Wednesday 09 June 2021 12:44 PM IST

മലയോരത്തെ വീട്ടുമുറ്റത്ത് അമ്മച്ചി പ്രകാശനം ചെയ്ത ‘ക്രിസ്മസ് പുസ്തകം’! എല്ലാ ക്രിസ്മസ് കാലങ്ങൾക്കുമായി ഒരു ‘അക്ഷരപ്പുൽക്കൂട്’

V.G. Nakul

Sub- Editor

jacob-abraham

ലോകമെങ്ങും, എക്കാലവും സാഹിത്യത്തെ പ്രചോദിപ്പിച്ച, പ്രചോദിപ്പിക്കുന്ന വിശുദ്ധ ദിനം – ക്രിസ്മസ്. പ്രശസ്തങ്ങളായ നിരവധി കഥകളും കവിതകളും നോവലുകളും ഓർമ്മക്കുറിപ്പുകളുമൊക്കെ ക്രിസ്മസ് പശ്ചാത്തലമാക്കി രചിക്കപ്പെട്ടിട്ടുണ്ട്. അവ ചേരുന്ന സമാഹാരങ്ങളും സുലഭം. മലയാളത്തിലും അത്തരം പുസ്തകങ്ങളുണ്ട്. എന്നാൽ ഒരു എഴുത്തുകാരന്റെ വ്യത്യസ്തങ്ങളായ ക്രിസ്മസ് എഴുത്തുകളുടെ സമാഹാരം മലയാളത്തിൽ പുതുമയാണ് – അതാണ് യുവസാഹിത്യകാനായ ജേക്കബ് ഏബ്രഹാമിന്റെ ‘ക്രിസ്മസ് പുസ്തകം’

അദ്ദേഹമെഴുതിയ ക്രിസ്മസ് പ്രമേയമാകുന്ന കഥകളുടെയും ലേഖനങ്ങളുടെയും ഓർമ്മക്കുറിപ്പുകളുടെയും ഒപ്പം ചിത്രങ്ങളുടെയും സമാഹാരം. മാത്രമല്ല, ഗ്രന്ഥകാരന്റെ മകൻ സ്കൂൾ വിദ്യാർഥിയായ ഋതു എന്ന തേൻ വരച്ച സാന്താക്ലോസിനെ ചിത്രമാണ് പുസ്തകത്തിന്റെ കവറിൽ ചേർത്തിരിക്കുന്നത്.

jacob-ebraham-5

നീലാകാശവും തണുത്ത അകം മുറികളിലെ ക്രിസ്മസ് കേക്കിന്റെ മണവും വൃശ്ചിക കാറ്റിൽ വിറച്ചാടുന്ന ക്രിസ്മസ് നക്ഷത്രവും മലയോരങ്ങൾ നടന്നെത്തുന്ന കരാൾ സംഘങ്ങളും ഓർമ്മയിലേക്ക് തിരികെ എത്തിക്കുന്നു ഈ പുസ്തകം. എല്ലാ ക്രിസ്മസ് കാലങ്ങൾക്കുമായി സൂക്ഷിച്ചു വയ്ക്കാവുന്ന ഒരു ‘അക്ഷരപ്പുൽക്കൂട്’.

jacob-ebraham-4

‘‘ക്രിസ്മസിനെക്കുറിച്ച് ഒരു പുസ്തകം എഴുതണം എന്നത് എഴുത്ത് തുടങ്ങിയ കാലം മുതലുള്ള എന്റെ ആഗ്രഹമായിരുന്നു. ഓരോ ക്രിസ്മസ് കാലവും ഒരുപാട് ഓർമ്മകൾ സമ്മാനിച്ചാണ് മടങ്ങുന്നത്. ക്രിസ്മസ് നക്ഷത്രം, ക്രിസ്മസ് കാർഡുകൾ, ബലൂണുകൾ, മഞ്ഞിന്റെ നനുത്ത സുഖമുള്ള ദിവസങ്ങൾ അങ്ങനെ ഡിസംബർ വന്നണയാനായി കാത്തിരിക്കും. പത്തനംതിട്ട മലയോരങ്ങളിലെ കുട്ടിക്കാലത്ത് ക്രിസ്മസിന്റെ വരവാണ് ബാല്യത്തിന്റെ ഏറ്റവും വലിയ ഉത്സവം. വായന തുടങ്ങിയ കാലം മുതൽ ക്രിസ്മസിനെക്കുറിച്ചുള്ള കഥകൾ തേടിപ്പിടിച്ചു വായിക്കും. ആന്റൺ ചെക്കോവിന്റെ വാങ്ക, ചാൾസ് ഡിക്കൻസിന്റെ ക്രിസ്മസ് കരോൾ . മിക്കവാറും ഇംഗ്ലീഷ് കവികളെല്ലാം കവിത തുളുമ്പുന്ന ക്രിസ്മസിനെക്കുറിച്ച് കവിതകൾ എഴുതിയിട്ടുണ്ട്. മലയാളത്തിൽ സക്കറിയ, അയ്മനം ജോൺ, റോസ്മേരി , ഫാദർ ബോബി ജോസ് കട്ടിക്കാട് എന്നിവരുടെ എഴുത്തുകളും എന്നിൽ ഈ ആഗ്രഹം ഉണർത്തി. അങ്ങനെയാണ് ക്രിസ്മസ് പുസ്തകത്തിലേക്ക് എത്തിയത്’’. – ജേക്കബ് ‘ബുക്ക് സ്റ്റോറി’യോട് പറയുന്നു.

