സ്മാർട്ഫോൺ ഉപയോഗിക്കുന്ന മിക്കവരെയും ഒരിക്കലെങ്കിലും അലട്ടിയ പ്രശ്നമാണ് വിഡിയോസ് എത്ര തിരഞ്ഞാലും വീണ്ടും കാണില്ല എന്നത്. ഇൻസ്റ്റഗ്രാമിലെ വിഡിയോസ് ആണെങ്കിൽ പറയുകയേ വേണ്ട. അതിനുള്ള പരിഹാരമാണ് ഇക്കുറി.
അതിനൊപ്പം മൊബൈൽഫോണിലെയോ കീബോർഡിലെയോ നിങ്ങളുടെ ടൈപ്പിങ് സ്പീഡ് കൂട്ടാനുള്ള ഗെയിം ടെക്നിക്കുമുണ്ട്.
വിഡിയോ വീണ്ടും കാണാം
ഇന്‍സ്റ്റഗ്രാമിലും മറ്റും നമ്മള്‍ ദിവസവും ധാരാളം വിഡിയോ കാണുന്നുണ്ട്. പിന്നീട് എപ്പോഴെങ്കിലും നമ്മള്‍ കണ്ട ആ വിഡിയോ ഒന്നുകൂടി കാണേണ്ട അത്യാവശ്യം വന്നാലോ. എങ്ങനെ ആ ലിങ്ക് കണ്ടെത്താനാകുമെന്നു ചിലരെങ്കിലും ആലോചിച്ചു തലപുകച്ചു കാണും.
പിന്നീടു വിഡിയോ കാണാനായി സേവ് (Save) ചെയ്യുന്ന ടെക്നിക് അത്ര പുതിയതൊന്നുമല്ല കേട്ടോ. 2016 ഡിസംബറില്‍ തന്നെ ഇന്‍സ്റ്റഗ്രാം സേവ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പോഴും മിക്കവര്‍ക്കും അത്ര അറിയാത്തതു കൊണ്ടാകാം ഇതൊരു സംശയമായി പലരും ചോദിക്കുന്നത്.
സേവ് ചെയ്യാം, ഈസിയായി
ഇന്‍സ്റ്റഗ്രാമില്‍ വിഡിയോസോ ഇമേജോ കാണുന്ന സമയത്ത് അതു ഭാവിയില്‍ ആവശ്യം വരുമെന്നു തോന്നിയാല്‍ അപ്പോൾ ത ന്നെ സേവ് ചെയ്യണം. വിഡിയോയുടെ വലതു വശത്ത് ഒരു ബുക്മാര്‍ക്ക് (Bookmark) ഐ ക്കണ്‍ കാണാം. അത് അമര്‍ത്തിയാല്‍ സേവ് ടു കളക്‌ഷന്‍ (Save to collection) എന്നൊരു ഓപ്ഷൻ വരും.
ആ പോസ്റ്റ് (വിഡിയോ) ഏതു കാറ്റഗറിയിൽ ഉള്‍പ്പെടുത്താമെന്നു നോക്കി അതിന് ഒരു പേരു കൂടി കൊടുത്ത ശേഷം സേവ് (Save) അമര്‍ത്തുക. ഇനി വിഡിയോ കാണുമ്പോൾ ഇതേ കാറ്റഗറിയിലുള്ള കണ്ടന്റ് സേവ് ചെയ്യാനായി നേരത്തേ ക്രിയേറ്റ് ചെയ്ത കാറ്റഗറിയിലേക്ക് ആഡ് ചെയ്താൽ മതി.
മറ്റേതെങ്കിലും കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന കണ്ടന്റ് ആണെങ്കില്‍ പുതിയ കാറ്റഗറി ആഡ് ചെയ്യാനുള്ള ഓപ്ഷനും കാണിക്കും. അവയ്ക്കും വ്യത്യസ്തമായ കാറ്റഗറി നെയിം നല്‍കാം.
ഇങ്ങനെ വിവിധ കാറ്റഗറികളില്‍ നമ്മള്‍ ആഡ് ചെയ്ത കണ്ടന്റുകള്‍ കാണാൻ എന്തു ചെയ്യണമെന്ന് അറിയണ്ടേ.
പ്രൊഫൈലിന്റെ വലതു സൈഡിലെ മെനുവില്‍ സേവ്ഡ് (Saved) എന്ന ഓപ്ഷനുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ കാറ്റഗറികള്‍ ലിസ്റ്റ് ചെയ്തു വരും. അവ പിന്നീട് എപ്പോള്‍ വേണമെങ്കിലും കാണാം.
ടൈപ്പിങ് സ്പീഡ് കൂട്ടാം
മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ ഒക്കെ ഡോക്യൂമെന്റുകൾ തയാറാക്കുമ്പോൾ നിങ്ങളുടെ ടൈപ്പിങ് സ്പീഡ് കൂട്ടാന്‍ രസമുള്ളൊരു ഗെയിം ഇതാ.
ബ്രൗസര്‍ ഓപ്പണാക്കിയ ശേഷം zty.pe എന്നു ടൈപ് ചെയ്യുക. വെബ്സൈറ്റ് ഓപ്പണാകുമ്പോൾ ന്യൂ ഗെയിം (New game) സെലക്ട് ചെയ്താല്‍ മുകളില്‍ നിന്ന് ഒട്ടനവധി ഇംഗ്ലിഷ് വാക്കുകള്‍ താഴേക്കു ഊർന്നു വീഴുന്നതു കാണാം.
ആ സമയത്തു കീബോര്‍ഡില്‍ അവ ഓരോന്നും ടൈപ്പ് ചെയ്താല്‍ അവ പൊട്ടിത്തകരുകയും ഒരു സ്കോര്‍ ലഭിക്കുകയും ചെയ്യും. ശേഷം അടുത്ത ലെവലിലേക്കു പോകാം. ലെവല്‍ കൂടും തോറും വാക്കുകളുടെ വീഴ്ചയുടെ സ്പീഡും കൂടും. അതിനനുസരിച്ചു ജയിക്കാനായി നമ്മള്‍ കൂടുതല്‍ സ്പീഡില്‍ ടൈപ്പ് ചെയ്യണം.
ഇങ്ങനെ നമ്മുടെ ഇംഗ്ലിഷ് ടൈപ്പിങ്ങിന്റെ സ്പീഡ് കൂട്ടുന്ന ഗെയിമാണ് ഇതെങ്കിലും മലയാളം ടൈപ്പ് ചെയ്യാന്‍ മംഗ്ലീഷ് ഉപയോഗിക്കുന്നവർക്കു മലയാളം ടൈപ്പിങ്ങിന്റെ സ്പീഡു കൂട്ടാനും ഇതു പ്രയോജനം ചെയ്യും.
ഗെയിമിന്റെ അവസാനം നമ്മുടെ ടൈപ്പിങ്ങിന്റെ ആക്യുറസിയും (Accuracy) സ്കോറും കൂടി കാണാം.