Friday 11 June 2021 03:00 PM IST

വിലായത്ത് ബുദ്ധയുടെ ‘പോസ്റ്ററുണ്ടാക്കിയ കഥ’ ഇനി നോവലിന്റെ കവർ! സച്ചിയെ കൊതിപ്പിച്ച കഥ സിനിമയാകുമ്പോൾ

V.G. Nakul

Sub- Editor

vilayathu-budha

‘അയ്യപ്പനും കോശിയും’ നൽകിയ വലിയ വിജയത്തിനു ശേഷം മലയാളത്തിന്റെ പ്രിയസംവിധായകനും തിരക്കഥാകൃത്തുമായ സച്ചി സംവിധാനം ചെയ്യാനൊരുങ്ങിയ പുതിയ ചിത്രമായിരുന്നു ‘വിലായത്ത് ബുദ്ധ’. മറയൂർ പശ്ചാത്തലമാക്കി, വാരികയിൽ ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ പ്രശസ്ത നോവെല്ലയുടെ സിനിമാ ഭാഷ്യം. ഇന്ദുഗോപനും രാജേഷ് പിന്നാടും ചേർന്നെഴുതിയ തിരക്കഥ. പൃഥ്വിരാജ് നായകൻ. ‘വിലായത്ത് ബുദ്ധ’യെക്കുറിച്ച് സച്ചിക്ക് വലിയ സങ്കൽപ്പങ്ങളുണ്ടായിരുന്നു. തീട്ടം ഭാസ്ക്കരനും ഡബിള്‍ മോഹനനും തമ്മിലുള്ള മത്സരത്തിന്റെ കഥ സച്ചിയെ അത്രയാഴത്തിൽ സ്വാധീനിച്ചിരുന്നു.

എന്നാൽ ‘വിലായത്ത് ബുദ്ധ’ യാഥാർഥ്യമാക്കാനാകാതെ സച്ചി മരണത്തിലേക്കു നടന്നു പോയി. ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയും അവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍‌ പൃഥ്വിരാജ് ഉൾപ്പടെയുള്ള സച്ചിയുടെ പ്രിയപ്പെട്ടവർ ചിത്രത്തെ ഏറ്റെടുത്തു. സച്ചിയുടെ പ്രിയശിഷ്യൻ ജയൻ നമ്പ്യാർ സംവിധായകനായി, ചിത്രം പ്രഖ്യാപിച്ചു. ടൈറ്റില്‍ പോസ്റ്ററും വന്നു.

ഓൾഡ് മോങ്ക് ഡിസൈൻ ആണ് ‘വിലായത്ത് ബുദ്ധ’യുടെ ടൈറ്റിൽ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. നിസ്സാരമായിരുന്നില്ല അതിന്റെ പണി.

vilayathu-budha-3
സിനിമയുടെ പോസ്റ്റർ

‘ടൈപ്പോഗ്രഫി എങ്ങനെ ചെയ്യണം എന്ന് ആലോചിച്ചപ്പോള്‍ കനത്ത ഇരുട്ട്. പതിവ് പ്രയോഗങ്ങളും ചില പരീക്ഷണങ്ങളും ഒക്കെ നോക്കി....എല്ലാം സുന്ദരമായി പാളി...ഓള്‍ഡ്‌ മോങ്ക്സ് ഒത്തോരുമിച്ചാണ് പിടുത്തം... ഒരു കുലുക്കവുമില്ല...‘നല്ല കാതലുള്ള തടിയാണെന്ന്’ ഇന്ദുഗോപന്‍ എഴുതിവച്ചിട്ടുണ്ട്‌. കടുപ്പമുള്ള കാതല്‍ തന്നെയെന്ന് ബോദ്ധ്യപ്പെട്ടു.

അങ്ങനെയിരിക്കെ, ആര്‍ക്കോ തലയിലൊരു തെളിച്ചം. മരമാണല്ലോ നായകന്‍. മരംകൊണ്ട് തന്നെ ഏറ്റാലോ...? ആകമാനം ഇരുട്ടില്‍ ഒരു പൊട്ട് വെളിച്ചം. പിന്നെയും നോക്കിയപ്പോള്‍ ‘ആ വെളിച്ചത്തിനെന്തൊരു വെളിച്ചം’. അണിയറക്കാരോട് പറഞ്ഞു. അവര്‍ക്ക് തുറന്ന മനസ്സാണ്. ‘മറ്റൊന്നും ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി’ പഴയ പരസ്യവാചകം ഓര്‍മ്മ വന്നു. ഇത് ശരിക്കും ഫലിക്കും. അങ്ങനെ നമ്മളങ്ങ് ഉറപ്പിച്ച് കഴിഞ്ഞപ്പോള്‍ മരത്തിന്റെ ഉറപ്പിനൊരു ഇളക്കം. നമ്മള്‍ പിടിക്കുന്ന ഭാഗത്തേക്കോരു ചായ്‌വ്’. - ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഒരുക്കുന്നതിന്റെ വിഡിയോ പങ്കുവച്ച് ഓൾഡ് മോങ്ക് ഡിസൈൻ അവരുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഈ കുറിപ്പിൽ നിന്ന് അതിന്റെ ശ്രമം വ്യക്തം. തടിയില്‍ പേര് കൊത്തിയെടുത്ത്, അതിനെ ഫോട്ടോയിലാക്കി, മിനുക്കിയെടുത്താണ് ഈ മനോഹര പോസ്റ്റർ അവർ തയാറാക്കിയത്.

