Thursday 25 February 2021 12:36 PM IST

‘ജയനെ ഏതെങ്കിലും വിവാദത്തില്‍ കൊണ്ടുനിര്‍ത്താന്‍ ഒരിടത്തും ശ്രമിച്ചിട്ടില്ല’! ‘ജയന്റെ അജ്ഞാത ജീവിതം’ പിറന്ന കഥ പറഞ്ഞ് എസ്.ആർ ലാൽ

V.G. Nakul

Sub- Editor

l1

പ്രശസ്തിയുടെയും താരപ്രൗഢിയുടെയും ഉയരത്തിൽ നിൽക്കേ, 1980 നവംബർ 16ന് മരണം ജയനെ കൂട്ടിക്കൊണ്ടു പോയി. മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും ഇപ്പോഴും വിശ്വസിക്കുവാനോ, ഉൾക്കൊള്ളുവാനോ ആകാത്ത വിയോഗം. ‘കോളിളക്കം’ എന്ന ചിത്രത്തിലെ സാഹസികമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ, ഹെലികോപ്റ്ററിൽ നിന്നു വീണായിരുന്നു മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ സൂപ്പർസ്റ്റാറുകളിലൊരാൾ മരണപ്പെട്ടത്.

ഇപ്പോഴിതാ, ജയൻ മരിച്ച് 40 വർഷങ്ങൾ പിന്നിടുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതവും മരണവും ആ വിയോഗം താരത്തിന്റെ ആരാധകരിൽ സൃഷ്ടിച്ച നൊമ്പരവും ശൂന്യതയും പശ്ചാത്തലമാക്കി ഒരു നോവൽ എഴുതപ്പെട്ടിരിക്കുന്നു. കേന്ദ്ര – കേരള സാഹിത്യ അക്കാഡമി പുരസ്കാര ജേതാവും മലയാളത്തിലെ ശ്രദ്ധേയ യുവസാഹിത്യകാരനുമായ എസ്. ആർ ലാലിന്റെ ‘ജയന്റെ അജ്ഞാത ജീവിതം’ ആണ് ആ കൃതി.

ഇതിനോടകം വായനക്കാർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞ ‘ജയന്റെ അജ്ഞാത ജീവിതം’, മലയാളത്തിൽ ഒരു ജനപ്രിയ ചലച്ചിത്ര നടനെ മുൻനിർത്തി എഴുതപ്പെടുന്ന നോവൽ എന്ന അപൂർവതയും സ്വന്തമാക്കിയിരിക്കുന്നു.

