളാൽ നിറഞ്ഞിരുന്നു. പിൽക്കാലത്ത് രാജ്യങ്ങളും അതിർത്തികളും സമൂഹതാൽപര്യങ്ങളും ഗതാഗതമാർഗങ്ങളും മാറിയതോടെ പട്ടുപാത ക്രമേണ ഇല്ലാതായി.

nubra3

നുബ്രയിലെ പ്രധാനപ്പെട്ടൊരു കാഴ്ചയാണ് ബാക്ട്രിയൻ ഒട്ടകങ്ങൾ. സാധാരണ ഒട്ടകങ്ങളിൽനിന്ന് വ്യത്യസ്തമായി മുതുകത്ത് ഇരട്ട പൂഞ്ഞയുള്ളതും രോമാവൃതമായ ശരീരമുള്ളവയുമാണ് ബാക്ട്രിയൻ ഒട്ടകങ്ങൾ. അതിശൈത്യത്തെയും ചുട്ടുപൊള്ളുന്ന ചൂടിനെയും കടുത്ത വരൾച്ചയെയും പ്രതിരോധിക്കാനും സമുദ്രനിരപ്പിൽനിന്നു വളരെയേറെ ഉയർന്ന സ്ഥലങ്ങളിൽ ഭാരം ചുമന്നു നടക്കാനും ശേഷിയുണ്ട് ഈ മൃഗത്തിന്. പട്ടുപാത സജീവമായിരുന്ന കാലത്ത് ഈ വഴി സാർത്ഥവാഹക സംഘങ്ങളുടെ ചരക്ക് കടത്തിന് ഇവയെ ഏറെ ഉപയോഗിച്ചിരുന്നു. കുടിവെള്ളം കിട്ടുമ്പോൾ ഉദ്ദേശം 50 ലിറ്റർ വരെ ഒരു തവണ കുടിക്കാൻ കഴിയുന്ന ബാക്ട്രിയൻ ഒട്ടകങ്ങൾ ഇപ്പോൾ വിനോദസഞ്ചാരികളെ മുതുകത്തേറ്റി നടക്കുന്നു.

ഷ്യോക് നദീതീരത്തുള്ള ദിസ്കിത് ആണ് നുബ്രയിലെ ഏറ്റവും വലിയ പട്ടണം. താഴ്‌വരയുടെ ഭരണസിരാകേന്ദ്രവും ഇവിടെത്തന്നെയാണ്. ദിസ്കിതിലെ പ്രധാന കാഴ്ചകളിലൊന്നാണ് ദിസ്കിത് ഗോംപെ. ദിസ്കിത് ബസ് സ്‌റ്റാൻഡിൽനിന്ന് 3 കി മീ ദൂരെയാണ് ലഡാക്കിലെ പ്രധാന മൊണാസ്ട്രികളിൽ ഒന്നായ ഇത് സ്ഥിതി ചെയ്യുന്നത്. നല്ല ഉയരത്തിൽ നിലകൊള്ളുന്ന ഗോംപെയിൽനിന്ന് ദിസ്കിത് നഗരത്തിന്റെ മനോഹരമായ ദൂരക്കാഴ്ച ആസ്വദിക്കാം. ദിസ്കിത് ഗോംപെയിലെ പ്രധാന ആകർഷണം 32 മീ ഉയരമുള്ള മൈത്രേയ ബുദ്ധന്റെ ശിൽപം. താഴ്‌വരയിലേക്ക് നോക്കി തൊഴുകൈകളോടെ ഇരിക്കുന്നു മൈത്രേയ ബുദ്ധൻ. വിഗ്രഹത്തിന്റെ പീഠവും മറ്റും ബുദ്ധിസ്റ്റ് ശൈലിയിലുള്ള ചിത്രകലകളാൽ അലങ്കരിച്ചിട്ടുണ്ട്. ദിസ്കിതിൽനിന്ന് 7 കി മീ അകെയാണ് ഹുണ്ടാർ മണൽകൂനകൾ.

nubra5

മഞ്ഞിലും ചൂടിലും നുബ്രയിലെ പ്രകൃതിയും അനുഭവവും വ്യത്യസ്തമാണെങ്കിലും ഏതു സീസനിലും ഇവിടെ എത്തിച്ചേരാം. ഏപ്രിൽ മുതൽ ജൂൺ വരെയും സെപ്തംബർ, ഒക്ടോബർ മാസങ്ങളും ആണ് ഇവിടെ കാഴ്ചകൾ കാണാൻ ഏറ്റവും നല്ല സമയം. മിതമായ തണുപ്പും മഴയൊഴിഞ്ഞ സമയവും ആണ് സ‍ഞ്ചാരികൾക്ക് നല്ലത്.

നുബ്രവാലി താഴ്‌വര ഭംഗിയായി ആസ്വദിക്കുന്നതിന് ചുരുങ്ങിയത് രണ്ട് ദിവസം, പറ്റുമെങ്കിൽ മൂന്നു ദിവസം മാറ്റി വയ്ക്കണം. ദിസ്കിതിൽ സഞ്ചാരികൾക്ക് ആവശ്യമായ ചുരുങ്ങിയ താമസസൗകര്യങ്ങൾ ഉണ്ട്.അതിർത്തിയോടു ചേർന്നുള്ള തന്ത്രപ്രധാനമായ സ്ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് നുബ്ര താഴ്‌വരയിലേക്ക് പ്രവേശിക്കുന്നതിന് ഇന്നർ ലൈൻ പെർമിറ്റ് നിർബന്ധമാണ്. ഇത് ലേയിലുള്ള ജില്ലാ ഓഫിസിൽനിന്ന് നേടാവുന്നതാണ്.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India