Saturday 08 September 2018 04:50 PM IST

മൊബൈലോ ഇന്റര്‍നെറ്റോ ഇല്ലാതെ ഒരു ദിവസം കഴിയാനാകുമോ? ഇന്റനെറ്റ് അഡിക്ഷൻ തിരിച്ചറിയാം

Santhosh Sisupal

Senior Sub Editor

addiction

അമ്പതിനായിരും രൂപ വിലയുള്ള ഫോൺ വാങ്ങിക്കൊടുക്കാത്തതിന് വീട്ടിലെ ടീവി അടിച്ചു തകർത്തപ്പോഴാണ് രാഹുലിനെ മനോരോഗവിദഗ്ധന്റെ അടുക്കലെത്തിച്ചത്. കോഴിക്കോട്ടെ അധ്യാപക ദമ്പതികളുടെ മൂത്ത മകനാണ് പ്ലസ്ടു വിദ്യാർഥിയായ രാഹുൽ. പട്ടിണികിടന്നും വഴക്കുണ്ടാക്കിയും വീട്ടുസാധനങ്ങൾ നശിപ്പിച്ചുമൊക്കെയായി കഴിഞ്ഞ വർഷം മാത്രം വാങ്ങിയത് ഏഴു ഫോണുകളാണ്. പുത്തൻ മേൻമകളവകാശപ്പെടുന്ന ഓരോ ഫോൺ വിപണിയില്‍ വരുമ്പോഴും അവ സ്വന്തമാക്കണം. പിടിവാശിക്കു മുന്നില്‍ ആദ്യമൊക്കെ വഴങ്ങേണ്ടിവന്ന അച്ഛനമ്മമാർക്ക് ഇതു മകന്റെ മനോവൈകല്യമാണെന്നു വൈകിയണ് മനസ്സിലായത്. അക്രമാസക്തനായ രാഹുലിന് കിടത്തി ചികിത്സയാവശ്യമുള്ള ഗാഡ്ജറ്റ് ഡീ അഡിക്ഷൻ ചികിത്സകളാണ് വേണ്ടിവന്നത്.

ഇനി മറ്റൊരു സംഭവം തിരിവനന്തപുരത്തു നിന്നും....

മാത്യൂസ് സർക്കാര്‍ സർവീസിൽ നിന്നും വിരമിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളു. കടുത്ത ദേഷ്യം, അമിത ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുമായാണ് മനോരോഗചികിത്സകന്റെ അടുത്തേക്ക് മകന്‍ കൊണ്ടുവന്നത്. അച്ഛൻ എപ്പോഴും കംപ്യൂട്ടറിൽ അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നതായി മകൻ പറഞ്ഞു. അതു രഹസ്യമായി വയ്ക്കാനുള്ള സാങ്കേതിക പരിജ്ഞാനം മാത്യൂസിന് ഇല്ലായിരുന്നു. മകന്റെ മക്കൾ അടക്കം ഇതു തിരിച്ചറിഞ്ഞുവെന്നു വന്നപ്പോൾ കംപ്യൂട്ടർ ഉപയോഗിക്കുന്നത് മകൻ വിലക്കി. അതോടെ വീട്ടിൽ പ്രശ്നങ്ങളായി. ഒടുവിൽ ഇന്റർനെറ്റ് കണക്ഷൻ കട്ട് ചെയ്യുമെന്നു വന്നതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി.

രാഹുലിന്റെയും മാത്യൂസിന്റെയും പോലെ നിരവധി സംഭവങ്ങൾ നമുക്കു ചുറ്റാകെ അരങ്ങേറിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യയിലും മൊബൈൽ–ഇന്റർനെറ്റ് ഉപയോഗസാന്ദ്രതയിലും ഒന്നാമതു നിൽക്കുന്ന സംസ്ഥാനമാണു കേരളം. മദ്യവും മയക്കുമരുന്നും പോലെ മലയാളിയെ കീഴടക്കുന്ന പുതിയ ലഹരിയായി മാറുകയാണ് ഇന്റർനെറ്റ് അഡിക്ഷൻ. മറ്റു ലഹരികളോടുള്ള അടിമത്തത്തിൽ നിന്നും വ്യത്യസ്തമായി ഇന്റർനെറ്റ്, ഗാഡ്ജറ്റുകളുടെ ഉപയോഗത്തിന് ധാരാളം നല്ല വശങ്ങളുണ്ട്. ആ ധവളിമയിൽ ഗുരുതരമായി മാറുന്ന ഒരു മഹാ അടിമത്തം നമ്മൾ കാണാതെ പോകുന്നു.

