Saturday 29 July 2023 01:56 PM IST

ടീച്ചറുടെ മുഖം വച്ച് അശ്ലീല ചിത്രം, ഒപ്പം ‘ചുണയുണ്ടെങ്കില്‍ കണ്ടുപിടിക്കെന്ന’ വെല്ലുവിളിയും: മൊബൈലും സൈബർ ചതിക്കുഴികളും

Tency Jacob

Sub Editor

digfitttt337

പ്രിയപ്പെട്ട മാതാപിതാക്കളേ, ഒരു വിരൽത്തുമ്പിനപ്പുറത്ത് മക്കൾ ഉണ്ടായിരിക്കണം എന്നു കരുതി വാങ്ങിക്കൊടുക്കുന്ന സ്മാർട് ഫോണ്‍ ചിലപ്പോൾ അവരുടെ മനസ്സിൽ മായാത്ത മുറിപ്പാടുകളുണ്ടാക്കിയേക്കാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ, അവരുടെ ജീവൻ തന്നെ എടുക്കാൻ കാരണമായേക്കാമെന്നും? ഓൺലൈൻ ലോകത്തെ ചതിക്കുഴികള്‍ അതുപോലെ പെരുകുകയാണ്. പുറംലോകത്ത് എത്ര ചിലന്തിവലകൾ അവർക്കായി നെയ്യപ്പെടുന്നുവോ അതിനേക്കാൾ അപകടകരമായൊരു ലോകം ഇന്റർനെറ്റിലും ഉണ്ടാകുന്നുണ്ട്. അവിടെ ആവശ്യമുള്ള മുൻകരുതലുകളേക്കുറി ച്ച് മാതാപിതാക്കള്‍ സംസാരിക്കാതിരിക്കുന്നത് പലപ്പോഴും അവയെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം മാത്രമാണ്. മക്കള്‍ ചെന്നു ചാടിയിരിക്കുന്നത് ചതിക്കുഴിയിലാണെന്നു തിരിച്ചറിയുന്നത് ഏറ്റവുമൊടുവില്‍ മാത്രമാവും.

തിരുവനന്തപുരത്ത് ഒരു മോഷണ കേസ് രജിസ്റ്റർ ചെയ്തു. അപരിചിതനായ ഒരാൾ വീട്ടിലേക്ക് കടന്നുവന്ന് അവിടെയുള്ള പെൺകുട്ടിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചു കൊണ്ടോടിപ്പോയി. ആ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ നിന്നു മനസ്സിലായത് അയാൾ ആ പെൺകുട്ടിയെ കാണാൻ വന്നതായിരുന്നു എന്നാണ്. അയൽപക്കത്തുള്ള ചിലർ ശ്രദ്ധിച്ചെന്ന് മനസ്സിലായപ്പോൾ മോഷ്ടാവാണെന്നു തോന്നിപ്പിക്കാൻ മാല പൊട്ടിച്ച് ഒാടിയതാണ്. അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു.

പെൺകുട്ടി സ്കൂളിലെ സീനിയർ ചേച്ചിയുടെ നിർദ്ദേശപ്രകാരം ഫെയ്സ്ബുക്കിലുള്ള ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. പരിചയപ്പെട്ട് അധിക നാളാകുന്നതിനു മുമ്പേ അയാൾ പെൺകുട്ടിയെ തേടി ട്യൂഷൻ ക്ലാസ്സിലെത്തുകയും ലക്ഷ്വറി കാറിൽ കയറ്റി കൊണ്ടു പോകുകയും ചെയ്തു. ഇതു പല തവണ ആവർത്തിച്ചു. അപ്പോഴെല്ലാം അവർ അടുത്തിടപഴകുന്ന നിമിഷങ്ങൾ അയാൾ അവളറിയാതെ മൊബൈലിൽ പകർത്തിയിരുന്നു. പിന്നീട് ഇയാളുടെ കൂട്ടുകാരോടൊപ്പവും പോകാൻ നിർബന്ധിച്ചപ്പോൾ കുട്ടി എതിർത്തു. അയാൾ വിഡിയോസും ഫോട്ടോയും വച്ച് അവളെ ബ്ലാക്ക്മെയിൽ ചെയ്തു തുടങ്ങി. പെൺകുട്ടി സീനിയർ ചേച്ചിയോട് പരാതി പറഞ്ഞപ്പോഴാണ് അറിയുന്നത്, ആ കുട്ടിയും ഇതേ കെണിയിൽ കുരുങ്ങിക്കിടക്കുകയാണെന്ന്.

മറ്റൊരു സംഭവം കോഴിക്കോട് നിന്നാണ്. പ്രശസ്തമായ സ്കൂളിലെ രണ്ടു ടീച്ചർമാർ സൈബർസെല്ലിൽ പരാതിയുമായി വന്നു. ആരോ അവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ വ്യാജമായി ഉണ്ടാക്കി അതിൽ നിന്നു ക്ലാസിലെ കുട്ടികള്‍ക്കു ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നു. ടീച്ചര്‍മാരുടെ മുഖം വച്ച് പതിനാറോളം അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. അന്വേഷണത്തിന്റെ ആദ്യ ദിവസം തന്നെ വിദഗ്ധരുടെ സഹായത്തോടെ പ്രൊഫൈൽ നീക്കം ചെയ്തു. പക്ഷേ, അടുത്ത ദിവസം തന്നെ അതേ പ്രൊഫൈലുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒപ്പം,‘ചുണയുണ്ടെങ്കിൽ ഞാനാരാണെന്നു കണ്ടു പിടിക്കെന്ന’ വെല്ലുവിളി സന്ദേശവും. ടീച്ചർമാർ മാനസികമായി തളർന്നു.  

