Thursday 27 May 2021 03:22 PM IST

‘കവർ ചിത്രം ചെയ്യാൻ അറിയപ്പെടുന്ന ചിത്രകാരനെ ഏല്‍പിച്ചു, സമയമായപ്പോൾ ആളുമില്ല ചിത്രവുമില്ല’! ആദ്യ പുസ്തകത്തിന്റെ കവറിൽ ‘സ്വന്തം കയ്യൊപ്പിട്ട’ കഥ: ഹരിദാസ് കരിവെള്ളൂര്‍ പറയുന്നു

V.G. Nakul

Sub- Editor

haridas

ഏതൊരു എഴുത്തുകാരെ സംബന്ധിച്ചും ആദ്യ പുസ്തകം ആദ്യ പ്രണയം പോലെ എന്നെന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു അനുഭവമാണ്. തന്റെ രചനകളെ അല്ലെങ്കിൽ രചനയെ ആദ്യമായി ഒരു പുസ്തകത്തിന്റെ സൗന്ദര്യാനുഭവത്തിലേക്കു സന്നിവേശിപ്പിക്കുന്നതിന്റെ ഓരോ നിമിഷവും അത്രയേറെ പ്രിയങ്കരമായി അവർ എക്കാലവും മനസ്സിൽ സൂക്ഷിക്കും. എന്നാൽ, മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഹരിദാസ് കരിവെള്ളൂരിന് തന്റെ ആദ്യ പുസ്തകമായ ‘ഹൃദയം പകർന്ന വാക്കുകൾ’ സാധാരണയില്‍ കവിഞ്ഞ കൗതുകങ്ങളും അനുഭവങ്ങളുമാണ് സമ്മാനിച്ചത്. മലയാളത്തിലെന്നല്ല ലോകസാഹിത്യത്തിൽ തന്നെ അപൂർവമാണ് ഒരു എഴുത്തുകാരന്റെയോ എഴുത്തുകാരിയുടെയോ ആദ്യ പുസ്തകത്തിന്റെ പുറം ചട്ടയിൽ അവരുടെ കയ്യൊപ്പ് കവർ ചിത്രമായി ഉപയോഗിക്കുന്നത്. ‘ഹൃദയം പകർന്ന വാക്കുകൾ’ അങ്ങനെയൊരു അപൂർവതയാണ് മലയാള പുസ്തക പ്രസാധന രംഗത്ത് സമ്മാനിച്ചത്. അതിലേക്ക് നയിച്ചതാകട്ടെ, എഴുത്തുകാരന്റെ താൻപോരിമയോ, അമിത ആത്മവിശ്വാസമോ അല്ല താനും. പകരം, നിസ്സഹായതയും ആവേശവുമാണ്. മാത്രമല്ല, ‘ഹൃദയം പകർന്ന വാക്കുകൾ’ എന്ന സമാഹാരത്തിൽ ആ പേരില്‍ ഒരു കഥയുമില്ല. അത്ര പോര എന്ന തോന്നലിൽ അവസാന നിമിഷം എഴുത്തുകാരൻ ആ കഥയെ പുസ്തകത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. അങ്ങനെ കൗതുകങ്ങളുടെയും സമാഹാരമായി മാറിയ തന്റെ ആദ്യ പുസ്തകത്തിന്റെ കഥയാണ് ‘ബുക്ക് സ്റ്റോറി’യിൽ ഹരിദാസ് കരിവെള്ളൂർ പങ്കുവയ്ക്കുന്നത്.

