പ്രഗത്ഭനായ വക്കീൽ. എന്നിട്ടും സാറിെന ഇവര്‍ എങ്ങനെ പറ്റിച്ചു, എന്നാണ് എല്ലാവരും എന്നോടു ചോദിക്കുന്നത് അവര്‍ പറയുന്നതെല്ലാം ഞാൻ വിശ്വസിച്ചു പോയി. അത്ര കൃത്യമായിരുന്നു പ്ലാനിങ്.
ഇന്റർനെറ്റിൽ വന്ന ഒരു പോപ്അപ്പിൽ നിന്നാണു തുടക്കം. ട്രേഡിങ് സംബന്ധിച്ച ലിങ്ക് ആയിരുന്നു അത്. ട്രേഡിങ് ചെയ്യാറുള്ളതു കൊണ്ടു ക്ലിക്ക് ചെയ്തു. ആപ് ഇൻസ്റ്റാൾ ചെയ്യാനായിരുന്നു ആദ്യ നിർദേശം. എല്ലാ ട്രേഡിങ് ആപുകളെയും പോലെ തന്നെ ഒന്ന്. അതിൽ പല സെക്ഷനുകളുണ്ടായിരുന്നു. മ്യൂച്വൽ ഫണ്ട്, ബ്ലോക്ക് ട്രേഡിങ്, സർവീസ് ഡിപ്പാർട്മെന്റ്. റിയൽ ടൈം ഒതന്റിഫിക്കേഷൻ വഴി എന്റെ ബാങ്ക് അക്കൗണ്ട് ആഡ് ചെയ്തു.
തുടർന്ന് അവരെന്നെ 130 അംഗങ്ങളുള്ള വാട്സാപ് ഗ്രൂപ്പിൽ ചേർത്തു. ഒരു പ്രധാന ട്രേഡിങ് ആപിന്റെ ലോഗോ ആയിരുന്നു പ്രൊഫൈൽ ചിത്രം. ഗ്രൂപ്പിലെ അംഗങ്ങൾ പരസ്പരം ഷെയറുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു. ഇതാണ് പ്രവർത്തനരീതി. അതിന് ആപ്പിൽ തന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണം. ആ പണം കൊണ്ട് അവർ ഇൻസ്റ്റിറ്റ്യൂഷനൽ സ്റ്റോക്കുകൾ വാങ്ങും. രണ്ടു ദിവസം കഴിഞ്ഞ് അതേ ഗ്രൂപ്പിൽ ലാഭത്തിൽ വിൽക്കും. ഇതെല്ലാം ആപ് വഴി കാണാനും പറ്റിയിരുന്നു.
ഗ്രൂപ്പിൽ വാങ്ങുന്ന ഷെയറുകളെക്കുറിച്ചും അതിൽ കിട്ടുന്ന ലാഭത്തെക്കുറിച്ചും അംഗങ്ങൾ പരസ്പരം ചാറ്റ് ചെയ്യും. മണിക്കൂറുകൾ കൊണ്ടു ലക്ഷങ്ങൾ കോടികളാവുന്നെന്ന് ചാറ്റിലൂടെ മനസ്സിലായി. മാത്രമല്ല, എല്ലാ ദിവസവും വൈകിട്ട് ഒരു സാമ്പത്തിക വിദഗ്ധൻ മാർക്കറ്റ് അനാലിസിസ് നടത്തും. അയാളുടെ വിശകലനം കൃത്യമാണ്. ഏതൊക്കെ ഷെയർ വാങ്ങണമെന്ന് റെക്കമൻഡ് ചെയ്യും. അതു ഞാൻ വാങ്ങും. വലിയ ലാഭവും കാണിച്ചു തുടങ്ങി. ലാഭം കൂടുന്നതിനനുസരിച്ച് വലിയ തുക നിക്ഷേപിച്ചു.
ഒടുവിൽ പണം പിൻവലിക്കാൻ അവർ തന്നെ നിർദേശിച്ചു. എഗ്രിമെന്റ് പ്രകാരം 20 ശതമാനം സർവീസ് ടാക്സ് അടയ്ക്കണം. ഒപ്പം 10 ശതമാനം ടാക്സും. അതും അക്കൗണ്ട് ട്രാൻസ്ഫർ ചെയ്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും പൈസ കിട്ടിയില്ല. സർവീസ് ടീമുമായി ബന്ധപ്പെട്ടു. നിങ്ങള്‍ ക്യൂവിൽ ആണെന്നും പെട്ടെന്നു പണം പിൻവലിക്കണം എന്നുണ്ടെങ്കിൽ പ്രീമിയം മെമ്പറാകണമെന്നും അതിന് 10 ലക്ഷം അടയ്ക്കണമെന്നും പറഞ്ഞു. ആ തുക ട്രേഡ്ചെയ്യാനുള്ള ക്യാപിറ്റലാക്കി മാറ്റാമെന്നും അറിയിച്ചു. അതും കൊടുത്തു.