വിശദമായി അന്വേഷണത്തിൽ മനസ്സിലായി, അതേ സ്കൂളിൽത്തന്നെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യനായിരുന്നു ഇതിനു പിന്നില്‍. രാത്രി വിട്ടിലെല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ ആണ് കംപ്യൂട്ടറില്‍ ഇതെല്ലാം തയാറാക്കിയിരുന്നത്. അശ്ലീല സൈറ്റുകൾ സ്ഥിരം സന്ദർശിക്കുന്ന സ്വഭാവക്കാരനും. മാതാപിതാക്കൾ ഇതറിഞ്ഞ് ഞെട്ടി. വളരെ അനുസരണശീലമുള്ള പഠനത്തിൽ ശരാശരി നിലവാരം പുലർത്തുന്ന ഒരു കുട്ടിയായിരുന്നു. കംപ്യൂട്ടറിൽ താൽപര്യമുള്ളതുകൊണ്ട് ഭാവിയിൽ ആ രംഗത്തെ വിദഗ്ധനായേക്കുമെന്ന് സ്വപ്നം കണ്ട മകൻ! ഇന്റർനെറ്റ്, ഓൺലൈൻ, സോഷ്യൽ മീഡിയ ഇവയെക്കുറിച്ചെല്ലാമുള്ള മാതാപിതാക്കളുടേയും കുട്ടികളുടേയും അ‍റിവില്ലായ്മയാണ് സൈബർ ക്രൈമുകൾ വർധിക്കാനുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

അഞ്ചു മിനിറ്റ് ഫോൺ കൈയിലില്ലെങ്കില്‍ വല്ലാതെ അസ്വസ്ഥമാകുന്ന തരത്തിൽ നമ്മളെത്തിയിരിക്കുകയാണ്. അറിവിന്റെ കാര്യത്തിലെന്നപോലെത്തന്നെ ചൂഷണത്തിന്റേയും അതിക്രമങ്ങളുടേയും കാര്യത്തിലും ഈ ഡിജിറ്റൽ ലോകം വളരുകയാണ്. ചതിക്കുഴികളില്‍ കൂടുതലും വീഴുന്നതു കൗമാരക്കാരാണ്. ഈ രംഗത്തു മാതാപിതാക്കള്‍ അറിവു േനടുകയും ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് മക്കള്‍ക്കു മുന്നറിയിപ്പു െകാടുക്കുകയുമാണ് പരിഹാരമാര്‍ഗം. ഡിജിറ്റര്‍ പേരന്‍റിങ്ങില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാലമാണിത്. ഒരിക്കലും ലാഘവത്തോടെ ഇതു കൈകാര്യം ചെയ്തുകൂടാ.

digfitttt334

തരുന്നത് അറിവു മാത്രം അല്ല, രോഗങ്ങളും

പുതിയ സാങ്കേതിക വിദ്യകള്‍ അറിവിന്റെ ജാലകം നമുക്കു മുന്നിൽ തുറന്നിട്ടതിനൊപ്പം രോഗങ്ങളും നൽകിയിട്ടുണ്ട്. സ്ക്രീനിൽ കൂടുതൽ സമയം നോക്കിയിരിക്കുന്നത് കാഴ്ച, ഏകാഗ്രത, തലച്ചോറിന്റെ പ്രവർത്തനങ്ങൾ എന്നിവയെ സാ രമായി ബാധിക്കും. അതുവഴി പഠനത്തിലും ജോലിയിലും അലസരാകുകയും ചെയ്യും. നിരന്തരമായ ഇന്റർനെറ്റ് ഉപയോഗം മാനസിക സമ്മർദം, തലവേദന, ഉറക്കകുറവ്, പുറംവേദന എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് ഗവേഷണങ്ങൾ തെ ളിയിക്കുന്നു.

കായിക പ്രവർത്തനങ്ങളിലേർപ്പെടാത്തതുകൊണ്ട് അമിതവണ്ണവും ഇന്നു കുട്ടികളിൽ കൂടി വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ മുഴുകി കൃത്യസമയത്ത് ആഹാരം കഴിക്കാൻ മറന്നു പോകാറുണ്ട് പലരും. ഇന്റർനെറ്റ് അഡിക്ഷനുള്ള പല രുടേയും പ്രധാന പ്രശ്നമാണ് ഈറ്റിങ് ഡിസോർഡർ.

വെർച്വൽ ലോകത്തു ധാരാളം കൂട്ടുകാരുണ്ടെങ്കിലും യ ഥാർഥ ലോകത്തുള്ള കൂട്ടുകാരുടെ അഭാവം ഒറ്റപ്പെടലിലേക്കും വിഷാദരോഗത്തിലേക്കും അവരെ നയിക്കും. സ്വഭാവ വൈകല്യവുമായി എത്തുന്ന കുട്ടികളിൽ കൂടിയ ശതമാനം മൊബൈൽ, ടാബ്, കംപ്യൂട്ടർ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുന്നവരാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

