Thursday 10 November 2022 11:29 AM IST

ഗ്യാസ് ലീക്കായാൽ മെസേജ്, കള്ളൻമാർ അതിക്രമിച്ചു കടന്നാൽ അലാം: വീടിന് നൽകാം ഹൈടെക്ക് സെക്യൂരിറ്റി

Roopa Thayabji

Sub Editor

home-security

സോണിയയെ ഓർമയില്ലേ? കോട്ടയം പാലായിലെ വീട്ടിലിരുന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ക ള്ളനെ പിടിച്ച മിടുക്കിയെ. കുടുംബവീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന അച്ഛനമ്മമാരുടെ സുരക്ഷയ്ക്കു വേണ്ടി വച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ ആണ് നൈറ്റിയിട്ട് വീടിന്റെ പിൻഭാഗത്തു കൂടി നടക്കുന്ന കള്ളനെ കണ്ടത്. വിവരമറിഞ്ഞെത്തി വീടു വളഞ്ഞ പൊലീസ് കള്ളനെ കയ്യോടെ പിടികൂടുകയും ചെയ്തു.

വിദേശത്തു ജോ ലി ചെയ്യുന്ന മക്കൾ വീട്ടിൽ തനിച്ചാകുന്ന അച്ഛനമ്മമാരെ ഇത്തരം വാർത്തകൾ കാണുമ്പോൾ ഒാർത്തിട്ടുണ്ടാകും. അച്ഛനുമമ്മയും ജോലിക്ക് പോകുമ്പോൾ വീട്ടിൽ ഒറ്റക്കായിപ്പോകുന്ന മക്കളെയും പലരും ഓർത്തുപോകും. സ്മാർട്ട്ഫോണിലൂടെ വീടിനെ വിരൽത്തുമ്പിൽ സുരക്ഷിതമാക്കുന്ന ഹോം ഓട്ടമേഷൻ നമ്മുടെ നാട്ടിലും സാധാരണമാകുകയാണ്. അപരിചിതരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അപായസൂചന നൽകാൻ മാത്രമല്ല, തീപിടിത്തം, പുക, മറ്റു സുരക്ഷാ ഭീഷണികൾ എന്നിവ തിരിച്ചറിയുന്നതിനും തടയുന്നതിനും വരെ സഹായിക്കുന്ന ഹോം ഓട്ടോമേഷൻ ഉപകരണങ്ങളെ പരിചയപ്പെടാം.

അകന്നിരുന്നു കാണാം

വീടിനകത്തോ പുറത്തോ അതിക്രമിച്ചു കടക്കുന്നവരുടെയോ അപരിചിതരുടെയോ ദൃശ്യങ്ങൾ സിസിടിവി ക്യാമറകൾ ഉപയോഗിച്ച് പകർത്തി, ബന്ധപ്പെട്ട കംപ്യൂട്ടർ സിസ്റ്റത്തിലേക്ക് ദൃശ്യങ്ങൾ സ്റ്റോർ ചെയ്യുന്നതു മുതൽ വീട്ടുടമയുടെ മൊബൈൽ ഫോണിലേക്ക് വൈഫൈ വഴി തത്സമയം ദൃശ്യങ്ങൾ അയച്ചെത്തുന്ന വിധത്തിൽ വരെ ഈ സംവിധാനം വിപുലമാണ്. രാത്രിയിലും വ്യക്തമായ ദൃശ്യങ്ങൾ പകർത്താവുന്ന വിധത്തിൽ ഇൻഫ്രാറെഡ് സപ്പോർട്ട് ക്യാമറയുള്ളവയും എച്ച്ഡി, 4കെ നിലവാരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നവയുമൊക്കെ ഇതിൽ പെടും.

മുന്നിലെത്തുന്ന വസ്തുക്കളുടെ ചലനങ്ങൾ തിരിച്ചറിഞ്ഞ് ഓട്ടമാറ്റിക് ആയി ഓൺ ആകുന്ന തരം ക്യാമറയുണ്ട്. വസ്തുവിനെ തിരിച്ചറിയുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള ക്യാമറകളുമുണ്ട്. അടിയന്തിരഘട്ടങ്ങളിൽ സ്മോക് ഡിറ്റക്റ്റർ, സുരക്ഷാ ഫ്ലഡ് ലൈറ്റ് എന്നിങ്ങനെ കൺവർട്ട് ചെയ്യാവുന്ന സിസിടിവി സംവിധാനവുമുണ്ട്.

