Monday 16 December 2024 02:27 PM IST : By സ്വന്തം ലേഖകൻ

‘ആത്മഹത്യയ്ക്ക് പകരം എന്തു കൊണ്ട് നമ്മുടെ പെൺകുട്ടികൾ സ്വന്തം വീടിനെ പറ്റി ചിന്തിക്കുന്നില്ല ?’: ഡിവോഴ്സിന് ശേഷം ഹാപ്പി ആയി ജീവിക്കുന്ന പതിമൂന്ന് സ്ത്രീകളുടെ ജീവിതം

nisha-rathnamma-1

‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന പേര് ഒരു സന്ദേശമാണ്. വിവാഹ മോചനം എന്നത് വലിയ തെറ്റാണെന്നും അപമാനമാണെന്നും വിശ്വസിക്കുന്ന ഒരു സാമൂഹിക ബോധത്തെ ഈ പ്രയോഗത്തിലൂടെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയെന്നതാണ് നിഷ രത്നമ്മയുടെ ശ്രമം. വിവാഹമോചനത്തിലൂടെ നിരാശ ബാധിക്കാതെ ജീവിതം തിരിച്ചുപിടിക്കണമെന്നും പ്രതികൂലസാഹചര്യങ്ങളിലൂടെ ജീവിതം പൂർണതയിലെത്തിക്കണമെന്നുമുള്ള ഓർമപ്പെടുത്തലുകളുമായാണ് നിഷ എഴുതി സംവിധാനം ചെയ്ത ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന മലയാളം ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ,‘ഹാപ്പിലി ഡിവോഴ്സ്ഡ്’ ഡോക്യുമെന്ററിക്കു പിന്നാലെ ഡിവോഴ്സിന് ശേഷം ഹാപ്പി ആയി ജീവിക്കുന്ന പതിമൂന്ന് സ്ത്രീകളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും സന്തോഷത്തിന്റെയും കഥ പറയുന്ന ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന പുസ്തകവുമായി എത്തിയിരിക്കുകയാണ് നിഷ. ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ വായിച്ചതിന്റെ പശ്ചാത്തലത്തില്‍ ശരണ്യ എം. ചാരു എഴുതി ആസ്വാദനക്കുറിപ്പ് വായിക്കാം –

nisha-rathnamma-2

നമ്മൾ സന്തോഷത്തോടെ ജീവിച്ചിരിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്ന്’: ശരണ്യ എം. ചാരു എഴുതുന്നു –

ഡിവോഴ്സിന് ശേഷം ഹാപ്പി ആയി ജീവിക്കുന്ന പതിമൂന്ന് സ്ത്രീകളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും സന്തോഷത്തിന്റെയും കഥ പറയുന്ന പുസ്തകമാണ് നിഷ രത്നമ്മ എഡിറ്റ് ചെയ്ത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യപ്പെട്ട ഹാപ്പിലി ഡിവോഴ്സ്ഡ്. വിവാഹ മോചിതരായ കുറച്ചു സ്ത്രീകൾ അവരുടെ കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചും ഇപ്പോഴത്തെ ജീവിതാവസ്ഥകളെ കുറിച്ചും സർവൈവലിനെ കുറിച്ചും പറയുന്ന മലയാളത്തിലെ ആദ്യ പുസ്തകമെന്ന് വേണം ഒറ്റ വരിയിൽ ഹാപ്പിലി ഡിവോഴ്സ്ഡിനെ നിർവ്വചിക്കാൻ.

വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായ ചുറ്റുപാടിൽ നിന്നും അതിലേറെ വ്യത്യസ്തമായ കുടുംബാന്തരീക്ഷത്തിൽ നിന്നും വിവാഹത്തിലേക്ക് എത്തിപ്പെടുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരൊറ്റ ദിവസം കൊണ്ട് മറ്റൊരു കുടുംബത്തിന്റെ ചിട്ടകളുമായും രീതികളുമായും അവിടത്തെ പുതിയ മനുഷ്യരുമായും പൊരുത്തപ്പെട്ടും മറ്റുള്ളവർക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്തും, സ്വയം കീഴടങ്ങിയും ജീവിക്കേണ്ടി വരുന്ന സാഹചര്യം ഇപ്പോഴും ഇന്നാട്ടിലുണ്ട്. നമ്മുടെ നാട്ടിലെ വിവാഹരീതിവച്ചു മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ടി വരുന്ന മിക്കവാറും സ്ത്രീകൾ ഈ പ്രശ്നം അഭിമുഖീകരിച്ചവരായിരിക്കും. അത്തരത്തിൽ പറിച്ചു നടപ്പെട്ട മുഴുവൻ സ്ത്രീകളും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കുഞ്ഞു പുസ്തകമാണ് ഹാപ്പിലി ഡിവോഴ്സ്ഡ്. വിവാഹിതരായ സ്ത്രീകളോട് ചോദിച്ചാൽ അറിയാം അത്രയും കാലം ജീവിച്ച ചുറ്റുപാടുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു ജീവിതമാണ് ഏറിയപങ്കും സ്ത്രീകളെ ചെന്നു കയറുന്ന വീട്ടിലേക്ക് സ്വാഗതം ചെയ്തിരിക്കുക. ലൗ ആഫ്റ്റർ മേരേജും ബിഫോർ മേരേജും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പറയുന്നത് പോലെ വിവാഹത്തിന് മുന്നേയുള്ള ജീവിതവും ശേഷമുള്ള ജീവിതവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ വ്യത്യസ്തമാണ്. സ്ത്രീകളുടെ ജീവിതത്തെ രണ്ടായി തിരിക്കാൻ പറഞ്ഞാൽ വിവാഹത്തിന് മുന്നേ എന്നും ശേഷമെന്നും സ്ത്രീകൾ അതിനെ വേർതിരിക്കുന്നതിന് കാരണവും ഇതുതന്നെയാണ്.

പുതു തലമുറയിലെ പെൺകുട്ടികളിൽ ഭൂരിഭാഗവും തീരെ ചെറിയ പ്രായത്തിൽ വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയും ചിലരൊക്കെ വിവാഹമേ വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്യുന്ന പ്രത്യേകമായൊരു കാലഘട്ടത്തിലൂടെയാണ് നമ്മളിന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം അതിനൊരു പ്രധാന ഘടകമായിട്ടുണ്ട് എന്നിരിക്കെ തന്നെ, നമ്മുടെ പെൺകുട്ടികൾ സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനുമുള്ള സ്വാതന്ത്ര്യം കൈവരിച്ചു കഴിഞ്ഞു എന്നാണ് തോനുന്നത്. പഠിക്കുക, സ്വന്തമായൊരു ജോലി സംമ്പാദിക്കുക ആവശ്യമെങ്കിൽ മാത്രം വിവാഹം കഴിക്കുക തുടങ്ങിയ തീരുമാനങ്ങൾ ഇന്നവർക്കുണ്ട്. അതിന് പ്രധാന കാരണം അവർ അവർക്കുചുറ്റും കണ്ടു വളർന്ന വിവാഹിതരായ ആളുകളുടെ ജീവിതം തന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വിവാഹ ശേഷം പഠിത്തം ഉപേക്ഷിക്കേണ്ടി വന്നവരെ, ജോലി ഉപേക്ഷിക്കേണ്ടി വന്നവരെ, സ്വന്തം ഇഷ്ടങ്ങളോ നിറങ്ങളോ രുചികളോ പോലും ഉപേക്ഷിക്കേണ്ടി വന്നവരെ സ്വന്തം വീട്ടിൽ പോലും കണ്ടു വളർന്നത് കൊണ്ടാണ് പല പെൺകുട്ടികളും വിവാഹത്തെ പ്രോത്സാഹിപ്പിക്കാത്തവരായി മറിതുടങ്ങിയത്. പ്രണയത്തിന് മുന്നേ ഉള്ള ജീവിതമല്ല വിവാഹ ശേഷമുള്ള ജീവിതമെന്ന് ഇന്ന് ഏറെക്കുറേ മനുഷ്യർക്കും അറിയാം. പ്രണയിക്കുന്ന കാലത്തെ ജീവിതം തന്നെ വിവാഹ ശേഷം ജീവിക്കുന്നവർ നന്നേ കുറവാണെന്നും കുട്ടികൾ മനസ്സിലാക്കി കഴിഞ്ഞു. വിവാഹത്തിന് മുൻപ് സ്വന്തം വീട്ടിൽ അനുഭവിച്ച സ്വാതന്ത്രവും പരിഗണനയും വിവാഹ ശേഷം സ്ത്രീകൾക്ക് നഷ്ടപ്പെട്ടു പോകുന്നതിനെ പെൺകുട്ടികൾ ഭയപ്പെടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇതൊക്കെ തന്നെ വിവാഹ കമ്പോളത്തിലെ പുരുഷന്മാരുടെ ഡിമാന്റ് കുറയാൻ കാരണമായിട്ടുണ്ട്.

ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന പേര് കേൾക്കുമ്പോൾ തീർച്ചയായും ആളുകൾ സംശയിച്ചേക്കാം ഇതിൽ ഡിവോഴ്സിനെ പ്രോത്സാഹപ്പിക്കുന്ന എന്തെങ്കിലും ഘടകങ്ങൾ ഉണ്ടോ എന്ന്. അത്തരത്തിൽ ഒന്നുമില്ലാത്ത, ആൺ തുണ ഇല്ലാതെയും ജീവിക്കാൻ കഴിയുമെന്ന് പറഞ്ഞു വയ്ക്കുന്ന, തിരഞ്ഞെടുപ്പിൽ ഒരിക്കൽ തെറ്റുപറ്റി എന്നത് കൊണ്ട് മാത്രം ജീവിതം അവസാനിക്കുന്നില്ലെന്ന് പറഞ്ഞു വയ്ക്കുന്ന ഒരു പുസ്തകം മാത്രമായിട്ടാണ് ഹാപ്പിലി ഡിവോഴ്സ്ഡിനെ വായിക്കേണ്ടത്. ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ പറ്റിപ്പോയൊരു തെറ്റിനെ ജീവിതാവസാനം വരെ കൂടെ കൊണ്ടു നടക്കണോ, തെറ്റാണെന്ന് തിരിച്ചറിയുന്ന നിമിഷത്തിൽ തിരുത്തി മുന്നോട്ട് നടക്കണോ എന്ന് മാത്രമാണ് പുസ്തകം മുന്നോട്ട് വയ്ക്കുന്ന ചോദ്യം. പുസ്തകത്തിന്റെ ഒരു അധ്യായത്തിൽ ലാലി പി എം പറയുന്നത് ഇങ്ങനെയാണ് ‘ഇപ്പോ എനിക്കറിയാം, സ്വാതന്ത്ര്യം എന്നത് യാത്ര പോകുന്നതോ കാണാത്ത രാജ്യങ്ങൾ കാണുന്നതോ ഇഷ്ടമുള്ളിടത്തു തോന്നിയതുപോലെ ജീവിക്കുന്നതോ മാത്രമല്ല. സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ പറ്റുക എന്നത് തന്നെയാണ് സ്വാതന്ത്ര്യം. അതിപ്പോ അടച്ചിട്ട മുറിയിലായാലും അനന്ത വിശാലമായ ആകാശത്തിന് താഴെയായാലുമെന്ന്’. ലാലിയെ പോലെ അവനവന്റെ സന്തോഷങ്ങളെ തിരികെ പിടിച്ച, സ്വാതന്ത്ര്യത്തെ കുറിച്ചു ബോധ്യപ്പെട്ട സ്ത്രീകൾ സംസാരിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.

കേരളത്തിന്റെ ഒരു പ്രത്യേക സാമൂഹ്യ സാംസ്കാരിക ചുറ്റുപാടിൽ വിവാഹം പോലെ എളുപ്പമുള്ള കാര്യമേയല്ല വിവാഹ മോചനം. പ്രത്യേകിച്ചും സ്ത്രീകൾക്ക്. മാനസികമായി മാത്രം സർവൈവ് ചെയ്താൽ പോര, സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഏൽക്കുന്ന ആഘാതങ്ങളോട് കൂടി പടവെട്ടിയാൽ മാത്രമാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ സർവൈവൽ പൂർണ്ണമാവുകയുള്ളൂ. ‘നമ്മൾ സന്തോഷത്തോടെ ജീവിച്ചിരിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്ന്’ ഒരു ഘട്ടത്തിൽ ദിവ്യ രാമകൃഷ്ണൻ പറയുന്നത് മാത്രമാണ് ശെരിക്കും ജീവിതത്തിന്റെ യാഥാർത്ഥ്യം. സമൂഹം അംഗീകരിക്കാൻ തയ്യാറാകാത്ത നിലപാടുകളുമായി നമ്മള് മുന്നോട്ടു പോകുമ്പോൾ ചുറ്റുപാടുകളിൽ നിന്നും നിരന്തരം കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും ഒക്കെ ഉണ്ടായെന്ന് വരാം, അതിനെ അതിജീവിച്ച് സ്വന്തം വഴി കണ്ടെത്തുക എന്നതും അവനവന് അവനവനെ ഉള്ളൂ എന്ന തിരിച്ചറിവുണ്ടാവുക എന്നതും പ്രധാനമാണ്.

വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നത് പോലെ വിവാഹ മോചനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു കുടുംബാന്തരീക്ഷം കേരളത്തിൽ ഇന്നും രൂപപ്പെട്ടു വന്നിട്ടില്ല എന്നതൊരു യാഥാർത്ഥ്യമാണ്. കെട്ടിച്ചു വിട്ട സ്വന്തം കുട്ടികൾ ഭർത്താവിന്റെ വീട്ടിൽ പീഡനം അനുഭവിക്കുന്നത് വിളിച്ചറിയിക്കുമ്പോൾ ജീവിതം ഇങ്ങനൊക്കെയാണ് മോളെ, നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് എന്നും, നാട്ടുകാർ എന്തു പറയുമെന്നും ചോദിക്കുന്ന രക്ഷിതാക്കളുള്ള നാട് തന്നെയാണ് ഇപ്പോഴും കേരളം. അത്തരം മനുഷ്യരും തീർച്ചയായും ഈ പുസ്തകം വായിച്ചിരിക്കേണ്ടതുണ്ട് എന്നതാണ് ഇതിന്റെ സമകാലിക പ്രാധാന്യം. നിഷ രത്നമ്മയുടെ തന്നെ വാക്കുകൾ കടമെടുത്താൽ ‘ജീവിതത്തിന്റെ കാണാചരടിൽ ഒരു നിമിഷം കൂടി കടിച്ചു തൂങ്ങാൻ ശ്രമിക്കുമ്പോഴും ആത്മഹത്യയ്ക്ക് പകരം എന്തു കൊണ്ട് നമ്മുടെ പെൺകുട്ടികൾ സ്വന്തം വീടിനെ പറ്റി ചിന്തിക്കുന്നില്ല?’ എന്ന ചോദ്യത്തിന്റെ പ്രസക്തി അവിടെയാണ്.

nisha-rathnamma-3

വിവാഹമോചനങ്ങൾ കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു പുസ്തകം അതിനെ പ്രോത്സാഹിപ്പിക്കുന്നതാകില്ലേ എന്ന് ഇതിന്റെ പേര് കൊണ്ട് ചിലർക്കെങ്കിലും സംശയം തോന്നുക സ്വാഭാവികമാണ്. എന്നാൽ അത്തരത്തിലൊരു പ്രോത്സാഹനമല്ല പുസ്തകം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമെന്ന് നിങ്ങൾക്കിത് വായിച്ചാൽ തീർച്ചയായും മനസ്സിലാകും. കുടുംബത്തിന്റെ സപ്പോർട്ടോടു കൂടിയും ഇല്ലാതെയും ജീവിതത്തിലെ അതിജീവനം സാധ്യമാക്കിയ പതിമൂന്ന് സ്ത്രീകളുടെ മാത്രം കഥയാണ് ഹാപ്പിലി ഡിവോഴ്സ്ഡ്ന് പറയാനുള്ളത്. പറയാതെ പോയതും എഴുതാതേയും അറിയപ്പെടാതേയും പോയ എത്രയോ കരുത്തുറ്റ സ്ത്രീകളുടെ പ്രതിനിധി മാത്രമാണീ പതിമൂന്ന് സ്ത്രീകൾ.

വിവാഹമോചനം എന്ന പ്രതിസന്ധിയെ വിജയകരമായി മറികടന്നതിന് ശേഷം, സമാന അനുഭവത്തിലൂടെ കടന്നു പോകുന്നവർക്കും തളർന്നുപോകുന്നവർക്കും കൈത്താങ്ങാകാൻ സ്വന്തം അനുഭവവും സമാനരായ സ്ത്രീകളുടെ അനുഭവങ്ങളും ഒരു പുസ്തകരൂപത്തിൽ ഡോക്യുമെന്റ് ചെയ്യുകയെന്ന ശ്രമകരമായ ജോലിയാണ് എഡിറ്റർ നിഷ ഈ പുസ്തകത്തിലൂടെ ചെയ്തിരിക്കുന്നത്. വിവാഹം കൊണ്ട് ജീവിതം മാറി മറിഞ്ഞു പോയ സ്ത്രീകൾക്കും, വിവാഹത്തിലേക്ക് കടക്കാൻ പോകുന്ന സ്ത്രീകൾക്കും, ഇനി എന്തെന്ന ചോദ്യവുമായി വഴിയറിയാതെ നിൽക്കുന്ന സ്ത്രീകൾക്കും ഈ പുസ്തകം തീർച്ചയായും ഉപകാരപ്പെട്ടേക്കും. അവരുടെ ഒക്കെ രക്ഷിതാക്കൾക്കും.