Friday 09 October 2020 03:07 PM IST : By സീലിയ ഏബ്രഹാം

നോവലെറ്റ് – ഒരു ഗ്രാമത്തിന്റെ നഷ്ടം

gramam

1

‘‘വിനൂട്ടിച്ചായൻ വരുന്നേയ്. വിനൂട്ടിച്ചായൻ വരുന്നേയ്’’.

ഉച്ചത്തിൽ വിളിച്ചുകൂവിക്കൊണ്ട് രുദ്രൻ ഓടി. തോടിന്റെയും വയ ലിന്റെയും മധ്യേ ഉള്ള വരമ്പിലൂടെ അവൻ നിർത്താതെ ഓടി.

മീൻ കഴുകിക്കൊണ്ടിരുന്ന ത്രേസ്യാച്ചേടത്തിയെ നോക്കി ഓട്ടം നിർത്താതെ അവൻ പറഞ്ഞു,

“വിനൂട്ടിച്ചായൻ തിങ്കളാഴ്ച വരുന്നേയ്’’.

കേട്ടയുടനെ ദാമോദരൻ സാർ കൊട്ടാരം ബംഗ്ലാവിലേക്ക് നടന്നു. മുസ്സൂറിയിൽ നിന്നു വിനൂട്ടി വരുന്നെന്ന്! സാറിന്റെ നടത്തത്തിന് വേഗതയേറി. വിനൂട്ടിയെ നിലത്തെഴുത്തിനിരുത്തിയത് ഇന്നത്തെപോലെ ഓർക്കുന്നു. പിന്നീട് നീലഗിരിയിലെ സായിപ്പന്മാരുടെ സ്കൂളിൽ പോയിട്ടും വിനൂട്ടിക്ക് മലയാളത്തിനോടുള്ള താല്‍പര്യം കുറഞ്ഞില്ല. സിവിൽ സർവീസിന്റെ ഫലമറിഞ്ഞ് അനുമോദിക്കാൻ ചെന്നപ്പോൾ വിനൂട്ടി പറഞ്ഞതോർക്കുന്നു,

“ഒക്കെ സാറിന്റെ അനുഗ്രഹമാണ്”.

ചെറുപ്പത്തിൽ പുരാണകഥകൾ കേൾക്കാൻ എത്ര താല്‍പര്യമായിരുന്നു. ഇന്റർവ്യൂവിൽ അതൊക്കെ സഹായകമായെന്ന് പിന്നീട് പലരോടും പറയുകയുണ്ടായി. ആഫ്രിക്കൻ പായലിനെക്കുറിച്ചു പോലും ചോദ്യമുണ്ടായി പോലും.

കൊട്ടാരം ബംഗ്ലാവിൽ വീടൊക്കെ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു രാജമ്മ. മുഖം നിറയെ സന്തോഷത്തിൽ രാജമ്മ പറഞ്ഞു,

‘‘കേട്ടോ സാറേ, വിനൂട്ടിയുടെ കുടെ ട്രെയിനിംഗ് നടത്തുന്ന ഒരു പെൺകുട്ടി കൂടി നമ്മുടെ ഗ്രാമം കാണാൻ വരുന്നുണ്ട്’’.
2

മുറ്റം തൂക്കുന്ന വെളുത്തയെ കണ്ടപ്പോൾ വിനോദിന്റെ ഓരോ വികൃതികൾ രാജമ്മ ഓർത്തുപോയി. ഒരു നാൾ പുലരിക്ക് മുറ്റം തൂത്തുകൊണ്ടിരുന്ന വെളുത്തമ്മയുടെ പുറകെ പല്ലുതേയ്ച്ച് നടക്കുകയായിരുന്നു വിനൂട്ടി .

“വെളുത്തമ്മേ, പറഞ്ഞേ, കോൾഗേറ്റ് ടൂത്ത് പെയ്സ്റ്റ്’’

കൂനിപ്പിടിച്ചു മെല്ലിച്ച ശരീരം ഈർക്കിലി ചൂലിൽ ബാലൻസ് ചെയ്ത് അവർ പറഞ്ഞു .

“കോളിയാറ്റ് ടൂപം... ഒന്നു പോകെന്റെ കൊച്ചമ്പ്രാ’’.