ഇന്റർനെറ്റ് അടിമത്തം വിവിധ തരത്തിൽ

ഏതൊരു അഡിക്ഷനും പോലെ തന്നെ അപകടകരമാണ് ഈ അടിമത്തവും പലപ്പോഴും കിടത്തി ‍ചികിത്സകൾ തന്നെ വേണ്ടിവരാം. ഡി അഡിക്ഷൻ സെന്ററുകളും ആവശ്യമുണ്ട്. ബെംഗളൂരുവിലെ നിംഹാന്‍സിൽ ഏതാനും വർഷം മുമ്പാരംഭിച്ച ഗാഡ്ജറ്റ് ഡീ അഡിക്ഷൻ സെന്ററിനു പുറമേ ഡൽഹിയിലും പഞ്ചാബിലും മറ്റുമൊക്കെ ഇന്റർനെറ്റ് ഡീ അഡിക്ഷൻ സെന്ററുകൾ വന്നുകഴിഞ്ഞു. എന്നാൽ ഈ രോഗാവസ്ഥയിലുള്ളവർ ഏറെയുള്ള കേരളത്തിൽ ഇത്തരം ഇന്റർനെറ്റ് ലഹരി വിമോചനകേന്ദ്രങ്ങളിലും വന്നിട്ടില്ലെന്നുള്ളത് പ്രശ്നത്തെ നമ്മൾ ഗൗരവത്തോടെ മന‌സ്സിലാക്കിയിട്ടില്ല എന്നതിന്റെ സൂചനയായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇന്റർനെറ്റ് അഡിക്ഷൻ വിവിധ തരത്തൽ കാണാറുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോള‍ജിലെ മനോരഗവിഭാഗം അസി. പ്രഫസർ ഡോ. അരുൺ ബി. നായർ പറയുന്നു. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ അശ്ലീലം (പോൺ) ആസ്വദിക്കുന്നതാണ് ഇതിലൊരു പ്രധാന വിഭാഗം . ഇതിനു പുറമേ വിവിധ തരത്തിലുള്ള കംപ്യൂട്ടര്‍ ഓൺലൈൻ ഗെയിമുകളോടുള്ള അഡിക്ഷനും ഉണ്ട്. സമയം മാത്രമല്ല വൻതോതിൽ പണവും നഷ്ടപ്പെടുത്തുന്ന ചൂതുകളികളിൽ വരെ ലഹരിപിടിച്ചവരെ കേരളത്തിൽ ധാരാളം കാണാമെന്ന് അദ്ദേഹം പറയുന്നു.

