ADVERTISEMENT

സ്വിച്ചിട്ടാൽ പറക്കുന്ന വേഗത്തിൽ പായുകയാണ് ലോകം. ആഗ്രഹിക്കുന്നതെല്ലാം കൺമുന്നിൽ, വേണ്ടതെല്ലാം കയ്യെത്തും ദൂരത്ത്. ടെക്നോളജിയുടെ ചിറകിലേറി പായുന്ന പുതിയ തലമുറയുടെ ഹാപ്പിനസിന്റെ കീ വിരൽത്തുമ്പിലാണ്. പക്ഷേ എല്ലാ സൗഭാഗ്യങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴും ഉള്ളിൽ സംഘർഷത്തിന്റെ കൊടുങ്കാറ്റടിക്കുന്നുണ്ടാകും. മുഖത്തൊരു ചിരിയും തേച്ചുപിടിപ്പിച്ച് പുറമേ സന്തോഷം നടിക്കുന്നവരുടെ ഹാപ്പിനസ് മന്ത്ര എന്തായിരിക്കും? വിഷാദത്തിന്റെ കൂട്ടിലിരുന്ന് പുതുതലമുറ തേടിയ ചോദ്യത്തിന് ഒരു ഒമ്പതാം ക്ലാസുകാരി അക്ഷരങ്ങളിലൂടെ മറുപടി നൽകുകയാണ്. നിത്യ ജീവിതത്തിൽ നമ്മളെ ചുറ്റിവരിയുന്ന സമസ്യകൾക്ക് ജീവിതാനുഭവങ്ങൾ മുൻനിർ‌ത്തി ഉത്തരം നൽകുന്ന കാതറിൻ ജേക്കബിന്റെ പുസ്തകം ആത്മനിയന്ത്രണത്തിന്റെ പാഠങ്ങൾ പങ്കുവയ്ക്കുന്ന കൈപ്പുസ്തകം കൂടിയാണ്.

കലുഷിതമാകുന്ന മനസിന് മരുന്നാകുന്ന ഈ പുസ്തകം പ്രശ്നങ്ങളുടെ വേരുകൾ തേടുന്നവർക്കുള്ള ഉത്തരം ഒരു 14 വയസുകാരിയുടെ പുസ്തകത്തിലുണ്ടെന്നു പറഞ്ഞാൽ അദ്ഭുതപ്പെടേണ്ട. കണ്ടും കേട്ടും വായിച്ചും അനുഭവിച്ചറിഞ്ഞതുമായ ജീവിത സമസ്യകളും അവയെ നേരിടാനുള്ള സക്സസ് മന്ത്രയും കാതറിന്റെ ‘കോൺകർ യൂവർ ഇംപൾസസ്’ എന്ന പുസ്തകം അനാവരണം ചെയ്യുന്നു. വായിച്ചു വളരുന്ന പ്രായത്തിൽ സ്വന്തമായൊരു പുസ്തകം രചിച്ച് വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച കാതറിനു പിന്നിൽ ഹൃദയംതൊടുന്നൊരു നിശ്ചയദാർഢ്യത്തിന്റെ കഥകൂടിയുണ്ട്. കാതറിൻ ജേക്കബ് വനിത ഓൺലൈനോടു മനസു തുറക്കുന്നു.

