കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിലും യാത്ര ചെയ്യുന്നവർ ഒട്ടേറെ. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ യാത്ര ചെയ്യുന്നവരും ‘അവസരം മുതലാക്കി’ വിനോദസഞ്ചാരം നടത്തുന്നവരും. രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്ന ഇന്ത്യക്കാർക്ക് ഇപ്പോൾ സന്ദർശനത്തിന് അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക ട്രാവൽ ഏജൻസികൾ പുറത്തു വിട്ടു. വൈറസ് ബാധിതരല്ലെന്ന് അംഗീകൃത ലബോറട്ടറികളിൽ നിന്നു സർട്ടിഫിക്കറ്റ് നേടിയാൽ കുറഞ്ഞ ചെലവിൽ യാത്ര തരപ്പെടും. നേപ്പാൾ, മാലദ്വീപ്, അമേരിക്ക, കാനഡ, യുകെ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് (എയർ ബബിൾ കൺട്രി) സന്ദർശനത്തിനു തടസ്സമില്ല.
നേപ്പാൾ

ആറു മാസം ലോക്ഡൗണിനു ശേഷം രാജ്യാന്തര സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു നേപ്പാൾ. ഒക്ടോബർ 17 മുതൽ വിദേശ വിനോദ സഞ്ചാരികൾക്ക് നേപ്പാളിൽ പ്രവേശിക്കാം. സൈറ്റ് സീയിങ്, ട്രെക്കിങ്, മൗണ്ടനിയറിങ് തുടങ്ങി വിനോദ പരിപാടികൾ അനുവദിച്ചതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടം പെർമിറ്റ് നൽകുന്നതു മൂവായിരം പേർക്കു മാത്രം.
ഇന്ത്യൻ പൗരത്വമുള്ളവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് (ആർടി–പിസിആർ) നിർബന്ധം. കാഠ്മണ്ഡുവിൽ ഇറങ്ങുന്നതിനു 72 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്ത റിസൽട്ട് നിർബന്ധം. ഇന്ത്യക്കാർക്ക് നേപ്പാൾ സന്ദർശനത്തിനു വീസ ആവശ്യമില്ല. സെപ്റ്റംബർ 29ന് ഡൽഹി – കാഠ്മണ്ഡു വിമാന ടിക്കറ്റ് 13,000 രൂപ.
മാലദ്വീപ്

റിസോർട്ടുകളിൽ ബുക്കിങ് ആരംഭിച്ചതായി മാലദ്വീപ് ടൂറിസം ഡയറക്ടർ അറിയിച്ചു. 110 ദിവസം യാത്രാ വിലക്കിനു ശേഷമാണു വിദേശ സഞ്ചാരികൾക്കു പ്രവേശനം അനുവദിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപസമൂഹത്തിലേക്ക് സ്വാഗതമെന്നു ടൂറിസം വെബ്സൈറ്റ് പരസ്യം പ്രസിദ്ധീകരിച്ചു. വിനോദസഞ്ചാരികൾ, ഷോർട് ടേം വിസിറ്റേഴ്സ് വീസകളാണ് അനുവദിച്ചിട്ടുള്ളത്. വീസ ഓൺ അറൈവൽ ലഭ്യമാണ്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം. മാലദ്വീപിലെ വിവിധ ദ്വീപുകളിൽ നടപ്പാക്കിയിരുന്ന യാത്രാ നിയന്ത്രണത്തിൽ ഇളവു വരുത്തിയിട്ടുണ്ട്. സെപ്റ്റംബർ 29ന് ഡൽഹി – മാലി വിമാന ടിക്കറ്റ് 15,500 രൂപ.
അമേരിക്ക