“വെളുത്തമ്മേ…മുറുക്കാത്തിന് കാശുവേണമെങ്കിൽ കറക്ടായിട്ടു പറയ്, കോൾഗേറ്റ് ടൂത്ത് പെയ്സ്റ്റ്’’

എന്നിട്ട് പുറകോട്ട് തിരിഞ്ഞ് രാജമ്മയോട്,

‘‘അമ്മേ this old lady is very hep. walks around topless !’’

സിവിൽ സർവീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കാലത്തും വിനോദിന് കുട്ടിക്കളി മാറിയിരുന്നില്ല. തെക്കേ പോർട്ടിക്കോവിലെ കെട്ടുകണക്കിന് പുസ്തകങ്ങളുടെയും കടലാസിന്റെയും ലോകത്തു നിന്ന് ഇടയ്ക്ക് അപ്രത്യക്ഷനാകുമായിരുന്നു. പിന്നീട് പറമ്പിലെ മൂവാണ്ടൻ മാവിന്റെ ചോട്ടിൽ നിന്നും ആരവം കേൾക്കാം . പത്തുപ്രന്തണ്ട് പീക്കിരി പിള്ളരെ അഭിസംബോധന ചെയ്ത് വിനൂട്ടിയുടെ ശബ്ദം,

“തൊഴിലില്ലാ വർഗ്ഗമേ! കയ്യിൽ കാശുണ്ടെങ്കിൽ രണ്ടു റൗണ്ട് ചീട്ടുകളിക്കാം’’.

കാൽച്ചട്ടയുടെയും ഷർട്ടിന്റെയും പോക്കറ്റുകളിൽ നിന്ന് ചില്ലറ പ്രത്യ ക്ഷപ്പെടുന്നു. കളിയാരംഭിക്കുന്നു. കളിക്കാരെക്കാൾ കാണികൾ . ഇടയ്ക്ക് വിനൂട്ടിയുടെ അരിശത്തിലുള്ള ശബ്ദം,

“എന്തു പന്നക്കളിയാടാ പുന്നായി നീ കളിച്ചത്. കളിയറിയില്ലെങ്കിൽ എണീറ്റുപോടാ’’.

പുന്നായിയുടെ പ്രതിരോധം –

“ ആസുരണ്ടു പന്തും പാഴുമല്ലേ എന്റെ കയ്യിലുള്ളു!’’
വിനൂട്ടി സ്വയം ചിരിച്ചു പറഞ്ഞു –

“ആസ് രണ്ട്!’’

ഇടയ്ക്ക് കളിക്കാരനല്ലാത്ത ഒരധികപ്പറ്റു വഴി അടുക്കളയിലേക്ക് ഒരു പറമ്പു ഡെലിവറി ഓർഡർ

“ഒരു പത്തു കട്ടൻ കാപ്പി’’.

മൂവാണ്ടൻ മാവിൽ നിന്നൊരു പകലുണ്ണാൻ ഇരതേടി പറന്നപ്പോൾ വിനൂട്ടി എഴുന്നേറ്റു .

“നിർത്താമെടാ പയ്യൻസ്. ഒത്തിരി പഠിക്കാൻ കിടക്കുന്നു’’ .

“ആട്ടെ .... നിനക്കെത്രയാണ് നഷ്ടം’’?

പലരുടെയും നിരാശകലർന്ന കണക്കുകൾ.

“ശരി പോയി കൊക്കോ പറിക്കെടാ തൊഴിലില്ലാവർഗ്ഗമേ! ഓരോ കൊക്കായ്ക്ക് പത്ത് പൈസ’’.

കൊക്കോ കൂലി കൊടുത്തു കഴിഞ്ഞപ്പോൾ നഷ്ടം അഞ്ചു രൂപ. വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ ചോർന്നൊലിക്കുന്ന കൂരക്കു മുന്നിൽ കൈക്കുഞ്ഞുമായി വിലാസിനി.

“ഇതാ നൂറു രൂപ. അരിയോ പഞ്ചസാരയോ എന്താണേൽ മേടിച്ചോ. കൂടെ കുഞ്ഞുങ്ങൾക്ക് ഇത്തിരി മുട്ടായിയും. അടുത്ത തേങ്ങാ ഇടീലിന് നൂറ് മടൽ ഓല തരാൻ അമ്മയോട് പറഞ്ഞക്കാം’’.

നടത്തം മതിയാക്കി പോർട്ടിക്കോയിൽ കയറി കതകടച്ചപ്പോൾ അടുത്ത അങ്കം വെട്ടിന്റെ ഊഴം.

