Friday 05 April 2024 03:22 PM IST : By സ്വന്തം ലേഖകൻ

ലൈസൻസ് നഷ്ടപ്പെട്ടാലോ, കാണാതായാലോ എന്താണ് ചെയ്യേണ്ടത്? ഉടന്‍ ചെയ്യേണ്ട 10 കാര്യങ്ങൾ

liccc466 സഞ്ജയ് എസ്. ജോയിന്റ് ആർടിഒ, കാഞ്ഞിരപ്പള്ളി

എന്നും വാഹനം ഓടിക്കുന്ന ആളാണെങ്കിലും വീട്ടിൽ നിന്നിറങ്ങുന്നതിനു മുൻപ് ലൈസൻസ് പഴ്സിൽ  ഉണ്ടോ എന്നു പലരും നോക്കാറില്ലല്ലോ. ഒന്നുകിൽ വണ്ടിയിൽ ഫോട്ടാസ്റ്റാറ്റ് കോപ്പി ഉണ്ടാകുമെന്ന് ഒരുറപ്പ്. അല്ലെങ്കിൽ ഫോണിൽ ലൈസൻസിന്റെ ഫോട്ടോ ഉണ്ടാകും എന്ന വിശ്വാസം. ഇതൊക്കെ മതി.

പക്ഷേ, ലൈസൻസിന്റെ ഒറിജിനൽ ആവശ്യമുള്ള സന്ദർഭങ്ങളിൽ തിരഞ്ഞു നോക്കുമ്പോഴാണ് ആ സത്യം തിരിച്ചറിയുന്നത്- ലൈസൻസ് കാണാനില്ല. മറ്റു ചിലപ്പോൾ സംഭവിക്കുന്നത് ഇതാകില്ല. ഒരു തിരിച്ചറിയൽ രേഖയായി ലൈസൻസ്  പഴ്സിൽ പലരും സൂക്ഷിക്കും. റൂം ബുക്കിങ്ങിനു മുതൽ പലതിനും ഇതാണ് കൊടുക്കാറുള്ളത്. അങ്ങനെയിരിക്കുമ്പോഴാണ് പഴ്സ് കാണാതെ പോകുന്നത്. അ തിലുള്ള വിലപിടിച്ച രേഖകൾക്കൊപ്പം ലൈസൻസും കാണാതായി. 

ഇത്തരം സാഹചര്യങ്ങളിൽ എന്തുചെയ്യണം എന്നറിയാത്തതുകൊണ്ട് പ്രതിസന്ധിയിൽ അകപ്പെട്ടു പോകാറുണ്ട്. എന്നാൽ ഒട്ടും ടെൻഷനാകാതെ വളരെ എളുപ്പത്തിൽ ലൈസൻസിന്റെ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം. 

ഉടൻ ചെയ്യേണ്ട 10 കാര്യങ്ങൾ

∙ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് ഓൺലൈൻ അപേക്ഷ നൽകാം. പരിവാഹൻ സാരഥി എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ഗൂഗിൾ സെർച്ചിൽ ആദ്യം എത്തുക പരിവാഹൻ സേവയിൽ ആയിരിക്കും. ലൈസൻസ് ഒാപ്ഷൻ ക്ലിക്ക് ചെയ്താൽ പരിവാഹൻ സാരഥിയിലെത്താം. 

∙ സംസ്ഥാനം തിരഞ്ഞെടുക്കുക.അപ്പോൾ കിട്ടുന്ന വിൻഡോയിൽ നിന്ന് അപ്ലൈ ഫോർ ഡ്യൂപ്ലിക്കേറ്റ് ഡിഎൽ സെലക്ട് ചെയ്യാം. 

∙ അടുത്ത വിൻഡോയിൽ എന്തൊക്കെ രേഖകൾ വേണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. അത് കൺടിന്യൂ ചെയ്ത് മുന്നോട്ടു പോയി ലൈസൻസ് നമ്പർ അടക്കമുള്ള വിവരങ്ങളും ഫോട്ടോ പതിപ്പിച്ച സത്യവാങ്മൂലവും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. 

∙ വിലാസത്തിനു സമർപ്പിക്കാവുന്ന രേഖകൾ – ആധാർകാർഡ്, പാസ്പോർട്ട്, റേഷൻകാർഡ് എന്നിവയിൽ ഒന്ന്. 

∙ പ്രായം തെളിയിക്കുന്ന രേഖയ്ക്കായി നൽകേണ്ടത്–പാൻകാർഡ്, ജനന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി ബുക്ക് എന്നിവിയിൽ ഒന്ന്. 

∙ തുടർന്ന് നിശ്ചിത ഫീസ് ഓൺലൈനായി ഒടുക്കാം.

∙ ഡ്യൂപ്ലിക്കേറ്റ്  ലൈസൻസ് പിവിസി കാർഡ് രൂപത്തിൽ അപേക്ഷകരുടെ മേൽവിലാസത്തിൽ അയച്ചു കിട്ടും.

ലൈസൻസ് കാണാതെ പോയാൽ

∙ തിരിച്ചുകിട്ടും എന്നുറപ്പില്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കാം. പിന്നീട് ഒറിജിനൽ ൈലസൻസ് കിട്ടുകയാണെങ്കിൽ അത് തിരികെ ഏൽപ്പിക്കേണ്ടതാണ്.

∙ വിദേശത്തു വച്ച് ലൈസൻസ് നഷ്ടപ്പെട്ടാലും അവിടുന്നു തന്നെ ഒാൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. 

∙ ഒറിജിനൽ ലൈസൻസ് എപ്പോഴും കൊണ്ടുനടക്കണമെന്നില്ല. കേന്ദ്ര ഗവൺമെന്റ് നിർദ്ദേശപ്രകാരം ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിജിലോക്കർ ആപ്ലിക്കേഷനിൽ ഡൗൺ‌ലോഡ് ചെയ്തിട്ടുള്ള ഡ്രൈവിങ് ലൈസൻസ് പരിശോധന സമയത്തു ഹാജരാക്കാം. വാഹനാപകടം സംബന്ധിച്ച കേസിന്റെ ആവശ്യത്തിലേക്കോ പരിശോധന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന പക്ഷമോ ഒറിജിനൽ ലൈസൻസ് തന്നെ ഹാജരാക്കേണ്ടതാണ്.

ലൈസൻസ് കാലാവധി കഴിഞ്ഞാൽ‌

∙ ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അപേക്ഷിച്ചാൽ ഫീസും പിഴയും അടച്ചു പുതുക്കാം. അതിനുശേഷം ആണെങ്കിൽ ഫീസും പിഴയും അടച്ച് ലേണേഴ്സ് ലൈസൻസ് എടുത്ത് (ഓൺലൈനായി അപേക്ഷിച്ചാൽ മതിയാകും) ഡ്രൈവിങ് റീ ടെസ്റ്റിനു ഹാജരായി ഡ്രൈവിങ് ടെസ്റ്റ്‌ പാസാകേണ്ടി വരും.

∙  നിലവിലുള്ള ലൈസൻസ് പിവിസി അല്ലെങ്കിൽ റീപ്ലേസ്മെന്റ് ഓഫ് ഡി എൽ എന്ന അപേക്ഷ ഓൺലൈനായി സമർപ്പിച്ച് ഫീസ് അടച്ചാൽ പിവിസി ലൈസൻസ് അയച്ചു കിട്ടും. നിലവിൽ ലൈസൻസ് സംബന്ധമായ ഏത് ആവശ്യത്തിന് അപേക്ഷിച്ചാലും പിവിസി കാർഡ് ആണ് ലഭിക്കുക.