Friday 25 November 2022 01:32 PM IST

മമ്മൂട്ടി നായകനായി ‘ലിഫ്റ്റ്’ ഒരുങ്ങുകയായിരുന്നു, ഒപ്പം എഴുതിത്തീരാത്ത ‘സത്ര’വും: ഒരു ചെറുകഥയുടെ അന്ത്യം പോലെ...

V.G. Nakul

Sub- Editor

satheesh-babu-payyannur-1

വിഷാദത്തിന്റെ നിഴലുകൾ പരന്ന ഒരു ചെറുകഥയുടെ അന്ത്യം പോലെയായി സതീഷ് ബാബു പയ്യന്നൂരിന്റെ മരണം. ഒറ്റയ്ക്കായ ഒരു രാത്രിയിൽ, ഉറക്കത്തിനിടെ, മരണം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു...

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, മാധ്യമപ്രവർത്തകൻ എന്നിങ്ങനെ വിവിധമേഖലകളിൽ ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ അവശേഷിപ്പിച്ചാണ് 59 വയസ്സില്‍ സതീഷ് ബാബു പയ്യന്നൂരിന്റെ വിയോഗം. വഞ്ചിയൂരിലെ ഫ്ലാറ്റിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌ത സതീഷ്ബാബു കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമാണ്.

satheesh-babu-payyannur-3 ചിത്രം – രാജേഷ് ചാലോട്.

‘‘സതീഷിനെ ഞാൻ ആദ്യമായി കാണുന്നതും നേരിൽ പരിചയപ്പെടുന്നതും അദ്ദേഹം എസ്.ബി.ടിയിൽ ജോലി കിട്ടി, തിരുവനന്തപുരത്ത് എത്തിയപ്പോഴാണ്, 1991 ൽ. 30 വർഷത്തെ അടുപ്പം. അപ്പോഴേക്കും മലയാളത്തിലെ ശ്രദ്ധേയനായ യുവസാഹിത്യകാരനായിരുന്നു സതീഷ്. ആ ബന്ധം പിന്നീടൊരിക്കലും മുറിഞ്ഞിട്ടില്ല. ഈ വിയോഗം എനിക്കു വലിയ വേദന സമ്മാനിക്കുന്നു. പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ടിരിക്കുന്നു’’.– സതീഷ് ബാബു പയ്യന്നൂരിന്റെ സുഹൃത്തും സാഹിത്യകാരനുമായ എം.രാജീവ് കുമാർ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘സതീഷിനോട് സിനിമയില്‍ ശ്രമിക്കണമെന്ന് ആദ്യം സൂചിപ്പിച്ചത് പി.പത്മരാജനാണ്. സതീഷിന്റെ ഭാഷ അതിനു പറ്റിയതാണെന്ന് അദ്ദേഹം പറഞ്ഞു. പരിചയപ്പെട്ടതോടെ, ഞങ്ങൾ തമ്മിൽ തുടർച്ചയായി കാണുന്നതും ദീർഘമായി സംസാരിക്കുന്നതും പതിവായിരുന്നു. തിരുവനന്തപുരത്ത് വന്ന ശേഷം അദ്ദേഹം സിനിമയിൽ കൂടുതൽ ശ്രമിക്കാൻ തുടങ്ങി. അങ്ങനെ ‘ഓ ഫാബി’, ‘നക്ഷത്രക്കൂടാരം’ എന്നീ സിനിമകൾ വന്നു.

satheesh-babu-6

സതീഷിന്റെ സത്വം എഴുത്തിലാണ്, അതു വിടരുതെന്ന് ഞാൻ എപ്പോഴും പറഞ്ഞിരുന്നു. 24 വയസ്സിൽ സതീഷ് എഴുതിയ കൃതിയാണ് ‘മണ്ണ്’. അതിന്റെ അവതാരിക എഴുതിയത് ഇ.എം.എസ് ആണ്. ‘ദൈവപ്പുര’ ഉൾപ്പടെ നാല് നോവലുകളും ധാരാളം ചെറുകഥകളും ആ പ്രായത്തിനുള്ളിൽ സതീഷ് എഴുതിയിരുന്നു.

പിന്നീട് ബാങ്കിലെ ജോലി വിട്ട് ദൃശ്യമാധ്യമ രംഗത്തെത്തി. അതിൽ ശ്രദ്ധ കൊടുത്തതോടെ എഴുത്ത് കുറയുകയായിരുന്നു. ‘കണ്ണട’ ഉൾപ്പടെ, അദ്ദേഹം തയാറാക്കിയ ചില ചാനൽപരിപാടികളിൽ ഞാൻ അവതാരകനായി. സതീഷിന്റെ ‘സീൻ ഓവർ’, ‘ഫോട്ടോ’ എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചതും എന്റെ നേതൃത്വത്തിലുള്ള പരിധി പബ്ലിക്കേഷൻസാണ്. സതീഷിന്റെ പുസ്തകങ്ങൾക്ക് ഞാൻ അവതാരിക എഴുതിയിട്ടുമുണ്ട്’’.– രാജീവ് കുമാർ പറയുന്നു.

satheesh-babu-payyannur-2 ചിത്രം – രാജേഷ് ചാലോട്.