‘‘The New Economic Order , Israeli - Palestinian Conflict, Major Irrigation Projects of India , Five Year Plans ...’’.

3

തിങ്കളാഴ്ച പക്ഷികൾ ഉണരും മുൻപ് മണൽവാക്ക ഉണർന്നു.

‘‘കൊച്ചമ്മാ’’
ഉറക്കെയുള്ള വിളി കേട്ട് രാജമ്മ അടുക്കള വാതിൽക്കൽ ചെന്നപ്പോൾ പരുവമൊത്ത ഒരു താറാവിനേയും പിടിച്ച് കണാരൻ.

“വിനൂട്ടിക്ക് കറിവെച്ചുകൊടുത്തേക്കണം’’.

കടവിൽ തിക്കും തിരക്കും.

“ഒന്നുമാറെന്റെ പിള്ളരെ. വിനൂട്ടി എങ്ങനെ ഇറങ്ങും?’’

പള്ളിക്കൂടം പ്യൂൺ ചന്ദപ്പൻ ശകാരിച്ചു.

വിനൂട്ടിയുടെ പുറകെ വെളുത്തു സുന്ദരിയായ ഒരു പെൺകുട്ടിയും ഇറങ്ങി.

‘‘ഇത് അജ്ഞലി ഗ്രവാൾ. എന്റെ ബാച്ചിൽ ഐ.എ.എസ് സെലക്ഷൻ കിട്ടിയതാണ്’’.

വിനോദ് സ്വീകരിക്കാനെത്തിയവരോടായിട്ട് പറഞ്ഞു.

കാപ്പികുടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മുറ്റത്തു നിന്നും ആരും പോയിരുന്നില്ല.

‘‘വിനൂട്ടി ആകെ മെലിഞ്ഞുപോയി. അതെങ്ങനാ പച്ചരിച്ചോറല്ലേ ഉണ്ണുന്നത്. ആയിരപ്പറ പുഞ്ചപ്പാടം ഉണ്ടായിട്ടെന്താ, വയറ്റുഭാഗ്യം വേണം ’’.

പീടികക്കാരി അന്നാമ്മ പുറത്തു തലോടി പറഞ്ഞു.

“ഞാൻ മെലിഞ്ഞാലും അന്നാമ്മച്ചേടത്തി വണ്ണം വച്ചല്ലോ. പുഴുക്കലറിച്ചോർ ഉണ്ടിട്ടാവും അല്ലേ ?”

“ഓ എന്നാ വണ്ണം മോനേ. അപ്പിടി സോക്കേടെല്ലേ. ആശൂത്രിക്കാണിച്ചപ്പോൾ പ്ലഷർ ഉണ്ടെന്ന് പറഞ്ഞു.

“എന്റെ അന്നാമ്മച്ചേടത്തി പ്ലഷർ ഒട്ടും കുറക്കേണ്ട! പ്രഷർ ഉണ്ടെങ്കിൽ കുറച്ചാൽ മതി’’.

കുളികഴിഞ്ഞ് നീല സൽവാർ കമ്മീസണിഞ്ഞ് അജ്ഞലി മുറ്റത്തേക്കിറങ്ങിവന്നു. എല്ലാവർക്കും അവളേപറ്റി അറിയാൻ ജിജ്ഞാസ.

“ഇവര് മൂന്നുനേരം ചപ്പാത്തിയാണോ തിന്നുന്നത് വിനൂട്ടി’’

വിനൂട്ടി തലയാട്ടിയപ്പോൾ കണാരന് സംശയം,
“അരിയാഹാരം കഴിക്കാതെങ്ങനാ ജീവിക്കുന്നത് ?’’

അടുത്തത് അമ്മയുടെ ഊഴമായിരുന്നു. ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഭർത്താവിന്റെ ഫോട്ടോയിൽ നിന്ന് കണ്ണെടുത്ത് മകന്റെ അടുത്തേയ്ക്ക് ചേർന്നിരുന്നു. സ്വീകരണമുറിയിലെ ഈട്ടിക്കസേരയിൽ രാജമ്മക്കടുത്തിരുന്ന് വിസ്തരിച്ചു തന്നെ ആരംഭിച്ചു. അജ്ഞലി പഠിച്ചതും വളർന്നതും ഡൽഹിയിൽ . അച്ഛൻ തലേക്കെട്ടുകാരൻ സർദാർജി സർക്കാർ ഉദ്യോഗസ്ഥൻ . മകൾ പഞ്ചാബിൽ കളക്ടർ ആകണമെന്നത് ചിരകാലാഭിലാഷം . ഒരു സന്ധ്യക്ക് അമ്മയെപ്പറ്റിയും മണൽ വാക്കയെപ്പറ്റിയും പറഞ്ഞപ്പോൾ വന്നാൽ കൊള്ളാമെന്ന് പറഞ്ഞു .