ഗേറ്റിനു പുറവും റോഡും ദൃശ്യമാകുന്ന തരത്തിലും, പ്രധാന വാതിലിലോ ബാൽക്കണിയിലോ നിന്ന് മുറ്റം കാണാവുന്ന തരത്തിലും ക്യാമറകൾ ഘടിപ്പിക്കാം. നാലു ക്യാമറകൾ മുതൽ 32ഉം അതിലധികവും ക്യാമറകൾ വരെ ഘടിപ്പിക്കാവുന്ന സംവിധാനം ഉണ്ട്. 360 ഡിഗ്രി ആംഗിളിൽ ദൃശ്യങ്ങൾ പകർത്താവുന്ന, വൈഫൈ ബന്ധിപ്പിക്കാവുന്ന ക്യാമറകളാണ് ഇവ. പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം ഉടമയുടെ ഫോണിലോ ടാബിലോ ലഭ്യമാകുമെന്നു മാത്രമല്ല നിശ്ചിത കാലത്തേക്ക് സൂക്ഷിച്ചു വയ്ക്കാനുമാകും.

security-2

വിഡിയോ ഡോർ ഇന്റർകോം

ഉള്ളിൽ ഒറ്റയ്ക്കിരിക്കുമ്പോൾ വീടിന്റെ കോളിങ് ബെൽ കേട്ടാൽ പലർക്കും പേടിയാണ്. അപരിചിതരാണ് പുറത്തെങ്കിൽ പറയുകയും വേണ്ട. വരുന്നയാളിന്റെ ഉദ്ദേശം അറിയില്ലല്ലോ. അതിനു പരിഹാരമാണ് വിഡിയോ ഡോർ ഇന്റർകോം. കോളിങ്ബെൽ പോലെ വാതിലിനു പുറത്ത് ഘടിപ്പിക്കാവുന്ന സംവിധാനമാണിത്.

കോളിങ് ബെൽ അമർത്തുമ്പോൾ പുറത്തു നിൽക്കുന്നയാളിന്റെ ദൃശ്യം അകത്തെ സ്ക്രീൻ വഴി വീട്ടുടമയ്ക്ക് കാണാനാകും. ഡോർ തുറക്കാതെ തന്നെ മൈക്രോഫോൺ വഴി സംസാരിക്കുകയുമാകാം. വന്നയാളിന്റെ ഉദ്ദേശം മനസ്സിലാക്കിയ ശേഷം വാതിൽ തുറക്കണോ വേണ്ടയോ എന്നു തീരുമാനിച്ചാൽ മതി. വീട്ടുടമ സ്ഥലത്തില്ലാത്ത സമയത്ത് പുറത്തുള്ളയാളിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലേക്ക് അയച്ചുകിട്ടുന്ന തരത്തിലും ഇതു സെറ്റ് ചെയ്യാം.

Woman rings the house intercom with a camera installed on the white brick wall

ആപ്ലിക്കേഷൻ ടൈമർ

വീടുപൂട്ടി പുറത്തുപോകുമ്പോൾ പലരുടെയും ടെൻഷൻ ഇതറിഞ്ഞ് വല്ല കള്ളന്മാരും കയറിയാലോ എന്നാണ്. പുറത്തു പോകുന്ന സമയത്തും വീട്ടിൽ ആളുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിൽ ലൈറ്റും മറ്റുപകരണങ്ങളും ഓട്ടോമാറ്റിക് ആയി ഓൺ ചെയ്യുന്ന ടൈമർ ആണിത്. രാത്രിയാകുമ്പോൾ പുറത്തെ ലൈറ്റുകൾ തെളിയിക്കുക, റേഡിയോ പ്രവർത്തിപ്പിക്കുക തുടങ്ങി പല കാര്യങ്ങളും ഇതിൽ സെറ്റ് ചെയ്തുവയ്ക്കാം. കൃത്യസമയത്ത് ലൈറ്റ് തെളിയുകയും രാത്രിയോടെ കെടുകയും ചെയ്യുമ്പോൾ വീട്ടിൽ ആളുണ്ടെന്ന തോന്നൽ ഉണ്ടാകും.

