ബാങ്ക് അക്കൗണ്ട് എടുക്കുമ്പോൾ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പരാകും അന്നു നൽകിയത്. പല കാരണങ്ങൾ കൊണ്ടും പിന്നീടു നിങ്ങൾ മൊബൈൽ നമ്പർ മാറിയിട്ടുണ്ടാകാം. അക്കൗണ്ടിൽ അവിചാരിതമായ മാറ്റം എന്തെങ്കിലും കണ്ടാലോ നിയമപരമായ വിവരങ്ങൾ കൈമാറുന്നതോ ഒക്കെ ഡാറ്റാബേസിൽ ഉള്ള നമ്പരിൽ മാത്രമാകും. ആ നമ്പർ കയ്യിൽ ഇല്ലെങ്കിലോ?
മൊബൈൽ നമ്പർ പുതുക്കി നൽകേണ്ടതുണ്ടെങ്കിൽ എത്രയും പെട്ടെന്നു ചെയ്യുക. നിശ്ചിത അപേക്ഷ പൂരിപ്പിച്ചു നൽകിയോ ബാങ്കു നിർദേശിക്കുന്ന നടപടിക്രമം പാലിച്ചോ പുതിയ നമ്പരിലേക്ക് അക്കൗണ്ടിനെ കൂട്ടിയിണക്കാം. മിക്ക ബാങ്കുകളും ഇടപാടുകൾക്കു മൊബൈൽ എസ്എംഎസ്, ബാങ്കിന്റെ നിർദിഷ്ട നമ്പരിലേക്കു വിളിച്ചുള്ള സേവനം എന്നിങ്ങനെ വിവിധ സേവനങ്ങൾ നൽകുന്നുണ്ട്. ഇതിന്റെയൊക്കെ മുഖ്യവ്യവസ്ഥ രജിസ്റ്റർ ചെയ്ത നമ്പരിൽ നിന്നാകണം എന്നാണ്. യോനോ, വ്യോം മുതലായ ആപ് അടിസ്ഥാന സേവനങ്ങൾക്കും റജിസ്റ്റർ ചെയ്ത സിം കാർഡ് ഇട്ട ഫോണിൽ മാത്രമേ സാധിക്കൂ.
എടിഎം പിൻ മാറ്റാനും ഇന്റർനെറ്റ് പാസ്‌വേഡ് മാറ്റാനും ഒക്കെ ബാങ്കിന്റെ പക്കലുള്ള മൊബൈൽ നമ്പർ സാധുവായിരിക്കണം. അക്കൗണ്ട് ബാലൻസ് അടക്കമുള്ള വിവരങ്ങൾ എസ്എംഎസ് ആയി കിട്ടുന്നതു മറ്റൊരു വ്യക്തിക്ക് ആണെങ്കിൽ റിസ്ക് കൂടുതലാണ്. അതിനാൽ നിങ്ങളുടെ ഇപ്പോഴുപയോഗിക്കുന്ന നമ്പർ തന്നെ അക്കൗണ്ടിൽ അപ്ഡേറ്റ് ചെയ്യാൻ കാലതാമസം വരുത്തല്ലേ.
കടപ്പാട്: വി.കെ. ആദർശ്, ചീഫ് മാനേജർ, ടെക്നിക്കൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