4

പുറത്തേക്ക് നോക്കിയപ്പോൾ കാലുകൾ വെള്ളത്തിലിട്ട് അജ്ഞലി കടവിലിരിക്കുന്നു. വെളുത്തമ്മ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്. മുറുക്കാത്തിന് കാശു ചോദിക്കാതിരുന്നാൽ മതിയായിരുന്നു.

ആദ്യം അജ്ഞലിയെ കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ്. ഇവ ളാണ് ക്ലാസ്സിലെ ഏറ്റവും സുന്ദരി. എത്ര വലിയ കണ്ണുകൾ. യാതൊരു പാടുമില്ലാത്ത മിനുസമുള്ള മുഖം. നീണ്ട ഭംഗിയുള്ള മൂക്കും ചിരിക്കുമ്പോൾ ഓടിമറയുന്ന നുണക്കുഴിയും . A beauty with brains ! പരിചയം സൗഹൃദമായി. ഓരോന്ന് സംസാരിച്ച് കാമ്പസിൽ വൈകുന്നേരങ്ങളിൽ നടക്കുന്നത് ഒരു പതിവായി. ഒരിക്കൽ കരംവീർ സിംഗ് ബെയ്ൻസ് പരിഹസിച്ചു പറഞ്ഞു .

‘‘A walking example of unity in diversity’’

എന്നിട്ടൊരിക്കൽ അവൾ പറഞ്ഞു. വളരെ അടുപ്പമുള്ളവർ ഏഞ്ചലെ ന്നാണ് വിളിക്കുന്നത്. അങ്ങനെ അവൾ വിനോദിന് ഏഞ്ചലായി.

5

സന്ധ്യയ്ക്ക് ഏഞ്ചലിനെ ഗ്രാമം കാണിക്കാനിറങ്ങി. നേരേ കൊണ്ടുപോയത് ദാമോദരൻ സാറിന്റെ വീട്ടിലേക്കാണ്. അറയും നിരയുമുള്ള പഴയ വീട്. സാറിനും ഏഞ്ചലിനും ഇടയിൽ തർജിമക്കാരനായി വിനോദ്.
“വിനൂട്ടി, പണ്ടൊക്കെ ഭാരതീയരെ ഏകീകരിക്കുന്ന മാധ്യമമായിരുന്നു സംസ്കൃതം. ഇപ്പോൾ ആശയ വിനിമയത്തിന് പരദേശ ഭാഷ വേണം”.

വൈദ്യൻമാരായിരുന്നു സാറിന്റെ പൂർവികർ. പേപ്പട്ടിവിഷത്തിനു പോലും ചികിത്സയുണ്ടായിരുന്നു.

‘‘എന്നിട്ട് ?’’

ഏഞ്ചലിന്റെ ജിജ്ഞാസയേറിയ ശബ്ദം.

“ഒക്കെ കാലക്രമേണ നഷ്ടപ്പെട്ടു മോളേ”.

സാറിന് സംസാരിക്കാൻ വിഷയങ്ങളേറെ. മുസൂറിയിലെ ട്രെയിനിംഗി നെ പറ്റിയായിരുന്നു ഏറെയും ചോദ്യങ്ങൾ.

6

വരമ്പിലെ കറുത്ത ചെളി ഏഞ്ചലിന്റെ വെളുത്ത കാലിൽ പറ്റിയിരുന്നിട്ട് എത്ര ഭംഗി. തോട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന കൈതയിൽ നിന്ന് പൂവിന്റെ മാദക ഗന്ധം. എഞ്ചിൻ തറയിൽ നിന്നും മോനായിയുടെ ഈണത്തിലുള്ള പാട്ട് ‘സന്ധ്യമയങ്ങും നേരം... ഗ്രാമ ചന്ത പിരിയുന്ന നേരം...ഒരുങ്ങിവരും സൗന്ദര്യമേ...’

