സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മിക്കവർക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരെങ്കിലും ഹാക്ക് ചെയ്തോ എന്ന പേടി ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടാകും. ആ പേടി പരിഹരിക്കാനുള്ള മാർഗമാണ് ഇക്കുറി?
ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തോ?
നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റാരെങ്കിലും നിരീക്ഷിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നുണ്ടോ എന്നു സംശയമുണ്ടോ? ഇതു കണ്ടുപിടിക്കാനും അക്കൗണ്ട് വീണ്ടെടുക്കാനും പഠിക്കാം.
ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിന്റെ വലതു വശത്തെ മൂന്നു വരകളിൽ അമര്‍ത്തി അക്കൗണ്ട്സ് സെന്റര്‍ (Accounts Centre) എന്നതു സെലക്ട് ചെയ്യുക. അപ്പോൾ വരുന്ന സ്ക്രീനില്‍ താഴെയായി പാസ്‌വേഡ് ആൻഡ് സെക്യൂരിറ്റി (Password and Security) എന്ന ഓപ്ഷൻ കാണാം. അതിലെ വെയര്‍ യൂ ആര്‍ ലോഗ്ഡ് ഇന്‍ (Where you’re logged in) എന്നതു സെലക്ട് ചെയ്ത ശേഷം നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൂടി സെലക്ട് ചെയ്തു നൽകുക.
അപ്പോൾ ഓപ്പണാകുന്ന വിൻഡോയിൽ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഏതെല്ലാം ദിവസം ഏതൊക്കെ സ്ഥലത്തു നിന്ന് ഏതൊക്കെ ഡിവൈസുകളിലൂടെ ആക്സസ് ചെയ്തിട്ടുണ്ട് എന്നു കാണാം.
ലൊക്കേഷന്റെ പേരു കാണിക്കുന്നതു ചിലപ്പോൾ നിങ്ങളുടെ സ്വന്തം ലൊക്കേഷന്റേതാകില്ല, പകരം ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുടെ ആകാം.
പക്ഷേ, നിങ്ങള്‍ ഉപയോഗിക്കാത്ത ഒരു ഡിവൈസ് ലിസ്റ്റിൽ വന്നിട്ടുണ്ടെങ്കിൽ തീര്‍ച്ചയായും നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പിക്കാം. അഥവാ അങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് സെലക്ട് ചെയ്ത് ലോഗ് ഔട്ട് ആക്കുകയും പാസ്‌വേഡ് മാറ്റി സെറ്റ് ചെയ്യുകയും വേണം.
വിവരങ്ങൾക്ക് കടപ്പാട്:
രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയവിദഗ്ധൻ