Wednesday 08 July 2020 03:46 PM IST

ചൈനീസ് ഫോണുകളുടെ വരവ് നിലച്ചു, 15,000 രൂപയിൽ താഴെയുള്ള മറ്റു ബ്രാൻഡുകൾ ഇവയാണ്

Nithin Joseph

Sub Editor

3344mobile1

ലോകം മുഴുവൻ ഭീതി വിതച്ചുകൊണ്ട് കൊറോണ വ്യാപിക്കുമ്പോൾ സ്കൂളുകളെല്ലാം ഓൺലൈൻ ക്ലാസുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കുട്ടികൾക്ക് പഠിക്കാൻ സ്മാർട്ട് ഫോൺ നിർബന്ധമായസാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് മികച്ച സൗകര്യങ്ങൾ ഉള്ള ഫോണുകളാണ് എല്ലാവരും വിപണിയിൽ തിരയുന്നത്. അപ്പോഴാണ് ഇന്ത്യാ – ചൈന അതിർത്തി തർക്കവും അതേത്തുടർന്നുള്ള പ്രതിസന്ധികളും ഉടലെടുത്തത്.

ചൈനയോടുള്ള വിരോധം പക്ഷേ ചൈനീസ് ബ്രാൻഡുകളോട് കസ്റ്റമേഴ്സ് പ്രകടിപ്പിക്കുന്നില്ലെന്ന് ഡീലർമാർ സാക്ഷ്യപ്പെടുത്തു. പക്ഷേ ചൈനയിൽനിന്നുള്ള ഇറക്കുമതി നിലച്ചതിനെത്തുടർന്ന് നിലവിൽ ലഭ്യമായ സ്‌റ്റോക്കുകളുെട മാത്രം കച്ചവടമാണ് നടക്കുന്നതെന്ന് പ്രമുഖ ഡീലർമാര്‍ പറയുന്നു.

അതുകൊണ്ടുതന്നെ സംഘർഷങ്ങള്‍ ഇന്ത്യൻ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാലങ്ങളായി നമ്മുടെ മൊബൈൽ വിപണി ചൈനയുടെ കുത്തകയാണ്. ജനപ്രിയ ബ്രാൻഡുകളെല്ലാം ചൈനയിൽ നിന്നുള്ളവ. ചൈനീസ് ആപ്പുകൾക്കു മേൽ ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതിനു ശേഷമുള്ള ചർച്ചകൾ പലതും ഇനി സംഭവിക്കാൻ സാധ്യതയുള്ള തുടർനടപടികളെക്കുറിച്ചാണ്. ചൈനീസ് ഉൽപന്നങ്ങള്‍ക്കു മേൽ ഇന്ത്യ പൂർണമായ നിരോധനം നടപ്പിലാക്കിയാൽ മൊബൈൽ ഫോൺ വിപണിയെ അത് സാരമായി ബാധിക്കും.

കുറഞ്ഞ വിലയ്ക്ക് കൂടുതൽ സൗകര്യങ്ങൾ എന്നതു തന്നെയാണ് ചൈനീസ് മൊബൈൽ ബ്രാൻഡുകളെ മാർക്കറ്റിലെ പ്രിയപ്പെട്ടവയാക്കി മാറ്റുന്നത്. റെഡ്മി, റിയൽമി പോലെയുള്ള ബ്രാൻഡുകൾ കുറഞ്ഞ വിലയ്ക്ക് നൽകുന്ന സേവനങ്ങള്‍ മറ്റ് ബ്രാൻഡുകളിൽ കിട്ടാൻ കാശ് കുറച്ചധികം ചെലവാക്കേണ്ടി വരും. ചൈനീസ് ബ്രാൻഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയാൽ പകരം ആശ്രയിക്കാവുന്ന പ്രമുഖ ബ്രാൻഡുകൾ സാംസങ് നോക്കിയ, മോട്ടോറോള, വിവോ, ഓപ്പോ, ആപ്പിൾ എന്നിവയാണ്. ഇതിൽ വിവോയും ഓപ്പോയും ചൈനീസ് ബ്രാൻഡുകൾ ആണെങ്കിലും അസംബ്ലിങ് ഇന്ത്യയിൽ നടക്കുന്നതിനാൽ ഉപരോധം ബാധിക്കില്ല.

ഈ സാഹചര്യത്തിൽ 15,000 രൂപയ്ക്ക് താഴെ ലഭ്യമാകുന്ന ചൈനീസ് അല്ലാത്ത പ്രമുഖ ബ്രാൻഡുകളുടെ ഫോണുകൾ ഏതൊക്കെയാണ് പരിചയപ്പെടുത്താം.

സാംസങ് ഗ്യാലക്സി എം 21

13,199 രൂപയ്ക്ക് ലഭിക്കുന്ന ഈ മോഡലിന് സാംസങ്ങിന്റെ തന്നെ ഫോണായ എം 30 എസുമായി വളരെയധികം സാമ്യമുണ്ട്. ഇരു മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം എം 21ന്റെ 20 മെഗാപിക്സൽ ഹൈ റെസല്യൂഷൻ സെൽഫി ക്യാമറയും കുറഞ്ഞ വിലയുമാണ്. ജിബി റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജുമുള്ള ഫോണിന്റെ മറ്റൊരു പ്രത്യേകത ബാറ്ററി ലൈഫാണ്.