ഇന്ത്യക്കാർക്ക് അമേരിക്ക അനുവദിച്ചിട്ടുള്ള എല്ലാ വീസകളും ഇപ്പോൾ ലഭ്യമാണ്. കോവിഡ് നിയന്ത്രണത്തിന് അമേരിക്കയുടെ ആരോഗ്യവിഭാഗം തയാറാക്കിയ നിർദേശങ്ങൾ www.cdc.gov/coronavirus/2019-ncov/travelers/from-other-countries.html വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. യുഎസ് വീസ ലഭിക്കുന്നതിന് വൈറസ് പ്രതിരോധത്തിന്റെ യുഎസ് നയങ്ങൾ പ്രകാരമുള്ള രേഖകൾ സമർപ്പിക്കണം. സെപ്റ്റംബർ 29ന് ഡൽഹി – ന്യൂയോർക്ക് ടിക്കറ്റ് 59,000 രൂപ.
കാനഡ

ഇന്ത്യക്കാർക്ക് സന്ദർശക വീസ അനുവദിച്ചതായി കാനഡ വിദേശകാര്യ വിഭാഗം അറിയിച്ചു. www.canada.ca/en/immigration-refugees-citizenship/services/coronavirus-covid19/travel-restrictions-exemptions.html എന്ന വെബ് ലിങ്കിൽ രോഗനിയന്ത്രണം സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. കാനഡ വീസയ്ക്കു സമർപ്പിക്കേണ്ട രേഖകൾക്കൊപ്പം വൈറസ് പ്രതിരോധത്തിനായി രാജ്യം നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഇന്ത്യൻ പാസ്പോർട്ടുള്ള നാവികർക്ക് തുറമുഖങ്ങളിൽ ക്ലിയറൻസ് അനുവദിച്ചതായി ഷിപ്പിങ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 29ന് ഡൽഹി – ടൊറന്റോ ടിക്കറ്റ് 98,636 രൂപ.
യുകെ

രണ്ടാംഘട്ടം വൈറസ് വ്യാപനം നേരിടുന്ന ബ്രിട്ടനിൽ വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് സന്ദർശിക്കാവുന്ന സ്ഥലങ്ങളുടെ പട്ടികയും രോഗപ്രതിരോധത്തിന്റെ നയങ്ങളും https://www.gov.uk/uk-border-control വെബ്സൈറ്റിൽ ലഭ്യമാണ്. ഓരോ രാജ്യങ്ങളിലേയും രോഗവ്യാപനത്തിന്റെ തോതു പ്രകാരമാണ് വിദേശ പൗരന്മാർക്ക് ബ്രിട്ടൻ ക്വാറിന്റീൻ ഏർപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലണ്ട്, സ്കോട് ലൻഡ്, വെയിൽസ്, നോർത്തേൺ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ വ്യവസ്ഥയിൽ മാറ്റങ്ങളുണ്ട്. യുകെ ഗവൺമെന്റ് സാധാരണ നിലയിൽ അനുവദിക്കുന്ന എല്ലാ വീസകളും ഇപ്പോൾ ലഭ്യമാണെന്ന് ബോർഡർ കൺട്രോൾ വിഭാഗം അറിയിച്ചു. സെപ്റ്റംബർ 29ന് ഡൽഹി – ലണ്ടൻ വിമാന ടിക്കറ്റ് 54,000 രൂപ.
ഖത്തർ

ഗൾഫ് രാജ്യങ്ങളിൽ താരതമ്യേന കോവിഡ് വ്യാപന നിരക്കു കുറവു റിപ്പോർട് ചെയ്തിട്ടുള്ള ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് ഇപ്പോൾ പ്രവേശനത്തിനു തടസ്സമില്ല. വീസയ്ക്ക് അപേക്ഷിക്കുന്നവർക്കുള്ള നിർദേശങ്ങൾ www.gco.gov.qa/en/travel/ വെബ്സൈറ്റിൽ ലഭ്യമാണ്. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം. സെപ്റ്റംബർ 29ന് ഡൽഹി – ദോഹ നോൺ സ്റ്റോപ്പ് വിമാന ടിക്കറ്റ് 38,585. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ആവശ്യമെങ്കിൽ തീയതി മാറ്റി നൽകുമെന്ന് ഖത്തർ എയർവെയ്സ് അറിയിച്ചിട്ടുണ്ട്.