Tuesday 29 September 2020 04:08 PM IST

അവരുടെ ഫെമിനിസമല്ല എന്റെ ഫെമിനിസം: ഈ ഫെമിനിസ്റ്റ് അമ്മ പറഞ്ഞു തരും യഥാർഥ പെൺകരുത്ത് എങ്ങനെയെന്ന്...

Baiju Govind

Sub Editor Manorama Traveller

p w for a girl1 Photo: worldforagirl.com

‘‘നക്ഷത്രങ്ങളെ കയ്യെത്തി പിടിക്കാവുന്ന ഉയരത്തിലേക്ക് അവൾ വളരണം. പർവതങ്ങൾ കീഴടക്കണം. കടലിന്റെ ആഴങ്ങൾ കാണണം. അതിന് അവൾക്കു വേണ്ടത് ആത്മവിശ്വാസമാണ്, കുടുംബത്തിന്റെ സ്നേഹമാണ്. ’’ രണ്ടു വയസ്സുള്ള മകൾക്കു വേണ്ടി ആരംഭിച്ച വെബ് സൈറ്റിൽ കിസ്റ്റി എന്ന യുവതി കുറിച്ചു. ഞാൻ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഫെമിനിസ്റ്റാണ്. എന്റെ ഭർത്താവ് കടുത്ത സ്ത്രീപക്ഷവാദിയല്ല. ഞങ്ങൾക്കു രണ്ടു മക്കൾ, ഒരാണും പെണ്ണും. ഇളയവളെ സ്വപ്നം കാണാൻ പഠിപ്പിക്കാൻ ഞാൻ ആരംഭിച്ചതാണ് worldforagirl.com എന്ന വെബ്സൈറ്റ്. ഒറ്റയ്ക്കു ജീവിക്കാൻ തന്റേടവും പ്രാപ്തിയും ഉണ്ടാകുന്നതു വരെ അവൾക്കു ഞാൻ വഴി കാണിക്കും. എന്റെ മകനോടൊപ്പം അവളും ഒരു യോദ്ധാവാകും, സാഹസിക സഞ്ചാരിയാകും. അവർക്കു മാതൃകയാവാൻ എനിക്കു സാധിക്കും, ഞാനൊരു ഫെമിനിസ്റ്റാണ്.

മകൾക്കു സമർപ്പിച്ച ബ്ലോഗിൽ കിസ്റ്റി ഇടയ്ക്കിടെ ഇതുപോലുള്ള ലേഖനങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. മകളെ യാത്ര ചെയ്യാൻ പരിശീലിപ്പിക്കുക മാത്രമല്ല, അവൾക്കു സ്വതന്ത്രമായി ജീവിക്കാൻ സ്വയം മാതൃകയാവുന്നു ഈ അമ്മ. കുടുംബത്തെ സ്നേഹിക്കുന്ന ഫെമിനിസ്റ്റുകളെ സ്നേഹം വാരി വിതറാനായി തന്റെ ബ്ലോഗിലേക്ക് കിസ്റ്റി സ്വാഗതം ചെയ്യുന്നു. സമാന മനസ്ഥിതിയുള്ളവർ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവരായാലും സഹകരിച്ചു പ്രവർത്തിക്കാൻ തയാറാണ് കിസ്റ്റി.

ഇനി കിസ്റ്റിയെ വിശദമായി പരിചയപ്പെടാം. ബ്രിട്ടനിലാണു ജനിച്ചത്. ഇപ്പോൾ താമസിക്കുന്നത് മലേഷ്യയിൽ. പാർട് ടൈം അധ്യാപികയായി ജോലി നോക്കുന്നു, ഫുൾ ടൈം അമ്മയായി ജീവിക്കുന്നു. ബൊളീവിയയിൽ ഒരു ഹോസ്റ്റലിൽ വച്ചു കണ്ടുമുട്ടിയ റിനോയാണ് കിസ്റ്റിയുടെ ഭർത്താവ്. റഗ്ബി താരമാണ് റിനോ. പ്രണയത്തിലായ ശേഷം ഇവർ ഒന്നിച്ച് എൺപതു രാജ്യങ്ങൾ സന്ദർശിച്ചു. ‘‘ഞാൻ ഫെമിനിസ്റ്റാണ്. അതേസമയം എന്റെ ഭർത്താവ് സ്ത്രീപക്ഷവാദിയല്ല.’’ കുടുംബത്തിന്റെ സ്നേഹക്കൂടിൽ നിന്ന് കിസ്റ്റി ആവർത്തിക്കുന്നു.