മനസ്സു കാടുകയറുകയായിരുന്നു. ഏഞ്ചലിന്റെ കണ്ണുകളിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത തിളക്കം. വേറെങ്ങോ നോക്കാൻ തത്രപ്പെടുന്ന അവളുടെ കണ്ണുകൾ. അവ ഉയർത്തുന്ന തീനാളങ്ങൾ എവിടെയോ തലയുയർത്തുന്നു.

രാത്രി ഭക്ഷണം കഴിഞ്ഞ് തെക്കെ പോർട്ടിക്കോവിൽ കിടന്നപ്പോൾ ഏഞ്ചൽ കിടക്കുന്ന വടക്കേ പോർട്ടിക്കോവിൽ വെളിച്ചം കണ്ടു . ഏഞ്ചൽ കട്ടിലിൽ കിടന്നു വായിക്കുന്നത് കർട്ടന്റെ ഇടയിലൂടെ കാണാം. ആറ്റിലൂടെ ഇടയ്ക്കു പോകുന്ന കേവു വള്ളങ്ങളുടെ ശബ്ദമൊഴിച്ചാൽ എങ്ങും സുഖകരമായ നിശ്ശബ്ദത. വാതിലിൽ മുട്ടിയപ്പോൾ ഏഞ്ചൽ കതക് തുറന്നു .

‘‘I am not sleepy Shall I come in ?’’

Ayn Rand ന്റെ Atlas Shrugged മടക്കി വച്ചവൾ കട്ടിലിൽ ചാരിയിരുന്നു. ഫ്രാൻസിസ്കോയിൽ തുടങ്ങി, ജോൺ ഗാൾട്ടിലൂടെ മെഹ്ദി ഹസനിൽ ചെന്ന് നിൽക്കുമ്പോൾ പാതിരാക്കോഴി കൂവിയിരുന്നു.

രാത്രി വെളുപ്പിന് വഴിമാറുമ്പോൾ എഞ്ചിൻ തറയിൽ തല ഉയർത്തിയ തീനാളങ്ങൾ ശലാഖകളായി മാറിയിരുന്നു. അതൊരു കാട്ടുതീയായി സർവസംഹാരിയായി കത്തിതീർന്ന് കാട്ടരുവിയിലെ കുളിരായി മാറുമ്പോൾ കണ്ടത് ഏഞ്ചലിന്റെ വിയർപ്പണിഞ്ഞ മനോഹരമായ പിൻകഴുത്തായിരുന്നു.

gramam-2
ചിത്രീകരണം – സിബൽ പ്രേം

7

അടുത്ത പകലിന് തിളക്കമേറിയിരുന്നു. ഏഞ്ചൽ നടക്കാൻ പോയി രിക്കുന്നു. അവളെ തനിയെ ഒന്നു കാണാൻ വിനോദിന് തിടുക്കമായി. മടങ്ങി വരുമ്പോൾ വിനോദ് കടവിലിരിക്കുകയായിരുന്നു.

“എഞ്ചൽ എന്റെ ഗ്രാമം ഇഷ്ടമായോ ?’’

അവൾ തലയാട്ടിയപ്പോൾ ചോദിച്ചു .

“എങ്കിൽ എന്റെ മണൽവാക്കകാരിയായി എന്റെ മാത്രമായിക്കൂടെ ?’’

ഏഞ്ചലിന്റെ കണ്ണുകൾ മറ്റെവിടെയോ ആയിരുന്നു. നിശ്ശബ്ദതയ്ക്ക് ഘനമേറിക്കൊണ്ടിരിക്കുന്നു. അസ്വസ്ഥമാക്കുന്ന പരിഭ്രമിപ്പിക്കുന്ന മൗനം... എന്തോ പറയാൻ വന്നിട്ട്, ഒന്നും പറയാതെ അവൾ വീട്ടിനുള്ളിലേക്ക് നടന്നു. വെള്ളത്തിലെ തന്റെ പ്രതിച്ഛായയിൽ ചെറുകല്ലുകൾ എറിഞ്ഞ് അത് പിന്നിച്ചിതറുന്നത് നോക്കി വിനോദ് കുറെനേരം കടവിലിരുന്നു.

