ADVERTISEMENT

ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് നിരവധി പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട് കേരളം. ശശി തരൂർ, അരുന്ധതി റോയ്, ജീത്ത് തയ്യിൽ, മനു ജോസഫ്, അനിസ് സലിം, ആനന്ദ് നീലകണ്ഡൻ, മീന അലക്സാണ്ടർ, അനിത നായർ തുടങ്ങി ദീപ ആനപ്പാറയും ദീപക് ഉണ്ണികൃഷ്ണനും വരെയുള്ള, അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായ എത്രയെത്ര പേരുകൾ...അക്കൂട്ടത്തിലേക്കാണ് തന്റെയും യാത്രയെന്ന് സർഗാത്മകസമ്പത്തിനാൽ ഉറപ്പ് നൽകുകയാണ് ഒരു പതിമൂന്ന് വയസ്സുകാരി മലയാളിപ്പെൺകുട്ടി, അനഘ രതീഷ്. ഈ ചെറിയ പ്രായത്തിനിടെ, ഇതിനോടകം വായനാലോകത്തും സാഹിത്യ രംഗത്തും ചർച്ചയായിക്കഴിഞ്ഞ മൂന്ന് പുസ്തകങ്ങളാണ് അനഘയുടെതായി പ്രസിദ്ധീകരിച്ചിട്ടുള്ളത്, ‘സെലസ്റ്റിയ ക്രോണിക്കിൾസ്: ഫയർ ആൻഡ് വാട്ടർ (രണ്ട് ഭാഗങ്ങൾ)’ എന്ന നോവലും ‘എ വേൾഡ് ഓഫ് ഇൻട്രിക്കീസ്’ എന്ന കവിത സമാഹാരവും.

anakha-3

നോവലിൽ, സങ്കൽപ്പങ്ങളുടെയും പുരാണങ്ങളുടെയും ഒരു ലോകമാണ് ഈ എട്ടാം ക്ലാസുകാരി അവതരിപ്പിച്ചതെങ്കിൽ കവിതകളാകട്ടേ, എഴുതിത്തെളിഞ്ഞ ഒരു സാഹിത്യകാരിയുടെ സാന്നിധ്യമനുഭവിപ്പിക്കുന്നവയാണ്. എഴുത്തിനൊപ്പം വായനയെയും ഹൃദയത്തോട് ചേർത്തു പിടിക്കുന്നു അനഘ. എഴുത്തിനൊപ്പം തനിക്ക് പ്രധാനമാണ് വായനയെന്നും അനഘ പറയുന്നു.

ADVERTISEMENT

38 നീണ്ട കവിതകളുടെയും 15 ഹൈക്കുകളുടെയും സമാഹാരമാണ് . ‘വേൾഡ് ഓഫ് ഇൻട്രിക്കീസ്’. പ്രത്യാശ മുതൽ നന്മതിന്മകളെക്കുറിച്ചുള്ള ആലോചനകളും സമയവും വരെ അനഘയുടെ കവിതകൾക്ക് വിഷയമാണ്. ഇവയെല്ലാം ദാർശനികമെന്നതിനൊപ്പം യുക്തിസഹമായും അവതരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.
എഴുത്തിൽ, ഫാന്റസിയും ഭ്രമാത്മക കഥകളും അവതരിപ്പിക്കാനാണ് അനഘയ്ക്ക് കൂടുതൽ താൽപര്യമെന്ന് മനസ്സിലാക്കാം.
‘സെലസ്റ്റിയ ക്രോണിക്കിൾസ്: ഫയർ ആൻഡ് വാട്ടർ’ ഒരു ഫാന്റസി ട്രൈലോജിയാണ്. അഡയർ ക്വിക്ക്‌സിൽവർ എന്ന 14 വയസ്സുള്ള പെൺകുട്ടിയാണ് പ്രധാന കഥാപാത്രം. സെലസ്റ്റിയയാണ് കഥാപശ്ചാത്തലം. പുരാണസമാനമായ പ്രതീകികളും രാജ്യങ്ങൾ തമ്മിലുള്ള കിടമത്സരങ്ങളും നൻമയും തിൻമയും തമ്മിലുള്ള പോരാട്ടങ്ങളുമൊക്കെച്ചേരുന്ന കഥാഗതി ‘സെലസ്റ്റിയ ക്രോണിക്കിൾസ്: ഫയർ ആൻഡ് വാട്ടർ’ നെ മികച്ച വായനാനുഭവമാക്കുന്നു. നോവലിന്റെ രണ്ടാം ഭാഗം എത്തി.
‘ഞാൻ ആദ്യം വായിച്ച നോവലുകളും കഥകളുമൊക്കെ കൂടുതലും ഫാന്റസിയുടെ പശ്ചാത്തലമുള്ളവയായിരുന്നു. ഞാനെഴുതുന്ന മിക്ക ചെറുകഥകളും ഇതേ വിഭാഗത്തിലുള്ളവയാണെങ്കിലും ചരിത്രവും ഹൊററുമൊക്കെ എന്റെ ഇഷ്ട വിഷയങ്ങളാണ്. ഇപ്പോഴും എന്റെ വായന ഇതുമായൊക്കെ ചേർന്നു പോകുന്നു’.– എഴുത്തിലെയും വായനയിലെയും തന്റെ ഇഷ്ടങ്ങളെക്കുറിച്ച് അനഘ പറയുന്നതിങ്ങനെ.

anakha-2

കോവിഡ്–ലോക്ക് ഡൗൺ കാലമാണ് തന്നെ ഒരു എഴുത്തുകാരിയാക്കിയതെന്ന് അനഘ. പഠനത്തിന്റെയും മറ്റും തിരക്കുകളിൽ നിന്നൊഴിഞ്ഞ അക്കാലമാണ് തന്നിലെ വായനക്കാരിക്കൊപ്പം എഴുത്തുകാരിയെയും പരുവപ്പെടുത്തിയതെന്ന് ഈ പ്രതിഭ ഉറപ്പിക്കുന്നു.

ADVERTISEMENT

ഇപ്പോൾ ‘സെലസ്റ്റിയ ക്രോണിക്കിൾസ്’ന്റെ അടുത്ത ഭാഗം തയാറാക്കുന്നതിന്റെ തിരക്കിലാണ് അനഘ. ഒപ്പം സംഗീതവും വായനയും ആസ്വദിക്കുന്നതിന്റെ ഹരത്തിലും...
രതീഷ് രാമാനുജം അർച്ചന രത്നകുമാർ ദമ്പതികളുടെ ഏകമകളാണ് അനഘ. ഗുഡ്ഗാവിലാണ് താമസം.

ADVERTISEMENT
ADVERTISEMENT