മൊബൈലിൽ വളരെ വേഗത്തിൽ മെസേജ് ടൈപ് ചെയ്യുന്ന പലരും ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ച് അഞ്ചു മിനിറ്റ് സംസാരിക്കാൻ പറ‍ഞ്ഞാൽ തപ്പിത്തടയും. ചെറിയ ടെക്സ്റ്റ് മെസേജുകളിലൂടെയും കോഡുഭാഷകളിലൂടെയും ആശയവിനിമയം നടത്തുമ്പോൾ ഭാഷയുടെ വിപുലമായ ഉ പയോഗം ഉണ്ടാകുന്നില്ല. അക്ഷരത്തെറ്റുകളും വ്യാകരണവും ശ്രദ്ധിക്കുന്നില്ല. ഇതെല്ലാം അവരുടെ എഴുതാനുള്ള കഴിവിനെ പതിയെ ഇല്ലാതാക്കുകയാണ്. വെർച്വൽ ലോകവും യഥാർഥ ലോകവും തമ്മിൽ പലരും തിരിച്ചറിയുന്നില്ല. പുറത്തു വച്ച് അപമാനിക്കപപ്പെട്ട ഒരാൾ അതിനു പകപോക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാകാം. മറിച്ചും സംഭവിക്കാം.

നെറ്റിനുള്ളിലെ കുരുക്ക്

സൈബർക്രൈമുകളെ കുറിച്ചുള്ള വാർത്തകള്‍ വരുമ്പോള്‍ ഇതൊന്നും എന്റെ വീട്ടില്‍ സംഭവിക്കില്ല എന്ന മൂഢവിശ്വാസത്തിലാണു മിക്കവരും. പരീക്ഷയിൽ 99 ശതമാനം മാർക്ക് കിട്ടിയാലും ബാക്കി ഒരു ശതമാനത്തിനു വേണ്ടി മക്കളോടു അസഹിഷ്ണുത കാണിക്കാറുണ്ട്. എന്നാല്‍, മക്കളുടെ ഫെയ്സ്ബുക്ക്അക്കൗണ്ട്, ഫെയ്സ്ബുക്ക് സുഹൃത്തുക്കള്‍, അവരുൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പുകള്‍, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന സെൽഫികള്‍ ഇവയെക്കുറിച്ചൊന്നും മാതാപിതാക്കള്‍ വേവലാതിപ്പെടാറുമില്ല. ലാഘവത്തോടെ വായിച്ചു തള്ളുന്ന വാർത്തകൾ നാളെ നമ്മുടെ വീടിന്നുള്ളിലേക്ക്  കയറിവന്ന് ആഹ്ലാദാരവങ്ങളെ നിശബ്ദമാക്കാമെന്ന് ആരും ചിന്തിക്കുന്നില്ല.

വെർച്വൽ സെക്സ്

ഞാൻ അയാളെ പരിചയപ്പെടുന്നത് ഫെയ്സ്ബുക്കിലൂടെയാണ്. പത്തു വയസ്സിലധികം വ്യത്യാസമുണ്ടെങ്കിലും ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ്. എന്നും ചാറ്റ് ചെയ്യാറുണ്ട്. നിർബന്ധിക്കുമ്പോൾ എന്റെ നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തിട്ടുമുണ്ട്. അയാളുടേതും അയച്ചുതരും. രാത്രികളിലിരുന്ന് ഞാൻ പഠിക്കുകയാണെന്നാണ് അച്ഛനുമമ്മയും ചിന്തിക്കുന്നതെന്നോർക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നാറുണ്ട്. പക്ഷേ, ചാറ്റ് ചെയ്യുന്ന രസത്തിൽ അതൊക്കെ മറക്കും.

അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും സന്ദേശങ്ങളും വിവരങ്ങളും ഫോണിലൂടെയോ കംപ്യൂട്ടറോ വെബ്കാമുപയോഗിച്ചോ കൈമാറുന്നതാണ് സെക്സ്റ്റിങ്. ഇങ്ങനെ അയക്കുന്നവ ഒരിക്കലും സ്വകാര്യമായിരിക്കില്ല. ഒരിക്കൽ അയച്ചവ തിരിച്ചെടുക്കാൻ സാധിക്കുകയുമില്ല. പിന്നീട് ഇവ ഉപയോഗിച്ചായിരിക്കും കുട്ടിയെ അവർ ഭീഷണിപ്പെടുത്തി തങ്ങളുടെ വലയിലേക്ക് കൂട്ടിക്കൊണ്ടു പോകുക.

പലപ്പോഴും പ്രശ്നം സങ്കീർണമായി പൊലീസ് ഇടപെട്ട് കുറ്റവാളിയെ പിടികൂടുമ്പോഴേക്കും അയാളുടെ ഫോണിൽനിന്ന് പലയിടങ്ങളിലേക്കും അതു പകർന്നു കഴിഞ്ഞിട്ടുണ്ടായിരിക്കും. മുൻകരുതലുകൾ തന്നെയാണ് പ്രധാന പ്രതിവിധി. നഗ്നചിത്രങ്ങളോ മോശപ്പെട്ട സന്ദേശങ്ങളോ അയയ്ക്കാൻ ആരു നിർബന്ധിച്ചാലും ‘ഇല്ല’ എന്നു തീർത്തു പറയാൻ അവരെ പഠിപ്പിച്ചിരിക്കണം.

ഓൺലൈൻ ഗ്രൂമിങ്ങും ഓൺലൈനിലെ ലൈംഗിക ചൂഷ  ണവുമെല്ലാം പ്രധാനപ്പെട്ട സൈബർ ക്രൈമുകളാണ്. ലൈം ഗിക വിഡിയോകൾ കുട്ടികൾക്ക് കൈമാറുന്നതും കുട്ടികൾ വഴി കൈമാറുന്നതും അവരെ ഉൾപ്പെടുത്തുന്നതും കുട്ടികളെ കാണിക്കുന്നതുമെല്ലാം കുറ്റകരമാണ്. പലപ്പോഴും സെക്സ്റ്റിങ്ങും സ്വയം പ്രദർശനവുമാണ് ആളുകളെ ലൈംഗിക ചൂഷ ണത്തിലേക്കും അതിക്രമത്തിലേക്കും പ്രതികാരത്തിലേക്കു മൊക്കെ നയിക്കുന്നത്.  