jacob-ebraham-2

മലയാളത്തിലെ യുവസാഹിത്യകാരിൽ ശ്രദ്ധേയനാണ് ജേക്കബ് ഏബ്രഹാം. ടാറ്റൂ, ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ. മരങ്ങൾക്കിടയിൽ ഒരു മോണാസ്ട്രി, വിഷമവൃത്തങ്ങളിൽ വിശുദ്ധർ, അ മുതൽ അം വരെ പോകുന്ന തീവണ്ടി എന്നിവ നോവലുകളും. കേരള സാഹിത്യ അക്കാദമിയുടെയും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെയുമുൾപ്പടെയുള്ള പുരസ്കാരങ്ങളും അദ്ദേഹം നേടി. ഇപ്പോൾ ശ്രവ്യ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നു.

jacob-ebraham-3

ക്രിസ്മസ് ഓർമ്മകളുടെ കൂട്ടം

മിക്കവരുടെയും പ്രിയപ്പെട്ട കാലമാണ് ക്രിസ്മസ്. അങ്ങനെ ക്രിസ്മസ് സീസൺ / മൂഡ് പ്രമേയമായി ഒന്നുരണ്ട് കഥകൾ എഴുതി. ചില ലേഖനങ്ങൾ കുറിച്ചു. അതെല്ലാം ചേർത്ത് വെച്ച് ഒരു പുസ്തകമാക്കണം. ഓർമ്മകളും കഥകൾക്കും ആരും വരയ്ക്കും ചിത്രങ്ങൾ എന്നതായി പിന്നത്തെ ചിന്ത. ഇടയ്ക്ക് വര എന്ന പേരിൽ കോറിയിടുന്ന രേഖാചിത്രങ്ങൾ കണ്ടപ്പോൾ ഭാര്യയും എഴുത്തുകാരിയുമായ വീണ ഞാൻ തന്നെ വരച്ചാൽ മതിയെന്ന് അഭിപ്രായപ്പെട്ടു. അതോടു കൂടി കഥകൾ, ഓർമ്മകൾ, വരകൾ എന്നതായി ക്രിസ്മസ് പുസ്തകം നാലാം ക്ലാസിൽ പഠിയ്ക്കുന്ന സമയത്ത് എന്റെ മകൻ തേൻ (ഋതു) ഒരു സാന്താക്ലോസിനെ അവന്റെ ചിത്ര പുസ്തകത്തിൽ വരച്ചിരുന്നു. അത് പുസ്തകത്തിന്റെ കവർ ചിത്രമാക്കാൻ തീരുമാനിക്കുകയായിരുന്നു. കവി റോസ്മേരിയുടെ അനുഗഹമൊഴിയും കവി പ്രൊഫ. സുജ സൂസൻ ജോർജിന്റെ അവതാരികയും പുസ്തകത്തിൽ ഉൾപ്പെടുത്തി.

jacob-ebraham-6

അമ്മച്ചി പ്രകാശനം ചെയ്ത പുസ്തകം

2020 ഡിസംബർ 25 ന് എന്റെ അമ്മച്ചിയാണ് പത്തനംതിട്ട മലയോരത്തെ വീട്ടുമുറ്റത്ത് ക്രിസ്മസ് പുസ്തകം പ്രകാശനം ചെയ്തത്. പഴയ ക്രിസ്മസ് കാലങ്ങളുടെ സ്മരണകളുണർത്തുന്ന ഈ ക്രിസ്മസ് പുസ്തകത്തിന് വായനക്കാരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സോഫിയുടെ ക്രിസ്മസ് കാർഡുകൾ, ഹിപ്പി പ്രേതം, എഡ്വിന മിസ്സി, സദ്യശ്യവാക്യങ്ങളിൽ ജെനി എന്നിങ്ങനെ നാല് കഥകളും കത്തിത്തീർന്ന ഒരു ക്രിസ്മസ് നക്ഷത്രം , പങ്കിറച്ചി . കുരിശുമലയിലെ ക്രിസ്മസ് തുടങ്ങി നിരവധി ഓർമ്മകളും ചിത്രങ്ങളും പുസ്തകത്തിലുണ്ട്.