വിവോ U 20

റെഡ്മി, റിയൽമി എന്നീ ബ്രാൻഡുകൾക്ക് വെല്ലുവിളി സൃഷ്ടിക്കാൻ വിവോ പുത്തിറക്കിയതാണ് ഈ മോഡൽ. 5000 mAh ബാറ്ററി, ട്രിപ്പിൾ ക്യാമറ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് എന്നിവയുള്ള മോഡലിന് 11,990 രൂപയും 6 ജിബി റാം, 64 ജിബി സ്‌റ്റോറേജ് എന്നിവയുള്ള മോഡലിന് 12,990 രൂപയുമാണ് വില.

3344mobile2

വിവോ Z1 Pro

5000 mAh ബാറ്ററി, 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ്, മികച്ച പെർഫോമൻസ് നൽകുന്ന ട്രിപ്പിൾ ക്യാമറ, എന്നീ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന വിവോ Z1 Pro 13,990 രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.

മോട്ടോറോള G8 power Lite

8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, പുറകിലെ ട്രിപ്പിൾ ക്യാമറ, 4 ജിബി റാം, 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, 5000 mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഇന്ത്യൻ വിപണിയിലെ വില, 9,499 രൂപയാണ്.

സാംസങ് ഗ്യാലക്സി A10

കഴിഞ്ഞ വർഷം സാംസങ് പുറത്തിറക്കിയ ഈ മോഡലിന് 7,990 രൂപയാണ് വില. 2 ജിബി റാം, 13 മെഗാപിക്സൽ മെയിൻ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട്് ക്യാമറ, 6.2 ഇഞ്ച് ഡിസ്പ്ലേ, 3400 mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

ഈ മോഡലിൽനിന്ന് ചെറിയ വ്യത്യാസങ്ങളുമായി സാംസങ് പുറത്തിറക്കിയ ഗ്യാലക്സി A10s എന്ന മോഡലും വിപണിയിൽ ലഭ്യമാണ്. വില 8980 രൂപ.

സാംസങ് ഗ്യാലക്സി എം 01

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിലൊന്നായ ഗ്യാലക്സി എം 01 4000 mAh ബാറ്ററി, 3 ജിബി റാം, 5.71 ഇഞ്ച് ഡിസ്പ്ലേ, ഡ്യൂവൽ പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നീ ഫീച്ചറുകളോടെയാണ് എത്തിയിരിക്കുന്നത്. 9,990 രൂപയാണ് ഈ ഫോണിന്റെ വില.

നോക്കിയ 2.3

ആൻഡ്രോയ്ഡ് വിപണയിൽ ആദ്യഘട്ടത്തിൽ നിറംമങ്ങി നിന്ന നോക്കിയയും ഇപ്പോൾ വിപണിയിൽ സജീവമാണ്. 7,206 രൂപ വിലയിൽ ലഭ്യമാകുന്ന നോക്കിയ 2.3 2 ജിബി റാം, 13+2 മെഗാപിക്സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4000 mAh ബാറ്ററി, എന്നീ ഫീച്ചറുകള്‍ നൽകുന്നു.

ഓപ്പോ A5s

ഒരു വർഷം മുൻപ് ഓപ്പോ പുറത്തിറക്കിയ മോഡലാണ് ഇത്. 2 ജിബി റാം, 4230 mAh ബാറ്ററി, 6.2 ഇഞ്ച് ഡിസ്പ്ലേ, 13+2 മെഗാപിക്സൽ മെയിൻ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, എന്നീ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മോഡലിന് 8541 രൂപയാണ് വില.

ഓപ്പോ A12

ഓപ്പോ വിപണിയിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലാണ് A12. 3 ജിബി റാം, 4230 mAh ബാറ്ററി, 13+2 മെഗാപിക്സൽ ഡ്യൂവൽ പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിങ്ങനെയുള്ള ഫീച്ചറുകൾ നൽകുന്ന ഫോണിന് ഇന്ത്യയിലെ വില 9,990 രൂപയാണ്.

വിവോ Y11 2019

2019 ഡിസംബറിൽ വിപണിയിൽ എത്തിയ ഈ മോഡലിനെ ശ്രദ്ധേയമാക്കുന്ന ഫീച്ചറുകൾ 3 ജിബി റാം, 5000 mAh ബാറ്ററി, 13+2 മെഗാപിക്സൽ ഡ്യൂവൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 6.35 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, എന്നിവയാണ്. 9,990 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില.

വിവരങ്ങൾക്ക് കടപ്പാട്: ഓക്സിജൻ, കോട്ടയം, ഗാഡ്ജറ്റ്സ്/എൻഡി ടിവി