ഓരോ മിനിറ്റിലും ഇത്തരം പുതിയ കേസുകളും അനുഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പരാതിയായി വരുന്നതിലെത്രയോ ഇരട്ടിയാണ് പരാതിപ്പെടാതെ ഒതുങ്ങിപ്പോകുന്നവ എന്നാണ് സൈബർ സെല്ലുകളുടെ സാക്ഷ്യപ്പെടുത്തൽ.

digfitttt336

‘കിൽ’ ഫികളുടെ കാലം

മുടിയൊന്നു വെട്ടിയാൽ, പുത്തൻ സ്ലിപ്പറൊന്നു വാങ്ങിയാൽ, എന്തിന് ഒരു പനി വന്നാൽ വരെ നാമിപ്പോൾ സെൽഫിയെടുത്തു സോഷ്യൽ മീഡിയയിലിട്ടു ലൈക്കും കമന്റും വാരിക്കൂട്ടും. സ്വകാര്യതയ്ക്കുവേണ്ടി മുറവിളി കൂട്ടുന്ന നാം യാത്ര ചെയ്യു മ്പോൾ സെൽഫികളും സ്റ്റാറ്റസും അപ്‌ലോഡ് ചെയ്ത് ലോകത്തെ മുഴുവൻ അറിയിക്കും. സ്വയം പ്രതിഫലിപ്പിക്കുന്നതിന്റെ മനോഹരമായ രീതിയാ ണ് സെൽഫികൾ. ആത്മവിശ്വാസത്തോടെ അതു പ്രകടിപ്പിക്കുന്നതു നല്ലതുതന്നെ.

പക്ഷേ. പല അപകടങ്ങളും അതിനുള്ളിൽ പതിയിരിക്കുന്നുണ്ട്. നിങ്ങളെ മോഹിപ്പിക്കുന്ന രീതിയിൽ മറ്റൊരാളുടെ സെൽഫി കാണുമ്പോൾ, എഡിറ്റിങ്ങിലൂടെയും പുതിയ ടെക്നോളജി ഉപയോഗിച്ചു സുന്ദരമാക്കിയാണ് അവ പോസ്റ്റു ചെയ്തിരിക്കുന്നതെന്നു മനസ്സിലാക്കാതെ നിങ്ങളും അത്തരമൊന്നെടുക്കാൻ ശ്രമിക്കുന്നു.

മറ്റുള്ളവരെ ലൈംഗികമായി പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകളും നഗ്ന സെൽഫികളും കൂട്ടുകാരുമായി അടുത്തിടപഴകുന്ന ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നത് ഇ ന്നൊരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. കൗമാരക്കാർ ഇതൊന്നും തെറ്റല്ലെന്നു കരുതി അതുപോലെയോ അതല്ലെങ്കിൽ മുഖം മറച്ച നഗ്ന ഫോട്ടോകളോ പോസ്റ്റു ചെയ്യുന്നു. ഇത്തരം സെൽഫികൾ അവരെ ലൈംഗിക ചൂഷണത്തിലേക്കും അപകടങ്ങളിലേക്കും നയിക്കുന്നു. പല സെൽഫികളും ബ്ലാക്ക്മെയിലിങ്ങിനും ചൂഷണങ്ങൾക്കും കാരണമാകാറുണ്ട്. മറ്റുള്ളവർ കണ്ട് നെറ്റി ചുളിക്കാത്ത, എല്ലാവർക്കും സ്വീകാര്യമായ സെൽഫികൾ മാത്രമെടുക്കുക. ‘അംഗീകരിക്കപ്പെടാത്ത’ സെൽഫികൾ എടുക്കാതിരിക്കുക.

ഓൺലൈൻ ഗാംബ്ലിങ്

ഓൺലൈൻ വിപ്ലവം ഏറ്റവുമധികം മാറ്റം സൃഷ്ടിച്ചത് ചൂതാട്ടത്തിലാണ്. അതിൽത്തന്നെ കൗമാരക്കാരാണ് ഏറ്റവും കൂടുതൽ പങ്കെടുക്കുന്നത്. കളി നൽകുന്ന ആവേശവും രസവും കളിയിലൂടെ ലഭിക്കുന്ന പണവുമാണ് ഈ പ്രായക്കാരെ ഇതിലേക്ക് ഏറ്റവുമധികം ആകർഷിക്കുന്നത്. 

അപരിചിതരായ കൂട്ടുകാരുടെ ലോകം

അപരിചിതരോട് സംസാരിക്കരുതെന്നും അവരിൽനിന്ന് ഒന്നും വാങ്ങിക്കഴിക്കരുതെന്നും നാം മക്കളെ ബോധ്യപ്പെടുത്താറുണ്ട്. ആയിരക്കണക്കിന് അപരിചിതരെ സുഹൃത്തുക്കളാക്കുന്ന തിൽ നിന്നും ചാറ്റ് ചെയ്യുന്നതിലും അവർക്കു കാണാനായി ഫോട്ടോ പോസ്റ്റു ചെയ്യുന്നതിൽ നിന്നും നമ്മളെന്തുകൊണ്ട് അവരെ വിലക്കുന്നില്ല. സൈബർ ക്രൈമിൽ തൊണ്ണൂറു ശതമാനവും സംഭവിക്കുന്നത് ഫെയ്സ്ബുക്കിലൂടെയാണ്.