8

ചുരുങ്ങിയ ദിവസം കൊണ്ട് ഏഞ്ചൽ മണൽവാക്കകാർക്ക് പ്രിയങ്കരി യായി മാറിയിരിക്കുന്നു. തീക്കട്ട ഉമ്മനെയും കണാരനെയും ‘പഞ്ചാബിയിൽ എന്തുണ്ട് വിശേഷം’ എന്നു പറയാൻ പഠിപ്പിച്ചു . പോകും മുമ്പ് വെളുത്തമ്മയ്ക്ക് കമ്പിളി ഷാൾ നൽകി. യാതയാക്കാൻ പലരുമുണ്ടായിരുന്നു. ബോട്ടിൽ കയറുമ്പോൾ അന്നാമ്മച്ചേടത്തി പറഞ്ഞു .

“വീനൂട്ടി, ഈ കൊച്ച് ഇനിയും വരാൻ പറയണം’’

“അന്നാമ്മച്ചേടത്തീ, ഈ കൊച്ചിന് ഇനി ജോലി അങ്ങു ദൂരെ പഞ്ചാബിലായിരിക്കും.’’

നുണക്കുഴി വിരിച്ച്, കൈ വീശുമ്പോൾ അവളുടെ കണ്ണുകൾ മൂകമായിരുന്നു. ഏഞ്ചലിന്റെ കൈവിരലുകൾ സ്വന്തം കൈപ്പത്തിയിൽ ഒതുക്കി വിനോദ് അവളെ നോക്കി പുഞ്ചിരിച്ചു.
9

ട്രെയിനിംഗിന്റെ ദിവസങ്ങൾ യാന്ത്രികമായി പൊയ്ക്കൊണ്ടിരുന്നു. കൂടിന്റെ വാതിലുകൾ മനസ്സില്ലാ മനസ്സോടെ പാതി തുറന്നിട്ടു. ചിറകുകൾ വിടർത്തി ഒരു നിമിഷം ശങ്കിച്ചു നിന്നിട്ട് അവൾ പറന്നകന്നു.

മുസ്സൂറി വിട്ടത് ആകെ തകർന്നായിരുന്നു പിന്നീട് പലപല നിയമന ങ്ങൾ. അവധി ദിവസങ്ങളിൽ മണൽവാക്കയിൽ പോകുന്നതായിരുന്നു അല്പം ആശ്വാസം. തീക്കട്ട ഉമ്മനും കണാരനും സാറുമെല്ലാം അതേപടി സ്നേഹം തന്നിരുന്നു. രാജമ്മ മാത്രം വിനൂട്ടിയുടെ ദീർഘനിശ്വാസങ്ങൾ കേട്ട് നൊമ്പരപ്പെട്ടു . രാജമ്മയും പിന്നീട് ഏഞ്ചലിനെക്കുറിച്ച് അന്വേഷിച്ചില്ല. വടക്കേ പോർട്ടിക്കോയും കടവുമെല്ലാം നൊമ്പരങ്ങളുടെ പ്രതീകങ്ങളായി മാറിയ പോലെ .

ആർ.ഡി.ഒ. ആയി മൂവാറ്റുപുഴയിൽ നിയമനം കിട്ടി . സന്ധ്യക്ക് കളക്ടർ പൊടുന്നനവെ കയറി വന്നു. വിഷയം കല്യാണാലോചന . ഭാവി വധുവിന്റെ പിതാവിനെ മന്ത്രി മന്ദിരത്തിലൊരിക്കൽ കണ്ടതോർക്കുന്നു. പിന്നീട് പ്രലോഭനങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. നെല്ലിയാംപതിയിൽ ഏലത്തോട്ടം, കോന്നിയിൽ റബ്ബർ എസ്റ്റേറ്റ്, തലസ്ഥാനത്ത് ബംഗ്ലാവ്... പേരിന്റെ വാലായ മൂന്നക്ഷരത്തിന് ഇത്ര വിലയോ ?

10

വിവാഹശേഷം ഒരാഴ്ച ഊട്ടിയിൽ പരസ്പരം അറിയുകയും അടുക്കുകയും ചെയ്യേണ്ട ഹണിമൂൺ ദിവസങ്ങൾ. വാചാലമല്ലാത്ത മൂകതയും മുറിഞ്ഞു പോകുന്ന സംഭാഷണങ്ങളും. ഊട്ടിയിലെ തണുപ്പിൽ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് കത്തിക്കുന്ന തീയ് തനിയെ അണഞ്ഞു പോകുന്നു. അപ്പോഴും വിനോദിന്റെ മനസ്സ് പരതിയിരുന്നത് വിയർപ്പണിഞ്ഞ മനോഹരമായ ഒരു വെളുത്ത പിൻകഴുത്തായിരുന്നു .

