Friday 28 April 2023 03:26 PM IST : By രതീഷ് ആർ. മേനോൻ

ഇന്റർനെറ്റ് ഇല്ലാതെ അത്യാവശ്യഘട്ടത്തിൽ ഗൂഗിൾ മാപ് ഉപയോഗിക്കേണ്ടി വന്നാൽ പെട്ടതു തന്നെ! ഓഫ്‌ലൈനിലും സ്മാർട്ടാകാം, സിമ്പിള്‍ ടിപ്സ്

mobile4556fvhu

സ്മാർട്ഫോൺ ഉപയോഗിക്കുന്ന മിക്കവർക്കും ഇന്റർനെറ്റ് ഇല്ലാതെ ജീവിക്കാനേ പറ്റില്ലെന്ന മട്ടാണ്. വാട്സാപ്പും ചാറ്റുമൊന്നും ഇല്ലെങ്കിലും വേണ്ട യുട്യൂബ് വിഡിയോസ് കണ്ടില്ലെങ്കിൽ പിന്നെ, ഉറക്കമേ വരില്ല. അത്യാവശ്യഘട്ടത്തിൽ ഗൂഗിൾ മാപ് ഉപയോഗിക്കേണ്ടി വന്നാൽ പെട്ടതു തന്നെ. ഈ രണ്ടു സാഹചര്യത്തിലും പ്രയോജനപ്പെടുത്താവുന്ന ടിപ്സ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വിഡിയോ വീണ്ടും കാണാം

സ്മാർട് ഫോൺ ഉപയോഗിക്കുന്നവർ വാട്സാപ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ യുട്യൂബും ഫെയ്സ്ബുക്കുമാണ്. യുട്യൂബിലെയും ഫെയ്സ്ബുക്കിലെയും വിഡിയോകൾ കാണുമ്പോള്‍ അതു ഡൗണ്‍‌ലോഡ് ചെയ്തു സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലുമൊക്കെ തോന്നിയിട്ടുണ്ടാകും. അത്ര പെട്ടെന്നൊന്നും ഡൗൺലോഡ് ചെയ്യാനാകാത്ത ഈ വിഡിയോകൾ നമ്മുടെ ഫോണിൽ ഓഫ്‌ലൈനായി കിട്ടാൻ എന്തു ചെയ്യണമെന്നോ.

ഗൂഗിളിന് അവരുടേതായ ഒരു നയമുണ്ട്. അതു പ്രകാരം യുട്യൂബ് വിഡിയോസ് ഫോണിലേക്ക് ഡൗണ്‍‌ലോഡ് ചെയ്യാൻ അനുവദിക്കില്ല. അത്തരം വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യവുമല്ല. തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ പ്രസിദ്ധമായ 4കെ (4K) ഡൗണ്‍‌ലോഡര്‍ വഴിയാണ് വിഡിയോ ഡൗൺലോഡ് ചെയ്യാനാകുക. ഈ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിനു പുറത്തുള്ളതായതിനാൽ ഫോണിലെ ഡൗണ്‍‌ലോഡ് ഫോള്‍ഡറില്‍ ഫയല്‍ ആയാണു കാണുക.

ഡൗൺലോഡ് ചെയ്യാം

ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ ഓപ്പണാക്കിയാല്‍ ആ കെ കാണാനാകുന്നത് പേസ്റ്റ് ലിങ്ക് (Paste link) എന്ന ബട്ടന്‍ മാത്രമാണ്. യുട്യൂബില്‍ വിഡിയോ പ്ലേ ചെയ്യുന്നതിന്റെ താഴെയുള്ള ഷെയര്‍ (Share) അമര്‍ത്തി ലിങ്ക് കോപ്പി ചെയ്ത ശേഷം, ഈ പേസ്റ്റ് ലിങ്കിൽ അമര്‍ത്തിയാല്‍ ആ വിഡിയോ ഡൗണ്‍‌ലോഡ് ആകുന്നതു കാണാം.

യുട്യൂബിലെ വിഡിയോയ്ക്കു താഴെയുള്ള ഷെയര്‍ അമര്‍ത്തിയാല്‍ വരുന്ന ഓപ്ഷനുകളില്‍ 4കെ ഡൗണ്‍‌ലോഡര്‍ ഉണ്ടാകും. അതു സെലക്ട് ചെയ്താലും മതി. ഫെയ്സ്ബുക്കിൽ നിന്നും ഈ രീതിയില്‍ തന്നെ വിഡിയോ ഡൗണ്‍‌ലോഡ് ചെയ്യാം.

വിഡിയോ ഡൗണ്‍‌ലോഡ് ചെയ്യുന്നതിനു വിവിധ ക്വാളിറ്റി വേർതിരിവുമുണ്ട്. ഇതിനായി ആപ്ലിക്കേഷന്റെ വലതു വശത്തുള്ള ഗിയര്‍ ഐക്കണില്‍ നിന്ന് ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.

ലൊക്കേഷൻ കിറുകൃത്യം

ഓഫ്‌ലൈൻ ആയിരിക്കുന്ന സമയത്ത് ഗൂഗിൾ മാപ് എടുക്കാ ൻ എന്തു ചെയ്യുമെന്നാണോ ആലോചിക്കുന്നത്. അതിനും വഴിയുണ്ട്. ഓൺലൈൻ ഉള്ള സമയത്ത് ഗൂഗിൾ മാപ് ഓപ്പണാക്കി വലതുവശത്തുള്ള പ്രൊഫൈൽ ഐക്കൺ സെല ക്ട് ചെയ്താൽ മെനുവിൽ സെലക്ട് യുവർ ഓൺ മാപ് (Select your own map) എന്നു കാണാം. അതു ക്ലിക് ചെയ്താൽ നിങ്ങൾ ഇപ്പോഴുള്ള ലൊക്കേഷന്റെ മുകളിൽ ഒരു ചതുരം വന്നു നിൽക്കുന്ന സ്ക്രീൻ കാണാം.

ആ ചതുരത്തിനുള്ളിൽ നിങ്ങൾക്ക് ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ ഗൂഗിൾ മാപ് ഉപയോഗിക്കേണ്ട ലൊക്കേഷൻ ഏതാണോ, അവിടെ വരെ സെലക്ട് ചെയ്യുക. ആവശ്യമുള്ള ലൊക്കേഷൻ സൂം ചെയ്തും സെലക്ട് ചെയ്യാം. അതിനു ശേഷം ഡൗൺലോഡ് അമർത്താം.

മിനിറ്റുകൾക്കകം ആ മാപ് ഫോണിലേക്ക് ഡൗൺലോഡ് ആകും. ഇനി ഇന്റർനെറ്റ് കവറേജോ മൊബൈൽ നെറ്റ്‌വർക്കോ ഇല്ലെങ്കിൽ പോലും ഈ മാപ് ഉപയോഗിച്ച് പോകേണ്ട സ്ഥലത്തെത്താം.