പ്രസാധനം എന്ന പ്രയാസം

1986 ലെ മനോരമ വാർഷികപ്പതിപ്പിന്റെ കഥാമത്സരത്തിൽ സമ്മാനിതമായ ‘പാരമ്പര്യം’ എന്ന കഥയുമായാണ് ഞാൻ സാഹിത്യ രംഗത്തേക്ക് വരുന്നത്. പിന്നീട് ദേശാഭിമാനി വാരിക, കഥ ദ്വൈവാരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായി നിരവധി കഥകൾ വന്നു. 1990 ൽ അങ്കണം സാഹിത്യ വേദിയുടെ കഥാ മത്സരത്തിൽ ‘വർത്തമാനം’ എന്ന കഥയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. 1992 ൽ സംസ്ഥാ സ്കൂൾ യുവജനോത്സവത്തിൽ ഞാനെഴുതിയ ‘ആൾ രൂപങ്ങൾ’ നാടകത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയും അതും എന്റെ ‘അലമാരയിലെ സ്വപ്നങ്ങൾ’ എന്ന നാടകവും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കിളിക്കൂട്ടം പരിപാടിയിൽ കേരളത്തിലുടനീളം കുട്ടികൾ അവതരിപ്പിക്കുകയുമുണ്ടായി (

പിന്നീടാ നാടകങ്ങൾ പാഠപുസ്തകങ്ങളിൽ വന്നു). ഹരിദാസ് കരിവെള്ളൂർ എന്ന പേര് കഥ, നാടകം എന്നീ മേഖലകളിൽ ചെറുതായി ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഇക്കാലത്ത് പ്രമുഖ പ്രസാധകർക്ക് കഥകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാൻ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. ശിഹാബുദ്ദീൻ പൊയ്ത്തുംകടവും, ഞാനും, കെ ടി ബാബുരാജും, ടി.പി വേണുഗോപാലനും ഉൾപ്പെടുന്ന തലമുറയ്ക്ക് പുസ്തക പ്രസാധനം പ്രയാസമായിരുന്നു.

haridas-3

പുസ്തകം എന്ന ആഗ്രഹം

അക്കാലത്ത് കെ.ടി ബാബുരാജ് സ്വന്തമായി കഥാ സമാഹാരം പ്രസിദ്ധപ്പെടുത്താൻ ധൈര്യം കാണിച്ചു. പ്രീ പബ്ലിക്കേഷൻ കൂപ്പണുകളിലൂടെയായിരുന്നു അത്. അക്കാലത്ത് ടി.എൻ പ്രകാശും ബാബുരാജും ഞാനുമൊക്കെ കണ്ണൂരിലെ കഥയരങ്ങുകളിലെ സ്ഥിരം സാന്നിധ്യങ്ങളായിരുന്നു. പ്രശസ്ത നാടകകൃത്തും നിരൂപകനുമായ ഡോ.ടി.പി സുകുമാരൻ മാഷാണ് ആദ്യമായി എന്നോട് കഥാസമാഹാരം പ്രസിദ്ധീകരിക്കാൻ പറയുന്നത്. ‘ഞാൻ അത്രയ്ക്കൊന്നും ആയില്ല’ എന്നു പറഞ്ഞ് ഒഴിഞ്ഞു. എന്നാൽ ഇതു കേട്ട സുഹൃത്തുക്കൾ ധൈര്യം തന്നു. എനിക്കന്ന് 22 വയസ്. പ്രസിദ്ധീകരണങ്ങളിൽ വന്ന കഥകൾ എടുത്ത് എന്റെ ജ്യേഷ്ഠസഹോദരനും കവിയുമായ ഗംഗാധരൻ കരിവെള്ളൂരിനെ സമീപിച്ചു. അദ്ദേഹം 12 കഥകൾ തിരഞ്ഞെടുത്തു തന്നു.

