Monday 19 December 2022 12:29 PM IST

‘ചിറകൊടിഞ്ഞ കിനാവുകൾ’ അംബുജാക്ഷന്റേതല്ല, ആ പേര് മോഷണമോ ? ബാബു ചെങ്ങന്നൂരിനെ ഓർക്കുമ്പോൾ

V.G. Nakul

Sub- Editor

chirakodinja-kinavukal-1

‘ഒരു വിറകു വെട്ടുകാരൻ. അയാൾക്ക് ഒരേയൊരു മകൾ – സുമതി, 19 വയസ്സ്. ഇവൾ സ്ഥലത്തെ ഒരു തയ്യൽകാരനുമായി പ്രണയത്തിലാണ്. ഈ തയ്യൽകാരൻ ബഹുമിടുക്കനും സുന്ദരനുമാണ്. അനീതി കണ്ടാൽ എതിർക്കും. ജനങ്ങളുടെ ഏതു കാര്യത്തിനും മുന്നില്‍ കാണും. അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. എല്ലാത്തിലുമുപരി ഈ തയ്യൽകാരൻ ഒരു നോവലിസ്റ്റുമാണ്. പക്ഷേ, വിറകുവെട്ടുകാരന് തന്റെ മകളെ ഒരു വലിയ പണക്കാരനനായ ഗൾഫുകാരനെക്കൊണ്ട് കെട്ടിക്കാനാണ് താൽപര്യം. ഇക്കാര്യം സുമതി തയ്യൽക്കാരനെ അറിയിക്കുന്നു. തയ്യൽകാരൻ ഗൾഫിൽ പോകാൻ ശ്രമിക്കുന്നു. പക്ഷേ, വിസ...അതു കിട്ടുന്നില്ല. അങ്ങനെ നിവൃത്തിയില്ലാതെ തയ്യൽകാരന്‍ നോവലെഴുതാൻ തുടങ്ങുകയാണ്. അത്ഭുതമെന്നു പറയട്ടേ, ഏറ്റവും നല്ല നോവലിനുള്ള സർക്കാർ അവാർഡ് അതിനു കിട്ടുകയാണ്. 1 ലക്ഷം രൂപ. ഈ ഒരു ലക്ഷം രൂപ കൊണ്ട് തയ്യൽകാരന്‍ ഒരു ഗംഭീര ബംഗ്ലാവ് പണിയുകയാണ്. തനിക്കു തന്റെ പ്രാണപ്രേയസിയോടൊത്ത് താമസിക്കാനാണ് തയ്യൽകാരന്‍ ബംഗ്ലാവ് പണിയുന്നത്. പക്ഷേ, നിർഭാഗ്യമെന്നു പറയട്ടേ, വിറകുവെട്ടുകാരൻ തന്റെ മകൾക്കൊരു ഗൾഫ് ഭർത്താവിനെ ഏർപ്പാടാക്കുന്നു. സുമതി കരഞ്ഞു. തയ്യൽകാരൻ ആ കല്യാണം പൊളിക്കാൻ ശ്രമിക്കുന്നു. സാധിക്കുന്നില്ല. ഒടുവിൽ ബംഗ്ലാവിന്റെ പാലുകാച്ചൽദിനം വരുകയായി. അന്നു തന്നെയാണ് സുമതിയും ഗൾഫുകാരനും തമ്മിലുള്ള വിവാഹവും. അവിടെ കല്യാണ വാദ്യഘോഷങ്ങൾ, ഇവിടെ പാലുകാച്ചൽ. പാലുകാച്ചൽ, കല്യാണം.... കല്യാണം, പാലുകാച്ചൽ.... പാലുകാച്ചൽ, കല്യാണം.... അവിടെ സുമതിയുടെ കഴുത്തിൽ താലിവീഴുന്ന സമയത്ത്, ഇവിടെ കാച്ചിയ പാലില്‍ വിഷം കലക്കിക്കുടിച്ച് പിടയുകയാണ്....പിടയുകയാണ്...പക്ഷേ, താലി കെട്ടുന്നില്ല. സുമതി ഓടി. തയ്യൽകാരൻ മരിച്ചില്ല. ആശുപത്രിയിലായി. ഡോക്ടർമാർ, ഓപ്പറേഷൻ.... ഓപ്പറേഷൻ, ഡോക്ടർമാർ...ഡോക്ടർമാർ, ഓപ്പറേഷൻ.... ഓപ്പറേഷൻ, ഡോക്ടർമാർ...ഒടുവിൽ ആശുപത്രിയിൽ വച്ച് അവർ ഒന്നിക്കുകയാണ്...’

ഈ കഥാസാരം കേൾക്കുമ്പോഴേ, പലരുടെയും മനസ്സില്‍ ഒരു മുഖം തെളിഞ്ഞിട്ടുണ്ടാകും – നോവലിസല്റ്റ് അംബുജാക്ഷന്റെ!

തയ്യൽകാരനും സർവോപരി നോവലിസ്റ്റുമായ അംബുജാക്ഷന്റെ ‘ചിറകൊടിഞ്ഞ കിനാവുകൾ’ എന്ന നോവലിന്റെതാണ് മുകളിൽ ചുരുക്കിപ്പറഞ്ഞ കഥ.

chirakodinja-kinavukal-3

മമ്മൂട്ടിയെ നായകനാക്കി, ശ്രീനിവാസന്റെ തിരക്കഥയിൽ, കമൽ ഒരുക്കിയ ചിത്രമാണ്, 1996 ൽ തിയറ്ററുകളിലെത്തിയ ‘അഴകിയ രാവണന്‍’. ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച ടെയ്‌ലർ അബുജാക്ഷന്‍ എന്ന കഥാപാത്രത്തിന്റെ ആത്മകഥാശമുള്ള നോവലാണ് ‘ചിറകൊടിഞ്ഞ കിനാവുകള്‍’!