ഗ്രാമത്തിൽ മടങ്ങിയെത്തിയപ്പോൾ പെണ്ണുങ്ങൾ അടക്കം പറഞ്ഞു .

“മറ്റേ കൊച്ചിന്റെ അത്രയും പറ്റത്തില്ല. അതിന് പവന്റെ നിറമല്ലായിരുന്നോ ? ’’

ആശയ്ക്ക് ഭാഷ അറിയാമായിരുന്നെങ്കിലും അന്നാമ്മച്ചേടത്തിയും കണാരനുമായി സംസാരിക്കാൻ സാധിച്ചിരുന്നില്ല. സന്ധ്യയ്ക്ക് ദാമോദരൻ സാർ കാണാൻ വന്നിരുന്നു. പതിവുപോലെ സാർ വാചാലനായി. ആശയുടെ കണ്ണുകൾ നിസ്സംഗതയോടെ എവിടെയൊക്കെയോ പരതുകയായിരുന്നു.

‘‘ഞാൻ രണ്ടാമൂഴം വായിച്ചു. കവിത പോലെ മനോഹരം’’.

വിനോദ് പറഞ്ഞു .

‘‘ഇനി ഞാനുറങ്ങട്ടെ വായിച്ചോ വീനൂട്ടീ ? കർണ്ണനാണ് കഥാപാത്രം. ആശ മോളോ ? ’’

ആശയുടെ മുഖത്ത് നേരിയ പരിഭ്രമം. ആശയുടെ കൈയിൽ ജോൻ കോളിൻസിന്റെ പുസ്തകം കണ്ടത് ഓർമ്മിക്കയായിരുന്നു വിനോദ്. വിവാഹ ശേഷം തലസ്ഥാനത്ത് ആശയുടെ ബംഗ്ലാവിലായിരുന്നു താമസം. ഓഫീസ് സമയം കഴിഞ്ഞാലും മൂന്നാലു വരി കുത്തിക്കുറിച്ച് അവിടെത്തന്നെ ഇരിക്കുന്നത് ശീലമായിരുന്നു. സന്ധ്യക്ക് വീട്ടിലെത്തുമ്പോൾ ആശയുടെ കാർ ഉണ്ടാവാറില്ല. ഇരുവരും ഉള്ളപ്പോഴും വീട്ടിൽ മൂകതയാണല്ലോ ?

വർഷങ്ങൾ ഒച്ചിഴയുന്ന വേഗത്തിൽ പൊയ്ക്കൊണ്ടിരുന്നു. തലയിൽ അവിടവിടെ വെള്ളിക്കമ്പികൾ, വീട്ടിൽ രണ്ടംഗങ്ങൾ മാത്രം! പഴി ചാരലുകളുടെ ധ്വനി ഇടയ്ക്കിടെ മുഴങ്ങാറുണ്ട്. പരസ്പരം ആശ്വസിപ്പിക്കാനുള്ള സന്മനസ്സ് നഷ്ടപ്പെട്ടിരിക്കുന്നു . സ്നേഹത്തിന്റെയും വെറുപ്പിന്റെയും ഇടയ്ക്കുള്ള ഏതോ ഒരവസ്ഥ!

11

അംബരചുംബിയായ ഹോട്ടലിന്റെ മട്ടുപ്പാവിലിരുന്ന് ദൂരെ പോകുന്ന കപ്പലിനെ നോക്കി സഹപ്രവർത്തകനായ സുഹൃത്തിനോട് തന്റെ ജീവിത ത്തെപ്പറ്റി പറയുകയായിരുന്നു വിനോദ്.

ബക്കാർഡിയിൽ കോളയൊഴിച്ച് അയാൾ പറഞ്ഞു,

“എടോ വിനോദ് ജീവിക്കാൻ പഠിക്കണമെടോ ! Your marriage has brought the heaven itself to you ! അനന്തപുരിക്കാരൻ നായർക്ക് പെൺസ്വത്തായി കിട്ടുന്നത് പത്തിരുന്നൂറ് പവൻ സ്വർണ്ണവും ഒരു പഴഞ്ചൻ ബംഗ്ലാവുമാണ്’’

“ അനന്തപുരി നായന്മാരല്ല, കുമാരന്മാർ”.

‘‘What ?’’

Padmakumar , Krishnakumar , Jayakumar ...... ഇതിലെവിടിരിക്കുന്നു നായരെന്ന വാല് ?’’