സമൂഹമാധ്യമങ്ങളും സെൽഫിസൈസും

ഫേസ്ബുക്കും ട്വിറ്ററും വാട്സ്ആപ്പും മുതൽ സെൽഫി വരെയുള്ളവയോടുള്ള അടിമത്തമാണ് ഇന്ന് ഏറെ വ്യാപകം. വിവിധതരം വ്യക്തിത്വ വൈകല്യങ്ങള്‍ക്ക് ഇരയായവരാണ് സമൂഹമാധ്യമങ്ങളിൽ അമിതമായി അഭിരമിക്കുകയും അടിമത്തത്തിലേക്ക് നീങ്ങുകയും ചെയ്യുന്നവരിലധികവുമെന്ന് ഡോ. അരുൺ ബി നായര്‍ പറയുന്നു. ആത്മാനുരാഗ വ്യക്തിത്വ വൈകല്യം (നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ) പോലുള്ളവ മറ്റുള്ളവരിൽ നിന്ന് എപ്പോഴും അഭിനന്ദനം കിട്ടാൻ ആഗ്രഹിച്ചുകൊണ്ടിരിക്കും. സെലിബ്രിറ്റിയായി മാറുകയാണെന്നു സങ്കല്പിക്കുകയും ചെയ്യും. ഇതിനായി കൂടുതൽ കൂടുതൽ ലൈക്കുകൾ പ്രതീക്ഷിച്ചു പോസ്റ്റുകളും സെൽഫികളും സമൂഹമാധ്യമങ്ങളിൽ നിരന്തരം പോസ്റ്റ് ചെയ്യും. ലൈക്കു കുറഞ്ഞു പോയാൽ വിഷമിക്കുന്ന ഇവരിൽ ചിലർ കൂടുതൽ ലൈക്കുകൾ പ്രതീക്ഷിച്ചു സാഹസികമായ സെൽഫികളെടുക്കാൻ തയാറാവുകയും ചെയ്യും. സെൽഫിസൈഡ് സെൽഫിറ്റ്സ് എന്നൊക്കെ വിളിക്കപ്പെടുന്ന സെൽഫി അഡിക്ഷൻ സിൻഡ്രോം പോലുള്ള പ്രശ്നങ്ങളിലേക്ക് ഇതു നീങ്ങുമെന്നും കോഴിക്കോട് കെ. എം. സി. ടി. മെഡിക്കൽ കോളജിലെ പ്രഫസറും കൺസൾട്ടന്റ് സൈക്യാട്രിസ്റ്റുമായ ഡോ. പി. എൻ. സുരേഷ് കുമാര്‍ പറയുന്നു.

സമൂഹത്തെ ഭയപ്പെടുന്നവര്‍

നിത്യജീവിതത്തിൽ മറ്റുള്ളവരുമായി നേരിട്ടു ഇടപെഴകുന്നതിനു ബുദ്ധിമുട്ടുള്ളവരാണ് സോഷ്യസ്‍ ആങ്സൈറ്റി ഡിസോർഡർ (സോഷ്യൽ ഫോബിയ) ഉള്ളവർ. നിത്യജീവിതത്തിൽ സൗഹൃദങ്ങൾ കുറഞ്ഞ ഇവർക്ക് സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് സുഹൃത്തുക്കളെയുണ്ടാക്കാൻ പ്രയാസമുണ്ടാകുകയില്ല. നേരിട്ടുള്ള ആശയവിനിമയമോ വാചികമല്ലാത്തതോ ആയ (നോൺ വെര്‍ബൽ) ആശയവിനിമയം ഇല്ലാതെ വരുന്നതോടെ ഇവരുടെ ഉത്കണ്ഠ കുറയും. ടൈപ്പ് ചെയ്യുന്ന വാക്കുകളും വാചകങ്ങളും മാത്രമാണല്ലോ സമൂഹമാധ്യമത്തിലെ പ്രധാന ആശയ വിനിമയ മാർഗം. അതുപോലെ വിഷാദം ബാധിച്ചവരും സോഷ്യൽ മീഡിയ അഡിക്ഷനിലേക്കു പോകാനുള്ള സാധ്യത വളരെ കൂടുതലാണ് ഡോ. സുരേഷ് കുമാർ പറയുന്നു. വിഷാദത്തെ ഒന്നു വഴിതിരിച്ചു വിടുന്നതിലൂടെ കിട്ടുന്ന ആശ്വാസമാണ് ഇവരെ അഡിക്ഷനലേക്കു നയിക്കുന്നത്.

സ്ത്രീകളിലെ പ്രശ്നം

ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (ചഞ്ചല വ്യക്തിത്വം) കൂടുതലും കാണുന്നത് സ്ത്രീകളിലാണ്. ഏതുതരം വികാരങ്ങള്‍ക്കും പെട്ടെന്ന് അടിമപ്പെടുന്നവരാണ് ഇക്കൂട്ടർ. അതിനാൽ സ്വാഭാവികമായും ഇന്റർനെറ്റ്–സോഷ്യൽ മീഡിയ അഡിക്ഷനിലേക്ക് ഇവർ വേഗത്തിലെത്തും. ഇക്കൂട്ടർ ചൂഷണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൂടുതൽ ലൈക്കുകളും കമന്റുകളും പ്രതീക്ഷിച്ചു പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും മറ്റും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ വിഷമിക്കും. പിന്നെ കൂടുതൽ ഗ്ലാമറുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും അതിനു ലഭിക്കുന്ന മോശം കമന്റുകൾ പോലും ആസ്വദിക്കുകയും ചെയ്യുന്നതാണ് മറ്റൊരു തലം.

