Friday 03 May 2024 03:29 PM IST

കവിതയുടെ കനലുകൾ കോരി ചങ്കിലിട്ട്, എരിയുന്ന കാറ്റ് പോലെ ജീവിച്ച മനുഷ്യന്‍: ‘ലൂയിസ് പീറ്ററിന്റെ കവിതകൾ’ വീണ്ടും വായിക്കുമ്പോൾ

V.G. Nakul

Sub- Editor

louis-peter-1

യെസ് പ്രസ് ബുക്സ് പ്രസിദ്ധീകരിച്ച ‘ലൂയിസ് പീറ്ററിന്റെ കവിതകൾ’ എന്ന പുസ്തകം തപാലിൽ വന്നത് പാക്കറ്റ് പൊട്ടിച്ചെടുക്കുമ്പോൾ മനസ്സിൽ തെളിഞ്ഞത് അദ്ദേഹത്തെ നേരിൽ കണ്ട ഒരേയൊരു സന്ദർഭമാണ്. വർഷം ഓർമയില്ല, എങ്കിലും ഏഴോ എട്ടോ കൊല്ലം മുമ്പാണ്. ഒരു ഐ.എഫ്.എഫ്.കെ കാലത്ത്, തിരുവനന്തപുരം കൈരളി തിയറ്ററിന്റെ മുറ്റത്ത് ചില സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കുമ്പോൾ, കുഴഞ്ഞ ചലനങ്ങളോടെ ലൂയിസ് പീറ്റർ ഞങ്ങൾക്കിടയിലേക്കു കയറി വന്നു, എന്തോ പറഞ്ഞു. പ്രതീക്ഷിച്ച പ്രതികരണങ്ങൾ ലഭിക്കാത്തതിനാലാകാം അധിക സമയം അവിടെ നിൽക്കാതെ മറ്റൊരു കൂട്ടത്തിലേക്ക് പോയി. അതിനു ശേഷം ആ സന്ദർഭം ആലോചിക്കുമ്പോഴൊക്കെ, ലൂയിസിന്റെ ‘എന്നെക്കുറിച്ചാണെങ്കില്‍ എന്നോട് ചോദിക്കുക, മൗനാക്ഷരങ്ങള്‍ നിറച്ച ഒരു കടലാസുക്കീറ് നിങ്ങള്‍ക്ക് ഞാന്‍ തരും, അതില്‍ നിങ്ങളെന്നെ വായിച്ചെടുക്കുക’ എന്ന വരിയാണ് എന്റെ മനസ്സിൽ വിങ്ങുന്നത്.

പിന്നീട് ‘ലൂയിസ് പീറ്ററിന്റെ കവിതകൾ’ (3000ബി.സി സ്ക്രിപ്റ്റ് മ്യൂസിയം പ്രസിദ്ധീകരിച്ചത്) എന്ന പുസ്തകം വായിക്കുമ്പോഴും ഞാൻ ആ സന്ദർഭം ഓർത്തു. ഇപ്പോൾ ആ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് (യെസ് പ്രസ് ബുക്സ് പ്രസിദ്ധീകരിച്ചത്) തൊട്ടപ്പോഴും മറ്റൊന്നല്ല മനസ്സിൽ തെളിഞ്ഞത്.

കവിതയുടെ കനലുകൾ കോരി ചങ്കിലിട്ട്, എരിയുന്ന കാറ്റ് പോലെ ജീവിച്ച മനുഷ്യനാണ് ലൂയിസ് പീറ്റർ. ലഹരി കനത്ത നട്ടുച്ചകളിൽ, വേരുകൾ പൊട്ടിയിട്ടും കരിഞ്ഞുണങ്ങാത്ത മരങ്ങളുടെ അവസാനത്തെ ഉടയോനായി തെരുവുകളിലും ആൾക്കൂട്ടങ്ങളിലും അയാൾ വെന്തു നടന്നു – ഒടുവിൽ 2020 ജൂലൈ 29 നു ഈ ഭൂമി വിട്ടു പോയി. ക്ഷയരോഗ ബാധിതനായി ചികിത്സയിലിരിക്കെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രിയപ്പെട്ടവരുടെ ‘ലൂയി പാപ്പ’യായ ലൂയിസ് പീറ്ററിന്റെ മരണം.

louis-peter-2

1986ലാണ് ലൂയിസ് ആദ്യ കവിത എഴുതിയത്. പിന്നീട് 20 വർഷത്തെ ഇടവേള. 2006ൽ വീണ്ടും കവിതയിലേക്ക്. പിന്നീടയാള്‍ ആ കയത്തിൽ നിന്നു തിരികെക്കയറിയില്ല.

‘ഞാൻ ഒരു കടുത്ത മദ്യപാനിയായിരുന്നയാളാണ്.