പതിമൂന്നു വയസ്സിനു താഴെയുള്ളവർ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ കയറുന്നത് സൈബർ നിയമമനുസരിച്ച് കുറ്റകരമാണ്. ആ പ്രായക്കാർ സൈബർ ബുള്ളിയിങ്ങിൽ അകപ്പെട്ടാൽ കുട്ടികളോടൊപ്പം തന്നെ മാതാപിതാക്കളും പ്രതികളാക്കപ്പെടും. വിവരസാങ്കേതികവിദ്യയിൽ മക്കളുടെ കഴിവിനെക്കുറിച്ച് അഭിമാനിക്കും മുമ്പ് സൈബർ നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം.

ഗെയിം വെറും ഗെയിമല്ല

ഓൺലൈൻ ചാറ്റ് റൂമിനുള്ളിൽ ഒരുമിച്ചു കൂടുന്ന കുറച്ചുപേർ തീരുമാനിക്കുന്ന ടാസ്ക്കുകൾ പല കുട്ടികളേയും മരണത്തിലേക്ക് തള്ളിവിട്ടപ്പോഴാണ് നാം ഓൺലൈൻ ഗെയിമുകളുടെ അപകടത്തിനു നേരെ ശ്രദ്ധ തിരിച്ചത്. ഫ്ലാറ്റുകളിലും പഠന മുറികളിലും തളച്ചിടപ്പെടുമ്പോൾ കുട്ടികൾ അല്പം സാഹസികതയ്ക്കുവേണ്ടി ഡിജിറ്റൽ ലോകത്തേക്കു തിരിയും. നേരംപോക്കിനു വേണ്ടി നാം കളിക്കാൻ നൽകുന്ന മൊബൈലുകൾതന്നെ അവരുടെ ശാരീരികാരോഗ്യത്തേയും മാനസികനിലയേയും അപകടത്തിലാക്കും. തുടങ്ങിയ കളി നിറുത്താൻ കഴിയാതെ മെല്ലെ അതിനു അടിമകളാകും.

വീടിനുള്ളിലും പുറത്തും ആകർഷിക്കുന്ന കാഴ്ചകളില്ലെങ്കിൽ അവർ എങ്ങനെ വെർച്വൽ ലോകത്ത് ഒതുങ്ങാതിരിക്കും. കുട്ടിയോടൊത്ത് അൽപസമയം ഇരിക്കാനോ അവരുടെ വിശേഷങ്ങൾ കേൾക്കാനോ ഒന്നു ചേർത്തുപിടിക്കാനോ മാതാപിതാക്കൾ സമയം കണ്ടെത്തുന്നില്ല. ആ സമയം കൂടി കുട്ടികളെ പഠിപ്പിക്കാനും പാഠ്യേതര കാര്യങ്ങളിൽ മിടുക്കരാക്കാനുള്ള തിരക്കിലുമാണ്. ഇതിനെല്ലാമവസാനം കുട്ടി അഭയം കണ്ടെത്തുന്നതും സമ്മർദമകറ്റുന്നതും ഗെയിമുകളിലാണെങ്കിൽ അതിനവർ തെറ്റുകാരല്ല തന്നെ. അങ്ങനെയവര്‍ക്കു പല കാഴ്ചകളും നഷ്ടപ്പെടും. പതുക്കെ പതുക്കെ അവർ തന്നിലേക്കു തന്നെ ചുരുങ്ങും.

ഓൺലൈൻ തട്ടിപ്പുകളും തീവ്രവാദവുമൊക്കെ വളരെ സജീവമാണ് സൈബർ ലോകത്ത്. കുറ്റകൃത്യങ്ങളിലേക്കു വ രെ കുട്ടികളെ നയിക്കാന്‍ െെസബര്‍ ലോകത്തിനു കഴിയുന്നുണ്ട്. കൗമാരക്കാരെ എളുപ്പം സ്വാധീനിക്കുന്ന, വഴിതെറ്റിക്കുന്ന അവരുടെ മൂല്യങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം കാര്യങ്ങൾക്കെതിരെ രക്ഷിതാക്കള്‍ ജാഗരൂകരാകണം.

അറിയണം, ഡിജിറ്റല്‍ ലോകം

പഠനങ്ങൾക്കും ആശയവിനിമയങ്ങൾക്കും മറ്റുമായി ഇന്റർനെറ്റ് ഉപയോഗം വർധിച്ചു വരുന്ന ഇക്കാലത്ത് അവയെ മാറ്റിനിർത്തിക്കൊണ്ടുള്ള ബോധവൽകരണം സാധ്യമല്ല. അതുകൊണ്ടുത്തന്നെ മാതാപിതാക്കൾ ഡിജിറ്റൽ ലോകത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും കുട്ടികളെ ജാഗരൂഗരാക്കേണ്ടതും അത്യാവശ്യമാണ്

digfitttt335

നിങ്ങളും ഡിജിറ്റലൈസ്ഡ് ആകൂ...

