നമ്മളെ സ്മാർട്ടാക്കുന്ന ഗാഡ്ജറ്റ് ഇപ്പോൾ ഫോൺ മാത്രമല്ല. സ്മാർട് വാച്ച് മുതൽ സ്മാർട്ട് ബൾബ് വരെ കയ്യകലത്തിലുണ്ട്. ഇവ ഉപയോഗിക്കുന്നവർക്കേ ലോകം സ്മാർട്ടാകുന്നതിന്റെ പ്രയോജനം അറിയൂ. അങ്ങനെ വളർന്ന ടെക്നോളജിയിലെ പുതിയ താരത്തെ പരിചയപ്പെടാം.
സ്മാർട്ടായി പാട്ടു കേൾക്കാം
പാട്ടു കേൾക്കാൻ ‘വയറു’ നീണ്ട ഹെഡ് ഫോൺ പ്രചാരത്തിലെത്തിയ കാലത്ത് മിക്കവരുടെയും പരാതി അതിന്റെ ഒരു വശം മാത്രം കേടാകുന്നതായിരുന്നു. ‘വള്ളി’ വലിഞ്ഞുണ്ടാകുന്ന ഈ തകരാർ പരിഹരിച്ചുവന്ന ഇയര്‍ഫോണും അതിന്റെ പിന്തുടര്‍ച്ചക്കാരനായ ഇയര്‍ ബഡ്ഡും പെട്ടെന്നാണു ഹിറ്റായത്.
ഇനി എന്തായിരിക്കും വരിക എന്ന് ആലോചിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള ഉത്തരവും ഇതാ, എത്തിക്കഴിഞ്ഞു. അതാണു ‘സ്മാർട്ട് ഓഡിയോ ഗ്ലാസ്സസ്’. ആംബ്രേന്‍ എന്ന കമ്പനിയുടെ ഗ്ലെയേഴ്സ് അത്തരത്തിലൊരു സ്മാർട്ട് ഓഡിയോ ഗ്ലാസ്സാണ്.

ലുക്കിലും സൂപ്പർ
വെയ്ഫറര്‍ ഡിസൈനിലുള്ള സണ്‍ഗ്ലാസ്സസ് ആണെന്നേ ഒറ്റനോട്ടത്തിൽ തോന്നൂ. എന്നാൽ ഈ ഗ്ലാസ്സിന്റെ കാലുകളിൽ (temples) ശ്രദ്ധിച്ചു നോക്കിയാല്‍ ഒരു പ്രത്യേകത ആർക്കും മനസ്സിലാകും. സാധാരണ സൺഗ്ലാസ്സുകളേക്കാൾ കുറച്ചുകൂടി വീതിയും കനവും ഇവയ്ക്കു കാണാം. ലെഗ്ഗുകള്‍ക്ക് താഴെയായി ഒരു കുഞ്ഞൻ ഓഡിയോ ഡിവൈസുള്ളതുകൊണ്ടാണ് കനം കൂടുതൽ. സൺഗ്ലാസ്സസ് ധരിക്കുന്നവർക്കു മാത്രം ശബ്ദം കേള്‍ക്കാവുന്ന തരത്തിലാണ് ഇതിലെ സ്റ്റീരിയോ സ്പീക്കർ.
ലെഗ്ഗുകളുടെ വശങ്ങളില്‍ ഇന്‍വിസിബിൾ ടച്ച് കൺട്രോളും ഈ സ്മാര്‍ട് ഓഡിയോ ഗ്ലാസ്സിനുണ്ട്. ഡിവൈസ് ഓണ്‍ ആക്കാനോ ഓഫ് ആക്കാനോ സ്വിച്ച് ഇല്ല. ഗ്ലാസ്സിന്റെ ലെഗ് വിടര്‍ത്തി അതു മുഖത്ത് വയ്ക്കുമ്പോള്‍ ഡിവൈസ് തനിയെ ഓണ്‍ ആകും. ലെഗ്സ് മടക്കുമ്പോള്‍ ഡിവൈസ് തനിയെ ഓഫാകുകയും ചെയ്യുന്ന രീതിയിലാണ് സെന്‍സറുകള്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിവൈസ് ഓണ്‍ ആയ ശേഷം ബ്ലൂടൂത്ത് പെയര്‍ ചെയ്തു നമുക്ക് ഉപയോഗിച്ചു തുടങ്ങാം.

ഉപയോഗിക്കാം സ്മാർട്ടായി
കണ്ണടയുടെ രൂപത്തിലുള്ള ഈ സ്മാർട് ഓഡിയോ ഡിവൈസ് ഉപയോഗിക്കാനും എളുപ്പമാണ്.
ലെഗ്ഗുകളുടെ വശങ്ങളിലുള്ള ഇന്‍വിസിബിൾ ടച്ച് കൺട്രോളിന്റെ സ്ഥാനത്തു ചെറുതായി പ്രസ് ചെയ്താൽ കോൾ അറ്റൻഡ് ചെയ്യാനാകും. പാട്ട് പ്ലേ ചെയുക, പോസ് ചെയ്യുക, നെക്സ്റ്റ് / പ്രീവിയസ് (Next- Previous) ട്രാക്കുകൾ സെലക്ട് ചെയ്യുക, വോയ്സ് കൺട്രോള്‍ ചെയ്യുക, വോയ്സ് അസിസ്റ്റന്റിനെ വേക്കപ്പ് ചെയ്യുക എന്നിവ ഈസിയായി നടത്താം.
4999 രൂപ വില വരുന്ന ഈ സ്മാര്‍ട്ട് ഓഡിയോ ഗ്ലാസ്സസ് വെറുതേ പാട്ടു കേൾക്കാൻ മാത്രമാണെന്നു കരുതല്ലേ. അള്‍ട്രാവയലറ്റ് രശ്മികളിൽ നിന്നു സംരക്ഷണം നല്‍കാനും ഈ ഗ്ലാസ്സിനു കഴിയും.
രണ്ടു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഏഴു മണിക്കൂര്‍ വരെ തുടർച്ചയായി പ്രവര്‍ത്തിപ്പിക്കാനുമാകും.