നമ്മുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു പോയാൽ കിട്ടുന്നവർ ദുരുപയോഗം ചെയ്യുമോ എന്ന പേടി പലർക്കുമുണ്ട്. മൊബൈൽ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നു മനസ്സിലാക്കാം.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടു എന്ന് ഉറപ്പായാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിർബന്ധമായും പരാതി നൽകണം. സ്റ്റേഷനിൽ നിന്നു പരാതി നൽകിയതിന്റെ അക്‌നോളജ്മെന്റ് റെസിപ്റ്റ് വാങ്ങാൻ മറക്കരുത്. ഇനിയാണു ഫോൺ ‘പൂട്ടാ’നുള്ള ജോലികൾ ആരംഭിക്കുന്നത്.
പഠിക്കാം പടിപടിയായി
നമ്മുടെ ഫോണിലോ കംപ്യൂട്ടറിലോ CEIR.GOV.IN എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. കേന്ദ്രസർക്കാരിന്റെ ഡിപാർട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസിനു കീഴിൽ വരുന്ന ഉപഭോക്തൃ സേവന സംവിധാനമാണിത്. ഇതിലെ ബ്ലോക് സ്റ്റോളൻ ഓർ ലോസ്റ്റ് മൊബൈൽ (Block stolen / Lost mobile) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.
അപ്പോൾ വരുന്ന പേജിലെ നിർദിഷ്ട ഭാഗങ്ങളിൽ നഷ്ടപ്പെട്ടു പോയ നിങ്ങളുടെ മൊബൈൽ ഫോണിനെ കുറിച്ചുള്ള വിവരങ്ങളാണു നൽകേണ്ടത്.
മൊബൈൽ നമ്പർ, ഡ്യുവൽ സിം നമ്പർ, ഐഎംഇഐ നമ്പർ, ബ്രാൻഡ്, മോഡൽ എന്നിവയ്ക്കൊപ്പം മൊബൈൽ വാങ്ങിയപ്പോൾ ലഭിച്ച ബില്ലും അപ്‌ലോഡ് ചെയ്യേണ്ട ഭാഗമാണ് ആദ്യത്തേത്. ഇവ കൃത്യമായി പൂരിപ്പിക്കണം. മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്നു സംശയിക്കുന്ന സ്ഥലവും സമയവും നൽകേണ്ട ഭാഗമാണു രണ്ടാമത്തേത്. ഇതിനൊപ്പം നിങ്ങൾ പൊലീസിൽ പരാതി നൽകിയതിന്റെ വിവരങ്ങളും (സ്റ്റേഷൻ, കംപ്ലയിന്റ് നമ്പർ) നൽകണം. പരാതി സ്വീകരിച്ച ശേഷം ലഭിച്ച അക്നോളജ്മെന്റ് റെസിപ്റ്റ് ആണ് ഇ തിനൊപ്പം അപ്‌ലോഡ് െചയ്യേണ്ടത്.
അടുത്ത ഭാഗത്തായി നിങ്ങളുടെ വിവരങ്ങളും പൂരിപ്പിച്ചു നൽകണം. പേര്, വിലാസം, ഇമെയിൽ ഐഡി എന്നിവയ്ക്കൊപ്പം തിരിച്ചറിയൽ രേഖയായി നിർദിഷ്ട ഐഡി കാർഡിന്റെ കോപ്പിയും അപ്‌ലോഡ് ചെയ്യണം. (വ്യാജപരാതിക്കാരെ പിടികൂടാനാണ് ഇങ്ങനെ ചെയ്യുന്നത്).
ഇവയെല്ലാം പൂരിപ്പിച്ച ശേഷം ഡിക്ലറേഷൻ (Declaration) കൂ ടി ടിക് ചെയ്തു സബ്മിറ്റ് (Submit) ബട്ടൺ അമർത്തുക. അപ്പോൾ നിങ്ങളുടെ റിക്വസ്റ്റ് (Request) സ്വീകരിച്ചതായി കാണിച്ച് ഒരു നമ്പർ ലഭിക്കും. ഈ റിക്വസ്റ്റ് ഐഡി (Request ID) സൂക്ഷിച്ചു വയ്ക്കണം.
ബ്ലോക് ചെയ്യുന്നത് എങ്ങനെ?
ഇത്തരത്തിൽ പരാതി നൽകിയ മൊബൈൽ ഫോൺ ഇന്ത്യയിലെ ഒരു മൊബൈൽ നെറ്റ്‌വർക്കിലും ഉപയോഗിക്കാൻ സാധിക്കാത്ത തരത്തിൽ ബ്ലോക് ചെയ്യപ്പെടും. അപ്പോൾ ഫോൺ ലഭിച്ചയാൾക്ക് അതുകൊണ്ടു യാതൊരു പ്രയോജനവും ഉണ്ടാകില്ല എന്നു മാത്രമല്ല, അടുത്തവട്ടം ഫോൺ മോഷ്ടിക്കും മുൻപ് രണ്ടുവട്ടം ചിന്തിക്കുകയും ചെയ്യും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ബ്ലോക്കിങ് ലഭ്യമാണ്. മുൻപ് ഡൽഹിയിൽ മാത്രമേ ഈ സേവനം ഉണ്ടായിരുന്നുളളൂ.
അൺബ്ലോക് ചെയ്യാനുള്ള വഴി
ഇങ്ങനെ വെബ്സൈറ്റു വഴി ബ്ലോക് ചെയ്യുന്ന നമ്മുടെ മൊബൈൽ ഫോൺ തിരികെ കിട്ടിയാൽ എങ്ങനെ ഉപയോഗിക്കുമെന്നല്ലേ സംശയം.
ഇതേ വെബ്സൈറ്റിലെ തന്നെ ഹോം പേജിൽ അൺബ്ലോക് ഫൗണ്ട് മൊബൈൽ (Unblock found mobile) എന്നൊരു ലിങ്കുണ്ട്. അ തിൽ കയറി നമ്മൾ പരാതിപ്പെട്ട സമയത്തു ലഭിച്ച റിക്വസ്റ്റ് ഐഡിയും നിങ്ങളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ശേഷം അൺബ്ലോക് ചെയ്യുന്നതിന്റെ കാരണം കൂടി സെലക്ട് ചെയ്തു കൊടുക്കാം.
Recovered by police, Found by self, Blocked by mistake തുടങ്ങിയവയാണ് ഓപ്ഷനുകൾ. അതിനു ശേഷം ഒടിപി നൽകി സബ്മിറ്റ് ബട്ടൺ ക്ലിക് ചെയ്താൽ ബ്ലോക് മാറും. അതിനു ശേഷം മൊബൈൽ ഫോൺ പഴയതു പോലെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും.