സൗഹൃദത്തിന്റെ പട്ടുനൂലിനാൽ കോർത്ത മനസ്സിണക്കമാണ് മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ളയ്ക്കും മകൾ ദയയ്ക്കുമിടയിലുള്ളത്. പരസ്പരം കരുതലാകുന്ന, ചേർത്തു പിടിക്കുന്ന സ്നേഹത്തിന്റെ കടലാണത്...ദയയ്ക്ക് എന്തും തുറന്നു പറയാവുന്ന ഒരു നല്ല സുഹൃത്താണ് മഞ്ജു. മകളുടെ ആഗ്രഹങ്ങൾക്കൊപ്പം വെളിച്ചവും കരുതലുമാകുന്ന അമ്മ...അവർക്കിടയിൽ ഔപചാരികതയുടെ മതിൽകെട്ടുകളില്ല. ഈ മാതൃദിനത്തിൽ മഞ്ജു പിള്ള ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു, മകൾ എന്ന സോൾ മേറ്റിനെക്കുറിച്ച്...
‘‘മകൾ, അമ്മ എന്നതിലുപരി അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു സൗഹൃദമുണ്ടല്ലോ. അതാണ് ഏറ്റവും വലുത്. അച്ഛനും അമ്മയും പറയുന്നത് മകൻ അല്ലെങ്കില്‍ മകള്‍ അതിന്റെതായ രീതിയിൽ എടുത്ത് അതനുസരിക്കുകയും മക്കള്‍ പറയുന്നതിൽ എന്തെങ്കിലും ശരിയുണ്ടെങ്കിൽ അച്ഛനമ്മമാർ അവരുടെ തെറ്റുകൾ തിരുത്തി ശരിയിലേക്കു പോകുകയും, അവർ പറയുന്ന ചില നല്ല കാര്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നിടത്താണ് ബന്ധങ്ങൾ മനോഹരമായി മുന്നേറുന്നത്.
എന്നെ സംബന്ധിച്ച്, എന്റെ മകൾക്ക് ഞാൻ ഒരുപാടു കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ടുണ്ട്. അതുപോലെ മോൾ പറയുന്ന കുറേ കാര്യങ്ങൾ ഞാനും സ്വീകരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതൊന്നുണ്ട് – കുറച്ചു കാലം മുൻപ് അവൾ എന്നോടു പറഞ്ഞു, ‘അമ്മ ലിവ് യുവർ ലൈഫ്’ എന്ന്.

എന്റെ അമ്മയുടെ ജീവിതം കണ്ടാണ് ഞാന്‍ കുറേയൊക്കെ ജീവിതത്തെ സമീപിച്ചിരുന്നത്. അമ്മ സ്വന്തം ഇഷ്ടങ്ങൾ മാറ്റിവച്ച് കുടുംബത്തിനു വേണ്ടി ജീവിച്ച ആളാണ്. എല്ലാവരുടെയും കാര്യങ്ങൾ ശ്രദ്ധിച്ച ശേഷം സ്വന്തം ഭക്ഷണക്കാര്യം പോലും പരിഗണിച്ച ആളാണ്. അതൊക്കെയായിരുന്നു ഞാനും. മോള്‍ക്കു വേണ്ടി, അവളുടെയും കുടുംബത്തിന്റെയും കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്ത്, പ്രഫഷൻ, സൗഹൃദങ്ങൾ, യാത്രകൾ എന്നിങ്ങനെ പലതും മാറ്റിവച്ചിരുന്നു. മോൾ വളർന്ന ശേഷമാണ് വീണ്ടും അഭിനയരംഗത്ത് സജീവമായത്. അതുവരെ, പത്ത് വർഷത്തോളം, ‘തട്ടീം മുട്ടീം’ മാത്രമാണ് ചെയ്തിരുന്നത്. ആ സമയത്ത് സുജിത്ത് നല്ല തിരക്കിലായിരുന്നു. അപ്പോൾ ഞാൻ കൂടി മാറി നിന്നാൽ അവളുടെ പഠനത്തെയും മറ്റും ബാധിക്കും. പേരന്റിങ് മസ്റ്റാണ് കുട്ടികൾക്ക്. കുറേക്കാലം കഴിഞ്ഞപ്പോൾ അവൾ തന്നെ ഇങ്ങോട്ടു പറഞ്ഞു, ‘അമ്മ ജീവിതത്തിന്റെ പകുതിയോളം കുടുംബത്തിനു വേണ്ടി മാറ്റി വച്ചു. ഇനി സ്വന്തം ജീവിതം ജീവിക്കണം. അഭിനയിക്കൂ, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യൂ, ആരോഗ്യം നോക്കൂ’ എന്നൊക്കെ. എന്നെ മോട്ടിവേറ്റ് ചെയ്തത് എന്റെ മോളാണ്.
അവൾ പറഞ്ഞു, ‘അമ്മാ...ബിലീവ് യുവർ സെൽഫ്’
എന്റെ ഡ്രസിങ്ങിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടു വന്നതും മേക്കോവറിനു സഹായിച്ചതുമൊക്കെ അവളാണ്. കോവിഡ് സമയത്ത് ഞാൻ കുറേക്കാലം ഹോസ്പിറ്റലിൽ അഡ്മിറ്റായി. ന്യുമോണിയയും ഡെങ്കുവും ഒന്നിച്ചു വന്നു. 13 ദിവസം കൊണ്ട് 9 കിലോ കുറഞ്ഞിട്ടാണ് ആശുപത്രി വിട്ടത്. എഴുന്നേറ്റു നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അതാണ് എന്നെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവാക്കിയത്. അങ്ങനെ ഡയറ്റും വർക്കൗട്ടുമൊക്കെ സജീവമാക്കി. നേരത്തെ ഞാൻ അൽപ്പം തടിച്ച ശരീരപ്രകൃതിയായതിനാൽ കോസ്റ്റ്യൂമിൽ വലിയ ശ്രദ്ധയുണ്ടായിരുന്നില്ല. കംഫർട്ടായത് ധരിക്കുകയായിരുന്നു രീതി. വണ്ണം കുറഞ്ഞപ്പോൾ സ്റ്റൈലിഷായ കോസ്റ്റ്യൂമിലേക്കു മാറി. അതിലൊക്കെ മോളുടെ സ്വാധീനമുണ്ട്. അങ്ങനെ എന്റെ ലൈഫിൽ ചേഞ്ച് വരുത്തിയതും അവളാണ്.
അതുപോലെ മോൾ പറഞ്ഞ മറ്റൊരു കാര്യം ‘ബിലീവ് യുവർ സെൽഫ്’ എന്നാണ്. ‘അമ്മ അമ്മയിൽ വിശ്വസിക്കണം, അമ്മ നല്ല ആക്ട്രസാണ്, മലയാള സിനിമയിൽ നല്ല സ്പേസ് ഉണ്ട്’ എന്നു പ്രോത്സാഹിപ്പിച്ച് വീണ്ടും സിനിമയിൽ സജീവമാകാൻ പ്രേരിപ്പിച്ചതും അവളാണ്.
ആ സ്പേസ് പ്രധാനം
കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള സ്പേസ് മാതാപിതാക്കൾ കൊടുക്കണം. ഒരു പ്രണയമുണ്ടായാൽ പോലും അതു തുറന്നു പറയാനാകണം. അതിന്റെ പ്ലസ് എന്തെന്നാൽ, ഒരു പ്രശ്നം വന്നാൽ അല്ലെങ്കിൽ ഒരാപത്തുണ്ടായാൽ അതു കൈകാര്യം ചെയ്യാൻ അവരെ നമുക്ക് പ്രാപ്തരാക്കാം. ഒപ്പം അവരെ സംരക്ഷിക്കാനുമാകും. അങ്ങനെയൊരു കമ്യൂണിക്കേഷൻ ഞങ്ങൾക്കിടയിലുണ്ടെന്നതാണ് സന്തോഷം.
മോൾ ഇപ്പോൾ ഫാഷൻ സ്റ്റൈലിങ് ആൻഡ് ഫോട്ടോഗ്രാഫി കോഴ്സ് പൂർത്തിയാക്കി. അടുത്ത മാസമാണ് ബിരുദദാനച്ചടങ്ങ്. അതിനായി ഞാൻ ഫ്ലോറൻസിലേക്ക് പോകും. ഇനി എന്തു പഠിക്കണം എന്നൊക്കെയുള്ള കാര്യങ്ങൾ അവളും അച്ഛനും ചേർന്ന് പ്ലാൻ ചെയ്യുന്നുണ്ട്.
ഇടയ്ക്ക് അവൾ അവധിക്കു വന്നപ്പോൾ ഒന്നു രണ്ട് സിനിമകളിലേക്ക് അവസരം ലഭിച്ചിരുന്നു. പക്ഷേ, അവൾക്ക് കുറച്ചു കൂടി നല്ല റോളില്‍ ഒരു ഓപ്പണിങ് ആണ് ആഗ്രഹം. അതിനായി തൽക്കാലം ഒന്നും സ്വീകരിച്ചിട്ടില്ല. പഠനം കഴിയട്ടേ എന്നിട്ട് ആലോചിക്കാം എന്നാണ് തീരുമാനം.