“ഫയലുകളുടെ രാജ്യത്ത് രാജകുമാരനെപ്പോലെ ജീവിക്കുക. ഭാര്യ ക്കൊപ്പം സാരിക്കടയിൽ പോയി രണ്ട് സാരിയും വാങ്ങികൊടുത്ത് ഇടയ്ക്ക് സിനിമയും കണ്ട് ജീവിക്കുക, ഹാപ്പിയായി. തനിക്ക് പറ്റുമോ ? ഇല്ലെങ്കിൽ ഒരു യന്ത്രമായി ഏകാന്ത ലോകത്ത് താനിപ്പോൾ ജീവിക്കും മാതിരി കഴിയൂ. The choice is yours ’’.

12

മണൽവാക്കയിൽ പോയിട്ട് ഏറെക്കാലമാകുന്നു . ആശക്ക് ഗ്രാമത്തിലെ അന്തരീക്ഷം പിടിക്കുന്നില്ല. അരുചിയുള്ള വെള്ളം, കൊതുക്, ആൾക്കാരുടെ ശല്യം... പരാതികൾ പലതാണ്. താനും ഒരു പട്ടണവാസിയായി മാറുന്നെന്ന് അയാൾക്ക് തോന്നി. കഴിഞ്ഞ പ്രാവശ്യം കരിക്കിൻ വെള്ളമാണ് കുടിച്ചത്.

സുഹൃത്തുക്കൾക്ക് വള്ളം കളി കാണണമെന്ന് ആഗ്രഹം. രാവിലെ തന്നെ മണൽവാക്കയിൽ സുഹൃത്തുക്കളുമായി എത്തി. ദാമോദരൻ സാറിനെ കണ്ടില്ല. കഴിഞ്ഞ പ്രാവശ്യം സാർ ഏതോ നിവേദനവുമായി വന്നപ്പോൾ വിനോദിന് മന്ത്രിയുമായുള്ള മീറ്റിംഗിന്റെ തിരക്കായിരുന്നു. ആശ ചിലപ്പോൾ ഒരു കപ്പ് കാപ്പിപോലും കൊടുത്തിട്ടുണ്ടാവില്ല. മണൽവാക്കയിൽ നിന്നും ചിലരൊക്കെ അമ്മയുടെ കത്തുമായി വരാറുണ്ട്. പലപ്പോഴും സഹായിക്കാൻ സാധിച്ചിരുന്നില്ല.

ബോട്ടിൽ കയറാൻ സമയത്ത് ആരൊക്കെയോ യാത്ര പറയാൻ വന്നിരുന്നു. പരിചയമുള്ള പല മുഖങ്ങൾ. തീക്കട്ട ഉമ്മൻ, കണാരൻ, പ്ലഷർ അന്നാമ്മ. കണാരൻ മുടിനരച്ച്, ചടച്ച്, ആകെ വയസ്സായിരിക്കുന്നു. പീക്കിരികൾ പലരും യുവാക്കളായിരിക്കുന്നു. പലരുടെയും പേരുകൾ ഓർമ്മിക്കാൻ പറ്റുന്നില്ല. പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്ത് തുറന്നു. രണ്ടായിരത്തിന്റെ നോട്ടുകൾ മാത്രം! മണൽവാക്കയിൽ പോകുമ്പോൾ ചില്ലറ വയ്ക്കണമെന്ന് ആശയോട് പറഞ്ഞിട്ടുള്ളതാണ്. മറന്നതാവാം! പേഴ്സ് തിരികെ പോക്കറ്റിലിട്ട് വിനോദ് ബോട്ടിൽ കയറി. ബോട്ടിന്റെ പുറകിൽ നിന്നും ഉയർന്ന കറുത്ത പുക ശ്വസിച്ച് കണാരൻ ശക്തിയായി ചുമച്ചു. പിന്നീട് ചുമലിൽ കിടന്ന കീറിയ തോർത്ത് കൊണ്ട് മുഖം തുടച്ചയാൾ താഴേക്ക് നോക്കി ഇടറുന്ന കാലുകളോടെ മെല്ലെ നടന്നു...

….........

DISCLAIMER -

വനിത ഓൺലൈൻ പെൻ ഡ്രൈവ് സെക്ഷനിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ വനിത ഓൺലൈനോ എംഎം പബ്ലിക്കേഷനോ കക്ഷിയായിരിക്കില്ല.