മലയാള സിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ്സ്മാന്‍ ഭരതൻ സംവിധാനം ചെയ്ത്, 1987 ൽ തിയറ്ററുകളിലെത്തിയ ‘ചിലമ്പ്’ മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമകളിലൊന്നാണ്. റഹ്മാൻ, ശോഭന, തിലകൻ, ബാബു ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, തിയറ്ററുകളിൽ പ്രേക്ഷകരെ നിറച്ച ‘ചിലമ്പ്’ അതേ പേരിലുള്ള എൻ.ടി ബാലചന്ദ്രന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു. ആയിരത്തിതൊള്ളായിരത്തി എൺപതുകളിൽ മലയാള സാഹിത്യത്തിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു, പിന്നീട് എഴുത്തിൽ നിന്നു ദീർഘമായ ഇടവേളകളെടുത്ത എൻ.ടി ബാലചന്ദ്രന്‍. 1982 ൽ എഴുതി, മലയാളത്തിലെ ഒരു പ്രമുഖ വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിക്കുകയും പുസ്തകരൂപത്തിലെത്തുകയും ചെയ്ത ‘ചിലമ്പ്’ അക്കാലത്ത് വായനക്കാര്‍ ഏറ്റെടുത്ത കൃതിയായിരുന്നു. എന്നാൽ നാല് പതിപ്പുകൾക്കു ശേഷം ‘ചിലമ്പ്’ വർഷങ്ങളോളം വിപണിയിലുണ്ടായിരുന്നില്ല. ഇപ്പോഴിതാ, ‘ചിലമ്പി’ന്റെ പുതിയ പതിപ്പ് ലോഗോസ് ബുക്സ് വീണ്ടും വായനക്കാരിലേക്കെത്തിച്ചിരിക്കുന്നു. ഒരു കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയും സിനിമയെന്ന നിലയിൽ വൻ വിജയമാകുകയും ചെയ്ത ‘ചിലമ്പി’ന്റെ പശ്ചാത്തലത്തിൽ എൻ.ടി ബാലചന്ദ്രൻ ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.

‘‘വലിയ ക്യാന്‍വാസില്‍ പ്ലാൻ ചെയ്ത നോവലാണ് ‘ചിലമ്പ്’. പക്ഷേ, അതെഴുതിത്തുടങ്ങിയ കാലത്താണ് എനിക്ക് ഗൾഫിൽ പോകാനുള്ള വിസ വന്നതും ഒരു മാസത്തിനകം അവിടെ റിപ്പോർട്ട് ചെയ്യണമെന്ന സാഹചര്യമുണ്ടായതും. അതോടെ, വളരെ വേഗം നോവൽ എഴുതിത്തീർത്ത്, വാരികയ്ക്ക് അയച്ചു കൊടുത്തു.
ഈ നോവലിന്റെ ആശയത്തിലേക്ക് ഞാനെത്തിയതും വളരെ യാദൃശ്ചികമായാണ്. ഒരിക്കൽ എനിക്ക് തൃശൂർ ആകാശവാണിയിൽ കഥ വായിക്കാൻ അവസരം കിട്ടി. ചില ചെറിയ കഥകളുമായാണ് ഞാനവിടെ ചെന്നത്. പക്ഷേ, അവർക്ക് വേണ്ടത് 20 മിനിറ്റെങ്കിലും വായിക്കാൻ തക്ക ദൈർഘ്യമുള്ള നീണ്ട കഥയായിരുന്നു. അവിടെയിരുന്ന് ഒരു പുതിയ കഥ എഴുതാനുള്ള അവസരവും അവർ ഒരുക്കി. അങ്ങനെ എഴുതിയ കഥയാണ് ‘മടക്കയാത്ര’. ആ കഥയാണ് ചിലമ്പിന്റെ തുടക്കം. പിന്നീട് ആ കഥയെ വികസിപ്പിച്ചാണ് ‘ചിലമ്പ്’ എഴുതിത്തുടങ്ങിയത്’’. – എൻ.ടി പറയുന്നു.
സാധിക്കാത്ത പുതുക്കിയെഴുത്ത്
വാരികയിൽ വന്നു, പുസ്തകവും സിനിമയുമൊക്കെയായെങ്കിലും ‘ചിലമ്പ്’ ആദ്യം ആസൂത്രണം ചെയ്തതു പോലെ പിന്നീടൊരിക്കലും വികസിപ്പിച്ചെഴുതാനായില്ല. കഴിഞ്ഞ 40 വർഷമായി ഞാൻ വിദേശത്തായിരുന്നു. അതിനിടെ എഴുത്തിൽ ദീർഘമായ ഇടവേളകളുമുണ്ടായി. മാത്രമല്ല, ‘ചിലമ്പ്’ കാലം കഴിയുന്തോറും പുനരെഴുത്ത് എന്ന സാധ്യതയെ അവശേഷിപ്പിക്കുന്നില്ല എന്നും എനിക്കു തോന്നി.