ADVERTISEMENT

ആത്മനിയന്ത്രണത്തിന്റെ അക്ഷരവഴി– കോൺകർ യൂവര്‍ ഇംപൾസസ് പറയുന്ന പാഠങ്ങൾ

‘പുസ്തകങ്ങളോ ചിത്രങ്ങളോ സിനിമയോ ഏതുമാകട്ടെ. ഭാവനയും സങ്കൽപങ്ങളും കൊണ്ട് അവയെല്ലാം സമ്പന്നമാകുമ്പോഴും അതിന്റെ സ്രഷ്ടാവിന്റെ ആത്മാംശം ആ കലാസൃഷ്ടികളിൽ ഒളിഞ്ഞിരിപ്പുണ്ടാകും. ‘കോൺകർ യൂവർ ഇംപൾസസ്’ എന്ന പുസ്തകം ഒരു ഒമ്പതാം ക്ലാസുകാരിയുടെ അവധിക്കാല നേരമ്പോക്കല്ല. ഈ ചെറുപ്രായത്തിൽ തന്നെ ഞാൻ എന്റെ മനസിനോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള ലളിതമായ ഉത്തരങ്ങളാണ്. വായിച്ചും കേട്ടും കണ്ടും അറിഞ്ഞും ‍ഞാന്‍ തേടിയ അനുഭവങ്ങൾക്ക് നേർക്കു പിടിച്ച കണ്ണാടിയാണ്.– പ്രായത്തെ കവച്ചു വയ്ക്കുന്ന പക്വതയോടെ കാതറിന്റെ ആമുഖം.

ADVERTISEMENT

ജനിച്ചതും വളർന്നതും യുഎസിലെ ഫിലാഡെൽഫിയയിലാണ്. അച്ഛൻ അഭിലാഷ് ജേക്കബ് അമ്മ അനുകുര്യൻ. യുഎസില്‍ നിന്നും ബംഗളൂരുവിലെ ഐടി കമ്പനിയിലേക്ക് ഇരുവരും എത്തിയതോടെ കന്നട നാടായി എന്റെയും തട്ടകം. അവിടെ ലെഗസി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഞാൻ. ഒപ്പം പഠിക്കുന്നർ വായിച്ചു നടക്കുമ്പോൾ പുസ്തകം വായിച്ചു നടക്കുമ്പോൾ പുസ്തക രചനയിലേക്ക് കടന്നത് അതിസാഹസമെന്നു ഞാൻ കരുതുന്നില്ല. കടന്നു പോയ ജീവിതത്തിൽ എന്നെ സ്പർശിച്ച വായനകളും ചിന്തകളും മനസിൽ കോറിയിട്ട ചോദ്യങ്ങളുമൊക്കെ ഒരു പുസ്തക രചനയെന്ന എന്റെ സ്വപ്നത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിക്കുന്ന പോസിറ്റീവായ കാര്യങ്ങൾ പുസ്തകത്തിലുണ്ട്. ‘ഞാൻ ഹാപ്പിയല്ല, ഇനിയൊരിക്കലും പഴയതു പോലെയാകില്ല’ എന്ന് നിരാശയോടെ പറയുന്നൊരു മനുഷ്യൻ അയാളുടെ പ്രശ്നങ്ങൾക്ക് കാരണമായ വേരുകൾ തേടിപ്പോകാറില്ല. പ്രതിവിധികൾ തേടിപ്പോകാതെ നിരാശയുടെ പടുകുഴിയിലേക്ക് പോകുന്നൊരാൾ അയാളുടെ മനസിനെ അറിയുക എന്നതാണ് ആദ്യക്കെ പാഠം. നമ്മുടെ സമ്തോഷത്തിന്റെയും സങ്കടത്തിന്റെയും താക്കോൽ നമ്മുടെ കയ്യിൽ തന്നെയാണുള്ളതെന്ന് ചുരുക്കം.