പുസ്തകം ഒരുക്കാൻ കോട്ടയത്തേക്ക്

നിരൂപകൻ എ.വി പവിത്രൻ കോട്ടയത്തെ സ്പെൽ പ്രിന്റ ്സിനെക്കുറിച്ച് പറഞ്ഞു. നല്ല ക്വാളിറ്റിയുള്ള പേപ്പറിൽ ചെയ്യാൻ തുക ഏതാണ്ട് പതിനായിരത്തിൽ അധികം വരുമെന്ന് അവർ പറഞ്ഞു. പ്രിയ സുഹൃത്തും കവിയുമായ ജിനേഷ്കുമാർ എരമം അന്ന് ദേശാഭിമാനി സബ് എഡിറ്റർ ആയിരുന്നു. ജിനേഷ് പ്രൂഫും പ്രൊഡക്ഷനും നോക്കാമെന്നേറ്റു. നല്ലൊരു ശീർഷകം നോക്കി. ‘ഹൃദയം പകർന്ന വാക്കുകൾ’ എന്നു തീരുമാനിച്ചു.ആ പേരിൽ ഒരു കഥയുണ്ടായിരുന്നു കൈയിൽ. കവർചിത്രം ചെയ്യാൻ ഒരു അറിയപ്പെടുന്ന ചിത്രകാരനെ ഏൽപിച്ചു. അദ്ദേഹം സമയമാകുമ്പോൾ തരാമെന്ന് പറഞ്ഞു.

haridas-4

കവറില്ല, ഒപ്പിട്ടു

ഒരു ദിവസം കോട്ടയത്തു സ്പെൽ പ്രിന്റ ്സിൽ നിന്ന് മാനേജർ വിളിച്ച് അടുത്ത ദിവസം എത്താൻ പറഞ്ഞു. ഞാനും ജിനേഷും ചേർന്ന് ചിത്രകാരനെ തിരക്കി നടന്നു. അദ്ദേഹം സ്ഥലത്തില്ല. ജിനേഷ് പറഞ്ഞു – ‘സാരമില്ല, കോട്ടയത്ത് ചെന്ന് ആരേക്കൊണ്ടെങ്കിലും വരപ്പിക്കാം’. ഞങ്ങൾ മാറ്ററുമായി കോട്ടയത്ത് പ്രസിൽ ചെന്നു. മാറ്റർ പ്രസിൽ കൊടുത്തു. മാനേജർ കവർ ചിത്രം ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. അവരുടെ പരിചയത്തിൽ ചിത്രകാരന്മാർ ഇല്ല. ഒരു ചിത്രവുമില്ലാതെ പുസ്തകം ഇറക്കാനും പറ്റില്ല. അവസാനം ഞാൻ പറഞ്ഞു: എന്റെ കയ്യൊപ്പ് ചിത്രമാക്കാം. അങ്ങനെ ഒരു പേപ്പറിൽ ഇന്ത്യൻ ഇങ്കിൽ ഞാൻ വലിയ ഒപ്പ് രേഖപ്പെടുത്തി. ഓഫ്സെറ്റ് ഇല്ലാത്ത കാലം. കല്ലച്ചിൽ ഒപ്പും ഫോട്ടോയുമൊക്കെ എടുത്തു. കവർ പ്രിന്റ ് ചെയ്തു.

പ്രസിന്റെ മാനേജർ പറഞ്ഞു – ‘ആദ്യമായിട്ടാണ് എഴുത്തുകാരന്റെ ഒപ്പ് പുസ്തകത്തിന്റെ കവറിൽ കാണുന്നത്. നന്നായി’. ജിനേഷ് പറഞ്ഞു– ‘രചനകളിലൂടെ വായനക്കാരുടെ മനസിൽ കൈയൊപ്പിടുന്നവനാണല്ലോ എഴുത്തുകാരൻ: കവറിലും ഒപ്പ് ഇരിക്കട്ടെ’.