കുട്ടികളെ ഡിജിറ്റൽ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിന്‍റെ പ്രധാന ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കു തന്നെയാണ്. ചെറുപ്പം മുതലേ പരിചയിച്ചതുകൊണ്ട് പിന്നീടവർക്ക് മാതാപിതാക്കളേക്കാൾ എളുപ്പത്തിൽ അവ കൈകാര്യം ചെയ്യാനാകുന്നു. അച്ഛനമ്മമാരാകട്ടെ ‘ഈ പ്രായത്തിൽ ഇനി ഇതൊന്നും മനസ്സിലാകില്ല’ എന്നൊരു ഒഴിവുകഴിവിൽ സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതലറിയാൻ ശ്രമിക്കുകയുമില്ല. ഫോൺ ചെയ്യുക, വാട്സ്ആപ്പും ഫെയ്സ്ബുക്കും നോക്കുക ഇതിനപ്പുറമുള്ള കാര്യങ്ങളൊന്നും ഒരു സാധാരണ വീട്ടമ്മയ്ക്ക് ചെയ്യാൻ ധൈര്യമില്ല. പുതിയൊരു ഫോൺ വാങ്ങിയാൽ പലപ്പോഴും സ്കൂളില്‍ പഠിക്കുന്ന മക്കളാകും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു കൊടുക്കുക.  

സോഷ്യൽ മീഡിയയിലും മറ്റും കുട്ടികളെ സുരക്ഷിതരാക്കാനുള്ള ഏറ്റവും നല്ല മാർഗം മാതാപിതാക്കൾ ഡിജിറ്റൽ വിജ്ഞാനം നേടുക എന്നതാണ്. സോഷ്യൽ മീഡിയയെക്കുറിച്ചുള്ള വിവരങ്ങളും ഉപയോഗക്രമങ്ങളും മാതാപിതാക്കൾ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ സാങ്കേതിക വിദ്യകൾ മികച്ച രീതിയിൽ എങ്ങനെ ഉപയോഗിക്കണമെന്ന് കുട്ടികളോട് പറഞ്ഞു മനസ്സിലാക്കാനും അപകടങ്ങളിൽ നിന്നു രക്ഷിക്കാനും കഴിയൂ.

ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനു കൃത്യമായ സമയം നിശ്ചയിക്കുക. മാതാപിതാക്കൾ വീട്ടിലുള്ള സമയമായിരിക്കും കൂടുതൽ നല്ലത്. നിങ്ങളുടെ മൊബൈലിലെ ഇന്റർനെറ്റ് കണക്ഷൻ പരിധിയിൽ നിന്ന് അനുവദിക്കുകയാണെങ്കിലോ  ഫോണിൽ സമയം സെറ്റു ചെയ്തു വയ്ക്കുകയാണെങ്കിലോ അവർ നെറ്റ് ഉപയോഗിക്കുന്ന സമയം കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. കുട്ടികൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ സമയം നിജപ്പെടുത്തുമ്പോൾ മാതാപിതാക്കൾക്കും ആ നിയമം ബാധകമാണ്. അവർ നിങ്ങളെ ശ്രദ്ധിക്കുന്നു എന്നതിലാണ് കൂടുതൽ ഭയപ്പെടേണ്ടത്. അതുകൊണ്ട് ഗെയിമുകളും മറ്റു അനാശാസ്യകാര്യങ്ങളും ഓൺലൈനിൽ ചെയ്യാതിരിക്കാൻ കരുതേണ്ടതുണ്ട്.  

കുട്ടികൾ വിവരങ്ങൾ സേർച്ച് ചെയ്യുമ്പോൾ അനാവശ്യ സൈറ്റുകൾ കയറി വരാതിരിക്കാൻ ഗൂഗിളിലും വിൻഡോസിലും യുട്യൂബിലുമെല്ലാമുള്ള സേഫ്റ്റി ഫിൽട്ടേഴ്സ് ആക്റ്റീവാക്കുക. സോഷ്യൽ മീഡിയകളിലും ഇതു പോലെയുള്ള സുരക്ഷിത കമാൻഡുകളുണ്ട്. കുട്ടികളുെട ഓൺലൈൻ പ്രവൃത്തികൾ നിരീക്ഷിക്കുക. ഇടയ്ക്കിടെ ഫെയ്സ്ബുക്കിലെ ആക്റ്റിവിറ്റി ലോഗുകളും ഗൂഗിൾ ഹിസ്റ്ററികളും പരിശോധിക്കുക. ഒരു കാര്യം സേർച്ച് ചെയ്യുമ്പോൾ ഇടയ്ക്ക് കയറി വരുന്ന പോപ്പപ്പ് മെനുകളേക്കുറിച്ചും അവ ഒഴിവാക്കേണ്ടതെങ്ങിനെയെന്നും പറഞ്ഞു കൊടുക്കണം. അതുപോലെ അറിയാത്ത ലിങ്കുകളോ ഇ മെയിൽ ഫയലുകളോ, ടെക്സ്റ്റുകളോ സോഷ്യൽ മീഡിയ സൈറ്റുകളോ തുറക്കരുതെന്നും  വ്യക്തിപരമായ വിവരങ്ങൾഷെയർ ചെയ്യേണ്ടതില്ലെന്നും പറയാം.

സോഷ്യൽ മീഡിയയിലുണ്ടാകാകുന്ന ഭീഷണികളേയും ചതികളേയും കുറിച്ച് പറഞ്ഞുകൊടുക്കുക. ഇത്തരം വാർത്തകൾ വീട്ടിലെല്ലാവരും ഒരുമിച്ചു കൂടിയിരിക്കുമ്പോൾ ചർച്ച ചെയ്താൽ  ഇത്തരം സംഭവങ്ങളിൽ വീടുകളിലുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ബോധ്യപ്പെടുത്താൻ പറ്റും. ഉപയോഗിക്കുന്ന ചിത്രങ്ങളിലും ഭാഷയിലും പുലർത്തേണ്ട മാന്യതയെക്കുറിച്ചും അവരിൽനിന്നു പ്രതീക്ഷിക്കുന്ന അച്ചടക്കത്തെക്കുറിച്ചും അതില്ലാത്തപക്ഷം ഇന്റർനെറ്റ് ഉപയോഗത്തിൽനിന്ന് വിലക്കുമെന്നും അവരെ ബോധ്യപ്പെടണം.