catherine-2
ADVERTISEMENT

അടുക്കും ചിട്ടയുമില്ലാതെ അലസമായി ജീവിതം ജീവിച്ചു തീർക്കുന്നൊരാൾ ഒന്നിനും സമയമില്ലെന്ന് ആത്മഗതം പറയുന്നതു കേട്ടിട്ടില്ലേ. ടിക് ടിക് അടിച്ചു കടന്നു പോകുന്ന ക്ലോക്കിലെ സെക്കന്റ് സൂചി മാതിരിയാണ് നമ്മുടെ ജീവിതം. അതുവേണ്ട വിധം ഉപയോഗിക്കുന്നിടത്ത് അലസത മരിക്കും. എല്ലാം കൃത്യമായി അറേഞ്ച് ചെയ്യുന്ന സന്തോഷമുള്ള ടൈം ടേബിൾ നമ്മുടെ ജീവിതത്തിലും വരും. ലോകോത്തര വ്യവസായി ഇലോൺ മസ്കിനെ പറ്റി കേട്ടിട്ടില്ലേ. ഒരേ സമയം മൂന്ന് കമ്പനികൾ നടത്തിക്കൊണ്ടു പോകുമ്പോഴും ടൈം മാനേജ്മെന്റ് ശരിയായ രീതിയിൽ അല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. പക്ഷേ തന്റെ ജീവിതത്തെ ടെൻ‌ഷനാക്കുന്ന അച്ചടക്കമില്ലാത്ത ആ വില്ലനെ ഇലോൺ മസ്ക് ചിട്ടയോടെ നേരിട്ട വിധമുണ്ട്. അവിടെയാണ് അദ്ദേഹത്തിന്റെ വിജയവും. ഇലോൺ മസ്ക് മാത്രമല്ല മഹാത്മ ഗാന്ധി, നെൽസൺ മണ്ഡേല, വിഖ്യാത ഗോൾഫ് താരം ടൈഗർ വുഡ്സ്, ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് എന്നിവരുടെയൊക്കെ ജീവിതാനുഭവങ്ങൾ മുൻനിർത്തിയും ആത്മനിയന്ത്രണത്തിന്റെ പാഠങ്ങൾ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

അച്ഛനും അമ്മയും നൽകിയ പിന്തുണയാണ് ഈ സ്വപ്നം എന്നെ സാക്ഷാത്കരിക്കാൻ സഹായിച്ചത്. എന്റെ സ്വപ്നങ്ങളും ലോകത്തോടുള്ള എന്റെ കാഴ്ചപ്പാടുകളുമൊക്കെ എഴുതി സൂക്ഷിക്കാൻ തുടങ്ങിയടത്തു നിന്നാണ് ഈ പുസ്തകം ജനിച്ചതെന്നു പറഞ്ഞല്ലോ. അതിനു പിന്നിൽ ചാലക ശക്തിയായി നിന്നത് അച്ഛൻ അഭിലാഷ് ജേക്കബാണ്. കഴിഞ്ഞ വേനലവധി മറ്റ് നേരമ്പോക്കുകൾക്ക് വിട്ടുകൊടുക്കാതെ ഈ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു ഞാൻ. ഏകദേശം ഒരു വർഷത്തോളം സമയമെടുത്താണ് പുസ്തക രചന പൂർത്തിയാക്കിയത്. ഡൽഹിയിലെ ബ്ലൂറോസ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 220 പേജുകളുള്ള പുസ്തകം ജീവിതത്തിനുള്ള പെർഫക്ട് ഗൈഡെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആമസോണിലും ഫ്ലിപ്കാർട്ടിലും വിൽപനയ്ക്കുള്ള പുസ്തകം നിരവധി പേർ റിവ്യൂ ചെയ്തും പിന്തുണയ്ക്കുന്നുണ്ട്.

catherine-family-3
കാതറിനും കുടുംബവും

കോൺകർ യൂവര്‍ ഇംപൾസസ് മികച്ച പ്രതികരണം നേടുമ്പോള്‍ മറ്റൊരു സന്തോഷം കൂടി പങ്കുവയ്ക്കട്ടെ. മാനസിക വളച്ചയുടെ പല തലങ്ങൾ പരിചയപ്പെടുത്തുന്ന പുതിയൊരു പുസ്തകം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ബംഗളൂരു ഹെന്നൂർ ലെഗസി സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിയാണ് കാതറിൻ. എലിസബത്ത് ജെന്നിഫര്‍ എന്നിവരാണ് സഹോദരങ്ങൾ.

ADVERTISEMENT