haridas-2

പേരിലെ കഥ പുറത്താകുന്നു

അങ്ങനെ മുഖചിത്രം റെഡിയായെങ്കിലും ഒരു പ്രശ്നം എന്നെ വല്ലാതെ അലട്ടി. ‘ഹൃദയം പകർന്ന വാക്കുകൾ’ എന്ന ശീർഷകമാണ് അത്. അതിൽ ഉൾപ്പെടുത്താൻ കൊണ്ടുവന്ന 12 കഥകളിലൊന്നാണ് അതെങ്കിലും ആ കഥ വേണ്ടത്ര നന്നായില്ലെന്ന തോന്നൽ എനിക്കുണ്ടായി. പാവയും ജീവിതവും, വർത്തമാനം, മുന്തിരിവള്ളികൾ, പ്രേമം, സമയബന്ധിതം തുടങ്ങിയ അതിലെ കഥകളുടെ നിലവാരം ഹൃദയം പകർന്ന വാക്കുകൾ എന്ന കഥയ്ക്കില്ലെന്നും പുസ്തകം വരുമ്പോൾ ശീർഷകമായ കഥ നന്നായില്ലെന്ന് നിരൂപകർ പറയുമോന്ന് ഞാൻ ഭയന്നു: കവർ പ്രിന്റ ് ചെയ്തും പോയി. കഥകളിൽ കടുത്ത പെർഫെക്ഷനിസ്റ്റായ ഞാൻ അവസാനം ജിനേഷിനോട് പറഞ്ഞു– ശീർഷകം മാറ്റണ്ട. ആ കഥ പുസ്തകത്തിൽ വേണ്ട. അങ്ങനെ, ഹൃദയം പകർന്ന വാക്കുകൾ എന്ന എന്റെ ആദ്യ കഥാസമാഹാരത്തിൽ ആ പേരുള്ള കഥ ഒഴിവാക്കി 11 കഥകൾ മാത്രമായി. ഇതൾ എന്ന് പേരിട്ട ഞങ്ങളുടെ പ്രസാധക സംഘത്തിന്റെ ആദ്യ പുസ്തകമായിരുന്നു അത്. ഹൃദയം പകർന്ന വാക്കുകൾ പ്രീ - പബ്ലിക്കേഷനിലൂടെ എന്റെ സുഹൃത്തുക്കൾ പൂർണമായും വിറ്റു തന്നു. കഥയിലൂടെയും നാടകത്തിലൂടെയും ലഭിച്ച സുഹൃത്തുക്കൾ അതിനു പിന്നിലുണ്ടായിരുന്നു. പ്രശസ്ത നിരൂപകൻ എം കെ ഹരികുമാർ 1992ലെ മികച്ച കഥാസമാഹാരങ്ങളിലൊന്നായി ‘ഹൃദയം പകർന്ന വാക്കുകൾ’ വിലയിരുത്തി. അതിന്റെ രണ്ടാം പതിപ്പ് പൂർണ പബ്ലിഷേഴ്സ് പ്രസാധനം ചെയ്തു.

കണ്ണൂര്‍ പയ്യന്നൂരിനടുത്ത് കരിവെള്ളൂര്‍ സ്വദേശിയാണ് ഹരിദാസ്. ജീവിതം തുടയ്ക്കാൻ ഒരു തൂവാല, ചന്ദ്രസ്പർശം, ഹൃദയം പകർന്ന വാക്കുകൾ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ പ്രകാശനം (നോവൽ), ആൾരൂപങ്ങൾ (നാടകം) എന്നിവ പാഠപുസ്തകങ്ങളായി ‘കണ്ണിനും കണ്ണാടിക്കും’ എന്ന ചിത്രത്തിന് കഥയും തിരക്കഥയുമെഴുതി. രക്ഷകന്‍, മേല്‍വിലാസം ശരിയാണ് എന്നീ ചിത്രങ്ങള്‍ക്ക് കഥയെഴുതി. മറിമായം, എം 80 മൂസ എന്നീ പ്രശസ്തമായ ടി.വി.പരമ്പരകള്‍ക്ക് തിരക്കഥയെഴുതി.

ഇടശ്ശേരി അവാര്‍ഡ്, മലയാറ്റൂര്‍ പുരസ്‌കാരം, കാരൂര്‍ അവാര്‍ഡ്, കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ്‌, അബുദാബി ശക്തി അവാര്‍ഡ്, എസ്.ബി.ടി സാഹിത്യ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ ് അവാര്‍ഡ്, എ.പി.കളയ്ക്കാട് അവാര്‍ഡ്, അങ്കണം ഇ.പി.സുഷമ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഭാര്യ : സിന്ധു, മക്കള്‍ : മോഹിത്, നന്മ. ഇപ്പോൾ കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ ്.