ADVERTISEMENT

ചിൽക തടാകത്തെ ഒഡീഷയുടെ വേമ്പനാട് എന്ന് വിശേഷിപ്പിക്കാം. കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ വേമ്പനാട്ടുകായൽ പോലെ ഒഡീഷക്കാരുടെ ടൂറിസം മാപ്പിലെ പ്രധാന കേന്ദ്രമാണ് ചിൽക തടാകം. വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെയും ലഗൂൺ ആണിത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവ്നേശ്വറിൽ നിന്ന് 81 കിലോമീറ്റർ അകലെയായാണ് ചിൽക തടാകം സ്ഥിതി ചെയ്യുന്നത്. ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലം കൂടിയാണ് ചിൽക. കലിംഗ രാജവംശത്തിന്റെ കാലത്ത് ഇവിടം പ്രധാന വാണിജ്യ കേന്ദ്രവും പ്രമുഖ തുറമുഖവുമായിരുന്നു. തടാകം തന്നെയാണ് ചിൽകയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണം. ബോട്ടിങ്, മീൻപിടുത്തം, പക്ഷിനിരീക്ഷണം, തുടങ്ങി വിവിധ വിനോദങ്ങളിൽ സഞ്ചാരികൾക്ക് ഭാഗമാകാം. വിവിധതരത്തിലുള്ള പക്ഷികൾ, ജലജീവികൾ, ഉരഗങ്ങൾ എന്നിവയെ ഇവിടെ കാണാം. ശൈത്യകാലത്ത് സ്വദേശികളും വിദേശികളുമായി നിരവധി പക്ഷികൾ തടാകം തേടിയെത്താറുണ്ട്. ദയ നദിയോട് ചേർന്ന് കിടക്കുന്ന ചിൽക തടാകത്തിന് 1,100 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഉപ്പ് വെള്ളം നിറഞ്ഞ ചതുപ്പുനിലമാണ് ഈ തടാകം.

തടാകത്തിൽ നിരവധി ചെറുദ്വീപുകൾ കാണാം. ദ്വീപുകളിലേക്കുള്ള സന്ദർശനം സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും. പക്ഷിദ്വീപ്, ഹണിമൂൺ ദ്വീപ്, പരികുഡ് ദ്വീപ്, ബ്രേക്ഫാസ്റ്റ് ദ്വീപ്, മലുഡ് ദ്വീപ്, നിർമൽഝാര ദ്വീപ്, കാളിജയ് ദ്വീപ്, നലബാന ദ്വീപ് എന്നിവയാണ് ഇതിൽ പ്രധാന ദ്വീപുകൾ.

ADVERTISEMENT

ഇതിൽ കാളിജയ് ദ്വീപിൽ കാളിജയ് ദേവിയുടെ ഒരു ക്ഷേത്രമുണ്ട്. മകരസംക്രാന്തിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. അന്നേ ദിനം നിരവധി ഹിന്ദുമത വിശ്വാസികൾ ക്ഷേത്രം തേടി എത്താറുണ്ട്. നവംബർ മുതൽ ഫെബ്രുവരിയാണ് ശൈത്യകാലം. ഈ സമയമാണ് ചിൽക തടാകം സന്ദർശിക്കാൻ അനുയോജ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT