Monday 19 July 2021 05:50 PM IST : By സ്വന്തം ലേഖകൻ

ബാങ്കിങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടെന്ന വ്യാജേന സന്ദേശം; ഓൺലൈൻ പണം തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

bankkk44555

എസ്ബിഐ ബാങ്കിൽ നിന്നാണെന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടെന്ന എസ്എംഎസ് സന്ദേശമയച്ച് ഓൺലൈൻ തട്ടിപ്പ്. നിരവധി പേരുടെ പണം നഷ്ടമായി. മുന്നറിയിപ്പുമായി കേരളാ പൊലീസിന്റെ ഫെയ്സ്ബുക് കുറിപ്പ്. 

കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

ബാങ്കിങ്ങ് തട്ടിപ്പ്, നിരവധി പേരുടെ പണം നഷ്ടമായി.

തട്ടിപ്പു രീതി: 

SBI ബാങ്കിൽ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടെന്ന SMS സന്ദേശം അയക്കുന്നു. യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്,  ഇതിനോടനുബന്ധിച്ച് നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. തത്സമയം SBI യുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസർനെയിം, പാസ് വേഡ്, OTP എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാർത്ഥ SBI വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു.  ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബർ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. 

പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്:

1. SBI ബാങ്കിൽ നിന്നും എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്നും വരുന്ന SMS സന്ദേശങ്ങളിൽ വിശ്വസിക്കരുത്.

2. SMS കളിൽ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.

3. ബാങ്കിങ്ങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ URL ശ്രദ്ധിക്കുക. SBI അല്ലെങ്കിൽ ഇതര ബാങ്കിങ്ങ് ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകൾ നടത്തുക.

4. സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.