മകനു നാലു വയസ്സേ ആയിട്ടുള്ളൂ. ഈ പ്രായത്തിനിടയ്ക്ക് അവൻ ഇരുപതു രാജ്യങ്ങൾ കണ്ടു. ഇരുപതു മാസം പ്രായമുള്ള മകൾ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ ആറു തവണ യാത്ര ചെയ്തു – കിസ്റ്റി പറയുന്നു.

ഓസ്ട്രേലിയയിലെ മെൽബൺ യൂനിവേഴ്സിറ്റിയിലാണ് കിസ്റ്റി പഠിച്ചത്. അധ്യാപക പരിശീലനം നേടിയത് സ്ലോവേനിയയിൽ നിന്ന്. ന്യൂസീലാൻഡിൽ ഒറ്റമുറി വീടുകളിൽ താമസിക്കാൻ ശീലിച്ചു. അർജന്റീനയിൽ നിന്നു സ്പാനിഷ് ഭാഷ പഠിച്ചു. ലണ്ടനിൽ കുടിയേറ്റക്കാരായി വിദ്യാർഥികൾക്കു വേണ്ടി പ്രവർത്തിച്ചു. അവിടെ രണ്ടു വർഷം എഡ്യുക്കേഷനൽ കൺസൽട്ടൻസിയിൽ ജോലി ചെയ്തു. ചാരിറ്റബിൾ ഓർഗനൈസേഷനു വേണ്ടി സോഷ്യൽ മീഡിയ ക്യാംപെയ്ൻ നടത്തി. – ജീവിതത്തിന്റെ നാൾവഴി കിസ്റ്റി ചുരുക്കി എഴുതി.

p w for a girl2

കിസ്റ്റി എഴുതിയ ഫെമിനിസ്റ്റ് ട്രാവൽ ബ്ലോഗുകൾ ശ്രദ്ധിക്കപ്പെട്ടു. മകൾക്കുവേണ്ടി അമ്മയുടെ സമർപ്പണം – ഇതാണ് ഫെമിനിസം ലേഖനങ്ങളെ കുറിച്ച് കിസ്റ്റിയുടെ അഭിപ്രായം. കുട്ടീ, നിനക്ക് താൽപര്യമില്ലെങ്കിലും നീയൊരു യോദ്ധാവാകണം. സാഹസികത പ്രകടിപ്പിക്കണം. പുതുമകൾ തിരിച്ചറിയണം. ശക്തയായ, സ്വതന്ത്രയായ സ്ത്രീയാവണം. നീ ശക്തയെന്നു നിനക്ക് ആത്മവിശ്വാസം വരുന്നതു വരെ എന്റെ ആത്മാവിനെ നിനക്കു സമർപ്പിക്കുന്നു. പെൺകുട്ടികളെയും യുവതികളെയും സപ്പോർട്ട് ചെയ്യുന്ന ഒട്ടേറെ ട്രാവൽ ഗ്രൂപ്പുകളുണ്ട്, എല്ലാ രാജ്യത്തും. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി, അനാഥരായ യുവതികൾക്കു വേണ്ടി, രോഗാവസ്ഥയിൽ കഴിയുന്നവർക്കു വേണ്ടി, നിരാലംബരായ പെൺകുട്ടികൾക്കു വേണ്ടി... നിസ്വാർഥം പ്രവർത്തിക്കുന്ന ഫെമിനിസ്റ്റ് സംഘടനകൾ അനവധി – ഫെമിനിസത്തിന്റെ ലക്ഷ്യങ്ങൾ കിസ്റ്റി ഓർമിപ്പിക്കുന്നു. ലക്ഷ്യബോധമുള്ള അത്തരം ഫെമിനിസ്റ്റ് സംഘങ്ങൾ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടണം, അവരെ കുറിച്ച് ആളുകൾ അറിയണം, അവർക്കു വേണ്ടി സംസാരിക്കാൻ ആളുകളുണ്ടാവണം.

‘‘യാത്ര ചെയ്യാൻ താൽപര്യമുള്ള അമ്മമാരുണ്ടാവണം, ചാമ്പ്യന്മാരായ അമ്മമാർ. അവർ എല്ലാ കുടുംബങ്ങൾക്കും മാതൃകയാവണം. സ്വന്തം അനുഭവ പാഠങ്ങളിലൂടെ മകളെ യാത്ര ചെയ്യാൻ പരിശീലിപ്പിക്കണം.’’ കിസ്റ്റി മകൾക്കു സമർപ്പിച്ച വെബ്സൈറ്റ്: worldforagirl.com

Tags:
  • Travel Stories
  • Manorama Traveller