‘‘അടുത്ത കാലത്തായി സതീഷിന്റെ കഥകളില്‍ വലിയ മാറ്റമുണ്ടായി. അദ്ദേഹത്തിന്റെ ‘ലിഫ്റ്റ്’ മലയാളത്തിലെ മികച്ച കഥകളിൽ ഒന്നാണ്. അതു മമ്മൂട്ടി നായകനായി സിനിമയാകുവാനൊരുങ്ങുകയായിരുന്നു. ആ കഥയിലും ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളുടെ മരണമാണ് പറയുന്നത്. മാത്രമല്ല, സതീഷ് ഇപ്പോൾ എഴുതിക്കൊണ്ടിരുന്ന ‘സത്രം’ എന്ന നോവൽ കവി പി.കുഞ്ഞിരാമൻ നായരുടെ ജീവിതമാണ്. പി യും ഒരു സത്രത്തിൽ ഒറ്റയ്ക്ക് കിടന്നാണല്ലോ മരിക്കുന്നത്. ചുരുക്കത്തിൽ ഈ രണ്ടു കൃതികളും അറം പറ്റിയതു പോലെയായി. സതീഷിന്റെ ഒരു കഥയുടെ പേര് ‘വൃശ്ചികം വന്നു വിളിച്ചു’ എന്നാണ്. അതു പോലെ മറ്റൊരു വൃശ്ചികം വന്നു വിളിച്ചപ്പോൾ സതീഷും പോയി. ഒരു വൃശ്ചികത്തിലാണ് സതീഷ് തിരുവനന്തപുരത്ത് വന്നതും...’’.– രാജീവ് കുമാർ പറഞ്ഞവസാനിപ്പിച്ചു.

satheesh-babu-5

ജീവിതത്തിന്റെ കഥയ്ക്ക് അടിവരയിട്ട് സതീഷ് പോകുമ്പോൾ, അദ്ദേഹത്തിന്റെ മൂന്നു പുസ്തകങ്ങളാണ് പ്രസാധകരെ ഏൽപ്പിച്ചിരിക്കുന്നത്. പുതിയ കഥകളുടെ സമാഹാരം, ആത്മകഥാക്കുറിപ്പുകളുടെ സമാഹാരം, മഴക്കഥകളുടെ സമാഹാരം എന്നിവ. ഒപ്പം അടുത്ത വർഷം, അറുപതാം പിറന്നാളിനോടനുബന്ധിച്ചു കൃതികളുടെ സമ്പൂർണസമാഹാരവും പദ്ധതിയിലുണ്ടായിരുന്നു. എന്നാൽ ഒന്നും കാണാൻ കാത്തുനിൽക്കാതെ സതീഷ് പോയി...വിട!

ജീവിതചിത്രം

1963 ൽ പാലക്കാട്‌ ജില്ലയിലെ പത്തിരിപ്പാലയിലാണ് സതീഷ് ബാബു ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും പയ്യന്നൂരിലെ കോളജിലും പഠിക്കുന്ന കാലത്തുതന്നെ എഴുത്തിൽ സജീവമായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട്‌ ‘ഈയാഴ്‌ച’ വാരികയുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. നക്ഷത്രക്കൂടാരം, ഓ ഫാബി എന്നീ ചിത്രങ്ങൾക്കു തിരക്കഥയെഴുതി. 2001 ൽ ബാങ്ക് ജോലി ഉപേക്ഷിച്ച് ദൃശ്യമാധ്യമരംഗത്തെത്തി. പനോരമ എന്ന സ്വന്തം സ്ഥാപനത്തിലൂടെ ടെലിവിഷൻ ഷോകൾ നിർമിച്ച് അവതരിപ്പിച്ചു. കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായിരുന്നു.

satheesh-babu-4

2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (പേരമരം), കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ് തുടങ്ങിയവ ലഭിച്ചു. വൃശ്ചികം വന്നു വിളിച്ചു, പേരമരം, മണ്ണ്, ഉൾഖനനങ്ങൾ, കലികാൽ, വിലാപവൃക്ഷത്തിലെ കാറ്റ്, കമൽ‌ഹാസൻ അഭിനയിക്കാതെ പോയ ഒരു സിനിമ തുടങ്ങിയവയാണ് പ്രധാന രചനകൾ‌.