അടുത്ത ദിവസം രാവിലെ ആപ് തുറന്നപ്പോൾ കിട്ടുന്നില്ല. ഗ്രൂപ്പും അതിലെ എല്ലാ നമ്പരുകളും എന്നെ ബ്ലോക്ക് ചെയ്തു. കണ്ണടച്ചു വിശ്വസിച്ചിരുന്നവരെ ഒന്നു ബന്ധപ്പെടാന്‍ പോലും വഴി ഇല്ലാതായി. ഉടൻ സൈബർ പൊലീസുമായി ബന്ധപ്പെട്ടു. കേസ് റജിസ്റ്റർ ചെയ്തു. പക്ഷേ, വൈകി പോയി. അങ്ങനെയൊരു സംഘം തന്നെ മാഞ്ഞു പോയി.
ചതിയുടെ രാജ്യാന്തരകണ്ണികൾ
പണത്തോടുള്ള അമിതമായ ആഗ്രഹമാണ് അവർ ചൂഷണം ചെയ്യുന്നത്, സമ്മതിച്ചു. പക്ഷേ, ഒന്നോർക്കണം. ആർടിജിഎസ്, നെഫ്റ്റ് തുടങ്ങിയ നിയമപരമായ മാർഗത്തിലൂടെ ഇന്ത്യയില്‍ തന്നെയുള്ള അക്കൗണ്ടിലേക്കാണു നമ്മള്‍ പണം മാറ്റുന്നത്. കൃത്യമായ രേഖകളും അഡ്രസ് പ്രൂഫും പാന്‍ നമ്പറും ഒന്നും ഇല്ലാതെ നമ്മുടെ രാജ്യത്ത് അക്കൗണ്ട് തുറക്കാനാകില്ലല്ലോ? എന്നിട്ടും പണം മാറ്റിയ അക്കൗണ്ടുകള്‍ എന്തുകൊണ്ടു കണ്ടെത്താനാവുന്നില്ല?
വിശ്വസനീയമായ വിവരങ്ങൾ അനുസരിച്ച് ചൈനയിൽ നിന്നും കംബോഡിയയിൽ നിന്നുമൊക്കെയാണ് ഈ തട്ടിപ്പു സംഘം ഒാപ്പറേഷനുകൾ നടത്തുന്നത്. ലക്ഷക്കണക്കിന് െഎടി പ്രഫഷനലുകളെ ഇതിനുവേണ്ടി റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇരകളെ കുടുക്കാനുള്ള വഴികൾ കണ്ടെത്താൻ മാത്രമല്ല, ലോകത്തെങ്ങുമുള്ള അക്കൗണ്ടുകൾ ക ണ്ടെത്താനും അവ വാങ്ങി ഇത്തരം തട്ടിപ്പുകൾക്ക് ഉപയോഗിക്കാനും ഇരകൾ അക്കൗണ്ടിലേക്ക് ഇടുന്ന പണം സുരക്ഷിതമായി മാറ്റാനും അവരെ ഉപയോഗിക്കും.
അക്കൗണ്ട് ട്രാൻസ്ഫർ വഴി നൽകിയ പണം ക്രിപ്റ്റോ കറൻസിയായി മാറ്റി മറ്റു രാജ്യങ്ങളിലേക്കു മാറ്റാൻ ഏജന്റുമാരുണ്ട്. പിന്നീടതു തിരിച്ചു പിടിക്കാനാവില്ല. േകസുമായി നടന്ന് കംബോഡിയയിൽ നിന്ന് ആരെയെങ്കിലും കണ്ടെത്തിയെന്നു കരുതുക, ഒന്നും ചെയ്യാനാവില്ല. ആ രാജ്യവും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള രാജ്യാന്തരനിയമവും ഇല്ല. നിമിഷനേരത്തെ അബദ്ധം കൊണ്ട് എത്രയോപേർ മരിച്ചു ജീവിക്കുന്നു. സിവില്‍ സര്‍വീസുകാര്‍, ഡോക്ടര്‍മാര്‍, ബിസിനസുകാര്‍, എന്തിന് പൊലീസ് ഒാഫീസര്‍മാര്‍ക്കു വരെ ചതി പറ്റിയിട്ടുണ്ട്. പലരും നാണക്കേട് ഒാർത്തു മിണ്ടാതിരിക്കുകയാണ്.
ഇതെല്ലാം വ്യക്തികളുടെ അനുഭവങ്ങളെന്നു പറഞ്ഞു സമാധാനിക്കാന്‍ വരട്ടെ. ഒരു സുപ്രഭാതത്തിൽ ഈ സംഘം ബാങ്കുകളെ ഹാക്ക് ചെയ്യാൻ തീരുമാനിച്ചാലോ? ട്രഷറികളെ തകർക്കാൻ പ്ലാൻ ചെയ്താലോ? സംഭവിക്കില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ല. കാരണം, ശ്വസിക്കും പോലെയാണ് നമ്മളെല്ലാം ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ആ ലോകത്ത് എന്തും സംഭവിക്കാം.