അറിവും അഡിക്ഷനോ ?

എന്തു സംശയം തോന്നിയാലും ഉടൻ ഇന്റർനെറ്റിൽ പരതുന്നവരുണ്ട്. കിട്ടിയ വിവരം ശരിയാണോ എന്ന് ഉറപ്പുവരുത്താതെ ആധികാരികമെന്നു കരുതി വിശ്വസിക്കുന്നവരുമുണ്ട്. ഇവരിൽ ചിലർ പ്രത്യേക ആവശ്യങ്ങളൊന്നുമില്ലെങ്കിലും നിരന്തരം അറിവു സമ്പാദിക്കുന്നതിനായി മാത്രം ഇന്റർനെറ്റിനു കീഴ്പ്പെടുന്നു.

ഈ പ്രശ്നത്തിന്റെ മറ്റൊരു തലമാണ് സ്വന്തം രോഗത്തെയും രോഗലക്ഷണങ്ങളെയും ഇന്റർനെറ്റിൽ നിരന്തരം പരതിനോക്കുന്ന ‘സൈബർ കോൺഡ്രിയ’. ഡോക്ടറെ കാണാനുള്ള സമയം, സാമ്പത്തിക ലാഭം എന്നിവ പരിഗണിച്ച് എളുപ്പത്തിൽ പ്രതിവിധി കണ്ടെത്തണമെന്ന പ്രതീക്ഷയിൽ ഇന്റർനെറ്റിൽ രോഗനിർണയത്തിനു തിരയുന്നവര്‍ സംശയരോഗത്തിലേക്കു വഴുതിവീഴുന്നു. അനാവശ്യവും ചെലവേറിയതുമായ ചികിത്സയുടെ അപകടങ്ങൾ എന്നിവയിലേക്കുവരെ നീളുന്നതാണ് ഈ അവസ്ഥയെന്നു ഡോ. സുരേഷ്കുമാർ പറയുന്നു.

മൊബൈൽ ഫോൺ, ഗേമിങ്ങ് ഉപകരണങ്ങൾ അടക്കം നിത്യോപയോഗ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്ഷൻ. ലൈംഗിക സംതൃപ്തി നേടാനുപയോഗിക്കുന്ന വിവിധതരം സെക്സ് ടോയ്കളും ഇപ്പോൾ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. മനസ്സിൽ നിന്നും വിട്ടുപോകാതിരിക്കുന്ന വിചാരകമായി (ഒബ്സഷൻ) ഗാഡ്ജറ്റുകൾ മാറുന്നതാണു കാരണം. കുട്ടികളിലും കൗമാരക്കാരിലും പ്രത്യേകിച്ച് ആൺകുട്ടികളിലാണ് കൂടുതൽ കാണാറ്.

അഡിക്ഷൻ തിരിച്ചറിയാം

നെറ്റ് അഡിക്ഷൻ ഉണ്ടോയെന്നു തിരിച്ചറിയാൻ എളുപ്പമാണ്. പിൻമാറ്റലക്ഷണങ്ങളടക്കം മറ്റ് അഡിക്ഷനുകൾക്കുള്ള പല പ്രശ്നങ്ങളും ഇതിനും ഉണ്ടാകും. ഇനി പറയുന്ന ആറു ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

∙ മിക്കസമയവും ഇന്റർനെറ്റിനെക്കുറിച്ച് ആലോചിക്കുന്നു. എന്തു ചെയ്യുന്നതിനും അതാണ് ഉത്തേജനം. ഉദാ:– രാവിലെ ഉണരുന്നതു പോലും ഇന്റർ‌നെറ്റ് ഉപയോഗിക്കാൻ കഴിയുമല്ലോ എന്ന ചിന്തയോടെ.