ഇപ്പോൾ ഒരു മദ്യപാന രോഗിയുമാണ് -

ഇപ്പോൾ കുടി നിർത്തിയിരിക്കുകയാണെങ്കിലും ഏതു നിമിഷവും ഇടറി വീഴാനിടയുണ്ട് എന്ന

ബോധം നൽകുന്ന ജാഗ്രതയിൽ ദിവസങ്ങൾ കഴിച്ചു പോവുകയുമാണ് -

അമിത മദ്യപാനികളും മദ്യപാനരോഗികളുമായ ഒരു പാട് പേർ എന്റെ അടുത്ത സുഹൃത്തുക്കളായുണ്ട്. അവരെയെല്ലാം ഞാൻ വളരെയേറെ സ്നേഹിക്കുന്നുണ്ട്.

സത്യത്തോട് സ്വാഭാവികമായിത്തന്നെ ഏറെ അടുത്തു നിൽക്കുന്നവരാണവർ എന്നു ഞാൻ അനുഭവത്തിലൂടെ അറിഞ്ഞിട്ടുമുണ്ട്.

എങ്കിലും ഇതുവരെയുള്ള എന്റെ മദ്യപാന ജീവിതത്തിന്റെ വെളിച്ചത്തിൽ ഞാൻ പറയുന്നു -

മദ്യം ഒരാളുടെ പോലും ജീവിതത്തിലേക്ക് ശുഭകരമായ ഒരു സന്ദേശവും കൊണ്ടു വന്നിട്ടില്ല.

ബന്ധങ്ങളെ ഒന്നിനെപ്പോലും നന്മയിലേക്ക് ഉദ്ഗ്രഥിച്ചിട്ടുമില്ല

ഒന്നും ഉദ്ദേശിച്ച് പറയുന്നതല്ല.

ഇപ്പോൾത്തന്നെ പറയണമെന്നു തോന്നി.

പറഞ്ഞു’. – 2019 ഓഗസ്റ്റ് 1 നു ലൂയിസ് പീറ്റർ ഫെയ്സ്ബുക്കിലെഴുതിയതാണിത്. ഈ വരികൾക്കിടയിലെവിടെയോ നിരാശനായ ഒരു മനുഷ്യന്റെ ഒച്ച അദ്ദേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ട്. കവിതയും ലഹരിയും കുഴഞ്ഞു കലങ്ങിയ ജീവിത വഴിയിലെവിടെയോ ലൂയിസ് കണ്ടെത്തിയ തിരിച്ചറിവുകളിലൊന്നെന്നും മനസ്സിലാക്കാം.

ഫെഡറൽ ബാങ്കിലെ ജീവനക്കാരനായിരുന്ന ലൂയിസ് ജോലി ഉപേക്ഷിച്ചാണ് മുഴുവൻസമയ സാഹിത്യകാരനായത്. തുടർന്ന് കവിതയിലും കൂട്ടായ്മകളിലുമായി ആ ജീവിതം ഒഴുകിത്തീർന്നു.

louis-peter-3

‘ഒഴുക്കുവെള്ളത്തിന്റെ സ്വാഭാവികതയിൽ ജീവിച്ച കവിയായിരുന്നു ലൂയിസ് പീറ്റർ. ആർക്കും പിടികൊടുക്കാതെ, ഏതൊന്നിനും തടഞ്ഞു നിർത്താനാകാതെ, പലപ്പോഴും കലങ്ങി മറിഞ്ഞ്, അപൂർവമായി തെളിഞ്ഞ് ലൂയിസ് തന്റെ ജീവിതം ജീവിച്ചു തീർത്തു. ജീവിച്ചു എന്നതിനപ്പുറം ജീവിതത്തെ അപ്പാടെ അസ്വസ്ഥമായ ഒരു കവിതയാക്കി മാറ്റി. കവിതയ്ക്ക് മരണമില്ലാത്തതിനാൽ ലൂയിസ് ചിരഞ്ജീവിയായി. മരണമില്ലാത്ത വാക്കുകൾ ഓരോ വായനക്കാരന്റെയും ഹൃദയത്തിൽ തിണർത്തു. അവയ്ക്കും മരണമില്ല’.– ‘ലൂയിസ് പീറ്ററിന്റെ കവിതകൾ’ എന്ന പുസ്തകത്തിന് യെസ് പ്രസ് ബുക്സ് ചീഫ് എഡിറ്ററും കഥാകൃത്തുമായ സുരേഷ് കീഴില്ലം എഴുതിയ ഈ പ്രസാധകക്കുറിപ്പിലുണ്ട് ആരാണ് ലൂയിസ് എന്നത്.

ഒരു കവിതയിൽ ലൂയിസ് എഴുതി –

നരകം സമ്മാനമായി തന്ന നാരായം കൊണ്ടാണ് ഞാൻ എഴുതാറുള്ളത് അതിനാലാണ് എന്റെ കവിതകളിൽ ദൈവത്തിന്റെ കൈയ്യക്ഷരം ഇല്ലാതെ പോയത്...

ഇനിയും വായിക്കാം ലൂയിസ് ഹൃദയം വേവിച്ചെഴുതിയ വരികൾ...