കുട്ടികൾക്ക് അടച്ചിട്ട മുറികളിലിരുന്ന് ഇന്റർനെറ്റ് ഉപയോഗിക്കാൻ അവസരം കൊടുക്കരുത്. ശരിയല്ലാത്തത് ചെയ്യാനുള്ള പ്രവണത പലപ്പോഴും ഉടലെടുക്കുന്നത് ഇത്തരം അവസരങ്ങളിലാണ്. കുട്ടികൾ കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. ഒരു ഡിറ്റക്ടീവിനെ പോലെ പുറകിൽ ചെന്നു നിന്ന് നിരീക്ഷിക്കുകയോ ക്രോസ് വിസ്താരം നടത്തുകയോ ചെയ്യരുത്. അതവവരെ വിശ്വസിക്കുന്നില്ലെന്ന തോന്നലാണുണ്ടാക്കുക.

സപ്പോർട്ട് യുവർ ചൈൽഡ്

നിങ്ങളുടെ കുട്ടി ഇരയോ കുറ്റവാളിയോ ആരാണെങ്കിലും അവരെ വീണ്ടെടുക്കാനുള്ള ആദ്യ വഴി മനസ്സു തുറന്നുള്ള സംസാരവും ചേർത്തു പിടിക്കലുമാണ്. കുട്ടി ഇ ക്കാര്യം ആരോടും പറയാതെ രഹസ്യമാക്കി വയ്ക്കുമ്പോൾ കുറ്റവാളി ആ സാഹചര്യത്തെ മുതലെടുക്കും. പ്രശ്നം എന്താണെന്ന് വിശദമായി ചോദിച്ചു മനസ്സിലാക്കുക. അകപ്പെ ട്ടിരിക്കുന്ന കുടുക്ക് എത്രയും പെട്ടെന്ന് എത്ര യും നന്നായി അറിയുന്നുവോ രക്ഷപ്പെടൽ അത്രയും എളുപ്പമാണ്. കുട്ടി മാനസികമായി തളർന്നിരിക്കുമ്പോൾ കുറ്റപ്പെടുത്തുന്നതി ൽ പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാകുന്നി ല്ല. സമാധാനപരമായി സംസാരിച്ച് വിവര ങ്ങൾ ശേഖരിക്കുക. ദേഷ്യത്തിലും കുറ്റപ്പെടുത്തിയുമുള്ള ചോദ്യം ചെയ്യൽ വിവരങ്ങൾ പൂർണമായി പറയുന്നതിൽ നിന്ന് അവരെ വിലക്കും. പരിഭ്രമവും ദേഷ്യവും കാണിക്കാതെ ശാന്തരായി കാര്യങ്ങൾ ചോദിച്ചറിയൂ. കൃത്യമായ വിവരങ്ങൾ പരിഹാരത്തിന് വളരെയധികം സഹായിക്കും.

സൈബർ ബുള്ളിയിങ് നടന്നു എന്നു തെളിയിക്കുന്ന സന്ദേശങ്ങൾ, വെബ്പേജിന്റെ സ്ക്രീൻഷോട്ട് എന്നിവ ശേഖരിക്കുകയും സൈബർസെല്ലിലേക്ക് കൈമാറുകയും ചെയ്യുക. എല്ലാ പൊലീസ് കാര്യാലയങ്ങളോടു ചേർന്നും സൈബർസെൽ പ്രവർത്തിക്കുന്നുണ്ട്.

ശ്രദ്ധിക്കൂ കുട്ടിയുടെ ഈ മാറ്റങ്ങള്‍

എന്തെല്ലാം മുൻകരുതലുകളെടുത്താലും ചിലപ്പോൾ മക്കള്‍ ഈ ചതിക്കുഴികളില്‍ പെട്ടു പോകാം. ഒരുപക്ഷേ, അവര്‍ പോ ലുമാറിയാതെയാകും ഇതു സംഭവിക്കുക. മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന പേടിയിൽ ഒറ്റയ്ക്കു സഹിക്കുന്നുണ്ടാകാം. എപ്പോഴും മുറിയിലടച്ചിരിക്കുക, വിഷാദരോഗിയാവുക, ഫോൺകോളുകളും മറ്റും വരുമ്പോൾ ഭയപ്പെടുക, കംപ്യൂട്ടർ ഉപയോഗം നിറുത്തുക, പെട്ടെന്ന് ക്ഷോഭിക്കുകയും ആക്രമണകാരികളാവുകയും ചെയ്യുക, പഠനനിലവാരം താഴോട്ടു പോവുക എന്നിവയെല്ലാം സൈബർ ലോകത്തു നിന്ന് ഭീഷണികള്‍ നേരിടുന്നതിന്‍റെ ലക്ഷണങ്ങളാണ്.