ഞാൻ തൃപ്തനല്ല
നോവൽ വാരികയിൽ വരുന്ന കാലത്ത്, സിനിമയാക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് തിരക്കഥാകൃത്ത് ജോൺപോൾ എനിക്ക് കത്തെഴുതി. പി.എൻ മേനോൻ സംവിധാനം ചെയ്ത്, മോഹൻലാൽ നായകനാകുന്ന ചിത്രമായിരുന്നു അത്. അക്കാലത്താണ് ഭരതനും ‘ചിലമ്പ്’ സിനിമയാക്കാൻ എത്തിയത്. ഞാന്‍ ഭരതന്റെ പ്രൊജക്ട് സമ്മതിച്ചു. അങ്ങനെ ഞാനും ഭരതനും കൂടി അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിൽ ഇരുന്ന് തിരക്കഥ പൂർത്തിയാക്കി.

ഭരതനെ സ്വാധീനിച്ചത് ‘ചിലമ്പി’ന്റെ സാഹിത്യ ഗുണമായിരുന്നില്ല. അതിലെ മറ്റു ചില ഘടകങ്ങളാണ് അദ്ദേഹം മുന്നോട്ടു വച്ചത്. സിനിമ എന്ന നിലയിൽ ‘ചിലമ്പ്’ എന്നെ തൃപ്തനാക്കിയില്ല. നോവലും സിനിമയും രണ്ടായി നിൽക്കും പോലെ തോന്നി. വലിയ വിപണി വിജയം നേടാൻ ‘ചിലമ്പി’നായി.
40 വർഷം ഗൾഫിൽ സ്വന്തം ബിസിനസുമായി, കുടുംബ സമേതം ജീവിച്ച എൻ.ടി അടുത്തിടെ നാട്ടിലേക്കു മടങ്ങി വന്നു. വീണ്ടും എഴുത്തിൽ സജീവമായിരിക്കുകാണ് ഇപ്പോൾ അദ്ദേഹം.

‘‘കണ്ണൂനീർപ്പാടുകൾ ആണ് എന്റെ ആദ്യ നോവലും പുസ്തകവും. പിന്നീട് ‘ചിലമ്പ്’ ഉൾപ്പടെ 3 നോവലുകൾ കൂടി എഴുതി. ഇപ്പോൾ പുതിയ നോവൽ ‘അശ്വമേധം’ പ്രസിദ്ധീകരണത്തിനു തയാറായിരിക്കുന്നു. ആദ്യത്തെ കഥാസമാഹാരം ‘ഒരാള്‍ കൂടി വരാനുണ്ട്’ ആണ്. പിന്നീട് 6 കഥാസമാഹാരങ്ങൾ വന്നു. ‘ഭൂപടം വരയ്ക്കുന്ന കുഴിയാനകള്‍’ ആണ് പുതിയ പുസ്തകം. കൊടുങ്ങല്ലൂരാണ് നാട്. ഭാര്യ – മായ, മകൾ – നീലിമ.