l3

‘‘സിനിമകളെപ്പറ്റിയുള്ള അറിയിപ്പുകള്‍ തന്നത് പോത്തന്‍കോട് സാബു തിയറ്ററായിരുന്നു. ഏറ്റവും സമീപത്തുള്ള തിയറ്റര്‍ അതായിരുന്നു. അപ്പോഴും അത് ഞങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ നിന്നും മൂന്നുകിലോമീറ്റെങ്കിലും അകലെയായിരുന്നു. തിയറ്ററിലെ സിനിമ മാറുന്ന അറിയിപ്പ് ഞങ്ങളുടെ വീടിന് സമീപത്തു കൂടി പോയിരുന്നു. കുറച്ചകലെയുള്ള മണിമലക്കൊട്ടാരത്തില്‍ സിനിമാ ഷൂട്ടിങ് നടക്കുന്ന വിവരം ഒരുനാള്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തി. നടന്മാരോടൊപ്പം കുതിരകളും അവിടേക്കു വന്നു. ഏത് സിനിമയായിയിരുന്നു ചിത്രീകരിച്ചത് എന്നോര്‍ക്കുന്നില്ല. ഇത്തരംവിവരങ്ങള്‍ തന്നിരുന്ന ആള്‍ തൊട്ടടുത്തുള്ള സാമിയണ്ണനായിരുന്നു. ചുറ്റുനടക്കുന്ന കാര്യങ്ങള്‍ സാമിയണ്ണനാണ് ഞങ്ങളെ അറിയിച്ചിരുന്നത്. ഒരു സൈക്കിളില്‍ ലോകം ചുറ്റിനടക്കലായിരുന്നു പുള്ളിക്കാരന്റെ ഇഷ്ടവിനോദം. കുട്ടിക്കാലത്ത്, ജയനെപ്പറ്റിയുള്ള വിവരങ്ങള്‍ കിട്ടിയിട്ടുള്ളത് സിനിമാ പ്രേമിയായിരുന്ന സാമിയണ്ണനില്‍ നിന്നാകാനാണ് സാധ്യത. സ്‌കൂളില്‍ എത്തിയതോടെ ജയന്‍ എന്ന നടന്‍ ഞങ്ങളെ സര്‍വാംഗം ഗ്രസിച്ചു. കരുത്തരായ മനുഷ്യരെ, വില്ലന്മാരെ ഇടിച്ചു നിലംപരിശാക്കുന്നവരെ കുട്ടികള്‍ക്ക് ഇഷ്ടമാണ്. ജയന്‍ യുഗത്തിന്റെ തിരുപ്പിറവി സംഭവിച്ചിട്ടേയുണ്ടായിരുന്നുള്ളൂ അക്കാലത്ത്. ജയന്‍ മരിക്കുന്നതിനുമുമ്പ് ഞാന്‍ കണ്ട ജയന്റെ ഏക സിനിമ ‘തച്ചോളി അമ്പു’ ആയിരുന്നു. 1980 നവംബര്‍ 17 ന് രാവിലെയാണ് സാമിയണ്ണന്‍ സൈക്കില്‍ സമീപത്തുനിര്‍ത്തി, ജയന്‍ മരിച്ചുപോയെന്ന വിവരം പറയുന്നത്. വഴിവക്കില്‍ കാഴ്ചകളും കണ്ട് നില്‍പ്പായിരുന്നു ഞാന്‍. തലേന്നുണ്ടായ അപകടത്തെക്കുറിച്ചും ജയന്റെ മരണത്തെക്കുറിച്ചും ഞങ്ങളുടെ ഗ്രാമത്തില്‍ വാര്‍ത്ത എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മരണവിവിരം വല്ലാതെ സങ്കടപ്പെടുത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ആ വാര്‍ത്ത തന്ന സങ്കടത്തിന്റെ കടല്‍ ഉള്ളില്‍ അടങ്ങിയതേയില്ല. അത് ഉള്ളില്‍ ഇടയ്ക്കിടെ തിരയടിച്ചു കൊണ്ടിരുന്നു, ഇക്കാലമത്രയും. അതിനെ എങ്ങനെ പുറം ലോകത്തിനോട് പറയണമെന്ന് പലവട്ടം ചിന്തിച്ചു. ഒടുവില്‍ ജയനെപ്പറ്റി ഒരു നോവല്‍ എന്ന സാധ്യതയിലേക്ക് എത്തുകയായിരുന്നു’’. – ‘ജയന്റെ അജ്ഞാത ജീവിത’ത്തിലേക്കെത്തപ്പെട്ടതിനെക്കുറിച്ച് എസ്. ആർ ലാൽ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

തിരുവനന്തപുരം കോലിയക്കോട് സ്വദേശിയായ ലാൽ മാധ്യമപ്രവർത്തകനാണ്. ഭൂമിയിൽ നടക്കുന്നു, എറണാകുളം സൗത്ത്, ജീവിത സുഗന്ധി, കോഫി ഹൗസ്, പാലായിലെ കമ്യൂണിസ്റ്റ് എന്നീ കഥാസമാഹാരങ്ങളും ജീവചരിത്രം, കളിവട്ടം, സ്റ്റാച്യൂ പി.ഒ, കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം എന്നീ നോവലുകളുമാണ് പ്രധാന കൃതികൾ. കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം കേന്ദ്ര–കേരള സാഹിത്യ അക്കാഡമി പുരസ്കാരങ്ങൾ നേടി.

l2

ജയന്റെ ജീവിതവും മരണവും ആ വിയോഗം കുറേ മനുഷ്യരിൽ സൃഷ്ടിച്ച മാറ്റങ്ങളുമാണ് ഭാവനയുടെ സഹായത്തോടെ ലാൽ ‘ജയന്റെ അജ്ഞാത ജീവിതം’ എന്ന നോവലാക്കിയിരിക്കുന്നത്.