∙ നെറ്റിൽ ചെലവാക്കുന്ന സമയം നിയന്ത്രിക്കാൻ പറ്റാതെ വരുന്നു.

∙ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം ക്രമേണ കൂടിവരുന്നു.

∙ നെറ്റ് കണക്ഷൻ മുറിയുന്ന സാഹചര്യങ്ങളിൽ ഉറക്കമില്ലായ്മ, തലവേദന, അമിതമായ ദേഷ്യം, ശ്രദ്ധക്കുറവ്, ഉത്കണ്ഠ എന്നീ പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടാകുന്നു.

∙ ജീവിതത്തിലെ പ്രധാന കാര്യം ഇന്റർനെറ്റാണ്. അതിനായി മറ്റെല്ലാ വിനോദങ്ങളെയും (യാത്ര, കളി, സുഹൃത്തുക്കൾ) ഉപേക്ഷിക്കുന്നു,

∙ ദോഷകരമായ വിധത്തിലാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്നു മനസ്സിലാക്കിയിട്ടും തുടരുന്നു.

ഈ ആറു കാര്യങ്ങളിൽ മൂന്നെണ്ണം ഉണ്ടെങ്കിൽ ഇന്റർനെറ്റ് അഡിക്ഷൻ ഉണ്ട് എന്നു മനസ്സിലാക്കി ചികിത്സാസഹായം തേടണമെന്ന് ഡോ. അരുൺ ബി. നായർ പറയുന്നു. ഉറക്കക്കുറവ്, കണംകൈയിലും വിരലുകളിലും വേദന, കണ്ണുകൾക്ക് വരൾച്ച, കഴുത്ത്– പുറം വേദന, അമിതവണ്ണം തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ഈ അഡിക്ഷന്റേതായി പ്രകടമാകാറുണ്ട്.

പ്രതിരോധം പരിഹാരം

കുട്ടിക്കാലം മുതൽ മൊബൈലും ഇന്റർനെറ്റും ഗാഡ്ജറ്റുകളും ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങളൊന്നുമില്ലാതെ പോകുന്ന കുട്ടികളിൽ കൗമാരമെത്തുമ്പോഴേക്കും അഡിക്ഷനു സാധ്യത കൂടുതലാണ്. സാമൂഹ്യബന്ധങ്ങൾ രൂപപ്പെടുത്തുന്നതെങ്ങനെയെന്നു മനസ്സിലാകും മുമ്പുതന്നെ സമൂഹമാധ്യമങ്ങള്‍ക്കു കീഴടങ്ങുന്ന കൗമാരക്കാരന് പൊതുസമൂഹ ജീവിതം പ്രയാസകരമായിരിക്കും. ഇക്കാരണങ്ങളാൽ കുട്ടികളുടെ മേൽ നല്ല ശ്രദ്ധ മാതാപിതാക്കൾക്ക് വേണമെന്നു ഡോ. സുരേഷ്കുമാർ പറയുന്നു.

കായിക വിനോദങ്ങളിലും മറ്റും ഏർപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കുകയും കംപ്യൂട്ടർ–ഇന്റർനെറ്റ്, മൊബൈൽ എന്നിവ ഉപയോഗിക്കാതിരിക്കുക. പുസ്തകവായന, ഗാർഡനിങ്, കായികവിനോദങ്ങൾ വ്യായാമങ്ങൾ എന്നിവ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് ഇത്തരം ഇന്റർനെറ്റ്, ഗാഡ്ജറ്റ് അടിമത്തത്തിലേക്ക് പോകാതിരിക്കാൻ സഹായിക്കും.‌

അഡിക്ഷനാണെന്നു വ്യക്തമായാൽ നിയന്ത്രിക്കാൻ ശ്രമിക്കുകയും സാധ്യമാകുന്നില്ലെങ്കിൽ ചികിത്സാസഹായം തേടാനും വൈകരുത്. കാരണം. മറ്റെല്ലാ അഡിക്ഷനും പോലെ ഈ ലഹരിയും നമ്മുടെ ജീവിതത്തെ തകിടം മറിച്ചുകളയും.