സെൻസർ സിസ്റ്റം

വീടിന് അകത്തും പുറത്തും വയ്ക്കാവുന്ന സെൻസറുകളുണ്ട്. വീടിനു പുറത്തെ വെർച്വൽ മതിൽ പോലെയാണ് ഈ സെൻസറുകൾ പ്രവർത്തിക്കുന്നത്. സെൻസറിന്റെ പരിധിയിലേക്ക് ആരെങ്കിലും കടന്നാൽ അലാം അടിക്കും. സെൻസറിനൊപ്പമുള്ള ക്യാമറ ഓട്ടോമാറ്റിക്ക് ആയി പ്രവർത്തിച്ച് അതിക്രമിച്ചു കടന്നയാളിന്റെ ചിത്രങ്ങളുമെടുക്കും.

വാതിലിനു പുറത്തോ തൊട്ടടുത്തോ ആരെങ്കിലും വ ന്നാലോ തുറക്കാൻ ശ്രമിച്ചാലോ സിഗ്നൽ തരുന്ന ഡോർ സെൻസർ, രാത്രിയും പകലും ആളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും ഓഫ് ചെയ്യുകയും ചെയ്യുന്ന സീലിങ് മോഷൻ സെൻസർ തുടങ്ങിയവയാണ് ഈ വിഭാഗത്തിൽ പെടുക. ഭൂചലനമോ കെട്ടിടത്തിനുണ്ടാകുന്ന മറ്റു വൈബ്രേഷനോ തിരിച്ചറിയുന്നതടക്കമുള്ള വൈബ്രേഷൻ സെൻസറുകളും ഉണ്ട്.

security-4

അതിക്രമിച്ചു കടന്നാൽ അലാം

വീട്ടുടമ അറിയാതെ വീടിന്റെ പരിസരത്ത് മോഷ്ടാക്കളോ മറ്റാരെങ്കിലുമോ അതിക്രമിച്ചു കടന്നാൽ സുരക്ഷാ അലാം മുഴക്കുന്ന സംവിധാനം ഇന്നുണ്ട്. പ്രത്യേക സെൻസർ ഘടിപ്പിച്ച, ആർടിഫിഷ്യൽ ഇന്റലിജൻസ് പ്രകാരം പ്രവർത്തിക്കുന്ന ഇവ മോഷ്ടാക്കളുടെ ചലനങ്ങൾ കൃത്യമായി കണ്ടുപിടിച്ച് മുഴങ്ങുമെന്നതിനാൽ കടന്നുകയറ്റക്കാരെ കയ്യോടെ പിടികൂടാം. നായ്ക്കളോ മറ്റു ജീവികളോ കടന്നാൽ അലാം മുഴങ്ങി വീട്ടുകാരെ കുഴപ്പിക്കില്ല എന്നു സാരം. ഉടമ വീട്ടിലില്ലാത്ത അവസരത്തിൽ ഉടമയുടെ മൊബൈൽ ഫോണിലേക്ക് സുരക്ഷാ സന്ദേശം എത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഹൈഎൻഡ് അലാമുണ്ട്. ഇങ്ങനെ അലാം ലഭിച്ചാൽ ഫോണിലൂടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വീട്ടിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാം.