‘‘ലോക്ഡൗണ്‍ ആരംഭിച്ച് കുറച്ചു നാള്‍ മുന്നോട്ടു പോയപ്പോഴാണ് ‘ജയന്റെ അജ്ഞാത ജീവിത’ത്തിന്റെ എഴുത്തു ജോലിയിലേക്ക് കടക്കുന്നത്. ചില ചിതറിയ ചിത്രങ്ങള്‍ മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. പഴവിള രമേശന്‍ സാര്‍, സംഭാഷണത്തിനിടയില്‍ പറഞ്ഞ ജയനുമായുള്ള ബാല്യകാല സൗഹൃദത്തിന്റെ ഓര്‍മകള്‍ മനസിലേക്ക് പെട്ടെന്ന് കയറി വന്നു. എം. മുകുന്ദന്‍ ജയനുമായുള്ള സൗഹൃദത്തെക്കുറിച്ചെഴുതിയ ചെറുകുറിപ്പും തപ്പിയെടുത്തു. അധികമാരും അറിയാത്ത ജയന്റെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളെ ഫാക്ടും ഫിക്ഷനും ചേര്‍ത്ത് എഴുതാമെന്ന് മനസില്‍ ഉറപ്പിച്ചു. തിരുവിതാംകൂറിലെ ഒരു കുടിയേറ്റ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ജയന്റെ കഥ പറയാമെന്നും വച്ചു. ജയന്‍ എന്ന നടന്റെ ജീവിതത്തിനപ്പുറം ജയന്റെ ജീവിതത്തെ പിന്‍തുടരുന്ന ചില മനുഷ്യരുടെ കഥയാണിത്. ജയന്റെ ചില ജീവിചരിത്രപുസ്തകങ്ങള്‍ നോവലിന് വളരെയേറെ സഹായിച്ചു. സ്‌നേഹിതരില്‍ ചിലര്‍ ജയന്‍ സംബന്ധിയായി വന്നിട്ടുള്ള വിവരങ്ങള്‍ ശേഖരിച്ചുതന്നു. ഫിക്ഷന്റെ സ്വാതന്ത്ര്യം ഈ നോവലിന് പറന്നു സഞ്ചരിക്കാന്‍ ചിറകുനല്‍കി. ജയന്‍ എന്ന നടനെ ഏതെങ്കിലും വിവാദത്തില്‍ കൊണ്ടുനിര്‍ത്താന്‍ നോവലില്‍ ഒരിടത്തും ശ്രമിച്ചിട്ടില്ല’’. – ലാൽ പറയുന്നു.

l4

ജയന്റെ ജീവചരിത്രനോവലല്ല ഇതെന്നും ‘ജയന്റെ അജ്ഞാതജീവിതം’ എല്ലാ മനുഷ്യരിലുമുള്ള അജ്ഞാതജീവിതത്തെ തേടിയുള്ള യാത്രയാണെന്നും ലാൽ വ്യക്തമാക്കുന്നു.

മരിച്ച് 4 പതിറ്റാണ്ടു പിന്നിടുമ്പോൾ മലയാള സാഹിത്യം ജയൻ എന്ന അതുല്യപ്രതിഭയ്ക്ക് നൽകുന്ന ആദരമാണ് ‘ജയന്റെ അജ്ഞാതജീവിതം’. പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത അക്ഷരാഞ്ജലി....