ചിത്രത്തിൽ, സിനിമാച്ചർച്ചയുടെ ഭാഗമായി അംബുജാക്ഷൻ നോവലിന്റെ കഥ പറയുന്ന രംഗം ഇപ്പോഴും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. പിന്നീട്, ‘ചിറകൊടിഞ്ഞ കിനാവുകള്‍’ലെ സുമതിയുടെയും തയ്യൽകാരന്റെയും കഥ ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന പേരിൽ തന്നെ മറ്റൊരു സിനിമയായി. കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, ശ്രീനിവാസൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി, സന്തോഷ് വിശ്വനാഥ് ഒരുക്കിയ ആക്ഷേപഹാസ്യ ചലച്ചിത്രമാണ്, 2015 ൽ തിയറ്ററിലെത്തിയ ‘ചിറകൊടിഞ്ഞ കിനാവുകൾ’. ചിത്രത്തിൽ ടെയ്‌ലർ അംബുജാക്ഷനായി ശ്രീനിവാസന്‍ വീണ്ടും എത്തിയപ്പോൾ തയ്യൽകാരനായത് കുഞ്ചാക്കോ ബോബനും സുമതിയായത് റിമ കല്ലിങ്കലുമാണ്.

chirakodinja-kinavukal-4

എന്നാൽ, ‘ചിറകൊടിഞ്ഞ കിനാവുകൾ’ സിനിമയ്ക്കായി ശ്രീനിവാസൻ സൃഷ്ടിച്ച ഒരു തമാശ മാത്രമല്ല! അതേ പേരിൽ, മറ്റൊരു കഥ പറയുന്ന, മനോഹരമായ ഒരു നോവലുണ്ട്!

പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായ ബാബു ചെങ്ങന്നൂരിന്റെ ശ്രദ്ധേയ നോവലാണ് ചിറകൊടിഞ്ഞ കിനാവുകൾ. 1960 ൽ മനോരമ പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘ഇരുളടഞ്ഞ ശവക്കോട്ടകൾ’ എന്ന കഥാസമാഹാരം വായിക്കുന്നതിനിടെയാണ്, ഗ്രന്ഥകാരന്റെ ഇതര കൃതികളുടെ കൂട്ടത്തിൽ ‘ചിറകൊടിഞ്ഞ കിനാവുകൾ’ എന്ന നോവലിന്റെ പേര് കണ്ടത്. ബാബു ചെങ്ങന്നൂരിന്റെ ‘ചിറകൊടിഞ്ഞ കിനാവുകൾ’ ളുടെ കഥയ്ക്ക് ടെയ്‌ലർ അംബുജാക്ഷന്റെ ‘ചിറകൊടിഞ്ഞ കിനാവുകൾ’ ളുടെ കഥയുമായി ബന്ധമൊന്നുമില്ലെങ്കിലും പേരിലെ ഈ സാമ്യത രസകരമാണ്. ഇനിയിപ്പോൾ, പൊതുവേ തട്ടിപ്പുകാരനായ അംബുജാക്ഷൻ ബാബു ചെങ്ങന്നൂരിന്റെ നോവലിന്റെ പേര് മോഷ്ടിച്ചതാണെങ്കിലോ....?

പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്നു കെ.എസ്. നൈനാൻ എന്ന ബാബു ചെങ്ങന്നൂർ. മലയാളത്തിലെ ആദ്യ യുദ്ധകാര്യ ലേഖകനായിരുന്നു. 1962 ലെ ഇന്ത്യ–ചൈന യുദ്ധം, കോംഗോ യുദ്ധം, വിയറ്റ്നാം യുദ്ധം എന്നിവ മലയാള മനോരമക്കു വേണ്ടി റിപ്പോർട്ട് ചെയ്തു.

chirakodinja-kinavukal-2

വിദ്യാർഥിയായിരുന്നപ്പോൾ തന്നെ അദ്ദേഹം സാഹിത്യ രംഗത്ത് പ്രശസ്തനായിരുന്നു. സാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ നടത്തിയ ചെറുകഥാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ചോരയും ചെങ്കോലും, ഉരുൾപൊട്ടൽ, കിഴക്കൊരു നക്ഷത്രം , അണയാൻ കൊതിച്ച കൈത്തിരികൾ , മാസ്മരമനുഷ്യൻ , നൈജീരിയൻ നാടുകളിൽ , കോലായിൽ കുടുങ്ങിയ കള്ളനോട്ടുകൾ, കുഴിതോണ്ടി തുടങ്ങി നിരവധി കൃതികൾ രചിച്ചു. ഇക്കൂട്ടത്തിലെ മറ്റൊരു ശ്രദ്ധേയ രചനയായിരുന്നു ‘ചിറകൊടിഞ്ഞ കിനാവുകൾ’ എന്ന നോവൽ. 1980 മാർച്ച് 12 നു 44 വയസ്സിൽ അദ്ദേഹം അന്തരിച്ചു.

എന്തായാലും ‘ചിറകൊടിഞ്ഞ കിനാവുകള്‍’ ഓർക്കുമ്പോൾ ഇനി ബാബു ചെങ്ങന്നൂരിനെയും ഓർക്കാം...