വീടിനുള്ളിലെ നാനി ക്യാം

കുഞ്ഞിനെ ജോലിക്കാരിയെ ഏൽപ്പിച്ച് ജോലിക്കു പോകുന്നവർക്ക് പ്രയോജനപ്രദമായ സംവിധാനം എന്ന് അംഗീകരിക്കപ്പെട്ടതിനാലാണ് ഇതിന് ഈ പേരുകിട്ടിയത്. വീടിനുള്ളിൽ സെറ്റ് ചെയ്യാവുന്ന ഇതിലൂടെ വീട്ടുടമയുടെ മൊബൈൽ ഫോണിലേക്ക് തത്സമയം ദൃശ്യങ്ങളെത്തും. ജോലിക്കാരുടെ കള്ളത്തരം കണ്ടുപിടിക്കാനല്ല, മറിച്ച് ജോലിക്കാരുടെയോ ബേബി സിറ്ററുടെയോ നീക്കങ്ങൾ നിരീക്ഷിച്ച് മൈക്രോഫോണിലൂടെ നിർദേശങ്ങൾ നൽകാനും കുഞ്ഞിനെ കൊഞ്ചിക്കാനുമൊക്കെയാണ് ഈ സംവിധാനം സഹായിക്കുന്നത്.

മക്കൾ വീട്ടിൽ ഓൺലൈൻ ക്ലാസിലായിരിക്കുന്ന സമയത്ത് അവരെ നിരീക്ഷിക്കാനും അവർക്ക് ഭക്ഷണം എടുത്തു കഴിക്കാനും മറ്റുമുള്ള മേൽനോട്ടം നടത്താനും ഈ സംവിധാനം പ്രയോനപ്പെടുത്താം.

ഗ്യാസ് ലീക് ഡിറ്റക്ടർ

തീപിടിച്ച് വീടിനുള്ളിൽ നിറഞ്ഞ പുക ശ്വസിച്ച് കുടുംബത്തിലെ മിക്കവരും മരിച്ച വാർത്ത അടുത്തിടെ വായിച്ചു കാണുമല്ലോ, രാത്രി കിടക്കാൻ നേരം ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്തോ എന്നു വീണ്ടും വീണ്ടും ചെക് ചെയ്താലേ പലർക്കും സമാധാനമുള്ളൂ. ഗ്യാസ് ഓൺ ചെയ്തിട്ട് ഫോണിലും മറ്റും സംസാരിച്ചു നിന്ന് വാതകചോർച്ച ഉണ്ടാകുന്ന സംഭവങ്ങളുമുണ്ട്. എസിയോ കൂളറോ വേണ്ടതുപോലെ പ്രവർത്തിക്കാത്ത സാഹചര്യത്തിലും ഇത്തരം അപകടങ്ങൾ ഉണ്ടാകാം. ഇവയെല്ലാം തിരിച്ചറിഞ്ഞ് വീട്ടുകാരെ ഉണർത്തുന്ന സെൻസർ അലാമുണ്ട്.

പുക, തീ എന്നിവ തിരിച്ചറിയുന്ന സ്മോക് സെൻസർ, അടുക്കളയിൽ എൽപിജി ചോർച്ച തിരിച്ചറിയുന്ന എൽപിജി ഗ്യാസ് സെൻസർ എന്നിവയൊക്കെ ഇതിൽ പെടും. വീട്ടുടമ വീട്ടിലില്ലാത്ത അവസരത്തിൽ വൈഫൈ സംവിധാനം വഴി മൊബൈൽ ഫോണിൽ സന്ദേശമെത്തുന്ന തരത്തിലും, ഫോണിലൂടെ ഫയർ എക്സ്റ്റിങ്ഗ്യുഷർ, സ്മോക് കൺട്രോളർ തുടങ്ങിയവ ഓട്ടോമാറ്റിക്കായി പ്രവർത്തിപ്പിക്കാവുന്ന തരത്തിലും ഇത് സെറ്റ് ചെയ്യാം. ഗ്യാസ് ലീക്ക് തിരിച്ചറിയാവുന്നതും സ്മോക് തിരിച്ചറിയുന്നതും മാത്രമല്ല അടുക്കളയിലെ ചൂടു നിയന്ത്രിക്കാൻ വരെ സെൻസറുകളുണ്ട്.

രൂപാ ദയാബ്ജി

വിവരങ്ങൾക്കു കടപ്പാട്

ശ്രീജിത് ഭാസ്കരൻ നായർ

ടെക്നിക്കൽ കൺസൾട്ടന്റ്, Gadgeon Lifestyle, കൊച്ചി