ഇരകളെന്നതുപോലെതന്നെ നിങ്ങളുടെ കുട്ടി സൈബർ ലോകത്തെ കുറ്റവാളിയാണോയെന്നതും നിരീക്ഷണവിധേയമാക്കണം. ചിലപ്പോള്‍ ഒരു െെസബര്‍ കുറ്റവാളിയുെട കൂട്ടില്‍ അറിയാതെ പെട്ടുപോയതാകാനും മതി. ആരെങ്കിലും അടുത്തു വരുമ്പോൾ മൊബൈലോ കംപ്യൂട്ടറോ ഉപയോഗിക്കുന്നത് നിർത്തുക, സ്ക്രീൻ ഓഫാക്കുക, അവയിൽ െചയ്യുന്ന കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കുക, പാസ് വേഡ് ഉപയോഗിച്ച് ആർക്കും തുറക്കാൻ പറ്റാത്ത വി ധത്തിലാക്കുക, ഇന്റർനെറ്റിൽ ആവശ്യത്തിലധികം സമയം ചെലവഴിക്കുക, ഒന്നിലധികം ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇ മെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കുക, മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുക, രാത്രിയുറങ്ങാതെ ഓൺലൈനിൽ ആയിരിക്കുക, ഓൺലൈനിലും മൊബൈലിലും ആയിരിക്കുമ്പോൾ ഉറക്കെ പൊട്ടിച്ചിരിക്കുക, കംപ്യൂട്ടറോ സ്മാർട് ഫോണോ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ നിരാശരാവുക, ദേഷ്യം കാണിക്കുക, മറ്റുള്ളവരോട് മോശമായി പെരുമാറുക തുടങ്ങിയവയെല്ലാം സൈബർ ബുള്ളി ആണെന്നതിന്റെ ലക്ഷണമാകാം.

ഒരു കുട്ടിക്കു പുറത്തു നിന്നുണ്ടാകുന്നതിനേക്കാൾ ഇരട്ടിയാണ് സൈബർ ലോകത്തു നിന്നുണ്ടാവുന്ന അപകടങ്ങൾ. കൗമാരത്തിന്റെ ആഗ്രഹങ്ങളുടേയും അഭിലാഷങ്ങളുടേയും ചുറ്റുമാണ് സൈബർ ക്രിമിനലുകൾ അവരുടെ വല നെയ്യുന്നത്. ഡിജിറ്റൽ ലോകത്തെ ഒരിടവും സുരക്ഷിതമല്ല. നിയമങ്ങളാണെങ്കിൽ ശക്തവുമല്ല. അതുകൊണ്ട് നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രം കടമയാണ്.

ഈ ആപ്പുകളിലൂടെ അറിയാം മക്കളുടെ സൈബർ ലോകം

മക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ അവരറിയാതെ നിരീക്ഷിക്കാൻ സഹായിക്കുന്ന ചില സ്പൈ സോഫ്റ്റ് വെയറുകളും ആപ്പുകളുമുണ്ട്. നിങ്ങളുടെ ഫോണിൽ ഇ വ ഇൻസ്റ്റാൾ ചെയ്ത് മക്കളുടെ നമ്പറുമായി കണക്റ്റ് െചയ്താല്‍ മതി.

ഈ ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ മക്കള്‍ ഫെയ്സ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുമ്പോഴും മോശം ഭാഷ ഉപയോഗിക്കുമ്പോഴും സൈബർ ബുള്ളിയിങ് നടത്തുമ്പോഴും നിങ്ങൾക്ക് സന്ദേശമെത്തും.

ടെക്സ്റ്റ് മെസേജുകൾ, കോൺടാക്റ്റ് ഹിസ്റ്ററി എന്നിവ കാണുക, ആവശ്യമില്ലാത്ത വെബ്സൈറ്റുകൾ, ആപ്പുകൾ എന്നിവ ബ്ലോക്ക് ചെയ്യുക എന്നിങ്ങനെ ഇരുപതിലധികം പാരന്റൽ കൺട്രോളുകൾ ഈ ആപ്പിൽ ഉണ്ട്.

ഫോൺ കോളുകൾ, മെസേജുകൾ, സോഷ്യൽ മീഡിയ ആക്റ്റിവിറ്റി, ഇന്റർനെറ്റ് ബ്രൗസിങ് ഹിസ്റ്ററി, വാട്സ്ആപ്പ്, കിക്ക്മെസഞ്ചർ എന്നിങ്ങനെയുള്ള കാര്യങ്ങൾ നി രീക്ഷിക്കാൻ സഹായിക്കുന്നു.

സോഷ്യൽ നെറ്റ് വർക്കുകളിൽ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിക്കാനും സന്ദേശങ്ങൾ  ഫിൽട്ടർ ചെയ്യാനും സഹായിക്കുന്നു. ആ രെങ്കിലും കുട്ടിയോട് മോശമായി സംസാരി ച്ചാൽ ഉടൻ നിങ്ങൾക്ക് സന്ദേശമെത്തും.

ടെക്നോളജിയിൽ മിടുക്കരാകുമ്പോൾ ഈ ആപ്പുകളെ എളുപ്പം മറികടക്കാൻ കഴിയുമെന്നുള്ളതും സ്പൈ വർക്ക് നടത്തുന്നത് അവരെ സങ്കടപ്പെടുത്തുമെന്നതുകൊണ്ടും അവരെ പറഞ്ഞു മനസ്സിലാക്കുക തന്നെയാണ് കൂടുതൽ നല്ലത്.

വിവരങ്ങള്‍ക്കു കടപ്പാട്: കെ സഞ്ജയ്കുമാർ ഗുരുദിൻ  IPS കമാൻഡന്റ്, കേരള ആംഡ് പൊലീസ്, കണ്ണൂര്‍. 

Tags:
  • Mummy and Me