Tuesday 01 April 2025 03:38 PM IST : By സ്വന്തം ലേഖകൻ

‘ക്രെഡിറ്റ് കാർഡുകളുടെ എണ്ണം ഉപകാരത്തേക്കാൾ ഉപദ്രവമായി മാറാതെ സൂക്ഷിക്കുക’; ഉപയോഗം ജാഗ്രതയോടെ!

credit-cards

സേവിങ്സ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക് സംവിധാനമായ എടിഎം കാർഡ് എന്ന ഡെബിറ്റ് കാർഡുകൾ ഏവർക്കും പരിചിതമാണ്. ഏതാണ്ടു സമാനമായ രൂപഘടനയുള്ള മറ്റൊരു തരം കാർഡാണ്, ക്രെഡിറ്റ് കാർഡ്. കയ്യിൽ പണം ഇല്ലെങ്കിലും ബാങ്ക് അനുവദിച്ച നിശ്ചിത പണ പരിധിക്കുള്ളിൽ നിന്ന് ഇതുപയോഗിച്ചു സാധനങ്ങൾ വാങ്ങാം, യൂട്ടിലിറ്റി പേമെന്റുകൾ നടത്താം. 

മുപ്പതു ദിവസത്തെ ഉപയോഗ ശേഷം ക്രെഡിറ്റ് കാർഡ് ബിൽ ഉപയോക്താവിനു ലഭിക്കും. പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ പണം അടയ്ക്കാൻ ശ്രദ്ധിക്കുക. ഇതിൽ വരുത്തുന്ന കാലതാമസം വായ്പ സ്കോറുകളെയും പിന്നീടുള്ള വായ്പയെയും പ്രതികൂലമായി ബാധിക്കും. കാർഡിന്റെ അർഹത തുകയുടെ ഒരു ഭാഗം പണമായി പിൻവലിക്കാമെങ്കിലും ഇതു ചെലവു കൂട്ടും.

അതത് വ്യക്തികളുടെ വ്യക്തിഗത ആവശ്യത്തിനാണ് ക്രെഡിറ്റ് കാർഡ് അനുവദിക്കുക. റിവാർഡ് പോയിന്റ് കിട്ടാനും  മറ്റും  സുഹൃത്തുക്കളുടെ ഷോപ്പിങ്ങിനായി ഈ കാ ർഡ് ഉപയോഗിക്കുന്നതു വിനയായി മാറാം. വ്യവസ്ഥാപരിധി വിട്ട ഉപയോഗം പിടിക്കപ്പെട്ടാൽ കാർഡ് തന്നെ റദ്ദാക്കാം. 

ബിസിനസ് ചെയ്യുന്ന വ്യക്തികൾ അവരുടെ വാണിജ്യ - വ്യവസായ യൂണിറ്റുകളുടെ ചെലവിനായി വ്യക്തിഗത കാർഡ് ഉപയോഗിക്കരുത്. അതിനായി ബിസിനസ് ക്രെഡിറ്റ് കാർഡ് എടുക്കാം. ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്, അനവധി കാർഡുകൾ ഉപകാരത്തേക്കാൾ ഉപദ്രവമായി മാറാതെ സൂക്ഷിക്കുക.

കടപ്പാട്: വി.കെ. ആദർശ്, അസിസ്റ്റന്റ് ജനറൽ മാനേജർ, യൂണിയൻ, ബാങ്ക് ഓഫ് ഇന്ത്യ