vilayathu-budha-2
പുസ്തകത്തിന്റെ കവർ

ഇപ്പോഴിതാ, ‘വിലായത്ത് ബുദ്ധ’ യുടെ പുസ്തക രൂപത്തിന്റെ അഞ്ചാം പതിപ്പിന് ഈ ടൈറ്റിൽ പോസ്റ്ററിലെ ടൈപ്പോഗ്രഫിയും അതിന്റെ ബിഹൈൻഡ് ദ സീൻ ചിത്രങ്ങളുമുപയോഗിച്ചാണ് കവര്‍. ഓൾഡ് മോങ്ക് ഡിസൈൻ ആണ് കവറിനും പിന്നിൽ. മലയാളത്തിൽ, ഒരു പുസ്തകത്തിന് അത് പ്രമേയമാക്കി ഒരുക്കുന്ന സിനിമയുടെ ടൈറ്റിൽ ഡിസൈനും അതിന്റെ ബിഹൈൻഡ് ദ സീൻ ചിത്രങ്ങളും ഉപയോഗിച്ച്, സിനിമ വരും മുമ്പേ കവർ ഒരുക്കുന്നത് അപൂർവം.

‘‘സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു വേണ്ടിയാണ് ഞങ്ങൾ ആദ്യം ആ ടൈറ്റിൽ ഡിസൈൻ ചെയ്തത്. അത് റിലീസായി. ശേഷം ആ ടൈറ്റിൽ ഡിസൈനും ആ ഡിസൈൻ ഒരുക്കുന്നതിന്റെ ബിഹൈൻഡ് ദ സീൻസ് ഇമേജുകളും ചേർത്ത് പുസ്തകത്തിനു വേണ്ടിയും ഒരു കവർ തയാറാക്കുകയായിരുന്നു. ഇതെല്ലാം ഒരു കവർ ചിത്രത്തിലേക്ക് ഉൾക്കൊള്ളിക്കുകയെന്നത് ഇന്ദുഗോപിന്റെ ആശയമായിരുന്നു. ഞങ്ങളും ഒപ്പം നിന്നു’’. – ഓൾഡ് മോങ്കിന്റെ ശ്രീജിത്ത് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘ഇന്ദുഗോപന്റെ ഒപ്പം ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥയൊരുക്കുന്ന രാജേഷ് ഓൾഡ് മോങ്കിലെ അംഗമാണ്. ഈ കഥയുടെ ബീജ ഘട്ടം മുതൽ ഞങ്ങൾക്കൊക്കെ അറിയാം. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ എങ്ങനെ വേറിട്ടതാക്കാം എന്നു ചിന്തിച്ചിരുന്നു. അതാണ് ഇങ്ങനെയൊരു ശ്രമത്തിന് പിന്നിൽ. സംവിധായകനും നായകനും തിരക്കഥാകൃത്തിനുമൊക്കെ പൂർണതൃപ്തി കിട്ടുന്ന തരത്തിലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. തുടർന്നും സിനിമയുടെ പോസ്റ്ററുകളിൽ ഈ ടൈറ്റിൽ ഡിസൈൻ തന്നെയാകും ഉപയോഗിക്കുക’’. – ശ്രീജിത്ത് പറഞ്ഞു.

vilayathu-budha-4
ജി.ആർ.ഇന്ദുഗോപൻ, ജയൻ നമ്പ്യാർ, പൃഥ്വിരാജ്, രാജേഷ്, ശ്രീജിത്ത്

കോവിഡ് – ലോക്ക് ഡൗൺ പ്രതിസന്ധികൾക്കു ശേഷം ‘വിലായത്ത് ബുദ്ധ’ ചിത്രീകരണമാരംഭിക്കും. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് നിർമാണം. പൃഥ്വിരാജിനൊപ്പം മലയാളത്തിലെ വൻ താരനിര ചിത്രത്തിലുണ്ടാകും.